< 1 ദിനവൃത്താന്തം 20 >
1 അടുത്ത വസന്തകാലത്ത്, രാജാക്കന്മാർ യുദ്ധത്തിനു പുറപ്പെടാറുള്ള സമയത്ത്, യോവാബ് സൈന്യത്തെ നയിച്ചുചെന്ന് അമ്മോന്യരുടെ ദേശത്തെ ശൂന്യമാക്കുകയും രബ്ബാനഗരത്തെ ഉപരോധിക്കുകയും ചെയ്തു. എന്നാൽ ദാവീദ്, ജെറുശലേമിൽത്തന്നെ താമസിച്ചു. യോവാബ് രബ്ബയെ ആക്രമിച്ചു തകർത്തുകളഞ്ഞു.
൧അടുത്ത വർഷം രാജാക്കന്മാർ യുദ്ധത്തിന് പുറപ്പെടുന്ന സമയത്ത് യോവാബ് സൈന്യബലത്തോടെ പുറപ്പെട്ട് അമ്മോന്യരുടെ ദേശത്തെ നശിപ്പിച്ചു. അതിനുശേഷം രബ്ബയെ വളഞ്ഞു. ദാവീദ് യെരൂശലേമിൽ താമസിച്ചു. യോവാബ് രബ്ബയെ ആക്രമിച്ച് നശിപ്പിച്ചു.
2 ദാവീദ് അവരുടെ രാജാവിന്റെ തലയിൽനിന്ന് കിരീടം എടുത്തു—അതിന്റെ തൂക്കം ഒരു താലന്ത് സ്വർണം എന്നുകണ്ടു; അതിൽ അമൂല്യരത്നങ്ങൾ പതിച്ചിരുന്നു—അതു ദാവീദിന്റെ ശിരസ്സിൽ വെക്കപ്പെട്ടു. ആ നഗരത്തിൽനിന്നു ധാരാളം കൊള്ളമുതലും അദ്ദേഹം പിടിച്ചെടുത്തു.
൨ദാവീദ് അവരുടെ രാജാവിന്റെ കിരീടം അവന്റെ തലയിൽനിന്നു എടുത്തു; അതിന്റെ തൂക്കം ഒരു താലന്ത് പൊന്ന് എന്നു കണ്ടു; അതിൽ രത്നങ്ങളും പതിച്ചിരുന്നു; അത് ദാവീദിന്റെ തലയിൽ വെച്ചു; അവൻ ആ പട്ടണത്തിൽനിന്നു ധാരാളം കൊള്ളയും കൊണ്ടുപോന്നു.
3 അദ്ദേഹം അവിടത്തെ ജനങ്ങളെ കൊണ്ടുവന്ന് അറക്കവാളും ഇരുമ്പുകൂന്താലിയും കോടാലിയുംകൊണ്ടുള്ള പണികൾക്കായി നിയോഗിച്ചു; എല്ലാ അമ്മോന്യനഗരങ്ങളോടും ദാവീദ് ഈ വിധംതന്നെ ചെയ്തു. അതിനുശേഷം ദാവീദും സകലസൈന്യവും ജെറുശലേമിലേക്കു മടങ്ങി.
൩അവൻ അവിടുത്തെ ജനത്തെ പുറത്തു കൊണ്ടുവന്ന് ഈർച്ചവാളും ഇരുമ്പ് പാരയും കോടാലിയും കൊണ്ടുള്ള ജോലികൾക്ക് നിയമിച്ചു; ഇങ്ങനെ ദാവീദ് അമ്മോന്യരുടെ എല്ലാപട്ടണങ്ങളോടും ചെയ്തു. പിന്നെ ദാവീദും സകലജനവും യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
4 ഈ സംഭവത്തിനുശേഷം ഗേസെരിൽവെച്ച് ഫെലിസ്ത്യരുമായി യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ആ സമയത്ത് ഹൂശാത്യനായ സിബ്ബെഖായി രാഫാത്യരുടെ പിൻഗാമികളിൽ മല്ലനായ സിപ്പായിയെ വധിച്ചു; പിന്നെ ഫെലിസ്ത്യർ കീഴടങ്ങി.
൪അതിന്റെശേഷം ഗേസെരിൽവെച്ചു ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായി; ആ സമയത്ത് ഹൂശാത്യനായ സിബ്ബെഖായി മല്ലന്മാരുടെ മക്കളിൽ ഒരുവനായ സിപ്പായിയെ വെട്ടിക്കൊന്നു; പിന്നെ അവർ കീഴടങ്ങി.
5 ഫെലിസ്ത്യരുമായുണ്ടായ മറ്റൊരു യുദ്ധത്തിൽ യായീരിന്റെ മകനായ എൽഹാനാൻ ഗിത്യനായ ഗൊല്യാത്തിന്റെ സഹോദരൻ ലഹ്മിയെ വധിച്ചു. നെയ്ത്തുകോൽപ്പിടിപോലെ തടിച്ച പിടിയോടുകൂടിയ ഒരു കുന്തമാണ് ആ ഫെലിസ്ത്യനുണ്ടായിരുന്നത്.
൫പിന്നെയും ഫെലിസ്ത്യരോടു യുദ്ധം ഉണ്ടായപ്പോൾ യായീരിന്റെ മകനായ എൽഹാനാൻ ഗിത്യനായ ഗൊല്യാഥിന്റെ സഹോദരനായ ലഹ്മിയെ വെട്ടിക്കൊന്നു. അവന്റെ കുന്തത്തണ്ട് നെയ്ത്തുകാരന്റെ പടപ്പുതടിപോലെ ആയിരുന്നു.
6 ഗത്തിൽവെച്ചുനടന്ന മറ്റൊരു യുദ്ധത്തിൽ, കൈകാലുകളിൽ ഓരോന്നിലും ആറു വിരൽവീതം മൊത്തം ഇരുപത്തിനാലു വിരലുള്ള ഒരു ഭീമാകാരനുണ്ടായിരുന്നു. അയാളും രാഫായുടെ പിൻഗാമികളിൽ ഒരാളായിരുന്നു.
൬വീണ്ടും ഗത്തിൽവെച്ചു യുദ്ധം ഉണ്ടായി; അവിടെ ദീർഘകായനായ ഒരു മനുഷ്യൻ ഉണ്ടായിരുന്നു; അവന് ഓരോ കൈക്കും ആറുവിരൽ വീതവും ഓരോ കാലിനും ആറ് വിരൽ വീതവും, ആകെ ഇരുപത്തിനാല് വിരൽ ഉണ്ടായിരുന്നു; അവനും രഫാക്കു ജനിച്ചവനായിരുന്നു.
7 അയാൾ ഇസ്രായേലിനെ അധിക്ഷേപിച്ചപ്പോൾ, ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകൻ യോനാഥാൻ അയാളെ വധിച്ചു.
൭അവൻ യിസ്രായേലിനെ ധിക്കരിച്ചപ്പോൾ ദാവീദിന്റെ സഹോദരനായ ശിമെയയുടെ മകനായ യോനാഥാൻ അവനെ വെട്ടിക്കൊന്നു.
8 ഇവർ ഗത്തിലെ രാഫായുടെ പിൻഗാമികളായിരുന്നു. അവർ നാലും ദാവീദിന്റെയും അനുയായികളുടെയും കൈയിൽപ്പെട്ടു നാശമടഞ്ഞു.
൮ഇവർ ഗത്തിൽ രഫാക്കു ജനിച്ചവർ ആയിരുന്നു; അവർ ദാവീദിന്റെയും അവന്റെ ദാസന്മാരുടെയും കയ്യാൽ പട്ടുപോയി.