< 1 ദിനവൃത്താന്തം 18 >
1 കാലക്രമേണ ദാവീദ് ഫെലിസ്ത്യരെ തോൽപ്പിച്ചു കീഴടക്കി. അവരുടെ അധീനതയിൽനിന്നു ഗത്തും അതിനുചുറ്റുമുള്ള ഗ്രാമങ്ങളും അദ്ദേഹം പിടിച്ചെടുത്തു.
അതിന്റെശേഷം ദാവീദ് ഫെലിസ്ത്യരെ തോല്പിച്ചു അടക്കി, ഗത്തും അതിനോടു ചേൎന്ന ഗ്രാമങ്ങളും ഫെലിസ്ത്യരുടെ കയ്യിൽനിന്നു പിടിച്ചു.
2 ദാവീദ് മോവാബ്യരെയും തോൽപ്പിച്ചു. അവർ ദാവീദിന് അടിമകളായി കപ്പം കൊടുത്തു.
പിന്നെ അവൻ മോവാബിനെ തോല്പിച്ചു; മോവാബ്യർ ദാവീദിന്റെ ദാസന്മാരായി കാഴ്ച കൊണ്ടുവന്നു.
3 കൂടാതെ, സോബാരാജാവായ ഹദദേസർ ഹമാത്തിന്റെ പരിസരപ്രദേശങ്ങളിലെല്ലാം തന്റെ ആധിപത്യം ഉറപ്പിക്കാൻ പുറപ്പെട്ടപ്പോൾ ദാവീദ് അദ്ദേഹത്തെയും അദ്ദേഹത്തിന്റെ അധികാരപരിധിയിലുള്ള യൂഫ്രട്ടീസ് നദിവരെയും കീഴടക്കി.
സോബാരാജാവായ ഹദദേസെർ ഫ്രാത്ത് നദീതീരത്തിങ്കൽ തന്റെ ആധിപത്യം ഉറപ്പിപ്പാൻ പോയപ്പോൾ ദാവീദ് അവനെയും ഹമാത്തിൽവെച്ചു തോല്പിച്ചുകളഞ്ഞു.
4 അദ്ദേഹത്തിന്റെ ആയിരം രഥങ്ങളെയും ഏഴായിരം കുതിരച്ചേവകരെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചെടുത്തു. നൂറു രഥക്കുതിരകളെ ഒഴിച്ച് ബാക്കിവന്ന എല്ലാറ്റിനെയും ദാവീദ് കുതിഞരമ്പു ഛേദിച്ചു മുടന്തരാക്കി.
അവന്റെ വക ആയിരം രഥങ്ങളെയും ഏഴായിരം കുതിരപ്പടയാളികളെയും ഇരുപതിനായിരം കാലാളുകളെയും ദാവീദ് പിടിച്ചു; ദാവീദ് അവയിൽ നൂറു രഥകൂതിരകളെ വെച്ചുകൊണ്ടു ശേഷം രഥകൂതിരകളെ ഒക്കെയും കുതിഞരമ്പു വെട്ടിക്കളഞ്ഞു.
5 ദമസ്കോസിൽനിന്നുള്ള അരാമ്യർ സോബാരാജാവായ ഹദദേസറിനെ സഹായിക്കാനെത്തിയപ്പോൾ അവരിൽ ഇരുപതിനായിരംപേരെ ദാവീദ് സംഹരിച്ചു.
സോബാരാജാവായ ഹദദേസെരിനെ സഹായിപ്പാൻ ദമ്മേശെക്കിലെ അരാമ്യർ വന്നപ്പോൾ ദാവീദ് അരാമ്യരിൽ ഇരുപതിനായിരം പേരെ നിഗ്രഹിച്ചു.
6 അരാമ്യരുടെ രാജ്യത്തുള്ള ദമസ്കോസിൽ അദ്ദേഹം ഒരു കാവൽസേനാകേന്ദ്രം സ്ഥാപിച്ചു. അരാമ്യർ ദാവീദിന് അടിമകളായിത്തീർന്ന്, കപ്പം കൊണ്ടുവന്നു. ദാവീദു ചെന്ന ഇടങ്ങളിലെല്ലാം യഹോവ അദ്ദേഹത്തിനു വിജയം നൽകി.
പിന്നെ ദാവീദ് ദമ്മേശെക്കിനോടു ചേൎന്ന അരാമിൽ കാവല്പട്ടാളങ്ങളെ പാൎപ്പിച്ചു; അരാമ്യരും ദാവീദിന്നു ദാസന്മാരായി കാഴ്ച കൊണ്ടുവന്നു; ഇങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
7 ഹദദേസറിന്റെ സൈന്യാധിപന്മാർ വഹിച്ചിരുന്ന സ്വർണപ്പരിചകൾ ദാവീദ് പിടിച്ചെടുത്ത് ജെറുശലേമിലേക്കു കൊണ്ടുവന്നു.
ഹദദേസെരിന്റെ ദാസന്മാൎക്കുണ്ടായിരുന്ന പൊൻപരിചകളെ ദാവീദ് എടുത്തു യെരൂശലേമിലേക്കു കൊണ്ടുവന്നു.
8 ഹദദേസറിന്റെ അധീനതയിലെ പട്ടണങ്ങളായ തിബ്ഹാത്തിൽനിന്നും കുനിൽനിന്നും ദാവീദുരാജാവ് ധാരാളം വെങ്കലവും കൈവശപ്പെടുത്തി. വെങ്കലംകൊണ്ടുള്ള വലിയ ജലസംഭരണിയും സ്തൂപങ്ങളും മറ്റു വെങ്കല ഉപകരണങ്ങളും ഉണ്ടാക്കുന്നതിന് ശലോമോൻ ഇത് ഉപയോഗപ്പെടുത്തി.
ഹദദേസെരിന്റെ പട്ടണങ്ങളായ തിബ്ഹാത്തിൽനിന്നും കൂനിൽനിന്നും അനവധി താമ്രവും കൊണ്ടുവന്നു; അതുകൊണ്ടു ശലോമോൻ താമ്രക്കടലും സ്തംഭങ്ങളും താമ്രപാത്രങ്ങളും ഉണ്ടാക്കി.
9 ദാവീദ് സോബാരാജാവായ ഹദദേസറിന്റെ സകലസൈന്യത്തെയും തോൽപ്പിച്ചു എന്ന് ഹമാത്ത് രാജാവായ തോയി കേട്ടപ്പോൾ,
എന്നാൽ ദാവീദ് സോബാരാജാവായ ഹദദേസെരിന്റെ സൈന്യത്തെയെല്ലാം തോല്പിച്ചുകളഞ്ഞു എന്നു ഹമാത്ത് രാജാവായ തോവൂ കേട്ടപ്പോൾ
10 ദാവീദുരാജാവിനെ അഭിവാദനം ചെയ്യുന്നതിനും യുദ്ധത്തിൽ അദ്ദേഹം ഹദദേസരിന്മേൽ നേടിയ വിജയത്തിൽ അഭിനന്ദിക്കുന്നതിനുമായി, തോയി തന്റെ മകനായ ഹദോരാമിനെ അയച്ചു. ഹദദേസരും തോയി രാജാവുമായി കൂടെക്കൂടെ യുദ്ധമുണ്ടായിരുന്നു. സ്വർണം, വെള്ളി, വെങ്കലം ഇവകൊണ്ടുള്ള സകലവിധ ഉപകരണങ്ങളും ഹദോരാം കാഴ്ചയായി കൊണ്ടുവന്നിരുന്നു.
അവൻ ദാവീദ് രാജാവിനോടു കുശലം ചോദിപ്പാനും അവൻ ഹദദേസെരിനോടു യുദ്ധം ചെയ്തു അവനെ തോല്പിച്ചതുകൊണ്ടു അവനെ അഭിനന്ദിപ്പാനും തന്റെ മകനായ ഹദോരാമിനെ അയച്ചു; ഹദദേസരും തോവൂവും തമ്മിൽ കൂടെക്കൂടെ യുദ്ധം ഉണ്ടായിരുന്നു; അവൻ പൊന്നു, വെള്ളി താമ്രം ഇവകൊണ്ടുള്ള സകലവിധസാധനങ്ങളെയും കൊണ്ടുവന്നു.
11 താൻ കീഴടക്കിയ ഏദോമ്യർ, മോവാബ്യർ, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്യർ എന്നിവരുടെ രാജ്യങ്ങളിൽനിന്നെല്ലാം പിടിച്ചെടുത്ത സ്വർണവും വെള്ളിയുംപോലെതന്നെ യോരാം കൊണ്ടുവന്ന സാധനങ്ങളും ദാവീദ് രാജാവ് യഹോവയ്ക്കായി സമർപ്പിച്ചു.
ദാവീദ് രാജാവു അവയെ താൻ ഏദോം, മോവാബ്, അമ്മോന്യർ, ഫെലിസ്ത്യർ, അമാലേക്ക് മുതലായ സകലജാതികളുടെ പക്കൽനിന്നും പിടിച്ചെടുത്ത വെള്ളിയോടും പൊന്നിനോടുംകൂടെ യഹോവെക്കു വിശുദ്ധീകരിച്ചു.
12 സെരൂയയുടെ മകനായ അബീശായി ഉപ്പുതാഴ്വരയിൽവെച്ച് പതിനെണ്ണായിരം ഏദോമ്യരെ സംഹരിച്ചു.
സെരൂയയുടെ മകനായ അബീശായി ഉപ്പുതാഴ്വരയിൽവെച്ചു എദോമ്യരിൽ പതിനെണ്ണായിരംപേരെ സംഹരിച്ചു.
13 അദ്ദേഹം ഏദോമിൽ കാവൽസേനാകേന്ദ്രങ്ങൾ സ്ഥാപിച്ചു; ഏദോമ്യരെല്ലാം ദാവീദിന്റെ അടിമകളായിത്തീർന്നു. ദാവീദ് ചെന്ന ഇടങ്ങളിലെല്ലാം യഹോവ അദ്ദേഹത്തിനു വിജയം നൽകി.
ദാവീദ് എദോമിൽ കാവല്പട്ടാളങ്ങളെ ആക്കി; എദോമ്യർ എല്ലാവരും അവന്നു ദാസന്മാർ ആയ്തീൎന്നു. അങ്ങനെ ദാവീദ് ചെന്നേടത്തൊക്കെയും യഹോവ അവന്നു ജയം നല്കി.
14 തന്റെ ജനങ്ങൾക്കെല്ലാം നീതിയും ന്യായവും പാലിച്ചുകൊണ്ട് ദാവീദ് സമസ്തഇസ്രായേലിനും രാജാവായി വാണു.
ഇങ്ങനെ ദാവീദ് എല്ലായിസ്രായേലിന്നും രാജാവായി വാണു; തന്റെ സകലജനത്തിന്നും നീതിയും ന്യായവും നടത്തിവന്നു.
15 സെരൂയയുടെ മകനായ യോവാബ് സൈന്യാധിപനും അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് രാജകീയ രേഖാപാലകനും ആയിരുന്നു.
സെരൂയയുടെ മകനായ യോവാബ് സേനാധിപതി ആയിരുന്നു; അഹീലൂദിന്റെ മകനായ യെഹോശാഫാത്ത് മന്ത്രിയും
16 അഹീതൂബിന്റെ മകനായ സാദോക്കും അബ്യാഥാരിന്റെ മകനായ അഹീമെലെക്കും പുരോഹിതന്മാരും ശവ്ശാ ലേഖകനും ആയിരുന്നു.
അഹീത്തൂബിന്റെ മകനായ സാദോക്കും അബ്യാഥാരിന്റെ മകനായ അഹീമേലെക്കും പുരോഹിതന്മാരും ശവ്ശാ രായസക്കാരനും
17 യെഹോയാദായുടെ മകനായ ബെനായാവ് കെരീത്യർക്കും പ്ളേത്യർക്കും അധിപതിയായിരുന്നു. ദാവീദിന്റെ പുത്രന്മാർ രാജാവിന്റെ മുഖ്യസേവകന്മാരും ആയിരുന്നു.
യെഹോയാദയുടെ മകനായ ബെനായാവു ക്രേത്യൎക്കും പ്ലേത്യൎക്കും അധിപതിയും ആയിരുന്നു; ദാവീദിന്റെ പുത്രന്മാർ രാജാവിന്റെ അടുക്കൽ പ്രധാന പരിചാരകന്മാരായിരുന്നു.