< 1 ദിനവൃത്താന്തം 17 >
1 ദാവീദ് കൊട്ടാരത്തിൽ താമസമാക്കിയതിനുശേഷം, ഒരിക്കൽ അദ്ദേഹം നാഥാൻ പ്രവാചകനോട്: “ഇതാ, ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; എന്നാൽ യഹോവയുടെ ഉടമ്പടിയുടെ പേടകമോ, കൂടാരത്തിനുള്ളിൽ ഇരിക്കുന്നു” എന്നു പറഞ്ഞു.
ദാവീദ് തന്റെ അരമനയിൽ വസിച്ചിരിക്കുംകാലത്തു ഒരുനാൾ നാഥാൻപ്രവാചകനോടു: ഇതാ ഞാൻ ദേവദാരുകൊണ്ടുള്ള അരമനയിൽ വസിക്കുന്നു; യഹോവയുടെ നിയമപെട്ടകമോ തിരശ്ശീലകൾക്കു കീഴെ ഇരിക്കുന്നു എന്നു പറഞ്ഞു.
2 അപ്പോൾ നാഥാൻ: “അങ്ങയുടെ മനസ്സിലുള്ളതൊക്കെയും ചെയ്താലും, ദൈവം അങ്ങയോടുകൂടെ ഉണ്ടല്ലോ!” എന്നു ദാവീദുരാജാവിനോട് മറുപടി പറഞ്ഞു.
നാഥാൻ ദാവീദിനോടു: നിന്റെ താല്പര്യംപോലെയൊക്കെയും ചെയ്താലും; യഹോവ നിന്നോടുകൂടെ ഉണ്ടു എന്നു പറഞ്ഞു.
3 എന്നാൽ അന്നുരാത്രിതന്നെ നാഥാൻ പ്രവാചകന് ദൈവത്തിന്റെ അരുളപ്പാടുണ്ടായി:
എന്നാൽ അന്നു രാത്രി നാഥാന്നു ദൈവത്തിന്റെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
4 “നീ ചെന്ന്, യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു എന്ന് എന്റെ ദാസനായ ദാവീദിനോടു പറയുക: എനിക്ക് അധിവസിക്കേണ്ടതിന് ഒരു ആലയം പണിയേണ്ടതു നീയല്ല.
നീ ചെന്നു എന്റെ ദാസനായ ദാവീദിനോടു പറക: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; എനിക്കു വസിപ്പാനുള്ള ആലയം പണിയേണ്ടതു നീയല്ല.
5 ഞാൻ ഇസ്രായേലിനെ ഈജിപ്റ്റിൽനിന്നു വിടുവിച്ചുകൊണ്ടുവന്ന നാൾമുതൽ ഇന്നുവരെ ഒരു ആലയത്തിലും വസിച്ചിട്ടില്ല. ഞാൻ ഒരു കൂടാരസ്ഥലത്തുനിന്നും മറ്റൊന്നിലേക്കും ഒരു വാസസ്ഥലത്തുനിന്നും മറ്റൊരിടത്തേക്കും മാറിക്കൊണ്ടിരുന്നു.
ഞാൻ യിസ്രായേലിനെ കൊണ്ടുവന്ന നാൾമുതൽ ഇന്നുവരെയും ഞാൻ ഒരു ആലയത്തിൽ വാസം ചെയ്യാതെ കൂടാരത്തിൽനിന്നു കൂടരത്തിലേക്കും നിവാസത്തിൽനിന്നു നിവാസത്തിലേക്കും സഞ്ചരിച്ചു.
6 എല്ലാ ഇസ്രായേലിനോടുംകൂടെ ഞാൻ സഞ്ചരിച്ചിരുന്ന ഇടങ്ങളിൽ എവിടെയെങ്കിലുംവെച്ച്, എന്റെ ജനത്തെ മേയിക്കുന്നതിനു ഞാൻ കൽപ്പിച്ചാക്കിയ നായകന്മാരോട് ആരോടെങ്കിലും, ‘നിങ്ങൾ എനിക്കുവേണ്ടി ദേവദാരുകൊണ്ട് ഒരു ആലയം പണിയാത്തത് എന്തുകൊണ്ട്’ എന്നു ഞാൻ എന്നെങ്കിലും ചോദിച്ചിട്ടുണ്ടോ?
എല്ലായിസ്രായേലിനോടുംകൂടെ സഞ്ചരിച്ചുവന്ന സ്ഥലങ്ങളിൽ എവിടെവെച്ചെങ്കിലും എന്റെ ജനത്തെ മേയിപ്പാൻ ഞാൻ കല്പിച്ചാക്കിയ യിസ്രായേൽ ന്യായാധിപതിമാരിൽ ആരോടെങ്കിലും: നിങ്ങൾ എനിക്കു ദേവദാരുകൊണ്ടു ഒരു ആലയം പണിയാതെയിരിക്കുന്നതു എന്തു എന്നു ഒരു വാക്കു ഞാൻ കല്പിച്ചിട്ടുണ്ടോ?
7 “അതുകൊണ്ട്, ‘സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നത് ഇപ്രകാരമാണ് എന്ന് എന്റെ ദാസനായ ദാവീദിനോടു പറയുക: എന്റെ ജനമായ ഇസ്രായേലിനു ഭരണാധിപനായിരിക്കുന്നതിന് ഞാൻ നിന്നെ മേച്ചിൽപ്പുറത്തുനിന്ന്, ആട്ടിൻപറ്റത്തെ മേയിച്ചുനടക്കുന്ന സമയത്തു തെരഞ്ഞെടുത്തു.
ആകയാൽ നീ എന്റെ ഭൃത്യനായ ദാവീദിനോടു പറയേണ്ടതെന്തെന്നാൽ: സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിക്കേണ്ടതിന്നു ഞാൻ നിന്നെ പുല്പുറത്തു നിന്നു, ആടുകളെ നോക്കുമ്പോൾ തന്നേ എടുത്തു.
8 നീ പോയ ഇടങ്ങളിലെല്ലാം ഞാൻ നിന്നോടുകൂടെ ഉണ്ടായിരുന്നു. നിന്റെ ശത്രുക്കളെയെല്ലാം നിന്റെ കണ്മുമ്പിൽനിന്ന് ഞാൻ ഛേദിച്ചുകളഞ്ഞു. ഭൂമിയിലെ മഹാന്മാരുടെ പേരുകൾപോലെ നിന്റെ പേരും ഞാൻ ആക്കിത്തീർക്കും.
നീ സഞ്ചരിച്ചുവന്ന എല്ലായിടത്തും ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്റെ സകലശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഛേദിച്ചുകളഞ്ഞിരിക്കുന്നു; ഭൂമിയിലുള്ള മഹാന്മാരുടെ നാമംപോലെ ഒരു നാമം ഞാൻ നിനക്കു ഉണ്ടാക്കും.
9 ഞാൻ എന്റെ ജനമായ ഇസ്രായേലിനുവേണ്ടി ഒരു സ്ഥലം ഒരുക്കിക്കൊടുക്കും. അവർക്കു സ്വന്തമായി ഒരു ഭവനം ഉണ്ടായിരിക്കുകയും ആരും അവരെ ശല്യപ്പെടുത്താതിരിക്കുകയും ചെയ്യത്തക്കവണ്ണം ഞാൻ അവരെ നട്ടുപിടിപ്പിക്കും.
ഞാൻ എന്റെ ജനമായ യിസ്രായേലിന്നു ഒരു സ്ഥലം കല്പിച്ചുകൊടുക്കയും അവർ സ്വന്തസ്ഥലത്തു പാർത്തു അവിടെനിന്നു ഇളകാതവണ്ണം അവരെ നടുകയും ചെയ്യും; പണ്ടത്തെപ്പോലെയും എന്റെ ജനമായ യിസ്രായേലിന്നു ഞാൻ ന്യായാധിപന്മാരെ കല്പിച്ചാക്കിയ കാലത്തെപ്പോലെയും ഇനി ദുഷ്ടന്മാർ അവരെ ക്ഷയിപ്പിക്കയില്ല.
10 ഞാൻ എന്റെ ജനമായ ഇസ്രായേലിനുവേണ്ടി ന്യായാധിപന്മാരെ കൽപ്പിച്ചാക്കിയ കാലത്തെന്നപോലെ ദുഷ്ടജനങ്ങൾ ഇനി ഒരിക്കലും അവരെ ഞെരുക്കുകയില്ല. ഞാൻ നിന്റെ ശത്രുക്കളെയെല്ലാം കീഴ്പ്പെടുത്തും. “‘യഹോവ നിനക്കൊരു ഭവനം പണിയുമെന്ന് ഞാനിതാ നിന്നോടു പ്രഖ്യാപിക്കുന്നു:
ഞാൻ നിന്റെ സകലശത്രുക്കളെയും അടക്കും; യഹോവ നിനക്കു ഒരു ഗൃഹം പണിയുമെന്നും ഞാൻ നിന്നോടു അറിയിക്കുന്നു.
11 നിന്റെ ദിനങ്ങൾ പൂർത്തിയാക്കി നീ നിന്റെ പിതാക്കന്മാരോടു ചേരുമ്പോൾ, നിന്റെ സന്തതിയെ ഞാൻ നിന്റെ പിൻഗാമിയാക്കി ഉയർത്തും; നിന്റെ സ്വന്തം പുത്രന്മാരിൽ ഒരുത്തനെത്തന്നെ. ഞാൻ അവന്റെ രാജത്വം സുസ്ഥിരമാക്കും.
നീ നിന്റെ പിതാക്കന്മാരുടെ അടുക്കൽ പോകേണ്ടതിന്നു നിന്റെ ജീവകാലം തികയുമ്പോൾ ഞാൻ നിന്റെശേഷം നിന്റെ പുത്രന്മാരിൽ ഒരുവനായ നിന്റെ സന്തതിയെ എഴുന്നേല്പിക്കയും അവന്റെ രാജത്വം സ്ഥിരമാക്കുകയും ചെയ്യും.
12 അവനായിരിക്കും എനിക്കുവേണ്ടി ഒരു ആലയം പണിയുന്നത്. ഞാൻ അവന്റെ സിംഹാസനത്തെ എന്നെന്നേക്കുമായി സ്ഥിരപ്പെടുത്തും.
അവൻ എനിക്കു ഒരു ആലയം പണിയും; ഞാൻ അവന്റെ സിംഹാസനം എന്നേക്കും സ്ഥിരമാക്കും.
13 ഞാൻ അവന്റെ പിതാവും അവൻ എന്റെ പുത്രനും ആയിരിക്കും. ഞാൻ എന്റെ സ്നേഹം അവന്റെ മുൻഗാമിയിൽനിന്നു മാറ്റിയതുപോലെ അവനിൽനിന്നു മാറ്റിക്കളയുകയില്ല.
ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും; നിന്റെ മുൻവാഴ്ചക്കാരനോടു ഞാൻ എന്റെ കൃപ എടുത്തുകളഞ്ഞതുപോലെ അവനോടു അതിനെ എടുത്തുകളകയില്ല.
14 ഞാൻ അവനെ എന്റെ ഭവനത്തിലും എന്റെ രാജ്യത്തിലും എന്നെന്നേക്കുമായി നിലനിർത്തും. അവന്റെ സിംഹാസനം എന്നെന്നേക്കും സുസ്ഥിരമായിരിക്കും.’”
ഞാൻ അവനെ എന്റെ ആലയത്തിലും എന്റെ രാജത്വത്തിലും എന്നേക്കും നിലനിർത്തും; അവന്റെ സിംഹാസനവും എന്നേക്കും സ്ഥിരമായിരിക്കും.
15 ഈ വെളിപ്പാടിലെ സകലവാക്കുകളും നാഥാൻ ദാവീദിനെ അറിയിച്ചു.
ഈ വാക്കുകളും ഈ ദർശനവും എല്ലാം നാഥാൻ ദാവീദിനോടു പ്രസ്താവിച്ചു.
16 അപ്പോൾ ദാവീദുരാജാവ് ഉള്ളിൽക്കടന്ന്, യഹോവയുടെമുമ്പാകെ ഇരുന്ന് ഈ വിധം പ്രാർഥിച്ചു: “ദൈവമായ യഹോവേ, അവിടന്ന് അടിയനെ ഇത്രവരെ ആക്കിത്തീർക്കാൻ ഞാൻ ആര്? എന്റെ കുടുംബവും എന്തുള്ളൂ?
അപ്പോൾ ദാവീദ് രാജാവു അകത്തു ചെന്നു യഹോവയുടെ സന്നിധിയിൽ ഇരുന്നു പറഞ്ഞതെന്തെന്നാൽ: യഹോവയായ ദൈവമേ, നീ എന്നെ ഇത്രത്തോളം കൊണ്ടുവരുവാൻ ഞാൻ ആർ? എന്റെ ഗൃഹവും എന്തുള്ളു?
17 അത്രയുമല്ല, എന്റെ ദൈവമേ! അങ്ങയുടെ ഈ ദാസന്റെ ഭവനത്തിന്റെ ഭാവിയെപ്പറ്റിയും അവിടന്ന് അരുളിച്ചെയ്തല്ലോ! ഹാ, ദൈവമായ യഹോവേ, ഞാൻ മനുഷ്യരിൽ അതിശ്രേഷ്ഠൻ എന്നവണ്ണം അങ്ങ് എന്നെ കണ്ടിരിക്കുന്നു.
ദൈവമേ, ഇതും പോരാ എന്നു തോന്നീട്ടു യഹോവയായ ദൈവമേ, വരുവാനുള്ള ദീർഘകാലത്തേക്കു അടിയന്റെ ഗൃഹത്തെക്കുറിച്ചും നീ അരുളിച്ചെയ്കയും ശ്രേഷ്ഠപദവിയിലുള്ള മനുഷ്യന്റെ അവസ്ഥെക്കൊത്തവണ്ണം എന്നെ ആദരിക്കയും ചെയ്തിരിക്കുന്നു.
18 “അങ്ങ് ഈ ദാസനു നൽകിയ ബഹുമതിയെപ്പറ്റി ദാവീദ് ഇനി കൂടുതലായി എന്തു പറയേണ്ടൂ? അവിടത്തെ ദാസനെ അങ്ങ് അറിയുന്നല്ലോ!
അടിയന്നു ചെയ്ത ബഹുമാനത്തെക്കുറിച്ചു ദാവീദ് ഇനി എന്തു പറയേണ്ടു? നീ അടിയനെ അറിയുന്നുവല്ലോ.
19 യഹോവേ! അങ്ങയുടെ ഈ ദാസനുവേണ്ടി, തിരുഹിതം അനുസരിച്ച് ഈ മഹാകാര്യങ്ങൾ അവിടന്നു ചെയ്തിരിക്കുന്നു; ഈ മഹാവാഗ്ദാനങ്ങൾ എന്നെ അറിയിക്കുകയും ചെയ്തിരിക്കുന്നു.
യഹോവേ, അടിയൻ നിമിത്തവും നിന്റെ പ്രസാദപ്രകാരവും നീ ഈ മഹിമ ഒക്കെയും പ്രവർത്തിച്ചു ഈ വങ്കാര്യം എല്ലാം അറിയിച്ചുതന്നിരിക്കുന്നു.
20 “യഹോവേ, ഞങ്ങൾ സ്വന്തം ചെവികൊണ്ടു കേട്ടതുപോലെ, അവിടത്തേക്ക് സദൃശനായി ആരുമില്ല; അവിടന്നല്ലാതെ മറ്റു ദൈവവുമില്ല.
ഞങ്ങൾ സ്വന്തചെവികൊണ്ടു കേട്ടതൊക്കെയും ഓർത്താൽ യഹോവേ, നിന്നെപ്പോലെ ഒരുത്തനുമില്ല; നീ അല്ലാതെ ഒരു ദൈവവുമില്ല.
21 അവിടത്തെ സ്വന്തം ജനമാക്കിത്തീർക്കുന്നതിനും അങ്ങയുടെ നാമം പ്രസിദ്ധമാകുന്നതിനുമായി ദൈവമേ, അങ്ങുതന്നെ നേരിട്ടുചെന്ന് വീണ്ടെടുത്ത ഭൂമിയിലെ ഏകജനതയായ, അവിടത്തെ ജനമായ ഇസ്രായേലിനു തുല്യരായി ഭൂമിയിൽ മറ്റ് ഏതു ജനതയാണുള്ളത്? അങ്ങ് ഈജിപ്റ്റിൽനിന്നു വീണ്ടെടുത്ത അങ്ങയുടെ ജനത്തിന്റെ മുമ്പിൽനിന്ന് മഹത്തും ഭീതിജനകവുമായ അത്ഭുതങ്ങൾ പ്രവർത്തിച്ച് ഇതരജനതകളെ ഓടിച്ചുകളഞ്ഞുവല്ലോ.
മിസ്രയീമിൽനിന്നു നീ ഉദ്ധരിച്ച നിന്റെ ജനത്തിന്റെ മുമ്പിൽനിന്നു ജാതികളെ നീക്കിക്കളകയിൽ വലിയതും ഭയങ്കരവുമായ കാര്യങ്ങളാൽ നിനക്കു ഒരു നാമം സമ്പാദിക്കേണ്ടതിന്നു, ദൈവമേ നീ ചെന്നു നിനക്കു സ്വന്തജനമായി വീണ്ടെടുത്ത നിന്റെ ജനമായ യിസ്രായേലിനെപ്പോലെ ഭൂമിയിൽ ഏതൊരു ജാതിയുള്ളു?
22 അവിടത്തെ ജനമായ ഇസ്രായേലിനെ അവിടന്ന് എന്നേക്കും സ്വന്തജനമാക്കിത്തീർത്തു; യഹോവേ, അവിടന്ന് അവർക്കു ദൈവമായും തീർന്നിരിക്കുന്നു.
നിന്റെ ജനമായ യിസ്രായേലിനെ നീ എന്നേക്കും നിനക്കു സ്വന്തജനമാക്കുകയും യഹോവേ, നീ അവർക്കു ദൈവമായ്തീരുകയും ചെയ്തുവല്ലോ.
23 “ഇപ്പോൾ യഹോവേ! അവിടത്തെ ഈ ദാസനെയും അവന്റെ ഗൃഹത്തെയുംപറ്റി അവിടന്ന് നൽകിയിരിക്കുന്ന വാഗ്ദാനം എന്നെന്നേക്കും നിലനിൽക്കട്ടെ! അവിടന്നു വാഗ്ദാനം ചെയ്തിരിക്കുന്നതു നിറവേറ്റണമേ!
ആകയാൽ യഹോവേ, ഇപ്പോൾ നീ അടിയനെയും അടിയന്റെ ഗൃഹത്തെയും കുറിച്ചു അരുളിച്ചെയ്ത വചനം എന്നേക്കും സ്ഥിരമായിരിക്കട്ടെ; അരുളിച്ചെയ്തതുപോലെ തന്നേ ചെയ്യേണമേ.
24 അതു സുസ്ഥിരമാകട്ടെ അവിടത്തെ നാമം എന്നേക്കും മഹത്ത്വപ്പെടട്ടെ. സൈന്യങ്ങളുടെ യഹോവതന്നെ ഇസ്രായേലിന്റെ ദൈവമെന്ന് മനുഷ്യർ പ്രകീർത്തിക്കട്ടെ! അങ്ങയുടെ ദാസനായ ദാവീദിന്റെ ഭവനം തിരുമുമ്പിൽ നിലനിൽക്കും.
സൈന്യങ്ങളുടെ യഹോവ യിസ്രായേലിന്റെ ദൈവമാകുന്നു; യിസ്രായേലിന്നു ദൈവം തന്നേ എന്നിങ്ങനെ നിന്റെ നാമം എന്നേക്കും സ്ഥിരപ്പെട്ടു മഹത്വപ്പെടുകയും നിന്റെ ദാസനായ ദാവീദിന്റെ ഗൃഹം നിന്റെ മുമ്പാകെ നിലനില്ക്കയും ചെയ്യുമാറാകട്ടെ.
25 “എന്റെ ദൈവമേ, അങ്ങയുടെ ഈ ദാസന് ഒരു ഭവനം പണിയുമെന്ന് അങ്ങ് വെളിപ്പെടുത്തിയിരിക്കുന്നു! അതിനാൽ അവിടത്തെ ദാസനായ ഞാൻ അങ്ങയോടു പ്രാർഥിക്കാൻ ധൈര്യപ്പെടുന്നു.
എന്റെ ദൈവമേ, അടിയന്നു നീ ഒരു ഗൃഹം പണിയുമെന്നു വെളിപ്പെടുത്തിത്തന്നിരിക്കുന്നു; അതുകൊണ്ടു അടിയൻ തിരുസന്നിധിയിൽ പ്രാർത്ഥിപ്പാൻ ധൈര്യംപ്രാപിച്ചു.
26 യഹോവേ, അങ്ങുതന്നെ ദൈവം! അവിടത്തെ ദാസനായ അടിയനുവേണ്ടി ഈ നന്മകൾ അവിടന്നു വാഗ്ദാനംചെയ്തിരിക്കുന്നു.
ആകയാൽ യഹോവേ, നീ തന്നേ ദൈവം; അടിയന്നു ഈ നന്മയെ നീ വാഗ്ദാനം ചെയ്തുമിരിക്കുന്നു.
27 അവിടത്തെ ദാസനായ അടിയന്റെ ഗൃഹം തിരുമുമ്പിൽ എന്നേക്കും നിലനിൽക്കേണ്ടതിന് അതിനെ അനുഗ്രഹിക്കാൻ തിരുവുള്ളം പ്രസാദിച്ചിരിക്കുന്നു! യഹോവേ, അങ്ങ് അതിനെ അനുഗ്രഹിച്ചിരിക്കുന്നു; അത് എന്നെന്നേക്കും അനുഗൃഹീതവുമായിരിക്കും.”
അതുകൊണ്ടു അടിയന്റെ ഗൃഹം തിരുമുമ്പാകെ എന്നേക്കും ഇരിക്കേണ്ടതിന്നു അതിനെ അനുഗ്രഹിപ്പാൻ നിനക്കു പ്രസാദം തോന്നിയിരിക്കുന്നു; യഹോവേ, നീ അനുഗ്രഹിച്ചിരിക്കുന്നു; അതു എന്നേക്കും അനുഗ്രഹിക്കപ്പെട്ടും ഇരിക്കുന്നുവല്ലോ.