< 1 ദിനവൃത്താന്തം 16 >
1 ഇങ്ങനെ അവർ ദൈവത്തിന്റെ പേടകം കൊണ്ടുവന്ന്, ദാവീദ് അതിനുവേണ്ടി പ്രത്യേകം സജ്ജമാക്കിയിരുന്ന കൂടാരത്തിനകത്ത് പ്രതിഷ്ഠിച്ചു. അതിനുശേഷം അവർ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും ദൈവമുമ്പാകെ അർപ്പിച്ചു.
൧ഇങ്ങനെ അവർ ദൈവത്തിന്റെ പെട്ടകം കൊണ്ടുവന്ന് ദാവീദ് അതിനായിട്ട് അടിച്ചിരുന്ന കൂടാരത്തിനകത്ത് വെച്ചു; പിന്നെ അവർ ദൈവത്തിന്റെ സന്നിധിയിൽ ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിച്ചു.
2 ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ചതിനുശേഷം യഹോവയുടെ നാമത്തിൽ ജനത്തെ ആശീർവദിച്ചു.
൨ദാവീദ് ഹോമയാഗങ്ങളും സമാധാനയാഗങ്ങളും അർപ്പിച്ച് തീർന്നശേഷം ജനത്തെ യഹോവയുടെ നാമത്തിൽ അനുഗ്രഹിച്ചു.
3 പിന്നെ അദ്ദേഹം ഇസ്രായേലിലെ ഓരോ പുരുഷനും സ്ത്രീക്കും ഓരോ അപ്പവും ഓരോ കഷണം മാംസവും ഓരോ മുന്തിരിയടയുംവീതം കൊടുത്തു.
൩അവൻ യിസ്രായേലിൽ എല്ലാവർക്കും, ഓരോ പുരുഷനും, സ്ത്രീക്കും ഓരോ അപ്പവും ഓരോ ഖണ്ഡം ഇറച്ചിയും ഓരോ മുന്തിരിങ്ങാക്കട്ട വീതവും വിഭാഗിച്ചു കൊടുത്തു.
4 യഹോവയുടെ പേടകത്തിനുമുമ്പാകെ ശുശ്രൂഷ ചെയ്യുന്നതിനും യാചന സമർപ്പിക്കുന്നതിനും ഇസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു നന്ദിയും സ്തോത്രവും അർപ്പിക്കുന്നതിനുമായി ദാവീദ് ചില ലേവ്യരെ നിയോഗിച്ചു.
൪അവൻ യഹോവയുടെ പെട്ടകത്തിന്റെ മുമ്പിൽ യിസ്രായേലിന്റെ ദൈവമായ യഹോവയ്ക്കു കീർത്തനവും വന്ദനവും സ്തോത്രവും ചെയ്യുവാൻ ലേവ്യരിൽനിന്ന് ശുശ്രൂഷകന്മാരെ നിയമിച്ചു.
5 ആസാഫ് അവരിൽ മുഖ്യനായിരുന്നു; സെഖര്യാവു രണ്ടാമനും പിന്നെ യാസീയേൽ, ശെമിരാമോത്ത്, യെഹീയേൽ, മത്ഥിഥ്യാവ്, എലീയാബ്, ബെനായാവ്, ഓബേദ്-ഏദോം, യെയീയേൽ എന്നിവരായിരുന്നു. അവർ വീണയും കിന്നരവും വായിച്ചു. ഇലത്താളം കൊട്ടുന്നതിനു നിയോഗിക്കപ്പെട്ടിരുന്നത് ആസാഫ് ആയിരുന്നു.
൫ആസാഫ് തലവൻ; രണ്ടാമൻ സെഖര്യാവ്; പിന്നെ യെയീയേൽ, ശെമീരാമോത്ത്, യെഹീയേൽ, മത്ഥിഥ്യാവ്, എലീയാബ്, ബെനായാവ്, ഓബേദ്-ഏദോം, യെയീയേൽ എന്നിവർ വീണയും കിന്നരവും വായിച്ചു; ആസാഫ് കൈത്താളം കൊട്ടി.
6 പുരോഹിതന്മാരായ ബെനായാവും യഹസീയേലും ദൈവത്തിന്റെ ഉടമ്പടിയുടെ പേടകത്തിനുമുമ്പാകെ നിരന്തരം കാഹളം ഊതുകയും ചെയ്യണമായിരുന്നു.
൬പുരോഹിതന്മാരായ ബെനായാവും യെഹസീയേലും ദൈവത്തിന്റെ നിയമപെട്ടകത്തിന്റെ മുമ്പിൽ പതിവായി കാഹളം ഊതി.
7 അന്ന്, ആദ്യമായി, യഹോവയോടു നന്ദി പ്രകാശിപ്പിക്കുന്ന ഈ സങ്കീർത്തനം ദാവീദ് ആസാഫിനെയും സഹായികളെയും ഏൽപ്പിച്ചു.
൭ദാവീദ് അന്ന് തന്നേ, യഹോവയ്ക്കു സ്തോത്രം ചെയ്യേണ്ടതിന് ആസാഫിനും അവന്റെ സഹോദരന്മാർക്കും ഈ സ്തോത്രഗീതം നൽകി:
8 യഹോവയ്ക്കു സ്തോത്രംചെയ്യുക, അവിടത്തെ നാമം വിളിച്ചപേക്ഷിക്കുക; അവിടത്തെ പ്രവൃത്തി ജനതകൾക്കിടയിൽ വിളംബരംചെയ്യുക.
൮യഹോവയ്ക്കു സ്തോത്രം ചെയ്ത്; അവിടുത്തെ നാമത്തെ ആരാധിപ്പിൻ; ജാതികളുടെ ഇടയിൽ അവിടുത്തെ പ്രവൃത്തികളെ അറിയിക്കുവിൻ;
9 അവിടത്തേക്ക് പാടുക, അവിടത്തേക്ക് സ്തോത്രഗീതങ്ങൾ ആലപിക്കുക; അവിടത്തെ അത്ഭുതപ്രവൃത്തികൾ വർണിക്കുക.
൯യഹോവയ്ക്കു പാടി കീർത്തനം ചെയ്യുവിൻ; അവിടുന്ന് ചെയ്ത അത്ഭുതങ്ങളെ ഒക്കെയും വർണ്ണിപ്പിൻ.
10 അവിടത്തെ വിശുദ്ധനാമത്തിൽ അഭിമാനംകൊള്ളുക; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം ആനന്ദിക്കട്ടെ.
൧൦അവിടുത്തെ വിശുദ്ധനാമത്തിൽ പുകഴുവിൻ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
11 യഹോവയെയും അവിടത്തെ ശക്തിയെയും അന്വേഷിക്കുക; എപ്പോഴും അവിടത്തെ മുഖവും.
൧൧യഹോവയെയും അവിടുത്തെ ശക്തിയെയും തേടുവിൻ; അവിടുത്തെ മുഖം നിരന്തരം അന്വേഷിക്കുവിൻ.
12 യഹോവയുടെ ദാസനായ ഇസ്രായേലിന്റെ സന്തതികളേ, അവിടന്ന് തെരഞ്ഞെടുത്ത യാക്കോബിന്റെ മക്കളേ, അവിടന്നു ചെയ്ത അത്ഭുതപ്രവൃത്തികൾ ഓർക്കുക, അവിടത്തെ അത്ഭുതങ്ങളും ന്യായവിധികളും സ്മരിക്കുക.
൧൨അവിടുത്തെ ദാസനായ യിസ്രായേലിന്റെ സന്താനമേ, അവിടുന്ന് തെരഞ്ഞെടുത്ത യാക്കോബ് പുത്രന്മാരേ,
൧൩അവിടുന്ന് ചെയ്ത അത്ഭുതങ്ങളും അരുളിച്ചെയ്ത അടയാളങ്ങളും വിധികളും ഓർത്തുകൊൾവിൻ.
14 അവിടന്ന് നമ്മുടെ ദൈവമായ യഹോവ ആകുന്നു; അവിടത്തെ ന്യായവിധികൾ ഭൂതലത്തിലെല്ലാം ഉണ്ട്.
൧൪അവിടുന്നല്ലോ നമ്മുടെ ദൈവമായ യഹോവ; അവിടുത്തെ ന്യായവിധികൾ സർവ്വഭൂമിയിലുമുണ്ടു.
15 അവിടന്നു തന്റെ ഉടമ്പടി എന്നേക്കും ഓർക്കുന്നു, അവിടത്തെ വാഗ്ദത്തം ഒരായിരം തലമുറകൾവരെയും
൧൫അവിടുത്തെ വചനം ആയിരം തലമുറയോളവും അവിടുത്തെ നിയമം എന്നേക്കും ഓർത്തുകൊൾവിൻ.
16 അവിടന്ന് അബ്രാഹാമിനോടു ചെയ്ത ഉടമ്പടിയും യിസ്ഹാക്കിനോടു ചെയ്ത ശപഥവുംതന്നെ.
൧൬അബ്രാഹാമോടു അവിടുന്ന് ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.
17 അവിടന്ന് അത് യാക്കോബിന് ഒരു പ്രമാണമായും ഇസ്രായേലിന് ഒരു ശാശ്വത ഉടമ്പടിയായും ഉറപ്പിച്ചുനൽകി:
൧൭അതിനെ അവിടുന്ന് യാക്കോബിന് ഒരു പ്രമാണമായും യിസ്രായേലിനൊരു ശാശ്വതനിയമമായും ഉറപ്പിച്ചു.
18 “നിങ്ങളുടെ അവകാശത്തിന്റെ ഓഹരിയായി, ഞാൻ നിങ്ങൾക്ക് കനാൻദേശം നൽകും.”
൧൮ഞാൻ നിനക്ക് അവകാശമായി കനാൻദേശത്തെ തരും എന്നു കല്പിച്ചു.
19 അന്ന് അവർ എണ്ണത്തിൽ കുറവായിരുന്നപ്പോൾ, ചെറിയൊരുകൂട്ടവും പ്രവാസികളും ആയിരുന്നപ്പോൾ,
൧൯അവർ എണ്ണത്തിൽ കുറഞ്ഞു ചുരുക്കംപേരും പരദേശികളും ആയിരിക്കുമ്പോഴും
20 അവർ രാഷ്ട്രങ്ങളിൽനിന്ന് രാഷ്ട്രങ്ങളിലേക്കും ഒരു രാജ്യത്തുനിന്ന് മറ്റൊന്നിലേക്കും അലഞ്ഞുതിരിഞ്ഞു.
൨൦അവർ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയിലേക്കും ഒരു രാജ്യം വിട്ടു മറ്റൊരു വംശത്തിലേക്കും പോകുമ്പോഴും
21 അവരെ പീഡിപ്പിക്കുന്നതിന് അവിടന്ന് ആരെയും അനുവദിച്ചില്ല; അവർക്കുവേണ്ടി അവിടന്ന് രാജാക്കന്മാരെ ശാസിച്ചു:
൨൧ആരും അവരെ പീഡിപ്പിപ്പാൻ അവിടുന്ന് സമ്മതിച്ചില്ല; അവർക്കുവേണ്ടി രാജാക്കന്മാരെ ശാസിച്ച് പറഞ്ഞത്:
22 “എന്റെ അഭിഷിക്തരെ സ്പർശിക്കരുത്; എന്റെ പ്രവാചകർക്ക് ഒരു ദ്രോഹവും ചെയ്യരുത്.”
൨൨എന്റെ അഭിഷിക്തന്മാരെ തൊടരുത്; എന്റെ പ്രവാചകർക്കു ദോഷം ചെയ്കയുമരുതു.
23 സർവഭൂമിയുമേ, യഹോവയ്ക്കു പാടുക! അനുദിനം അവിടത്തെ രക്ഷയെ പ്രഖ്യാപിക്കുക.
൨൩സർവ്വഭൂവാസികളേ, യഹോവയ്ക്കു പാടുവിൻ; ദിനംതോറും അവിടുത്തെ രക്ഷയെ പ്രസ്താവിപ്പിൻ.
24 രാഷ്ട്രങ്ങൾക്കിടയിൽ അവിടത്തെ മഹത്ത്വം വിളംബരംചെയ്യുക, സകലജനതകൾക്കുമിടയിൽ അവിടത്തെ അത്ഭുതപ്രവൃത്തികളും.
൨൪ജാതികളുടെ നടുവിൽ അവിടുത്തെ മഹത്വവും സർവ്വവംശങ്ങളുടെയും മദ്ധ്യേ അവിടുത്തെ അത്ഭുതങ്ങളും പ്രഘോഷിപ്പിൻ.
25 കാരണം യഹോവ ഉന്നതനും സ്തുതിക്ക് അത്യന്തം യോഗ്യനുമാണ്; സകലദേവന്മാരെക്കാളും അവിടത്തെ ഭയപ്പെടേണ്ടതാകുന്നു.
൨൫യഹോവ വലിയവനും അത്യന്തം സ്തുത്യനും സർവ്വദേവന്മാരിലും അതിഭയങ്കരനുമല്ലോ.
26 ഇതര ജനതകളുടെ ദേവന്മാരെല്ലാം വിഗ്രഹങ്ങളാണല്ലോ, എന്നാൽ യഹോവ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു!
൨൬ജാതികളുടെ സകലദേവന്മാരും വിഗ്രഹങ്ങൾ അത്രേ; എന്നാൽ യഹോവ ആകാശത്തെ ചമെച്ചവൻ ആകുന്നു.
27 പ്രതാപവും മഹിമയും തിരുമുമ്പിലുണ്ട്; ബലവും ആനന്ദവും അവിടത്തെ വാസസ്ഥലത്തുണ്ട്.
൨൭മഹത്വവും തേജസ്സും അവിടുത്തെ സന്നിധിയിലും ബലവും ആനന്ദവും അവന്റെ വാസസ്ഥലത്തിലും ഉണ്ട്.
28 രാഷ്ട്രങ്ങളിലെ എല്ലാ കുലങ്ങളുമേ, യഹോവയ്ക്കു കൊടുക്കുക, മഹത്ത്വവും ശക്തിയും യഹോവയ്ക്കു കൊടുക്കുക.
൨൮ജാതികളുടെ കുലങ്ങളേ, യഹോവയ്ക്ക് മഹത്വവും ശക്തിയും കൊടുക്കുവിൻ;
29 യഹോവയ്ക്ക് അവിടത്തെ നാമത്തിനുതക്ക മഹത്ത്വംകൊടുക്കുക; തിരുമുൽക്കാഴ്ചയുമായി അവിടത്തെ സന്നിധിയിലേക്കു വരിക. യഹോവയുടെ വിശുദ്ധിയുടെ പ്രതാപത്തിന് അനുസൃതമായി അവിടത്തെ ആരാധിക്കുക.
൨൯യഹോവയ്ക്ക് അവിടുത്തെ നാമത്തിന്റെ മഹത്വം കൊടുക്കുവിൻ; കാഴ്ചയുമായി അവിടുത്തെ സന്നിധിയിൽ ചെല്ലുവിൻ; വിശുദ്ധഅലങ്കാരം ധരിച്ചുകൊണ്ടു യഹോവയെ നമസ്കരിപ്പിൻ.
30 സകലഭൂതലവുമേ, യഹോവയുടെമുമ്പിൽ നടുങ്ങുക. ഇളക്കംതട്ടാത്തവിധം ഭൂലോകം ഉറച്ചുനിൽക്കുന്നു.
൩൦സർവ്വഭൂമിയേ, അവിടുത്തെ സന്നിധിയിൽ നടുങ്ങുക; ഭൂതലം കുലങ്ങാതവണ്ണം സ്ഥാപിതമാകുന്നു.
31 ആകാശം ആഹ്ലാദിക്കട്ടെ, ഭൂമി ഉല്ലസിക്കട്ടെ; “യഹോവ വാഴുന്നു,” എന്ന് അവ രാഷ്ട്രങ്ങളുടെ മധ്യേ ഉദ്ഘോഷിക്കട്ടെ.
൩൧സ്വർഗ്ഗം ആനന്ദിക്കട്ടെ; ഭൂമി ഉല്ലസിക്കട്ടെ; യഹോവ വാഴുന്നു എന്ന് അവർ ജാതികളുടെ മദ്ധ്യേ ഘോഷിക്കട്ടെ.
32 സമുദ്രവും അതിലുള്ള സകലതും മാറ്റൊലികൊള്ളട്ടെ. വയലേലകളും അതിലുള്ള സമസ്തവും ആഹ്ലാദാരവം മുഴക്കട്ടെ;
൩൨സമുദ്രവും അതിന്റെ പൂർണ്ണതയും മുഴങ്ങട്ടെ. വയലും അതിലുള്ളതൊക്കെയും ആഹ്ലാദിക്കട്ടെ.
33 വനവൃക്ഷങ്ങളും ഗാനം ആലപിക്കട്ടെ. അവ യഹോവയുടെമുമ്പാകെ ആനന്ദഗീതങ്ങൾ ആലപിക്കട്ടെ; അവിടന്ന് ഭൂമിയെ വിധിക്കുന്നതിനായി വരുന്നു.
൩൩അന്ന് വനത്തിലെ വൃക്ഷങ്ങൾ യഹോവയുടെ മുമ്പിൽ ആർക്കും; അവൻ ഭൂമിയെ വിധിക്കുവാൻ വരുന്നുവല്ലോ.
34 യഹോവയ്ക്കു സ്തോത്രംചെയ്‌വിൻ, അവിടന്ന് നല്ലവനല്ലോ; അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു.
൩൪യഹോവക്കു സ്തോത്രം ചെയ്യുവീൻ; അവൻ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
35 അവിടത്തെ സന്നിധിയിൽ കരയുക: “ഞങ്ങളുടെ രക്ഷകനായ ദൈവമേ, ഞങ്ങളെ രക്ഷിക്കണമേ. ഞങ്ങൾ അവിടത്തെ പരിശുദ്ധനാമത്തിന് സ്തോത്രംചെയ്യുകയും അവിടത്തെ സ്തുതികളിൽ പുകഴുകയും ചെയ്യേണ്ടതിന്, ഇതര രാഷ്ട്രങ്ങളിൽനിന്നു വിളിച്ചുകൂട്ടി ഞങ്ങളെ വിടുവിക്കണമേ.”
൩൫ഞങ്ങളുടെ രക്ഷയായ ദൈവമേ, ഞങ്ങളെ മോചിപ്പിക്കേണമേ; തിരുനാമത്തെ വാഴ്ത്തി നിന്റെ സ്തുതിയിൽ പുകഴുവാൻ ജാതികളുടെ ഇടയിൽനിന്ന് ഒരുമിച്ച് കൂട്ടി ഞങ്ങളെ മോചിപ്പിക്കേണമേ എന്നു പറവിൻ.
36 ഇസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെടട്ടെ; എന്നും എന്നെന്നേക്കും. അപ്പോൾ ജനമെല്ലാം, “ആമേൻ, യഹോവയെ വാഴ്ത്തുക” എന്നു പറഞ്ഞു.
൩൬യിസ്രായേലിൻ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെട്ടവൻ. സകലജനവും “ആമേൻ” എന്നു പറഞ്ഞു യഹോവയെ സ്തുതിച്ചു.
37 ഓരോ ദിവസത്തെയും ആവശ്യമനുസരിച്ച് യഹോവയുടെ ഉടമ്പടിയുടെ പേടകത്തിനുമുമ്പാകെ നിരന്തരം ശുശ്രൂഷചെയ്യുന്നതിനായി ദാവീദ് ആസാഫിനെയും അദ്ദേഹത്തിന്റെ സഹായികളെയും നിയോഗിച്ചു.
൩൭ഇങ്ങനെ പെട്ടകത്തിന്റെ മുമ്പിൽ ദിവസംപ്രതിയുള്ള ശുശ്രൂഷ ആവശ്യംപോലെ നിർവ്വഹിക്കേണ്ടതിന് ആസാഫിനെയും അവന്റെ സഹോദരന്മാരെയും നിയമിച്ചു.
38 അവരോടുകൂടി ശുശ്രൂഷ ചെയ്യുന്നതിന് ഓബേദ്-ഏദോമിനെയും അദ്ദേഹത്തോടുകൂടെയുള്ള അറുപത്തിയെട്ടു സഹായികളെയുംകൂടി ദാവീദ് വിട്ടുകൊടുത്തു. യെദൂഥൂന്റെ മകനായ ഓബേദ്-ഏദോമും ഹോസയും ദ്വാരപാലകരായി സേവനം ചെയ്തു.
൩൮അവരോടൊപ്പം ഒബേദ്-ഏദോമിനെയും അവരുടെ സഹോദരന്മാരായ അറുപത്തെട്ടു (68) പേരെയും യഹോവയുടെ പെട്ടകത്തിന്മുമ്പിലും യെദൂഥൂന്റെ മകനായ ഓബേദ്-ഏദോമിനെയും ഹോസയെയും വാതിൽകാവല്ക്കാരായും നിർത്തി.
39 പുരോഹിതനായ സാദോക്കിനെയും അദ്ദേഹത്തിന്റെ കൂടെയുള്ള പുരോഹിതന്മാരെയും ദാവീദ് ഗിബെയോനിലെ ആരാധനാസ്ഥലത്തുള്ള യഹോവയുടെ കൂടാരത്തിനുമുമ്പിൽ നിയോഗിച്ചു.
൩൯പുരോഹിതനായ സാദോക്കിനെയും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരെയും ഗിബെയോനിലെ പൂജാഗിരിയിൽ യഹോവയുടെ തിരുനിവാസത്തിന്മുമ്പിൽ യഹോവ യിസ്രായേലിനോടു കല്പിച്ചിട്ടുള്ള
40 യഹോവ ഇസ്രായേലിനു നൽകിയിരുന്ന ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നതെല്ലാം അനുസരിച്ച് ദിവസവും രാവിലെയും വൈകിട്ടും ക്രമമായി യാഗപീഠത്തിന്മേൽ ഹോമയാഗങ്ങൾ അർപ്പിക്കാൻ അവർ നിയോഗിക്കപ്പെട്ടിരുന്നു.
൪൦അവന്റെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്ന പ്രകാരമൊക്കെയും രാവിലെയും വൈകുന്നേരവും നിത്യം ഹോമപീഠത്തിന്മേൽ യഹോവക്കു
41 അവരോടുകൂടെ ഹേമാനും യെദൂഥൂനും തെരഞ്ഞെടുക്കപ്പെട്ടു, നാമനിർദേശം ചെയ്യപ്പെട്ട മറ്റുള്ളവരും ഉണ്ടായിരുന്നു. “അവിടത്തെ അചഞ്ചലസ്നേഹം ശാശ്വതമായിരിക്കുന്നു,” എന്ന് ഉരുവിട്ടുകൊണ്ട് യഹോവയ്ക്കു നന്ദി കരേറ്റുന്നതിന് അവർ നിയുക്തരായി.
൪൧ഹോമയാഗം കഴിക്കുവാൻ നിയമിച്ചു. അവരോടുകൂടെ ഹേമാൻ, യെദൂഥൂൻ മുതലായി പേർവിവരം പറഞ്ഞിരിക്കുന്ന ശ്രേഷ്ഠന്മാരെയും അവന്റെ ദയ എന്നേക്കുമുള്ളതു എന്നിങ്ങനെ യഹോവക്കു സ്തോത്രം ചെയ്യുവാനും നിയമിച്ചു.
42 ഹേമാൻ, യെദൂഥൂൻ എന്നിവർ കാഹളങ്ങളും ഇലത്താളങ്ങളും മുഴക്കുന്നതിനും ദിവ്യസംഗീതത്തിനുള്ള മറ്റു വാദ്യോപകരണങ്ങൾ വായിക്കുന്നതിനും ചുമതലപ്പെട്ടിരുന്നു. യെദൂഥൂന്റെ പുത്രന്മാർ വാതിൽക്കൽ നിയോഗിക്കപ്പെട്ടിരുന്നു.
൪൨അവരോടൊപ്പം ഹേമാനെയും യെദൂഥൂനെയും കാഹളം, കൈത്താളം എന്നിങ്ങനെ ദിവ്യസംഗീതത്തിനായുള്ള വാദ്യങ്ങളെ ധ്വനിപ്പിക്കേണ്ടതിന് നിയമിച്ചു; യെദൂഥൂന്റെ പുത്രന്മാർ വാതിൽകാവല്ക്കാർ ആയിരുന്നു;
43 പിന്നീട് ജനങ്ങളെല്ലാം അവരവരുടെ ഭവനങ്ങളിലേക്കു മടങ്ങി. ദാവീദും തന്റെ കുടുംബത്തെ ആശീർവദിക്കാനായി മടങ്ങിപ്പോയി.
൪൩പിന്നെ സർവ്വജനവും ഓരോരുത്തരും അവരവരുടെ വീട്ടിലേക്കു പോയി; ദാവീദും തന്റെ കുടുംബത്തെ അനുഗ്രഹിപ്പാൻ മടങ്ങിപ്പോയി.