< സെഖര്യാവ് 7 >
1 ദാര്യാവേശ്‌രാജാവിന്റെ നാലാം ആണ്ടിൽ, കിസ്ളേവ് എന്ന ഒമ്പതാം മാസം, നാലാം തിയ്യതി, സെഖര്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായി.
ദാര്യാവേശ് രാജാവിന്റെ നാലാംവർഷം, ഒമ്പതാംമാസമായ കിസ്ളേവുമാസം നാലാം തീയതി, സെഖര്യാവിന് യഹോവയുടെ അരുളപ്പാടുണ്ടായി.
2 ബേഥേൽകാർ യഹോവയെ പ്രസാദിപ്പിക്കേണ്ടതിന്നു സരേസരിനെയും രേഗെം-മേലെക്കിനെയും അവരുടെ ആളുകളെയും അയച്ചു,
ബേഥേലിലുള്ള ജനം യഹോവയെ പ്രസാദിപ്പിക്കേണ്ടതിന്, ശരേസർ, രേഗെം-മേലെക് എന്നിവരെയും അവരുടെ ആളുകളെയും അയച്ച്,
3 സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിലെ പുരോഹിതന്മാരോടും പ്രവാചകന്മാരോടും: ഞങ്ങൾ ഇത്ര സംവത്സരമായി ചെയ്തുവന്നതുപോലെ അഞ്ചാം മാസത്തിൽ കരഞ്ഞുംകൊണ്ടു ഉപവസിക്കേണമോ എന്നു ചോദിപ്പിച്ചു.
സൈന്യങ്ങളുടെ യഹോവയുടെ ആലയത്തിലെ പുരോഹിതന്മാരോടും പ്രവാചകന്മാരോടും: “കഴിഞ്ഞ അനേകം വർഷങ്ങളായി ചെയ്തുവരുന്നതുപോലെ അഞ്ചാംമാസത്തിൽ ഞാൻ കരയുകയും ഉപവസിക്കുകയും ചെയ്യണമോ” എന്നു ചോദിപ്പിച്ചു?
4 അപ്പോൾ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു എനിക്കു ഉണ്ടായതെന്തെന്നാൽ:
അപ്പോൾ സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായി:
5 നീ ദേശത്തിലെ സകലജനത്തോടും പുരോഹിതന്മാരോടും പറയേണ്ടതു: നിങ്ങൾ ഈ എഴുപതു സംവത്സരമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും ഉപവസിച്ചു വിലപിക്കയിൽ നിങ്ങൾ എനിക്കുവേണ്ടി തന്നേയോ ഉപവസിച്ചതു?
“ദേശത്തിലെ സകലജനങ്ങളോടും പുരോഹിതന്മാരോടും ഇപ്രകാരം ചോദിക്കുക, ‘കഴിഞ്ഞ എഴുപതുവർഷം അഞ്ചാംമാസത്തിലും ഏഴാംമാസത്തിലും നിങ്ങൾ ഉപവസിക്കുകയും കരയുകയും ചെയ്തല്ലോ; വാസ്തവത്തിൽ എനിക്കുവേണ്ടിത്തന്നെയോ നിങ്ങൾ ഉപവസിച്ചത്?
6 നിങ്ങൾ ഭക്ഷിക്കുമ്പോഴും പാനം ചെയ്യുമ്പോഴും നിങ്ങൾ തന്നേയല്ലയോ ഭക്ഷിക്കയും പാനം ചെയ്കയും ചെയ്യുന്നതു?
നിങ്ങൾ ഭക്ഷിക്കുകയും പാനംചെയ്യുകയും ചെയ്തപ്പോൾ, നിങ്ങൾ നിങ്ങൾക്കുവേണ്ടി അല്ലയോ വിരുന്നുകഴിച്ചത്?
7 യെരൂശലേമിന്നും അതിന്റെ ചുറ്റും അതിന്റെ ഉപനഗരങ്ങൾക്കും നിവാസികളും സ്വസ്ഥതയും ഉണ്ടായിരുന്നപ്പോഴും തെക്കെ ദേശത്തിന്നും താഴ്‌വീതിക്കും നിവാസികൾ ഉണ്ടായിരുന്നപ്പോഴും യഹോവ പണ്ടത്തെ പ്രവാചകന്മാർമുഖാന്തരം പ്രസംഗിപ്പിച്ച വചനങ്ങളെ നിങ്ങൾ കേട്ടനുസരിക്കേണ്ടതല്ലയോ?
ജെറുശലേമിലും ചുറ്റുപാടുമുള്ള നഗരങ്ങളിലും നിവാസികളും സ്വസ്ഥതയും ഉണ്ടായിരുന്നപ്പോഴും തെക്കേദേശത്തും പടിഞ്ഞാറ് കുന്നിൻപ്രദേശങ്ങളിലും ജനവാസമുണ്ടായിരുന്നപ്പോഴും പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം അരുളിച്ചെയ്തിരുന്ന യഹോവയുടെ വചനം കേട്ട് നിങ്ങൾ അനുസരിക്കേണ്ടിയിരുന്നില്ലേ?’”
8 യഹോവയുടെ അരുളപ്പാടു സെഖര്യാവിന്നുണ്ടായതെന്തെന്നാൽ:
യഹോവയുടെ വചനം വീണ്ടും സെഖര്യാവിനുണ്ടായി:
9 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നേരോടെ ന്യായം പാലിക്കയും ഓരോരുത്തൻ താന്താന്റെ സഹോദരനോടു ദയയും കരുണയും കാണിക്കയും ചെയ്‌വിൻ.
“സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ‘നേരോടെ ന്യായംവിധിക്കുക പരസ്പരം കരുണയും മനസ്സലിവും കാണിക്കുക.
10 വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുതു; നിങ്ങളിൽ ആരും തന്റെ സഹോദരന്റെ നേരെ ഹൃദയത്തിൽ ദോഷം നിരൂപിക്കയും അരുതു.
വിധവയെയും അനാഥരെയും പ്രവാസികളെയും ദരിദ്രരെയും പീഡിപ്പിക്കരുത്. നിങ്ങളുടെ മനസ്സിൽ പരസ്പരം ദോഷം ചിന്തിക്കരുത്.’
11 എന്നാൽ ചെവി കൊടുപ്പാൻ അവർക്കു മനസ്സില്ലായിരുന്നു; അവർ ദുശ്ശാഠ്യം കാണിക്കയും കേൾക്കാതവണ്ണം ചെവി പൊത്തിക്കളകയും ചെയ്തു.
“എന്നാൽ, അവർക്കു ശ്രദ്ധിക്കാൻ മനസ്സില്ലായിരുന്നു; ശാഠ്യത്തോടെ അവർ പുറംതിരിഞ്ഞുപോകുകയും ചെവി അടച്ചുകളയുകയും ചെയ്തു.
12 അവർ ന്യായപ്രമാണവും സൈന്യങ്ങളുടെ യഹോവ തന്റെ ആത്മാവിനാൽ പണ്ടത്തെ പ്രവാചകന്മാർമുഖാന്തരം അയച്ച വചനങ്ങളും കേട്ടനുസരിക്കാതവണ്ണം ഹൃദയങ്ങളെ വജ്രംപോലെ കടുപ്പമാക്കി; അങ്ങനെ സൈന്യങ്ങളുടെ യഹോവയിങ്കൽനിന്നു ഒരു മഹാകോപം വന്നു.
അവർ തങ്ങളുടെ ഹൃദയത്തെ വജ്രംപോലെ കഠിനമാക്കി, ന്യായപ്രമാണം ശ്രദ്ധിച്ചില്ല. പണ്ടത്തെ പ്രവാചകന്മാർ മുഖാന്തരം സൈന്യങ്ങളുടെ യഹോവയുടെ ആത്മാവ് അയച്ച വചനവും അവർ ചെവിക്കൊണ്ടില്ല. അതിനാൽ സൈന്യങ്ങളുടെ യഹോവ കോപിച്ചു.
13 ആകയാൽ ഞാൻ വിളിച്ചിട്ടും അവർ കേൾക്കാതിരുന്നതുപോലെ തന്നേ അവർ നിലവിളിക്കും; ഞാൻ കേൾക്കയില്ലതാനും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
“‘ഞാൻ വിളിച്ചപ്പോൾ അവർ കേട്ടില്ല, അതുകൊണ്ട് അവർ വിളിക്കുമ്പോൾ ഞാനും കേൾക്കുകയില്ല,’ എന്ന് സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
14 ഞാൻ ഒരു ചുഴലിക്കാറ്റുകൊണ്ടു അവരെ അവർ അറിയാത്ത സകലജാതികളുടെയും ഇടയിൽ പാറ്റിക്കളഞ്ഞു; ദേശമോ ആരും പോക്കുവരത്തില്ലാതവണ്ണം അവരുടെ പിമ്പിൽ ശൂന്യമായ്തീർന്നു; അങ്ങനെ അവർ മനോഹരദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.
‘ഞാൻ ചുഴലിക്കാറ്റുകൊണ്ട് അവർ അറിയാത്ത എല്ലാ രാജ്യങ്ങളിലേക്കും അവരെ ചിതറിച്ചു, ആർക്കും വരുന്നതിനോ പോകുന്നതിനോ കഴിയാത്തവിധത്തിൽ ദേശം ശൂന്യമായിപ്പോയി. ഇങ്ങനെ അവർ അവരുടെ മനോഹരദേശത്തെ ശൂന്യമാക്കിക്കളഞ്ഞു.’”