< റോമർ 16 >
1 നമ്മുടെ സഹോദരിയും കെംക്രെയസഭയിലെ ശുശ്രൂഷക്കാരത്തിയുമായ ഫേബയെ
2 നിങ്ങൾ വിശുദ്ധന്മാർക്കു യോഗ്യമാംവണ്ണം കർത്താവിന്റെ നാമത്തിൽ കൈക്കൊണ്ടു, അവൾക്കു നിങ്ങളുടെ സഹായം വേണ്ടുന്ന ഏതു കാര്യത്തിലും സഹായിക്കേണ്ടതിന്നു ഞാൻ നിങ്ങളെ ഭാരമേല്പിക്കുന്നു. അവളും പലർക്കും വിശേഷാൽ എനിക്കും സഹായം ചെയ്തിരിക്കുന്നു.
3 ക്രിസ്തുയേശുവിൽ എന്റെ കൂട്ടുവേലക്കാരായ പ്രിസ്കയെയും അക്വിലാവെയും വന്ദനം ചെയ്‌വിൻ.
4 അവർ എന്റെ പ്രാണന്നു വേണ്ടി തങ്ങളുടെ കഴുത്തു വെച്ചുകൊടുത്തവരാകുന്നു; അവർക്കു ഞാൻ മാത്രമല്ല, ജാതികളുടെ സകലസഭകളും കൂടെ നന്ദിപറയുന്നു.
5 അവരുടെ വീട്ടിലെ സഭയെയും വന്ദനം ചെയ്‌വിൻ; ആസ്യയിൽ ക്രിസ്തുവിന്നു ആദ്യഫലമായി എനിക്കു പ്രിയനായ എപ്പൈനത്തൊസിന്നു വന്ദനം ചൊല്ലുവിൻ.
6 നിങ്ങൾക്കായി വളരെ അദ്ധ്വാനിച്ചവളായ മറിയെക്കു വന്ദനം ചൊല്ലുവിൻ.
7 എന്റെ ചാർച്ചക്കാരും സഹബദ്ധന്മാരായ അന്ത്രൊനിക്കൊസിന്നും യൂനിയാവിന്നും വന്ദനം ചൊല്ലുവിൻ; അവർ അപ്പൊസ്തലന്മാരുടെ ഇടയിൽ പേർകൊണ്ടവരും എനിക്കു മുമ്പെ ക്രിസ്തുവിൽ വിശ്വസിച്ചവരും ആകുന്നു.
8 കർത്താവിൽ എനിക്കു പ്രിയനായ അംപ്ലിയാത്തൊസിന്നു വന്ദനം ചൊല്ലുവിൻ.
9 ക്രിസ്തുവിൽ ഞങ്ങളുടെ കൂട്ടുവേലക്കാരനായ ഉർബ്ബാനൊസിന്നും എനിക്കു പ്രിയനായ സ്താക്കുവിന്നും വന്ദനം ചൊല്ലുവിൻ.
10 ക്രിസ്തുവിൽ സമ്മതനായ അപ്പെലേസിന്നു വന്ദനം ചൊല്ലുവിൻ. അരിസ്തൊബൂലൊസിന്റെ ഭവനക്കാർക്കു വന്ദനം ചൊല്ലുവിൻ.
11 എന്റെ ചാർച്ചക്കാരനായ ഹെരോദിയോന്നു വന്ദനം ചൊല്ലുവിൻ; നർക്കിസ്സൊസിന്റെ ഭവനക്കാരിൽ കർത്താവിൽ വിശ്വസിച്ചവർക്കു വന്ദനം ചൊല്ലുവിൻ.
12 കർത്താവിൽ അദ്ധ്വാനിക്കുന്നവരായ ത്രുഫൈനെക്കും ത്രുഫോസെക്കും വന്ദനം ചൊല്ലുവിൻ. കർത്താവിൽ വളരെ അദ്ധ്വാനിച്ചവളായ പ്രിയ പെർസിസിന്നു വന്ദനം ചൊല്ലുവിൻ.
13 കർത്താവിൽ പ്രസിദ്ധനായ രൂഫൊസിനെയും എനിക്കും അമ്മയായ അവന്റെ അമ്മയെയും വന്ദനം ചെയ്‌വിൻ.
14 അസുംക്രിതൊസിന്നും പ്ലെഗോന്നും ഹെർമ്മോസിന്നും പത്രൊബാസിന്നും ഹെർമ്മാസിന്നും കൂടെയുള്ള സഹോദരന്മാർക്കും വന്ദനം ചൊല്ലുവിൻ.
15 ഫിലൊലൊഗൊസിന്നും യൂലിയെക്കും നെരെയുസിന്നും അവന്റെ സഹോദരിക്കും ഒലുമ്പാസിന്നും അവരോടുകൂടെയുള്ള സകല വിശുദ്ധന്മാർക്കും വന്ദനം ചൊല്ലുവിൻ.
16 വിശുദ്ധചുംബനംകൊണ്ടു അന്യോന്യം വന്ദനം ചെയ്‌വിൻ. ക്രിസ്തുവിന്റെ സകലസഭകളും നിങ്ങളെ വന്ദനം ചെയ്യുന്നു.
17 സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോടു അകന്നു മാറുവിൻ.
18 അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെ അല്ല, തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു.
19 നിങ്ങളുടെ അനുസരണം പരക്കെ എല്ലാവർക്കും പ്രസിദ്ധമായിരിക്കുന്നു; അതുകൊണ്ടു ഞാൻ നിങ്ങൾ നിമിത്തം സന്തോഷിക്കുന്നു; എങ്കിലും നിങ്ങൾ നന്മെക്കു ജ്ഞാനികളും തിന്മെക്കു അജ്ഞന്മാരും ആകേണം എന്നു ഞാൻ ഇച്ഛിക്കുന്നു.
20 സമാധാനത്തിന്റെ ദൈവമോ വേഗത്തിൽ സാത്താനെ നിങ്ങളുടെ കാൽക്കീഴെ ചതെച്ചുകളയും. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.
21 എന്റെ കൂട്ടുവേലക്കാരനായ തിമൊഥെയൊസും എന്റെ ചാർച്ചക്കാരായ ലൂക്യൊസും യാസോനും സോസിപത്രൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.
22 ഈ ലേഖനം എഴുതിയ തെർതൊസ് എന്ന ഞാൻ നിങ്ങളെ കർത്താവിൽ വന്ദനം ചെയ്യുന്നു.
23 എനിക്കും സർവ്വസഭെക്കും അതിഥിസൽക്കാരം ചെയ്യുന്ന ഗായൊസ് നിങ്ങളെ വന്ദനം ചെയ്യുന്നു. പട്ടണത്തിന്റെ ഭണ്ഡാരവിചാരകനായ എരസ്തൊസും സഹോദരനായ ക്വർത്തൊസും നിങ്ങളെ വന്ദനം ചെയ്യുന്നു.
24
25 പൂർവ്വകാലങ്ങളിൽ മറഞ്ഞിരുന്നിട്ടു ഇപ്പോൾ വെളിപ്പെട്ടുവന്നതും നിത്യദൈവത്തിന്റെ നിയോഗപ്രകാരം സകലജാതികൾക്കും വിശ്വാസത്തിന്റെ അനുസരണത്തിന്നായി പ്രവാചകന്മാരുടെ എഴുത്തുകളാൽ (aiōnios )
26 അറിയിച്ചിരിക്കുന്നതുമായ മർമ്മത്തിന്റെ വെളിപ്പാടിന്നു അനുസരണമായുള്ള എന്റെ സുവിശേഷത്തിന്നും യേശുക്രിസ്തുവിനെക്കുറിച്ചുള്ള പ്രസംഗത്തിന്നും ഒത്തവണ്ണം നിങ്ങളെ സ്ഥിരപ്പെടുത്തുവാൻ കഴിയുന്ന (aiōnios )
27 ഏകജ്ഞാനിയായ ദൈവത്തിന്നു യേശുക്രിസ്തുമുഖാന്തരം എന്നെന്നേക്കും മഹത്വം ഉണ്ടാകുമാറാകട്ടെ. ആമേൻ. (aiōn )