< സങ്കീർത്തനങ്ങൾ 94 >
1 പ്രതികാരത്തിന്റെ ദൈവമായ യഹോവേ, പ്രതികാരത്തിന്റെ ദൈവമേ, പ്രകാശിക്കേണമേ.
യഹോവേ, പ്രതികാരത്തിന്റെ ദൈവമേ, പ്രതികാരത്തിന്റെ ദൈവമേ, പ്രകാശം പരത്തണമേ.
2 ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേല്ക്കേണമേ; ഡംഭികൾക്കു നീ പ്രതികാരം ചെയ്യേണമേ.
ഭൂമിയുടെ ന്യായാധിപതിയേ, എഴുന്നേൽക്കണമേ; അഹങ്കാരികൾക്ക് അവർ അർഹിക്കുന്ന ശിക്ഷനൽകണമേ.
3 യഹോവേ, ദുഷ്ടന്മാർ എത്രത്തോളം, ദുഷ്ടന്മാർ എത്രത്തോളം ഘോഷിച്ചുല്ലസിക്കും?
ദുഷ്ടർ ഇനിയും എത്രനാൾ, യഹോവേ, ദുഷ്ടർ എത്രനാൾ തിമിർത്താഹ്ലാദിക്കും?
4 അവർ ശകാരിച്ചു ധാർഷ്ട്യം സംസാരിക്കുന്നു; നീതികേടു പ്രവർത്തിക്കുന്ന ഏവരും വമ്പു പറയുന്നു.
അഹന്തനിറഞ്ഞ വാക്കുകൾ അവർ ഉരുവിടുന്നു; അധർമികൾ എല്ലാവരും വമ്പുപറയുന്നു.
5 യഹോവേ, അവർ നിന്റെ ജനത്തെ തകർത്തുകളയുന്നു; നിന്റെ അവകാശത്തെ പീഡിപ്പിക്കുന്നു.
യഹോവേ, അവിടത്തെ ജനത്തെ അവർ ഞെരിച്ചമർത്തുന്നു; അങ്ങയുടെ അവകാശത്തെ അവർ പീഡിപ്പിക്കുന്നു.
6 അവർ വിധവയെയും പരദേശിയെയും കൊല്ലുന്നു; അനാഥന്മാരെ അവർ ഹിംസിക്കുന്നു.
വിധവകളെയും പ്രവാസികളെയും അവർ കൊന്നൊടുക്കുന്നു; അനാഥരെ അവർ വധിക്കുന്നു.
7 യഹോവ കാണുകയില്ല എന്നും യാക്കോബിന്റെ ദൈവം ഗ്രഹിക്കയില്ലെന്നും അവർ പറയുന്നു.
അവർ ഇപ്രകാരം പറയുന്നു, “യഹോവ കാണുന്നില്ല; യാക്കോബിന്റെ ദൈവം ഗൗനിക്കുന്നില്ല.”
8 ജനത്തിൽ മൃഗപ്രായരായവരേ, ചിന്തിച്ചുകൊൾവിൻ; ഭോഷന്മാരേ, നിങ്ങൾക്കു എപ്പോൾ ബുദ്ധിവരും?
ജനങ്ങൾക്കിടയിലെ വിവേകശൂന്യരായ മനുഷ്യാ, കരുതിയിരിക്കുക; ഭോഷരേ, നിങ്ങൾക്കിനി എന്നാണ് ജ്ഞാനമുദിക്കുക?
9 ചെവിയെ നട്ടവൻ കേൾക്കയില്ലയോ? കണ്ണിനെ നിർമ്മിച്ചവൻ കാണുകയില്ലയോ?
കാതുകൾ വെച്ചുപിടിപ്പിച്ചവൻ കേൾക്കാതിരിക്കുമോ? കണ്ണുകൾ രൂപപ്പെടുത്തിയവൻ കാണാതെവരുമോ?
10 ജാതികളെ ശിക്ഷിക്കുന്നവൻ ശാസിക്കയില്ലയോ? അവൻ മനുഷ്യർക്കു ജ്ഞാനം ഉപദേശിച്ചുകൊടുക്കുന്നില്ലയോ?
രാഷ്ട്രങ്ങളെ വരുതിയിൽ നിറുത്തിയവൻ ശിക്ഷിക്കാതിരിക്കുമോ? മനുഷ്യവംശത്തെ അഭ്യസിപ്പിക്കുന്നവന് പരിജ്ഞാനം കുറവെന്നുവരുമോ?
11 മനുഷ്യരുടെ വിചാരങ്ങളെ മായ എന്നു യഹോവ അറിയുന്നു.
മനുഷ്യരുടെ വിചാരങ്ങളെല്ലാം യഹോവ അറിയുന്നു; അവ വ്യർഥമെന്ന് അവിടന്ന് അറിയുന്നു.
12 യഹോവേ, ദുഷ്ടന്നു കുഴി കുഴിക്കുവോളം അനർത്ഥദിവസത്തിൽ നീ അവനെ വിശ്രമിപ്പിക്കേണ്ടതിന്നു
യഹോവേ, അവിടന്ന് ശിക്ഷിക്കുന്നവർ അനുഗൃഹീതർ, അങ്ങയുടെ ന്യായപ്രമാണത്തിൽനിന്ന് അവിടന്ന് പഠിപ്പിക്കുന്നവർതന്നെ.
13 നീ ശിക്ഷിക്കയും നിന്റെ ന്യായപ്രമാണം നീ ഉപദേശിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
അവിടന്ന് അവർക്ക് ദുരിതദിനങ്ങളിൽ സ്വസ്ഥത നൽകുന്നു, ദുഷ്ടർക്കുവേണ്ടി ഒരു കുഴി കുഴിക്കപ്പെടുന്നതുവരെ.
14 യഹോവ തന്റെ ജനത്തെ തള്ളിക്കളകയില്ല; തന്റെ അവകാശത്തെ കൈവിടുകയുമില്ല.
കാരണം യഹോവ തന്റെ ജനത്തെ തള്ളിക്കളയുകയില്ല; അവിടന്ന് തന്റെ അവകാശത്തെ ഉപേക്ഷിക്കുകയുമില്ല.
15 ന്യായവിധി നീതിയിലേക്കു തിരിഞ്ഞുവരും; പരമാർത്ഥഹൃദയമുള്ളവരൊക്കെയും അതിനോടു യോജിക്കും.
ന്യായവിധി വീണ്ടും നീതിയിൽ അധിഷ്ഠിതമായിരിക്കും ഹൃദയപരമാർഥികൾ എല്ലാവരും അത് പിൻതുടരും.
16 ദുഷ്കർമ്മികളുടെ നേരെ ആർ എനിക്കു വേണ്ടി എഴുന്നേല്ക്കും? നീതികേടു പ്രവർത്തിക്കുന്നവരോടു ആർ എനിക്കു വേണ്ടി എതിർത്തുനില്ക്കും?
ദുഷ്ടരെ നേരിടുന്നതിനായി ആരാണ് എനിക്കുവേണ്ടി എഴുന്നേൽക്കുന്നത്? ആര് എനിക്കുവേണ്ടി അധർമികളോട് എതിർത്തുനിൽക്കും?
17 യഹോവ എനിക്കു സഹായമായിരുന്നില്ലെങ്കിൽ എന്റെ പ്രാണൻ വേഗം മൗനവാസം ചെയ്യുമായിരുന്നു.
യഹോവ എനിക്ക് സഹായി ആയിരുന്നില്ലെങ്കിൽ, ഞാൻ അതിവേഗത്തിൽ മരണത്തിന്റെ നിശ്ശബ്ദതയിൽ പാർക്കുമായിരുന്നു.
18 എന്റെ കാൽ വഴുതുന്നു എന്നു ഞാൻ പറഞ്ഞപ്പോൾ യഹോവേ, നിന്റെ ദയ എന്നെ താങ്ങി.
“എന്റെ കാൽ വഴുതുന്നു,” എന്നു ഞാൻ പറഞ്ഞപ്പോൾ, യഹോവേ, അവിടത്തെ അചഞ്ചലസ്നേഹം എനിക്ക് തുണയായിരുന്നു.
19 എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തിൽ നിന്റെ ആശ്വാസങ്ങൾ എന്റെ പ്രാണനെ തണുപ്പിക്കുന്നു.
എന്റെയുള്ളിൽ ആകുലതകൾ വർധിച്ചപ്പോൾ, അവിടത്തെ സാന്ത്വനം എന്റെ പ്രാണന് ആനന്ദം നൽകി.
20 നിയമത്തിന്നു വിരോധമായി കഷ്ടത നിർമ്മിക്കുന്ന ദുഷ്ടസിംഹാസനത്തിന്നു നിന്നോടു സഖ്യത ഉണ്ടാകുമോ?
അഴിമതിനിറഞ്ഞ സിംഹാസനവുമായി അങ്ങേക്ക് സഖ്യമുണ്ടാകുമോ— ഉത്തരവുകളിലൂടെ ദുരന്തം വരുത്തുന്ന സിംഹാസനത്തോടുതന്നെ?
21 നീതിമാന്റെ പ്രാണന്നു വിരോധമായി അവർ കൂട്ടംകൂടുന്നു; കുറ്റമില്ലാത്ത രക്തത്തെ അവർ ശിക്ഷെക്കു വിധിക്കുന്നു.
അവർ നീതിനിഷ്ഠർക്കെതിരേ ഒത്തുചേർന്ന് നിരപരാധികളെ മരണത്തിന് വിധിക്കുന്നു.
22 എങ്കിലും യഹോവ എനിക്കു ഗോപുരവും എന്റെ ശരണശൈലമായ എന്റെ ദൈവവും ആകുന്നു.
എന്നാൽ യഹോവ എന്റെ ഉറപ്പുള്ള കോട്ടയായിത്തീർന്നിരിക്കുന്നു, അവിടന്ന് എന്റെ ദൈവം, ഞാൻ അഭയംതേടുന്ന പാറയും.
23 അവൻ അവരുടെ നീതികേടു അവരുടെമേൽ തന്നേ വരുത്തും; അവരുടെ ദുഷ്ടതയിൽ തന്നേ അവരെ സംഹരിക്കും; നമ്മുടെ ദൈവമായ യഹോവ അവരെ സംഹരിച്ചുകളയും.
അവിടന്ന് അവരുടെ പാപങ്ങൾക്കു തക്ക പ്രതികാരംചെയ്യും അവരുടെ ദുഷ്‌പ്രവൃത്തികൾമൂലം അവരെ നശിപ്പിക്കും; നമ്മുടെ ദൈവമായ യഹോവ അവരെ തകർത്തുകളയും.