< സങ്കീർത്തനങ്ങൾ 62 >

1 സംഗീതപ്രമാണിക്കു; യെദൂഥൂന്യരാഗത്തിൽ; ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു; എന്റെ രക്ഷ അവങ്കൽനിന്നു വരുന്നു.
സംഗീതപ്രമാണിക്ക്; യെദൂഥൂന്യരാഗത്തിൽ, ദാവീദിന്റെ ഒരു സങ്കീർത്തനം. എന്റെ ഉള്ളം ദൈവത്തെ നോക്കി മൗനമായിരിക്കുന്നു; എന്റെ രക്ഷ ദൈവത്തിൽനിന്ന് വരുന്നു.
2 അവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവൻ തന്നേ; ഞാൻ ഏറെ കുലുങ്ങുകയില്ല.
കർത്താവ് തന്നെ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവിടുന്ന് തന്നെ; ഞാൻ ഏറെ കുലുങ്ങുകയില്ല.
3 നിങ്ങൾ എല്ലാവരും ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ ഒരു മനുഷ്യനെ കൊല്ലേണ്ടതിന്നു എത്രത്തോളം അവനെ ആക്രമിക്കും?
അവന്‍ ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ ഒരു മനുഷ്യനെ കൊല്ലുവാൻ എത്രത്തോളം അവനെ ആക്രമിക്കും?
4 അവന്റെ പദവിയിൽനിന്നു അവനെ തള്ളിയിടുവാനത്രേ അവർ നിരൂപിക്കുന്നതു; അവർ ഭോഷ്കിൽ ഇഷ്ടപ്പെടുന്നു; വായ്കൊണ്ടു അവർ അനുഗ്രഹിക്കുന്നു; എങ്കിലും ഉള്ളംകൊണ്ടു അവർ ശപിക്കുന്നു. (സേലാ)
അവന്റെ ഉന്നത പദവിയിൽനിന്ന് അവനെ തള്ളിയിടുവാനത്രേ അവർ നിരൂപിക്കുന്നത്; അവർ ഭോഷ്കിൽ ഇഷ്ടപ്പെടുന്നു; വായ്കൊണ്ടു അവർ അനുഗ്രഹിക്കുന്നു; എങ്കിലും ഉള്ളംകൊണ്ട് അവർ ശപിക്കുന്നു. (സേലാ)
5 എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്ക; എന്റെ പ്രത്യാശ അവങ്കൽനിന്നു വരുന്നു.
എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൗനമായിരിക്കുക; എന്റെ പ്രത്യാശ കർത്താവിൽനിന്ന് വരുന്നു.
6 അവൻ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവൻ തന്നേ; ഞാൻ കുലുങ്ങുകയില്ല.
എന്റെ പാറയും എന്റെ രക്ഷയും ദൈവം തന്നെ ആകുന്നു; എന്റെ ഗോപുരം കർത്താവ് തന്നെ; ഞാൻ കുലുങ്ങുകയില്ല.
7 എന്റെ രക്ഷയും എന്റെ മഹിമയും ദൈവത്തിന്റെ പക്കൽ ആകുന്നു; എന്റെ ഉറപ്പുള്ള പാറയും എന്റെ സങ്കേതവും ദൈവത്തിങ്കലാകുന്നു.
ദൈവം എന്റെ രക്ഷയും, മഹത്വവും, എന്റെ ബലത്തിന്റെ പാറയും ആകുന്നു; എന്റെ രക്ഷാസങ്കേതവും കർത്താവ് തന്നെ.
8 ജനമേ, എല്ലാകാലത്തും അവനിൽ ആശ്രയിപ്പിൻ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പിൽ പകരുവിൻ; ദൈവം നമുക്കു സങ്കേതമാകുന്നു. (സേലാ)
ജനമേ, എല്ലാകാലത്തും ദൈവത്തിൽ ആശ്രയിക്കുവിൻ; നിങ്ങളുടെ ഹൃദയം അവിടുത്തെ തിരുമുമ്പിൽ പകരുവിൻ; ദൈവം നമുക്ക് സങ്കേതമാകുന്നു. (സേലാ)
9 സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ; തുലാസിന്റെ തട്ടിൽ അവർ പൊങ്ങിപ്പോകും; അവർ ആകപ്പാടെ ഒരു ശ്വാസത്തേക്കാൾ ലഘുവാകുന്നു.
സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷ്കുമത്രേ; തുലാസിന്റെ തട്ടിൽ അവർ പൊങ്ങിപ്പോകും; അവർ ഒരു ശ്വാസത്തേക്കാൾ ലഘുവാകുന്നു.
10 പീഡനത്തിൽ ആശ്രയിക്കരുതു; കവർച്ചയിൽ മയങ്ങിപ്പോകരുതു; സമ്പത്തു വർദ്ധിച്ചാൽ അതിൽ മനസ്സു വെക്കരുതു;
൧൦പീഡനത്തിൽ ആശ്രയിക്കരുത്; കവർച്ചയിൽ മയങ്ങിപ്പോകരുത്; സമ്പത്ത് വർദ്ധിച്ചാൽ അതിൽ മനസ്സ് വെക്കരുത്;
11 ബലം ദൈവത്തിന്നുള്ളതെന്നു ദൈവം ഒരിക്കൽ അരുളിച്ചെയ്തു, ഞാൻ രണ്ടുപ്രാവശ്യം കേട്ടുമിരിക്കുന്നു.
൧൧“ശക്തി ദൈവത്തിനുള്ളത്” എന്ന് ദൈവം ഒരിക്കൽ അരുളിച്ചെയ്തു, ഞാൻ രണ്ടുപ്രാവശ്യം കേട്ടുമിരിക്കുന്നു.
12 കർത്താവേ, ദയയും നിനക്കുള്ളതാകുന്നു; നീ ഓരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കുന്നു.
൧൨കർത്താവേ, ദയയും അങ്ങേക്കുള്ളതാകുന്നു; അവിടുന്ന് ഓരോരുത്തന് അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നല്കുന്നു.

< സങ്കീർത്തനങ്ങൾ 62 >