< സങ്കീർത്തനങ്ങൾ 40 >
1 സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീർത്തനം. ഞാൻ യഹോവെക്കായി കാത്തുകാത്തിരുന്നു; അവൻ എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു.
സംഗീതസംവിധായകന്. ദാവീദിന്റെ ഒരു സങ്കീർത്തനം. ഞാൻ യഹോവയ്ക്കായി ക്ഷമയോടെ കാത്തിരുന്നു; അവിടന്ന് എങ്കലേക്കു ചാഞ്ഞ് എന്റെ നിലവിളി കേട്ടു.
2 നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും അവൻ എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേൽ നിർത്തി, എന്റെ ഗമനത്തെ സ്ഥിരമാക്കി.
വഴുവഴുപ്പുള്ള കുഴിയിൽനിന്നും ചേറ്റിൽനിന്നും ചെളിയിൽനിന്നും അവിടന്ന് എന്നെ ഉദ്ധരിച്ചു; അവിടന്ന് എന്റെ പാദങ്ങൾ ഒരു പാറമേൽ ഉറപ്പിച്ചു എനിക്കു നിൽക്കാൻ ഉറപ്പുള്ള ഒരിടംനൽകി.
3 അവൻ എന്റെ വായിൽ പുതിയോരു പാട്ടുതന്നു, നമ്മുടെ ദൈവത്തിന്നു സ്തുതി തന്നേ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയിൽ ആശ്രയിക്കും.
എന്റെ അധരങ്ങൾക്ക് അവിടന്നൊരു പുതുഗീതമേകി, നമ്മുടെ ദൈവത്തിന് ഒരു സ്തോത്രഗാനംതന്നെ. പലരും അതുകണ്ട് യഹോവയെ ഭയപ്പെടുകയും അങ്ങയിൽ ആശ്രയംവെക്കുകയും ചെയ്യും.
4 യഹോവയെ തന്റെ ആശ്രയമാക്കിക്കൊള്ളുകയും നിഗളികളെയും വ്യാജത്തിലേക്കു തിരിയുന്നവരെയും ആദരിക്കാതിരിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
അഹന്തനിറഞ്ഞവരിൽ ആശ്രയിക്കാതെയും വ്യാജദൈവങ്ങളിലേക്കു തിരിയാതെയും യഹോവയിൽ ആശ്രയിക്കുന്ന മനുഷ്യർ അനുഗൃഹീതർ.
5 എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങൾക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശൻ ആരുമില്ല; ഞാൻ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാൽ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.
എന്റെ ദൈവമായ യഹോവേ, അവിടന്നു ഞങ്ങൾക്കുവേണ്ടി ചെയ്ത അത്ഭുതങ്ങളും അവിടന്നു ഞങ്ങൾക്കായി ആസൂത്രണംചെയ്ത പദ്ധതികളും അനവധിയാകുന്നു. അവിടത്തോട് സദൃശനായി ആരുമില്ല; അവിടത്തെ പ്രവൃത്തികളെക്കുറിച്ച് ഉദ്ഘോഷിക്കുന്നതിനും വിവരിക്കുന്നതിനും തുനിഞ്ഞാൽ അവ വർണനാതീതമായിരിക്കും.
6 ഹനനയാഗവും ഭോജനയാഗവും നീ ഇച്ഛിച്ചില്ല; നീ ചെവികളെ എനിക്കു തുളെച്ചിരിക്കുന്നു. ഹോമയാഗവും പാപയാഗവും നീ ചോദിച്ചില്ല.
യാഗവും തിരുമുൽക്കാഴ്ചയും അങ്ങ് ആഗ്രഹിച്ചില്ല— എന്നാൽ എന്റെ കാതുകളെ അങ്ങു തുറന്നിരിക്കുന്നു— സർവാംഗദഹനയാഗങ്ങളും പാപശുദ്ധീകരണയാഗങ്ങളും അവിടന്ന് ആവശ്യപ്പെട്ടതുമില്ല.
7 അപ്പോൾ ഞാൻ പറഞ്ഞു; ഇതാ, ഞാൻ വരുന്നു; പുസ്തകച്ചുരുളിൽ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു;
അപ്പോൾ ഞാൻ പറഞ്ഞു, “ഇതാ ഞാൻ വന്നിരിക്കുന്നു— തിരുവെഴുത്തിൽ എന്നെക്കുറിച്ച് രേഖപ്പെടുത്തിയിരിക്കുന്നു.
8 എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്‌വാൻ ഞാൻ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളിൽ ഇരിക്കുന്നു.
എന്റെ ദൈവമേ, അങ്ങയുടെ ഇഷ്ടം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു; അങ്ങയുടെ ന്യായപ്രമാണം എന്റെ ഹൃദയത്തിലുണ്ട്.”
9 ഞാൻ മഹാസഭയിൽ നീതിയെ പ്രസംഗിച്ചു; അധരങ്ങളെ ഞാൻ അടക്കീട്ടില്ല; യഹോവേ, നീ അറിയുന്നു.
മഹാസഭയിൽ ഞാൻ അവിടത്തെ നീതി ഘോഷിക്കുന്നു; യഹോവേ, എന്റെ അധരങ്ങൾ ഞാൻ അടച്ചുവെക്കുകയില്ല, എന്ന് അങ്ങേക്ക് അറിയാമല്ലോ.
10 ഞാൻ നിന്റെ നീതിയെ എന്റെ ഹൃദയത്തിൽ മറച്ചുവെച്ചില്ല; നിന്റെ വിശ്വസ്തതയും രക്ഷയും ഞാൻ പ്രസ്താവിച്ചു; നിന്റെ ദയയും സത്യവും ഞാൻ മഹാസഭെക്കു മറെച്ചതുമില്ല.
അവിടത്തെ നീതി ഞാൻ എന്റെ ഹൃദയത്തിൽ മറച്ചുവെക്കുന്നില്ല; അങ്ങയുടെ വിശ്വസ്തതയും രക്ഷയും ഞാൻ ഘോഷിക്കുന്നു. അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും ഞാൻ മഹാസഭയിൽനിന്നു മറച്ചുവെക്കുന്നില്ല.
11 യഹോവേ, നിന്റെ കരുണ നീ എനിക്കു അടെച്ചുകളയില്ല; നിന്റെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും.
യഹോവേ, അവിടത്തെ കരുണ എന്നിൽനിന്നു പിൻവലിക്കരുതേ; അവിടത്തെ അചഞ്ചലസ്നേഹവും വിശ്വസ്തതയും എപ്പോഴും എനിക്കു സംരക്ഷണം നൽകട്ടെ.
12 സംഖ്യയില്ലാത്ത അനർത്ഥങ്ങൾ എന്നെ ചുറ്റിയിരിക്കുന്നു; മേല്പെട്ടു നോക്കുവാൻ കഴിയാതവണ്ണം എന്റെ അകൃത്യങ്ങൾ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു; അവ എന്റെ തലയിലെ രോമങ്ങളിലും അധികം; ഞാൻ ധൈര്യഹീനനായിത്തീർന്നിരിക്കുന്നു.
അസംഖ്യമായ അനർഥങ്ങൾ എന്നെ വലയംചെയ്തിരിക്കുന്നു; പുറത്തേക്കുള്ള വഴി കാണാൻ കഴിയാത്തവിധം എന്റെ പാപങ്ങൾ എന്നെ വലയംചെയ്തു കീഴടക്കിയിരിക്കുന്നു. അവ എന്റെ തലയിലെ മുടിയിഴകളെക്കാൾ അധികം, എന്റെ മനോവീര്യം ചോർന്നുപോകുന്നു.
13 യഹോവേ, എന്നെ വിടുവിപ്പാൻ ഇഷ്ടം തോന്നേണമേ; യഹോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ.
യഹോവേ, എന്നെ രക്ഷിക്കാൻ പ്രസാദമുണ്ടാകണമേ, യഹോവേ, എന്നെ സഹായിക്കാൻ വേഗം വരണമേ.
14 എനിക്കു ജീവഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞു അപമാനം ഏല്ക്കട്ടെ.
എന്റെ ജീവൻ അപഹരിക്കാൻ ആഗ്രഹിക്കുന്നവരെല്ലാം ലജ്ജിതരും പരിഭ്രാന്തരും ആയിത്തീരട്ടെ; എന്റെ നാശം ആഗ്രഹിക്കുന്നവരെല്ലാം അപമാനിതരായി പിന്തിരിഞ്ഞുപോകട്ടെ.
15 നന്നായി, നന്നായി എന്നു എന്നോടു പറയുന്നവർ തങ്ങളുടെ നാണംനിമിത്തം സ്തംഭിച്ചുപോകട്ടെ.
എന്നോട്, “ആഹാ! ആഹാ!” എന്നു പറയുന്നവർ ലജ്ജകൊണ്ട് പരിഭ്രാന്തരാകട്ടെ.
16 നിന്നെ അന്വേഷിക്കുന്ന എല്ലാവരും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവർ യഹോവ മഹത്വമുള്ളവൻ എന്നു എപ്പോഴും പറയട്ടെ.
എന്നാൽ അങ്ങയെ അന്വേഷിക്കുന്ന എല്ലാവരും അങ്ങയിൽ ആനന്ദിച്ച് ആഹ്ലാദിക്കട്ടെ; അവിടത്തെ രക്ഷ ആഗ്രഹിക്കുന്നവർ, “യഹോവ ഉന്നതൻ” എന്ന് എപ്പോഴും പറയട്ടെ.
17 ഞാനോ എളിയവനും ദരിദ്രനും ആകുന്നു; എങ്കിലും കർത്താവു എന്നെ വിചാരിക്കുന്നു; നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; എന്റെ ദൈവമേ, താമസിക്കരുതേ.
ഞാൻ ദരിദ്രനും ഞെരുക്കമനുഭവിക്കുന്നവനും എങ്കിലും; കർത്താവ് എന്നെ ഓർക്കുന്നു. അവിടന്ന് എന്റെ സഹായകനും എന്റെ വിമോചകനും ആകുന്നു; അവിടന്ന് ആകുന്നു എന്റെ ദൈവം, താമസിക്കരുതേ.