< സങ്കീർത്തനങ്ങൾ 37 >
1 ദാവീദിന്റെ ഒരു സങ്കീർത്തനം. ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുതു; നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയുമരുതു.
ദാവീദിന്റെ ഒരു സങ്കീർത്തനം. അധർമം പ്രവർത്തിക്കുന്നവർനിമിത്തം അസ്വസ്ഥരാകുകയോ ദുഷ്ടരോട് അസൂയാലുക്കളാകുകയോ അരുത്.
2 അവർ പുല്ലുപോലെ വേഗത്തിൽ ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നു.
പുല്ലുപോലെ അവർ വേഗത്തിൽ വാടിപ്പോകും പച്ചച്ചെടിപോലെ അവർ വേഗത്തിൽ ഇല്ലാതെയാകും.
3 യഹോവയിൽ ആശ്രയിച്ചു നന്മചെയ്ക; ദേശത്തു പാർത്തു വിശ്വസ്തത ആചരിക്ക. യഹോവയിൽ തന്നേ രസിച്ചുകൊൾക;
യഹോവയിൽ ആശ്രയിച്ചുകൊണ്ട് നന്മ പ്രവർത്തിക്കുക; എന്നാൽ, സുരക്ഷിതമായ മേച്ചിൽപ്പുറം ആസ്വദിച്ചുകൊണ്ട് ദേശത്തു ജീവിക്കാം.
4 അവൻ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.
യഹോവയിൽ ആനന്ദിക്കുക, അപ്പോൾ അവിടന്നു നിന്റെ ഹൃദയാഭിലാഷങ്ങൾ നിറവേറ്റും.
5 നിന്റെ വഴി യഹോവയെ ഭരമേല്പിക്ക; അവനിൽ തന്നേ ആശ്രയിക്ക; അവൻ അതു നിർവ്വഹിക്കും.
നിന്റെ വഴി യഹോവയെ ഭരമേൽപ്പിക്കുക; യഹോവയിൽത്തന്നെ ആശ്രയിക്കുക, അവിടന്നു നിന്നെ സഹായിക്കും:
6 അവൻ നിന്റെ നീതിയെ പ്രഭാതം പോലെയും നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും.
അവിടന്ന് നിന്റെ നീതിയെ ഉഷസ്സുപോലെ പ്രകാശപൂർണമാക്കും, നിന്റെ കുറ്റവിമുക്തി മധ്യാഹ്നസൂര്യനെപ്പോലെയും.
7 യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക; കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുതു.
യഹോവയുടെ സന്നിധിയിൽ മൗനമായിരിക്കുക അവിടത്തേക്കായി ക്ഷമാപൂർവം കാത്തിരിക്കുക; അധർമം പ്രവർത്തിക്കുന്നവർ തങ്ങളുടെ വഴികളിൽ മുന്നേറുമ്പോൾ അസ്വസ്ഥരാകേണ്ടതില്ല, അവർ തങ്ങളുടെ കുതന്ത്രങ്ങൾ പ്രാവർത്തികമാക്കുമ്പോഴും.
8 കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞുപോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു.
കോപത്തിൽനിന്ന് അകന്നിരിക്കുക ക്രോധത്തിൽനിന്ന് പിന്തിരിയുക; ഉത്കണ്ഠപ്പെടരുത്—അത് അധർമത്തിലേക്കുമാത്രമേ നയിക്കുകയുള്ളൂ.
9 ദുഷ്പ്രവൃത്തിക്കാർ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.
കാരണം ദുഷ്ടർ ഉന്മൂലനംചെയ്യപ്പെടും, എന്നാൽ യഹോവയിൽ പ്രത്യാശയർപ്പിച്ചിരിക്കുന്നവർ ദേശം അവകാശമാക്കും.
10 കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല.
ഒരൽപ്പകാലംകൂടി, ദുഷ്ടർ ഇല്ലാതെയാകും; നീ അവരെ അന്വേഷിച്ചാലും അവരെ കണ്ടെത്തുകയില്ല.
11 എന്നാൽ സൗമ്യതയുള്ളവർ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയിൽ അവർ ആനന്ദിക്കും.
എന്നാൽ സൗമ്യതയുള്ളവർ ഭൂമി അവകാശമാക്കുകയും സമാധാനം, അഭിവൃദ്ധി എന്നിവ ആസ്വദിക്കുകയും ചെയ്യും.
12 ദുഷ്ടൻ നീതിമാന്നു ദോഷം നിരൂപിക്കുന്നു; അവന്റെ നേരെ അവൻ പല്ലു കടിക്കുന്നു.
ദുഷ്ടർ നീതിനിഷ്ഠർക്കെതിരേ ഗൂഢാലോചന നടത്തുന്നു അവരുടെനേരേ പല്ലുഞെരിക്കുകയുംചെയ്യുന്നു;
13 കർത്താവു അവനെ നോക്കി ചിരിക്കും; അവന്റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു.
എന്നാൽ കർത്താവ് ദുഷ്ടരെ നോക്കി ചിരിക്കുന്നു, അവരുടെ ദിവസം അടുത്തിരിക്കുന്നെന്ന് അവിടത്തേക്കറിയാം.
14 എളിയവനെയും ദരിദ്രനെയും വീഴിപ്പാനും സന്മാർഗ്ഗികളെ കൊല്ലുവാനും ദുഷ്ടന്മാർ വാളൂരി വില്ലു കുലെച്ചിരിക്കുന്നു.
ദുഷ്ടർ വാളെടുക്കുകയും വില്ലുകുലയ്ക്കുകയും ചെയ്യുന്നു, ദരിദ്രരെയും അശരണരെയും നശിപ്പിക്കുന്നതിനും പരമാർഥതയോടെ ജീവിക്കുന്നവരെ വധിക്കുന്നതിനുംതന്നെ.
15 അവരുടെ വാൾ അവരുടെ ഹൃദയത്തിൽ തന്നേ കടക്കും; അവരുടെ വില്ലുകൾ ഒടിഞ്ഞുപോകും.
എന്നാൽ അവരുടെ വാൾ അവരുടെ ഹൃദയത്തെത്തന്നെ കുത്തിത്തുളയ്ക്കും, അവരുടെ വില്ലുകൾ തകർന്നുപോകും.
16 അനേകദുഷ്ടന്മാർക്കുള്ള സമൃദ്ധിയെക്കാൾ നീതിമാന്നുള്ള അല്പം ഏറ്റവും നല്ലതു.
ഒട്ടനവധി ദുഷ്ടരുടെ സമൃദ്ധിയെക്കാൾ നീതിനിഷ്ഠരുടെ പക്കലുള്ള അൽപ്പം ഏറെ നല്ലത്;
17 ദുഷ്ടന്മാരുടെ ഭുജങ്ങൾ ഒടിഞ്ഞുപോകും; എന്നാൽ നീതിമാന്മാരെ യഹോവ താങ്ങും.
കാരണം ദുഷ്ടരുടെ ശക്തി തകർക്കപ്പെടും, എന്നാൽ യഹോവ നീതിനിഷ്ഠരെ ഉദ്ധരിക്കും.
18 യഹോവ നിഷ്കളങ്കന്മാരുടെ നാളുകളെ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും.
നിഷ്കളങ്കരുടെ ദിനങ്ങൾ യഹോവ അറിയുന്നു, അവരുടെ ഓഹരി ശാശ്വതമായി നിലനിൽക്കും.
19 ദുഷ്കാലത്തു അവർ ലജ്ജിച്ചു പോകയില്ല; ക്ഷാമകാലത്തു അവർ തൃപ്തരായിരിക്കും.
കഷ്ടകാലത്ത് അവർ വാടിപ്പോകുകയില്ല; ക്ഷാമകാലത്ത് അവർ സമൃദ്ധി അനുഭവിക്കും.
20 എന്നാൽ ദുഷ്ടന്മാർ നശിച്ചുപോകും; യഹോവയുടെ ശത്രുക്കൾ പുല്പുറത്തിന്റെ ഭംഗിപോലേയുള്ളു; അവർ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും.
എന്നാൽ ദുഷ്ടർ നശിച്ചുപോകും: യഹോവയുടെ ശത്രുക്കൾ വയലിലെ പൂക്കൾപോലെയാകുന്നു, അവർ മാഞ്ഞുപോകും, പുകയായി അവർ ഉയർന്നുപോകും.
21 ദുഷ്ടൻ വായ്പ വാങ്ങുന്നു, തിരികെ കൊടുക്കുന്നില്ല; നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു.
ദുഷ്ടർ വായ്പവാങ്ങുന്നു, ഒരിക്കലും തിരികെ നൽകുന്നില്ല, എന്നാൽ നീതിനിഷ്ഠർ ഉദാരപൂർവം ദാനംചെയ്യുന്നു;
22 അവനാൽ അനുഗ്രഹിക്കപ്പെട്ടവർ ഭൂമിയെ കൈവശമാക്കും. അവനാൽ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും.
യഹോവയാൽ അനുഗൃഹീതർ ദേശം അവകാശമാക്കും, എന്നാൽ അവിടന്ന് ശപിക്കുന്നവർ ഛേദിക്കപ്പെടും.
23 ഒരു മനുഷ്യന്റെ വഴിയിൽ പ്രസാദം തോന്നിയാൽ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു.
യഹോവയിൽ ആനന്ദിക്കുന്നവരുടെ ചുവടുകൾ അവിടന്ന് സുസ്ഥിരമാക്കുന്നു;
24 അവൻ വീണാലും നിലംപരിചാകയില്ല; യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു.
അവരുടെ കാൽ വഴുതിയാലും അവർ വീണുപോകുകയില്ല, കാരണം യഹോവ അവരെ തന്റെ കൈകൊണ്ടു താങ്ങിനിർത്തുന്നു.
25 ഞാൻ ബാലനായിരുന്നു, വൃദ്ധനായിത്തീർന്നു; നീതിമാൻ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാൻ കണ്ടിട്ടില്ല.
ഞാൻ യുവാവായിരുന്നു, ഇപ്പോൾ വൃദ്ധനായിരിക്കുന്നു; എന്നിട്ടും നാളിതുവരെ നീതിനിഷ്ഠർ പരിത്യജിക്കപ്പെടുന്നതോ അവരുടെ മക്കൾ ആഹാരം ഇരക്കുന്നതോ ഞാൻ കണ്ടിട്ടില്ല.
26 അവൻ നിത്യം കൃപാലുവായി വായ്പ കൊടുക്കുന്നു; അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു.
അവർ എപ്പോഴും ഉദാരമനസ്കരും വായ്പനൽകുന്നവരുമാണ്, അവരുടെ മക്കൾ അനുഗൃഹീതരായിത്തീരും.
27 ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക; എന്നാൽ നീ സദാകാലം സുഖമായി വസിക്കും.
തിന്മയിൽനിന്നു പിന്തിരിഞ്ഞ് സൽപ്രവൃത്തികൾ ചെയ്യുക, അപ്പോൾ നീ ദേശത്ത് ചിരകാലം വസിക്കും.
28 യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവർ എന്നേക്കും പരിപാലിക്കപ്പെടുന്നു; ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും.
കാരണം യഹോവ നീതിയെ സ്നേഹിക്കുന്നു അവിടന്ന് തന്റെ വിശ്വസ്തരെ ഉപേക്ഷിക്കുകയില്ല. അവർ എന്നെന്നേക്കും സംരക്ഷിക്കപ്പെടും; എന്നാൽ ദുഷ്ടരുടെ മക്കൾ നശിച്ചുപോകും.
29 നീതിമാന്മാർ ഭൂമിയെ അവകാശമാക്കി എന്നേക്കും അതിൽ വസിക്കും;
നീതിനിഷ്ഠർ ഭൂമി അവകാശമാക്കുകയും ചിരകാലം അവിടെ താമസിക്കുകയും ചെയ്യും.
30 നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവന്റെ നാവു ന്യായം സംസാരിക്കുന്നു.
നീതിനിഷ്ഠരുടെ അധരങ്ങളിൽനിന്നു ജ്ഞാനം പൊഴിയുന്നു, അവരുടെ നാവിൽനിന്നു നീതി പുറപ്പെടുന്നു.
31 തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തിൽ ഉണ്ടു; അവന്റെ കാലടികൾ വഴുതുകയില്ല.
അവരുടെ ദൈവത്തിന്റെ ന്യായപ്രമാണം അവരുടെ ഹൃദയങ്ങളിലുണ്ട്; അവരുടെ കാലടികൾ വഴുതിപ്പോകുകയില്ല.
32 ദുഷ്ടൻ നീതിമാന്നായി പതിയിരുന്നു, അവനെ കൊല്ലുവാൻ നോക്കുന്നു.
നീതിനിഷ്ഠരുടെ ജീവൻ അപഹരിക്കാൻ ആഗ്രഹിച്ചുകൊണ്ട്, ദുഷ്ടർ അവർക്കായി പതിയിരിക്കുന്നു.
33 യഹോവ അവനെ അവന്റെ കയ്യിൽ വിട്ടുകൊടുക്കയില്ല; ന്യായവിസ്താരത്തിൽ അവനെ കുറ്റം വിധിക്കയുമില്ല.
എന്നാൽ യഹോവ അവരെ അവരുടെ ഇഷ്ടത്തിന് ഏൽപ്പിച്ചുകൊടുക്കുകയോ ന്യായവിസ്താരത്തിൽ ശിക്ഷിക്കപ്പെടാൻ അനുവദിക്കുകയോ ചെയ്യുകയില്ല.
34 യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചുനടക്ക; എന്നാൽ ഭൂമിയെ അവകാശമാക്കുവാൻ അവൻ നിന്നെ ഉയർത്തും; ദുഷ്ടന്മാർ ഛേദിക്കപ്പെടുന്നതു നീ കാണും.
യഹോവയിൽ പ്രത്യാശയർപ്പിക്കുക അവിടത്തെ മാർഗം പിൻതുടരുക. അവിടന്നു നിങ്ങളെ ഭൂമിയുടെ അവകാശിയായി ഉയർത്തും; ദുഷ്ടർ ഛേദിക്കപ്പെടുന്നത് നിങ്ങൾ കാണുകയും ചെയ്യും.
35 ദുഷ്ടൻ പ്രബലനായിരിക്കുന്നതും; സ്വദേശികമായ പച്ചവൃക്ഷംപോലെ തഴെക്കുന്നതും ഞാൻ കണ്ടിട്ടുണ്ടു.
സ്വദേശത്തെ വൃക്ഷംപോലെ ദുഷ്ടരും അനുകമ്പയില്ലാത്തവരും തഴച്ചുവളരുന്നതു ഞാൻ കണ്ടിട്ടുണ്ട്,
36 ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല; ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല.
എന്നാൽ അവർ വളരെപ്പെട്ടെന്ന് മാറ്റപ്പെടുന്നു, അതിന്റെ സ്ഥാനത്ത് ഒന്നും ശേഷിക്കുകയില്ല; ഞാൻ അവരെ അന്വേഷിച്ചു, കണ്ടെത്താൻ കഴിഞ്ഞതുമില്ല.
37 നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊൾക; സമാധാനപുരുഷന്നു സന്തതി ഉണ്ടാകും.
സത്യസന്ധരെ നിരീക്ഷിക്കുക, പരമാർഥതയുള്ളവരെ ശ്രദ്ധിക്കുക; സമാധാനം അന്വേഷിക്കുന്നവർക്ക് സന്തതിപരമ്പരകൾ ഉണ്ടാകും.
38 എന്നാൽ അതിക്രമക്കാർ ഒരുപോലെ മുടിഞ്ഞുപോകും; ദുഷ്ടന്മാരുടെ സന്താനം ഛേദിക്കപ്പെടും.
എന്നാൽ പാപികൾ എല്ലാവരും നശിപ്പിക്കപ്പെടും; ദുഷ്ടർ സന്തതിയില്ലാതെ സമൂലം ഛേദിക്കപ്പെടും.
39 നീതിമാന്മാരുടെ രക്ഷ യഹോവയിങ്കൽനിന്നു വരുന്നു; കഷ്ടകാലത്തു അവൻ അവരുടെ ദുർഗ്ഗം ആകുന്നു.
നീതിനിഷ്ഠരുടെ രക്ഷ യഹോവയിൽനിന്നു വരുന്നു; ദുർഘടസമയത്ത് അവിടന്ന് അവർക്ക് ഉറപ്പുള്ളകോട്ട.
40 യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു; അവർ അവനിൽ ആശ്രയിക്കകൊണ്ടു അവൻ അവരെ ദുഷ്ടന്മാരുടെ കയ്യിൽനിന്നു വിടുവിച്ചു രക്ഷിക്കുന്നു.
യഹോവ അവരെ സഹായിക്കുകയും വിടുവിക്കുകയും ചെയ്യുന്നു; അവർ യഹോവയിൽ അഭയംതേടുന്നതിനാൽ അവിടന്ന് അവരെ ദുഷ്ടരിൽനിന്നു വിടുവിക്കുകയും രക്ഷിക്കുകയും ചെയ്യുന്നു.