< സങ്കീർത്തനങ്ങൾ 150 >

1 യഹോവയെ സ്തുതിപ്പിൻ; ദൈവത്തെ അവന്റെ വിശുദ്ധമന്ദിരത്തിൽ സ്തുതിപ്പിൻ; അവന്റെ ബലമുള്ള ആകാശവിതാനത്തിൽ അവനെ സ്തുതിപ്പിൻ.
യഹോവയെ വാഴ്ത്തുക. ദൈവത്തെ അവിടത്തെ വിശുദ്ധമന്ദിരത്തിൽ സ്തുതിപ്പിൻ; പ്രതാപപൂർണമായ ആകാശവിതാനത്തിൽ അവിടത്തെ സ്തുതിപ്പിൻ.
2 അവന്റെ വീര്യപ്രവൃത്തികൾനിമിത്തം അവനെ സ്തുതിപ്പിൻ; അവന്റെ മഹിമാധിക്യത്തിന്നു തക്കവണ്ണം അവനെ സ്തുതിപ്പിൻ.
അവിടത്തെ അതിമഹത്തായ പ്രവൃത്തികൾക്കായി ദൈവത്തെ സ്തുതിപ്പിൻ; അവിടത്തെ സീമാതീതമായ മഹിമകൾക്കായി ദൈവത്തെ സ്തുതിപ്പിൻ.
3 കാഹളനാദത്തോടെ അവനെ സ്തുതിപ്പിൻ; വീണയോടും കിന്നരത്തോടും കൂടെ അവനെ സ്തുതിപ്പിൻ.
കാഹളനാദത്തോടുകൂടി ദൈവത്തെ സ്തുതിപ്പിൻ, കിന്നരവും വീണയും മീട്ടി ദൈവത്തെ സ്തുതിപ്പിൻ.
4 തപ്പിനോടും നൃത്തത്തോടും കൂടെ അവനെ സ്തുതിപ്പിൻ; തന്ത്രിനാദത്തോടും കുഴലിനോടും കൂടെ അവനെ സ്തുതിപ്പിൻ.
തപ്പുകൊട്ടിയും നൃത്തമാടിയും അവിടത്തെ സ്തുതിപ്പിൻ, തന്ത്രിനാദങ്ങളോടും കുഴൽവാദ്യങ്ങളോടുംകൂടി അവിടത്തെ സ്തുതിപ്പിൻ.
5 ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിൻ; അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിൻ.
ഇലത്താളങ്ങളോടെ അവിടത്തെ സ്തുതിപ്പിൻ, അത്യുച്ചത്തിൽ മാറ്റൊലിയുതിർക്കുന്ന ഇലത്താളങ്ങളോടെ അവിടത്തെ സ്തുതിപ്പിൻ.
6 ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിൻ.
സർവജീവജാലങ്ങളും യഹോവയെ വാഴ്ത്തട്ടെ. യഹോവയെ വാഴ്ത്തുക.

< സങ്കീർത്തനങ്ങൾ 150 >