< സദൃശവാക്യങ്ങൾ 5 >
1 മകനേ, വകതിരിവിനെ കാത്തുകൊള്ളേണ്ടതിന്നും നിന്റെ അധരങ്ങൾ പരിജ്ഞാനത്തെ പാലിക്കേണ്ടതിന്നും
എന്റെ കുഞ്ഞേ, എന്റെ ജ്ഞാനം ശ്രദ്ധിക്കുക, ഉൾക്കാഴ്ചനിറഞ്ഞ എന്റെ സൂക്തങ്ങൾക്കു ചെവിചായ്‌ക്കുക,
2 ജ്ഞാനത്തെ ശ്രദ്ധിച്ചു എന്റെ ബോധത്തിന്നു ചെവി ചായിക്ക.
അങ്ങനെ നീ വിവേചനശക്തി നിലനിർത്തുകയും നിന്റെ അധരങ്ങൾ പരിജ്ഞാനം പ്രസ്താവിക്കുകയും ചെയ്യട്ടെ.
3 പരസ്ത്രീയുടെ അധരങ്ങളിൽനിന്നു തേൻ ഇറ്റിറ്റു വീഴുന്നു; അവളുടെ അണ്ണാക്കു എണ്ണയെക്കാൾ മൃദുവാകുന്നു.
വ്യഭിചാരിണിയുടെ അധരങ്ങൾ തേൻ പൊഴിക്കുന്നു, അവളുടെ ഭാഷണം എണ്ണയെക്കാൾ മൃദുവാകുന്നു;
4 പിന്നത്തേതിലോ അവൾ കാഞ്ഞിരംപോലെ കൈപ്പും ഇരുവായ്ത്തലവാൾപോലെ മൂർച്ചയും ഉള്ളവൾ തന്നേ.
എന്നാൽ ഒടുവിൽ അവൾ കാഞ്ഞിരംപോലെ കയ്‌പുള്ളവളും ഇരുവായ്ത്തലയുള്ള വാളുപോലെ മൂർച്ചയുള്ളവളും ആയിത്തീരുന്നു.
5 അവളുടെ കാലുകൾ മരണത്തിലേക്കു ഇറങ്ങിച്ചെല്ലുന്നു; അവളുടെ കാലടികൾ പാതാളത്തിലേക്കു ഓടുന്നു. (Sheol )
അവളുടെ കാലടികൾ പാതാളത്തിലേക്ക് ഇറങ്ങിപ്പോകുന്നു; അവളുടെ ചുവടുകൾ നേരേ പാതാളത്തിലേക്കു നയിക്കുന്നു. (Sheol )
6 ജീവന്റെ മാർഗ്ഗത്തിൽ അവൾ ചെല്ലാതവണ്ണം അവളുടെ പാതകൾ അസ്ഥിരമായിരിക്കുന്നു; അവൾ അറിയുന്നതുമില്ല.
ജീവന്റെ വഴി അവൾ ചിന്തിക്കുന്നതേയില്ല; അവളുടെ പാത ലക്ഷ്യമില്ലാതെ അലയുന്നത്, അവൾ അത് അറിയുന്നതുമില്ല.
7 ആകയാൽ മക്കളേ, എന്റെ വാക്കു കേൾപ്പിൻ; എന്റെ വായിലെ മൊഴികളെ വിട്ടുമാറരുതു.
അതുകൊണ്ട് എന്റെ കുഞ്ഞുങ്ങളേ, എന്നെ ശ്രദ്ധിക്കുക; എന്റെ മൊഴികളിൽനിന്ന് ഒരിക്കലും വ്യതിചലിക്കരുത്.
8 നിന്റെ വഴിയെ അവളോടു അകറ്റുക; അവളുടെ വീട്ടിന്റെ വാതിലോടു അടുക്കരുതു.
നീ അവളിൽനിന്നും അകന്നിരിക്കുക, അവളുടെ വീട്ടുവാതിലിനോടു നീ സമീപിക്കരുത്,
9 നിന്റെ യൗവനശക്തി അന്യന്മാർക്കും നിന്റെ ആണ്ടുകൾ ക്രൂരന്നും കൊടുക്കരുതു.
നിന്റെ ഊർജസ്വലത മറ്റുള്ളവർക്കായി നഷ്ടപ്പെടുത്താതിരിക്കുക നിന്റെ കുലീനത ക്രൂരരായവർക്ക് അടിയറവുവെക്കരുത്,
10 കണ്ടവർ നിന്റെ സമ്പത്തു തിന്നുകളയരുതു; നിന്റെ പ്രയത്നഫലം വല്ലവന്റെയും വീട്ടിൽ ആയ്പോകരുതു.
അന്യർ നിന്റെ സമ്പത്തുകൊണ്ട് ആഘോഷിക്കുകയും നിന്റെ കഠിനാധ്വാനം അന്യഭവനത്തെ സമ്പന്നമാക്കുകയും ചെയ്യാതിരിക്കട്ടെ.
11 നിന്റെ മാംസവും ദേഹവും ക്ഷയിച്ചിട്ടു നീ ഒടുവിൽ നെടുവീർപ്പിട്ടുകൊണ്ടു:
നിന്റെ ജീവിതാന്ത്യത്തിൽ നീ ഞരങ്ങും, നിന്റെ മാംസവും ശരീരവും ക്ഷയിക്കുമ്പോൾത്തന്നെ.
12 അയ്യോ! ഞാൻ പ്രബോധനം വെറുക്കയും എന്റെ ഹൃദയം ശാസനയെ നിരസിക്കയും ചെയ്തുവല്ലോ.
അപ്പോൾ നീ പറയും, “ശിക്ഷണത്തെ ഞാൻ എത്രമാത്രം വെറുത്തു! എന്റെ ഹൃദയം ശാസനയെ എങ്ങനെയെല്ലാം തിരസ്കരിച്ചു!
13 എന്റെ ഉപദേഷ്ടാക്കന്മാരുടെ വാക്കു ഞാൻ അനുസരിച്ചില്ല; എന്നെ പ്രബോധിപ്പിച്ചവർക്കു ഞാൻ ചെവികൊടുത്തില്ല.
ഞാൻ എന്റെ ഗുരുക്കന്മാരെ അനുസരിച്ചില്ല എന്റെ പ്രബോധകരെ ശ്രദ്ധിച്ചതുമില്ല.
14 സഭയുടെയും സംഘത്തിന്റെയും മദ്ധ്യേ ഞാൻ ഏകദേശം സകലദോഷത്തിലും അകപ്പെട്ടുപോയല്ലോ എന്നിങ്ങനെ പറവാൻ സംഗതിവരരുതു.
ദൈവജനത്തിന്റെ സഭാമധ്യേ ഞാൻ സമ്പൂർണ നാശത്തിന്റെ വക്കിൽ എത്തിയിരിക്കുന്നു.”
15 നിന്റെ സ്വന്തജലാശയത്തിലെ തണ്ണീരും സ്വന്തകിണറ്റിൽനിന്നു ഒഴുകുന്ന വെള്ളവും കുടിക്ക.
നിന്റെ സ്വന്തം ജലസംഭരണിയിൽനിന്ന് പാനംചെയ്യുക, നിന്റെ കിണറ്റിൽനിന്നുള്ള വെള്ളംമാത്രം കുടിക്കുക.
16 നിന്റെ ഉറവുകൾ വെളിയിലേക്കും നിന്റെ നീരൊഴുക്കുകൾ വീഥിയിലേക്കും ഒഴുകിപ്പോകേണമോ?
നിന്റെ നീരുറവകൾ തെരുവോരങ്ങളിലേക്കു കവിഞ്ഞൊഴുകണമോ, നിന്റെ അരുവികൾ ചത്വരങ്ങളിലേക്ക് ഒഴുക്കണമോ?
17 അവ നിനക്കും അന്യന്മാർക്കും കൂടെയല്ല നിനക്കു മാത്രമേ ഇരിക്കാവു.
അതു നിന്റേതുമാത്രമായിരിക്കട്ടെ, ഒരിക്കലും അത് അന്യരുമായി പങ്കിടാനുള്ളതല്ല.
18 നിന്റെ ഉറവു അനുഗ്രഹിക്കപ്പെട്ടിരിക്കട്ടെ; നിന്റെ യൗവനത്തിലെ ഭാര്യയിൽ സന്തോഷിച്ചുകൊൾക.
നിന്റെ ജലധാര അനുഗൃഹീതമാകട്ടെ, നിന്റെ യൗവനത്തിലെ ധർമപത്നിയുമൊത്ത് ആനന്ദിക്കുക.
19 കൗതുകമുള്ള പേടമാനും മനോഹരമായ ഇളമാൻപേടയുംപോലെ അവളുടെ സ്തനങ്ങൾ എല്ലാകാലത്തും നിന്നെ രമിപ്പിക്കട്ടെ; അവളുടെ പ്രേമത്താൽ നീ എല്ലായ്പോഴും മത്തനായിരിക്ക.
അവൾ അനുരാഗിയായ മാൻപേട, അതേ അഴകാർന്ന മാനിനും തുല്യം— അവളുടെ മാറിടം എപ്പോഴും നിന്നെ തൃപ്തനാക്കട്ടെ, അവളുടെ പ്രേമത്താൽ നീ എപ്പോഴും ലഹരിപിടിച്ചവനായിരിക്കട്ടെ.
20 മകനേ, നീ പരസ്ത്രീയെ കണ്ടു ഭ്രമിക്കുന്നതും അന്യസ്ത്രീയുടെ മാറിടം തഴുകുന്നതും എന്തു?
എന്റെ കുഞ്ഞേ, അന്യപുരുഷന്റെ ഭാര്യയെക്കണ്ടു നീ ഉന്മത്തനായിത്തീരുന്നത് എന്തിന്? ലൈംഗികധാർമികതയില്ലാത്തവളുടെ മാറിടം പുണരുന്നതും എന്തിന്?
21 മനുഷ്യന്റെ വഴികൾ യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; അവന്റെ നടപ്പു ഒക്കെയും അവൻ തൂക്കിനോക്കുന്നു.
ഒരു മനുഷ്യന്റെ പ്രവൃത്തികളെല്ലാം യഹോവയുടെ സൂക്ഷ്മനിരീക്ഷണത്തിലാണ്, അവരുടെ വഴികളെല്ലാം അവിടന്നു പരിശോധിക്കുന്നു.
22 ദുഷ്ടന്റെ അകൃത്യങ്ങൾ അവനെ പിടിക്കും; തന്റെ പാപപാശങ്ങളാൽ അവൻ പിടിപെടും.
ദുഷ്ടരുടെ അപരാധങ്ങളെല്ലാം അവരെ കെണിയിൽപ്പെടുത്തുന്നു; അവരുടെ പാപച്ചരടുകൾതന്നെ അവരെ ബന്ധനസ്ഥരാക്കുന്നു.
23 പ്രബോധനം കേൾക്കായ്കയാൽ അവൻ മരിക്കും; മഹാഭോഷത്വത്താൽ അവൻ വഴിതെറ്റിപ്പോകും.
സ്വയനിയന്ത്രണമില്ലായ്കയാൽ അവർ മൃതിയടയുന്നു, മഹാഭോഷത്തത്താൽ അവർ വഴിപിഴച്ചുപോകുന്നു.