< സദൃശവാക്യങ്ങൾ 15 >

1 മൃദുവായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു; കഠിനവാക്കോ കോപത്തെ ജ്വലിപ്പിക്കുന്നു.
സൗമ്യമായ ഉത്തരം ക്രോധത്തെ ശമിപ്പിക്കുന്നു, പരുക്കൻവാക്ക് കോപം ജ്വലിപ്പിക്കുന്നു.
2 ജ്ഞാനിയുടെ നാവു നല്ല പരിജ്ഞാനം പ്രസ്താവിക്കുന്നു; മൂഢന്മാരുടെ വായോ ഭോഷത്വം പൊഴിക്കുന്നു.
ജ്ഞാനിയുടെ നാവു പരിജ്ഞാനം വിതറുന്നു, എന്നാൽ ഭോഷരുടെ നാവു മടയത്തരം വർഷിക്കുന്നു.
3 യഹോവയുടെ കണ്ണു എല്ലാടവും ഉണ്ടു; ആകാത്തവരെയും നല്ലവരെയും നോക്കിക്കൊണ്ടിരിക്കുന്നു.
യഹോവയുടെ ദൃഷ്ടി എല്ലായിടത്തുമുണ്ട്, ദുഷ്ടരെയും നല്ലവരെയും വീക്ഷിച്ചുകൊണ്ടിരിക്കുന്നു.
4 നാവിന്റെ ശാന്തത ജീവവൃക്ഷം; അതിന്റെ വക്രതയോ മനോവ്യസനം.
സാന്ത്വനമരുളുന്ന നാവു ജീവവൃക്ഷം, എന്നാൽ വഞ്ചനയുള്ള നാവ് ആത്മചൈതന്യം തകർക്കുന്നു.
5 ഭോഷൻ അപ്പന്റെ പ്രബോധനം നിരസിക്കുന്നു; ശാസനയെ കൂട്ടാക്കുന്നവനോ വിവേകിയായ്തീരും.
ഭോഷർ പിതാവിന്റെ ശിക്ഷണം നിരാകരിക്കുന്നു, എന്നാൽ ശാസന അംഗീകരിക്കുന്നവർ വിവേകശാലികൾ.
6 നീതിമാന്റെ വീട്ടിൽ വളരെ നിക്ഷേപം ഉണ്ടു; ദുഷ്ടന്റെ ആദായത്തിലോ അനർത്ഥം.
നീതിനിഷ്ഠരുടെ ഭവനത്തിൽ വലിയ നിക്ഷേപങ്ങളുണ്ട്, എന്നാൽ ദുഷ്ടരുടെ ആദായം ആപത്തു കൊണ്ടുവരുന്നു.
7 ജ്ഞാനികളുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു; മൂഢന്മാരുടെ ഹൃദയമോ നേരുള്ളതല്ല.
ജ്ഞാനിയുടെ അധരങ്ങൾ പരിജ്ഞാനം വിതറുന്നു, എന്നാൽ ഭോഷരുടെ ഹൃദയത്തിന് നൽകാനൊന്നുമില്ല.
8 ദുഷ്ടന്മാരുടെ യാഗം യഹോവെക്കു വെറുപ്പു; നേരുള്ളവരുടെ പ്രാർത്ഥനയോ അവന്നു പ്രസാദം.
ദുഷ്ടരുടെ യാഗം യഹോവ വെറുക്കുന്നു, എന്നാൽ നീതിനിഷ്ഠരുടെ പ്രാർഥന അവിടത്തേക്കു പ്രസാദകരം.
9 ദുഷ്ടന്മാരുടെ വഴി യഹോവെക്കു വെറുപ്പു; എന്നാൽ നീതിയെ പിന്തുടരുന്നവനെ അവൻ സ്നേഹിക്കുന്നു.
ദുഷ്ടരുടെ മാർഗം യഹോവ വെറുക്കുന്നു, എന്നാൽ നീതി പിൻതുടരുന്നവരെ അവിടന്ന് സ്നേഹിക്കുന്നു.
10 സന്മാർഗ്ഗം ത്യജിക്കുന്നവന്നു കഠിനശിക്ഷ വരും; ശാസന വെറുക്കുന്നവൻ മരിക്കും.
നേർപാത ഉപേക്ഷിക്കുന്നവർക്കു കഠിനശിക്ഷണം ലഭിക്കും; ശാസന വെറുക്കുന്നവർ മരണത്തെ പുൽകും.
11 പാതാളവും നരകവും യഹോവയുടെ ദൃഷ്ടിയിൽ ഇരിക്കുന്നു; മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങൾ എത്ര അധികം! (Sheol h7585)
മരണവും പാതാളവും യഹോവയുടെമുമ്പാകെ തുറന്നുകിടക്കുന്നു; മനുഷ്യഹൃദയം എത്രയധികമായി അവിടന്ന് അറിയുന്നു! (Sheol h7585)
12 പരിഹാസി ശാസന ഇഷ്ടപ്പെടുന്നില്ല; ജ്ഞാനികളുടെ അടുക്കൽ ചെല്ലുന്നതുമില്ല.
പരിഹാസി ശാസന വെറുക്കുന്നു, അവർ ജ്ഞാനിയിൽനിന്ന് അകലം പാലിക്കുന്നു.
13 സന്തോഷമുള്ള ഹൃദയം മുഖപ്രസാദമുണ്ടാക്കുന്നു; ഹൃദയത്തിലെ വ്യസനംകൊണ്ടോ ധൈര്യം ക്ഷയിക്കുന്നു.
സന്തുഷ്ടഹൃദയം മുഖത്ത് പ്രസന്നതയുളവാക്കുന്നു, ഹൃദയവ്യഥയോ, ആത്മചൈതന്യം ഹനിക്കുന്നു.
14 വിവേകമുള്ളവന്റെ ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു; മൂഢന്മാരുടെ വായോ ഭോഷത്വം ആചരിക്കുന്നു.
വിവേകമുള്ള ഹൃദയം പരിജ്ഞാനം അന്വേഷിക്കുന്നു, എന്നാൽ ഭോഷരുടെ ആഹാരം മടയത്തരംതന്നെ.
15 അരിഷ്ടന്റെ ജീവനാൾ ഒക്കെയും കഷ്ടകാലം; സന്തുഷ്ടഹൃദയന്നോ നിത്യം ഉത്സവം.
പീഡിതന്റെ നാളുകളോരോന്നും ക്ലേശഭരിതം, എന്നാൽ ഉല്ലാസഹൃദയം നിരന്തരം ഉത്സവം ആഘോഷിക്കുന്നു.
16 ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാൾ യഹോവാഭക്തിയോടുകൂടെ അല്പധനം ഉള്ളതു നന്നു.
യഹോവാഭക്തിയോടുകൂടെയുള്ള അൽപ്പധനമാണ്, കഷ്ടതയോടുകൂടെയുള്ള ബഹുനിക്ഷേപത്തെക്കാൾ നല്ലത്.
17 ദ്വേഷമുള്ളെടത്തെ തടിപ്പിച്ച കാളയെക്കാൾ സ്നേഹമുള്ളെടത്തെ ശാകഭോജനം നല്ലതു.
സ്നേഹപൂർവം വിളമ്പുന്ന സസ്യാഹാരമാണ്, വിദ്വേഷത്തോടെ വിളമ്പുന്ന തടിച്ചുകൊഴുത്ത പശുക്കിടാവിന്റെ മാംസത്തെക്കാൾ ഭേദം.
18 ക്രോധമുള്ളവൻ കലഹം ഉണ്ടാക്കുന്നു; ദീർഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു.
ക്ഷിപ്രകോപിയായ മനുഷ്യൻ കലഹത്തിനു തുടക്കംകുറിക്കുന്നു, എന്നാൽ ക്ഷമാശീലൻ കലഹത്തെ ശമിപ്പിക്കുന്നു.
19 മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു; നീതിമാന്മാരുടെ പാതയോ പെരുവഴി തന്നേ.
അലസരുടെ വഴി മുള്ളുകളാൽ തടസ്സപ്പെടുന്നു, എന്നാൽ നീതിനിഷ്ഠരുടെ മാർഗം രാജവീഥിയാണ്.
20 ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; മൂഢനോ അമ്മയെ നിന്ദിക്കുന്നു.
ജ്ഞാനിയായ മകൻ തന്റെ പിതാവിന് ആനന്ദം പകരുന്നു, എന്നാൽ ഭോഷരായ മനുഷ്യർ തങ്ങളുടെ മാതാവിനെ നിന്ദിക്കുന്നു.
21 ഭോഷത്വം ബുദ്ധിഹീനന്നു സന്തോഷം; വിവേകിയോ ചൊവ്വായി നടക്കുന്നു.
വിവേകശൂന്യർക്കു മടയത്തരം ആനന്ദംനൽകുന്നു, എന്നാൽ വിവേകികൾ നേർവീഥിയിൽത്തന്നെ സഞ്ചരിക്കുന്നു.
22 ആലോചന ഇല്ലാഞ്ഞാൽ ഉദ്ദേശങ്ങൾ സാധിക്കാതെ പോകുന്നു; ആലോചനക്കാരുടെ ബഹുത്വത്താലോ അവ സാധിക്കുന്നു.
ബുദ്ധിയുപദേശത്തിന്റെ അഭാവംമൂലം പദ്ധതികൾ പരാജയപ്പെടുന്നു, എന്നാൽ നിരവധി വിദഗ്ധോപദേശം ലഭിച്ചാൽ അവ വിജയിക്കും.
23 താൻ പറയുന്ന ഉത്തരം ഹേതുവായി മനുഷ്യന്നു സന്തോഷം വരും; തക്കസമയത്തു പറയുന്ന വാക്കു എത്ര മനോഹരം!
ഉചിതമായ ഉത്തരം ഏവർക്കും ആനന്ദംനൽകുന്നു; സന്ദർഭോചിതമായ ഒരു വാക്ക് എത്ര മനോഹരം!
24 ബുദ്ധിമാന്റെ ജീവയാത്ര മേലോട്ടാകുന്നു; കീഴെയുള്ള പാതാളത്തെ അവൻ ഒഴിഞ്ഞുപോകും. (Sheol h7585)
വിവേകിയുടെ ജീവിതപാത ഉയരങ്ങളിലേക്കു നയിക്കുന്നു അത് അവരെ പാതാളത്തിന്റെ ആഴങ്ങളിലേക്ക് ആണ്ടുപോകുന്നതു തടയും. (Sheol h7585)
25 അഹങ്കാരിയുടെ വീടു യഹോവ പൊളിച്ചുകളയും; വിധവയുടെ അതിരോ അവൻ ഉറപ്പിക്കും.
അഹങ്കാരിയുടെ ഭവനം യഹോവ നശിപ്പിക്കും, എന്നാൽ അവിടന്ന് വിധവയുടെ അതിർത്തി സംരക്ഷിക്കും.
26 ദുരുപായങ്ങൾ യഹോവെക്കു വെറുപ്പു; ദയാവാക്കോ നിർമ്മലം.
ദുഷ്ടരുടെ ചിന്തകൾ യഹോവ വെറുക്കുന്നു, കനിവോലും വാക്കുകളോ, അവിടത്തേക്കു പ്രസാദം.
27 ദുരാഗ്രഹി തന്റെ ഭവനത്തെ വലെക്കുന്നു; കോഴ വെറുക്കുന്നവനോ ജീവിച്ചിരിക്കും.
അത്യാഗ്രഹം സ്വഭവനത്തെ നശിപ്പിക്കുന്നു, എന്നാൽ കൈക്കൂലി വെറുക്കുന്നവർ ഏറെനാൾ ജീവിക്കും.
28 നീതിമാൻ മനസ്സിൽ ആലോചിച്ചു ഉത്തരം പറയുന്നു; ദുഷ്ടന്മാരുടെ വായോ ദോഷങ്ങളെ പൊഴിക്കുന്നു.
ഉത്തരം നൽകേണ്ടതെങ്ങനെയെന്ന് നീതിനിഷ്ഠരുടെ ഹൃദയം ആലോചിക്കുന്നു, എന്നാൽ ദുഷ്ടരുടെ വായിൽനിന്ന് തിന്മനിറഞ്ഞ വാക്കുകൾ വമിക്കുന്നു.
29 യഹോവ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; നീതിമാന്മാരുടെ പ്രാർത്ഥനയോ അവൻ കേൾക്കുന്നു.
യഹോവ ദുഷ്ടരിൽനിന്ന് അകന്നിരിക്കുന്നു, എന്നാൽ നീതിനിഷ്ഠരുടെ പ്രാർഥന അവിടന്നു കേൾക്കുന്നു.
30 കണ്ണിന്റെ ശോഭ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; നല്ല വർത്തമാനം അസ്ഥികളെ തണുപ്പിക്കുന്നു.
പ്രസന്നതയോടെയുള്ള ഒരു നോട്ടം ഹൃദയത്തിന് ആനന്ദം പകരുകയും സദ്വാർത്ത അസ്ഥികൾക്ക് ഉന്മേഷം പകരുകയുംചെയ്യുന്നു.
31 ജീവാർത്ഥമായ ശാസന കേൾക്കുന്ന ചെവിയുള്ളവൻ ജ്ഞാനികളുടെ മദ്ധ്യേ വസിക്കും.
ജീവദായകമായ ശാസന കേൾക്കുന്നവർ ജ്ഞാനികളുടെ മധ്യത്തിൽ സ്വസ്ഥനായിരിക്കുന്നു.
32 പ്രബോധനം ത്യജിക്കുന്നവൻ തന്റെ പ്രാണനെ നിരസിക്കുന്നു; ശാസന കേട്ടനുസരിക്കുന്നവനോ വിവേകം സമ്പാദിക്കുന്നു.
ശിക്ഷണം നിരാകരിക്കുന്നവർ സ്വയനിന്ദയ്ക്ക് ഇരയാകുന്നു, എന്നാൽ ശാസന ശ്രദ്ധിക്കുന്നവർ വിവേകപൂർണനാണ്.
33 യഹോവാഭക്തി ജ്ഞാനോപദേശമാകുന്നു; മാനത്തിന്നു വിനയം മുന്നോടിയാകുന്നു.
യഹോവാഭക്തി ജ്ഞാനം അഭ്യസിപ്പിക്കുന്നു, വിനയം ബഹുമതിയുടെ മുന്നോടിയാണ്.

< സദൃശവാക്യങ്ങൾ 15 >