< സംഖ്യാപുസ്തകം 8 >
1 യഹോവ മോശെയോടു അരുളിച്ചെയ്തതു:
യഹോവ മോശയോട് അരുളിച്ചെയ്തു:
2 ദീപം കൊളുത്തുമ്പോൾ ദീപം ഏഴും നിലവിളക്കിന്റെ മുൻവശത്തോട്ടു വെളിച്ചംകൊടുക്കേണം എന്നു അഹരോനോടു പറക.
“അഹരോനോട് സംസാരിക്കുക. അദ്ദേഹത്തോട് ഇപ്രകാരം പറയുക: ‘നീ വിളക്കു കൊളുത്തുമ്പോൾ അവ ഏഴും വിളക്കുതണ്ടിന്റെ മുൻഭാഗത്തേക്കു വെളിച്ചം കൊടുക്കുന്ന നിലയിൽ ആയിരിക്കണം.’”
3 അഹരോൻ അങ്ങനെ ചെയ്തു; യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ അവൻ നിലവിളക്കിന്റെ ദീപം മുൻവശത്തേക്കു തിരിച്ചുകൊളുത്തി.
അഹരോൻ അങ്ങനെ ചെയ്തു; യഹോവ മോശയോടു കൽപ്പിച്ചിരുന്നതുപോലെതന്നെ അദ്ദേഹം വിളക്കുതണ്ടിന്റെ മുൻവശത്തു വെളിച്ചംകിട്ടത്തക്കവണ്ണം വിളക്കുകൾ വെച്ചു.
4 നിലവിളക്കിന്റെ പണിയോ, അതു പൊന്നുകൊണ്ടു അടിച്ചുണ്ടാക്കിയതായിരുന്നു; അതിന്റെ ചുവടുമുതൽ പുഷ്പംവരെ അടിപ്പുപണി തന്നേ; യഹോവ മോശെയെ കാണിച്ച മാതൃകപോലെ തന്നേ അവൻ നിലവിളക്കു ഉണ്ടാക്കി.
വിളക്കുതണ്ടുകൾ നിർമിച്ചത് ഇപ്രകാരമായിരുന്നു: അതിന്റെ ചുവടുമുതൽ പുഷ്പപുടംവരെ അടിച്ചുപരത്തിയ തങ്കംകൊണ്ടായിരുന്നു. മോശയ്ക്ക് യഹോവ കാണിച്ചുകൊടുത്ത മാതൃകപ്രകാരംതന്നെ വിളക്കുതണ്ട് നിർമിച്ചു.
5 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതെന്തെന്നാൽ:
യഹോവ മോശയോട് അരുളിച്ചെയ്തു:
6 ലേവ്യരെ യിസ്രായേൽമക്കളുടെ ഇടയിൽനിന്നു എടുത്തു ശുചീകരിക്ക.
“ഇസ്രായേല്യരുടെ ഇടയിൽനിന്ന് ലേവ്യരെ വേർതിരിച്ച് അവരെ ആചാരപരമായി ശുദ്ധീകരിക്കുക.
7 അവരെ ശുചീകരിക്കേണ്ടതിന്നു ഇങ്ങനെ ചെയ്യേണം: പാപപരിഹാരജലം അവരുടെ മേൽ തളിക്കേണം; അവർ സർവ്വാംഗം ക്ഷൗരം ചെയ്തു വസ്ത്രം അലക്കി ഇങ്ങനെ തങ്ങളെത്തന്നേ ശുചീകരിക്കേണം.
അവരെ ഇപ്രകാരം വിശുദ്ധീകരിക്കുക: ശുദ്ധീകരണജലം അവരുടെമേൽ തളിക്കുക; തുടർന്ന് ശരീരംമുഴുവൻ ക്ഷൗരംചെയ്ത് വസ്ത്രം അലക്കി അവർ തങ്ങളെത്തന്നെ ശുദ്ധീകരിക്കണം.
8 അതിന്റെ ശേഷം അവർ ഒരു കാളക്കിടാവിനെയും അതിന്റെ ഭോജനയാഗമായി എണ്ണചേർത്ത നേരിയ മാവും എടുക്കേണം; പാപയാഗത്തിന്നായി നീ വേറെ ഒരു കാളക്കിടാവിനെയും എടുക്കേണം.
അവർ ഒരു കാളക്കിടാവിനെ അതിന്റെ ഭോജനയാഗത്തിനുള്ള ഒലിവെണ്ണചേർത്ത് നേരിയമാവോടുകൂടി എടുക്കണം; തുടർന്നു പാപശുദ്ധീകരണയാഗത്തിനായി മറ്റൊരു കാളക്കിടാവിനെ നീയും എടുക്കണം.
9 ലേവ്യരെ സമാഗമനകൂടാരത്തിന്റെ മുമ്പാകെ വരുത്തേണം; യിസ്രായേൽമക്കളുടെ സഭയെ മുഴുവനും ഒരുമിച്ചു കൂട്ടേണം.
ഇതിനുശേഷം മുഴുവൻ ഇസ്രായേൽസഭയെ കൂട്ടിവരുത്തുകയും ലേവ്യരെ സമാഗമകൂടാരത്തിനു മുമ്പിലേക്ക് കൊണ്ടുവരികയും വേണം.
10 പിന്നെ ലേവ്യരെ യഹോവയുടെ സന്നിധിയിൽ നിർത്തേണം; യിസ്രായേൽമക്കൾ ലേവ്യരുടെ മേൽ കൈ വെക്കേണം.
ലേവ്യരെ നീ യഹോവയുടെമുമ്പാകെ കൊണ്ടുവരണം; ഇസ്രായേൽമക്കൾ അവരുടെമേൽ കൈവെക്കണം.
11 യഹോവയുടെ വേല ചെയ്യേണ്ടതിന്നു അഹരോൻ ലേവ്യരെ യഹോവയുടെ സന്നിധിയിൽ യിസ്രായേൽമക്കളുടെ നീരാജനയാഗമായി അർപ്പിക്കേണം.
അഹരോൻ തന്റെ കൈ ഉയർത്തി ലേവ്യരെ, അവർ യഹോവയുടെ വേലചെയ്യാൻ ഒരുക്കമായിരിക്കേണ്ടതിന്, ഇസ്രായേല്യരുടെ ഇടയിൽനിന്ന് ഒരു വിശിഷ്ടയാഗാർപ്പണമായി യഹോവയുടെമുമ്പാകെ സമർപ്പിക്കണം.
12 ലേവ്യർ കാളക്കിടാക്കളുടെ തലയിൽ കൈ വെക്കേണം; പിന്നെ ലേവ്യർക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു നീ യഹോവെക്കു ഒന്നിനെ പാപയാഗമായിട്ടും മറ്റേതിനെ ഹോമയാഗമായിട്ടും അർപ്പിക്കേണം.
“ലേവ്യർ കാളകളുടെ തലമേൽ കൈവെച്ചശേഷം, ഒന്നിനെ യഹോവയ്ക്കു പാപശുദ്ധീകരണയാഗത്തിനായും മറ്റേതിനെ ലേവ്യർക്കു പ്രായശ്ചിത്തത്തിനുള്ള ഹോമയാഗത്തിനായും ഉപയോഗിക്കണം.
13 നീ ലേവ്യരെ അഹരോന്റെയും പുത്രന്മാരുടെയും മുമ്പാകെ നിർത്തി യഹോവെക്കു നീരാജനയാഗമായി അർപ്പിക്കേണം.
ലേവ്യരെ അഹരോന്റെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും മുമ്പിൽ നിർത്തി നിങ്ങളുടെ കൈകൾ ഉയർത്തി അവരെ യഹോവയ്ക്ക് ഒരു വിശിഷ്ടയാഗമായി അർപ്പിക്കുക.
14 ഇങ്ങനെ ലേവ്യരെ യിസ്രായേൽമക്കളുടെ ഇടയിൽനിന്നു വേർതിരിക്കയും ലേവ്യർ എനിക്കുള്ളവരായിരിക്കയും വേണം.
ഇപ്രകാരമാണ് നിങ്ങൾ ലേവ്യരെ മറ്റ് ഇസ്രായേൽമക്കളിൽനിന്നും വേർതിരിക്കേണ്ടത്. ലേവ്യർ എനിക്കുള്ളവർ ആയിരിക്കും.
15 അതിന്റെ ശേഷം സമാഗമനകൂടാരം സംബന്ധിച്ചുള്ള വേല ചെയ്യേണ്ടതിന്നു ലേവ്യർക്കു അടുത്തു ചെല്ലാം; നീ അവരെ ശുചീകരിച്ചു നീരാജനയാഗമായി അർപ്പിക്കേണം.
“ലേവ്യരെ നിങ്ങൾ ശുദ്ധീകരിക്കുകയും നിങ്ങളുടെ കൈകൾ ഉയർത്തി വിശിഷ്ടയാഗാർപ്പണമായി സമർപ്പിക്കയും ചെയ്തശേഷം അവർക്കു തങ്ങളുടെ ശുശ്രൂഷചെയ്യാൻ സമാഗമകൂടാരത്തിലേക്കു പ്രവേശിക്കാം.
16 അവർ യിസ്രായേൽമക്കളുടെ ഇടയിൽനിന്നു എനിക്കു സാക്ഷാൽ ദാനമായുള്ളവർ; എല്ലായിസ്രായേൽമക്കളിലുമുള്ള ആദ്യജാതന്മാർക്കു പകരം ഞാൻ അവരെ എനിക്കായി എടുത്തിരിക്കുന്നു.
ഇസ്രായേൽമക്കളിൽനിന്ന് ലേവ്യരെ എനിക്കു പൂർണമായി നൽകിയിരിക്കുന്നു. എല്ലാ ഇസ്രായേല്യരിലുമുള്ള ആദ്യജാതന്മാർക്കു പകരം—സകല ഇസ്രായേല്യസ്ത്രീകളുടെയും ആദ്യജാതനു പകരംതന്നെ—അവരെ ഞാൻ എനിക്കായി എടുത്തിരിക്കുന്നു.
17 മനുഷ്യരിലാകട്ടെ മൃഗങ്ങളിലാകട്ടെ യിസ്രായേൽമക്കൾക്കുള്ള കടിഞ്ഞൂൽ ഒക്കെയും എനിക്കുള്ളതു; ഞാൻ മിസ്രയീംദേശത്തുള്ള കടിഞ്ഞൂലുകളെ ഒക്കെയും സംഹരിച്ച നാളിൽ അവയെ എനിക്കായി ശുദ്ധീകരിച്ചു.
മനുഷ്യനാകട്ടെ, മൃഗമാകട്ടെ, ഇസ്രായേലിലുള്ള കടിഞ്ഞൂലെല്ലാം എനിക്കുള്ളതാണ്. ഈജിപ്റ്റിലുള്ള സകല ആദ്യജാതന്മാരെയും ഞാൻ സംഹരിച്ചപ്പോൾ, ഞാൻ അവരെ എനിക്കായി വേർതിരിച്ചു.
18 എന്നാൽ യിസ്രായേൽമക്കളിൽ ഉള്ള എല്ലാ കടിഞ്ഞൂലുകൾക്കും പകരം ഞാൻ ലേവ്യരെ എടുത്തിരിക്കുന്നു.
ഇസ്രായേലിലെ സകല ആദ്യജാതന്മാർക്കും പകരമായി ലേവ്യരെ ഞാൻ എടുത്തിരിക്കുന്നു.
19 യിസ്രായേൽമക്കൾ വിശുദ്ധമന്ദിരത്തിന്നു അടുത്തുവരുമ്പോൾ അവരുടെ ഇടയിൽ ബാധയുണ്ടാകാതിരിക്കേണ്ടതിന്നു സമാഗമനകൂടാരത്തിൽ യിസ്രായേൽമക്കളുടെ വേല ചെയ്‌വാനും യിസ്രായേൽമക്കൾക്കുവേണ്ടി പ്രായശ്ചിത്തം കഴിപ്പാനും ലേവ്യരെ ഞാൻ യിസ്രായേൽമക്കളുടെ ഇടയിൽനിന്നു അഹരോന്നും പുത്രന്മാർക്കും ദാനം ചെയ്തുമിരിക്കുന്നു.
ഇസ്രായേല്യർക്കുവേണ്ടി സമാഗമകൂടാരത്തിൽ വേലചെയ്യാനായും അവർ വിശുദ്ധമന്ദിരത്തോടടുക്കുമ്പോൾ യാതൊരു ബാധയും അവരുടെമേൽ വരാതിരിക്കാൻ അവർക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യാനായും ലേവ്യരെ ഞാൻ അഹരോനും അദ്ദേഹത്തിന്റെ പുത്രന്മാർക്കും ദാനം ചെയ്തിരിക്കുന്നു.”
20 അങ്ങനെ മോശെയും അഹരോനും യിസ്രായേൽമക്കളുടെ സഭ മുഴുവനും ലേവ്യരെക്കുറിച്ചു യഹോവ മോശെയോടു കല്പിച്ചതുപോലെയൊക്കെയും ലേവ്യർക്കു ചെയ്തു; അങ്ങനെ തന്നേ യിസ്രായേൽമക്കൾ അവർക്കു ചെയ്തു.
ലേവ്യരെക്കുറിച്ചു യഹോവ മോശയോടു കൽപ്പിച്ചതുപോലെതന്നെ, മോശയും അഹരോനും ഇസ്രായേൽസഭ മുഴുവനും ലേവ്യർക്കു ചെയ്തുകൊടുത്തു.
21 ലേവ്യർ തങ്ങൾക്കു തന്നേ പാപശുദ്ധിവരുത്തി വസ്ത്രം അലക്കി; അഹരോൻ അവരെ യഹോവയുടെ സന്നിധിയിൽ നീരാജനയാഗമായി അർപ്പിച്ചു; അവരെ ശുചീകരിക്കേണ്ടതിന്നു അഹരോൻ അവർക്കുവേണ്ടി പ്രായശ്ചിത്തം കഴിച്ചു.
ലേവ്യർ തങ്ങളെത്തന്നെ ശുദ്ധീകരിക്കുകയും തങ്ങളുടെ വസ്ത്രങ്ങൾ അലക്കുകയും ചെയ്തു. തുടർന്ന് അഹരോൻ തന്റെ കൈകൾ ഉയർത്തി അവരെ ഒരു വിശിഷ്ടയാഗാർപ്പണമായി യഹോവയുടെമുമ്പാകെ സമർപ്പിക്കുകയും അവരെ ശുദ്ധീകരിക്കാനായി പ്രായശ്ചിത്തം കഴിക്കുകയും ചെയ്തു.
22 അതിന്റെ ശേഷം ലേവ്യർ അഹരോന്റെയും പുത്രന്മാരുടെയും മുമ്പാകെ സമാഗമനകൂടാരത്തിൽ തങ്ങളുടെ വേലചെയ്‌വാൻ അടുത്തുചെന്നു; യഹോവ ലേവ്യരെക്കുറിച്ചു മോശെയോടു കല്പിച്ചതുപോലെ തന്നേ അവർ അവർക്കു ചെയ്തു.
അതിനുശേഷം ലേവ്യർ അഹരോന്റെയും അദ്ദേഹത്തിന്റെ പുത്രന്മാരുടെയും മേൽനോട്ടത്തിനു കീഴിൽ സമാഗമകൂടാരത്തിലെ തങ്ങളുടെ വേല ചെയ്യുന്നതിനായി വന്നു. യഹോവ മോശയോടു കൽപ്പിച്ചിരുന്നതുപോലെതന്നെ അവർ ലേവ്യരെ യഹോവയ്ക്കായി വേർതിരിച്ചു.
23 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
യഹോവ മോശയോട് അരുളിച്ചെയ്തു:
24 ലേവ്യർക്കുള്ള പ്രമാണം ആവിതു: ഇരുപത്തഞ്ചു വയസ്സുമുതൽ അവർ സമാഗമനകൂടാരത്തിലെ വേലചെയ്യുന്ന സേവയിൽ പ്രവേശിക്കേണം.
“ലേവ്യർക്കുള്ള നിയമമാണിത്: ഇരുപത്തഞ്ചോ അതിലധികമോ വയസ്സ് പ്രായമുള്ള പുരുഷന്മാർ സമാഗമകൂടാരത്തിലെ ശുശ്രൂഷയിൽ പങ്കാളിത്തം വഹിക്കാൻ വരണം.
25 അമ്പതു വയസ്സുമുതലോ അവർ വേലചെയ്യുന്ന സേവയിൽനിന്നു ഒഴിയേണം; പിന്നെ സേവിക്കേണ്ടാ;
എന്നാൽ അൻപതാം വയസ്സിൽ, അവർ തങ്ങളുടെ പതിവായ ശുശ്രൂഷയിൽനിന്ന് വിരമിക്കുകയും തുടർന്ന് വേലചെയ്യാതിരിക്കുകയും വേണം.
26 എങ്കിലും സമാഗമനകൂടാരത്തിലെ കാര്യംനോക്കുന്നതിൽ അവർ തങ്ങളുടെ സഹോദരന്മാരെ സഹായിക്കേണം; വേല ഒന്നും ചെയ്യേണ്ടാ. ലേവ്യരുടെ കാര്യം സംബന്ധിച്ചു നീ ഇങ്ങനെ അവർക്കു ചെയ്യേണം.
അവർക്കു തങ്ങളുടെ സഹോദരന്മാരെ സമാഗമകൂടാരത്തിലെ അവരുടെ കർത്തവ്യം നിർവഹിക്കുന്നതിൽ സഹായിക്കാം. പക്ഷേ, അവർ നേരിട്ടു ചുമതല വഹിക്കരുത്. ഇപ്രകാരമാണ് നിങ്ങൾ ലേവ്യർക്ക് ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചുകൊടുക്കേണ്ടത്.”