< സംഖ്യാപുസ്തകം 31 >
1 അനന്തരം യഹോവ മോശെയോടു അരുളിച്ചെയ്തതു:
യഹോവ മോശയോട്,
2 യിസ്രായേൽമക്കൾക്കു വേണ്ടി മിദ്യാന്യരോടു പ്രതികാരം നടത്തുക; അതിന്റെ ശേഷം നീ നിന്റെ ജനത്തോടു ചേരും.
“ഇസ്രായേല്യർക്കുവേണ്ടി മിദ്യാന്യരോടു പ്രതികാരം നടത്തുക. അതിനുശേഷം നീ നിന്റെ ജനത്തോടു ചേർക്കപ്പെടും” എന്ന് അരുളിച്ചെയ്തു.
3 അപ്പോൾ മോശെ ജനത്തോടു സംസാരിച്ചു: മിദ്യാന്യരുടെ നേരെ പുറപ്പെട്ടു യഹോവെക്കുവേണ്ടി മിദ്യാനോടു പ്രതികാരം നടത്തേണ്ടതിന്നു നിങ്ങളിൽനിന്നു ആളുകളെ യുദ്ധത്തിന്നു ഒരുക്കുവിൻ.
അങ്ങനെ മോശ ജനത്തോടു പറഞ്ഞു: “മിദ്യാന്യർക്കെതിരായി യുദ്ധംചെയ്യേണ്ടതിനും യഹോവയ്ക്ക് അവരുടെമേലുള്ള പ്രതികാരം നടത്തേണ്ടതിനുമായി നിങ്ങളുടെ പുരുഷന്മാരിൽ ചിലരെ സജ്ജരാക്കുക.
4 നിങ്ങൾ യിസ്രായേലിന്റെ സകലഗോത്രങ്ങളിലും ഓരോന്നിൽനിന്നു ആയിരംപേരെ വീതം യുദ്ധത്തിന്നു അയക്കേണം എന്നു പറഞ്ഞു.
ഇസ്രായേല്യരുടെ ഓരോ ഗോത്രത്തിൽനിന്നും ആയിരം പുരുഷന്മാരെവീതം യുദ്ധത്തിനയയ്ക്കുക.”
5 അങ്ങനെ യിസ്രായേല്യസഹസ്രങ്ങളിൽനിന്നു ഓരോ ഗോത്രത്തിൽ ആയിരം പേർ വീതം പന്തീരായിരം പേരെ യുദ്ധസന്നദ്ധരായി വേർതിരിച്ചു.
അങ്ങനെ ഇസ്രായേലിന്റെ കുലങ്ങളിൽനിന്ന് ആയിരംപേർവീതം തെരഞ്ഞെടുക്കപ്പെട്ടു; അങ്ങനെ പന്തീരായിരം പുരുഷന്മാർ യുദ്ധസന്നദ്ധരായി.
6 മോശെ ഓരോ ഗോത്രത്തിൽനിന്നു ആയിരം പേർ വീതമുള്ള അവരെയും പുരോഹിതനായ എലെയാസാരിന്റെ മകൻ ഫീനെഹാസിനെയും യുദ്ധത്തിന്നു അയച്ചു; അവന്റെ കൈവശം വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളും ഗംഭീരനാദകാഹളങ്ങളും ഉണ്ടായിരുന്നു.
ഓരോ ഗോത്രത്തിൽനിന്നും ആയിരംപേർ വീതമായിവന്ന അവരെ മോശ പുരോഹിതനായ എലെയാസാരിന്റെ പുത്രൻ ഫീനെഹാസിനൊപ്പം യുദ്ധത്തിനയച്ചു. വിശുദ്ധമന്ദിരത്തിൽനിന്നുള്ള ഉപകരണങ്ങളും മുന്നറിയിപ്പു നൽകുന്നതിനുള്ള കാഹളങ്ങളും അദ്ദേഹം തന്നോടൊപ്പം എടുത്തിരുന്നു.
7 യഹോവ മോശെയോടു കല്പിച്ചതുപോലെ അവർ മിദ്യാന്യരോടു യുദ്ധം ചെയ്തു ആണുങ്ങളെ ഒക്കെയും കൊന്നു.
യഹോവ മോശയോടു കൽപ്പിച്ചതുപോലെ അവർ മിദ്യാന്യരുമായി യുദ്ധംചെയ്ത് പുരുഷന്മാരെയൊക്കെയും വധിച്ചു.
8 നിഹതന്മാരുടെ കൂട്ടത്തിൽ അവർ മിദ്യാന്യരാജാക്കന്മാരായ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ അഞ്ചു രാജാക്കന്മാരെയും കൊന്നു; ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ വാളുകൊണ്ടു കൊന്നു.
ആ വധിക്കപ്പെട്ടവരെക്കൂടാതെ ഏവി, രേക്കെം, സൂർ, ഹൂർ, രേബ എന്നീ മിദ്യാനിലെ അഞ്ചു രാജാക്കന്മാരെയും വധിച്ചു. ബെയോരിന്റെ മകനായ ബിലെയാമിനെയും അവർ വാൾകൊണ്ടു കൊന്നു.
9 യിസ്രായേൽമക്കൾ മിദ്യാന്യസ്ത്രീകളെയും അവരുടെ കുഞ്ഞുങ്ങളെയും ബദ്ധരാക്കി; അവരുടെ സകലവാഹനമൃഗങ്ങളെയും ആടുമാടുകളെയും അവരുടെ സമ്പത്തൊക്കെയും കൊള്ളയിട്ടു.
ഇസ്രായേല്യർ മിദ്യാന്യസ്ത്രീകളെയും കുഞ്ഞുങ്ങളെയും തടവുകാരാക്കി; അവരുടെ ആടുമാടുകളെ മുഴുവൻ എടുക്കുകയും അവരുടെ സമ്പത്ത് എല്ലാം കൊള്ളയിടുകയും ചെയ്തു.
10 അവർ പാർത്തിരുന്ന എല്ലാപട്ടണങ്ങളും എല്ലാപാളയങ്ങളും തീയിട്ടു ചുട്ടുകളഞ്ഞു.
മിദ്യാന്യർ താമസിച്ചിരുന്ന സകലപട്ടണങ്ങളും അവരുടെ പാളയങ്ങളും അവർ തീയിട്ടു ചുട്ടു.
11 അവർ എല്ലാകൊള്ളയും മനുഷ്യരും മൃഗങ്ങളുമായുള്ള അപഹൃതമൊക്കെയും എടുത്തു;
ജനങ്ങളും മൃഗങ്ങളും ഉൾപ്പെടെ സകലകൊള്ളവസ്തുക്കളും കവർച്ചയും അവർ എടുത്തു;
12 ബദ്ധന്മാരെ അപഹൃതത്തോടും കൊള്ളയോടുംകൂടെ യെരീഹോവിന്റെ സമീപത്തു യോർദ്ദാന്നരികെയുള്ള മോവാബ്സമഭൂമിയിൽ പാളയത്തിലേക്കു മോശെയുടെയും പുരോഹിതനായ എലെയാസാരിന്റെയും യിസ്രായേൽസഭയുടെയും അടുക്കൽ കൊണ്ടു വന്നു.
യുദ്ധത്തടവുകാർ, കൊള്ളവസ്തുക്കൾ, കവർച്ച എന്നിവ മോശയുടെയും പുരോഹിതനായ എലെയാസാരിന്റെയും ഇസ്രായേല്യസഭയുടെയും അടുക്കൽ, അവർ പാളയമടിച്ചിരുന്ന യെരീഹോവിനെതിരേ യോർദാൻനദിക്കരികെയുള്ള മോവാബ് സമതലത്തിൽ കൊണ്ടുവന്നു.
13 മോശെയും പുരോഹിതൻ എലെയാസാരും സഭയുടെ സകലപ്രഭുക്കന്മാരും പാളയത്തിന്നു പുറത്തു അവരെ എതിരേറ്റു ചെന്നു.
മോശയും പുരോഹിതനായ എലെയാസാരും സഭാനേതാക്കന്മാരെല്ലാവരും പാളയത്തിനുപുറത്ത് അവരെ എതിരേൽക്കാൻ പോയി.
14 എന്നാൽ മോശെ യുദ്ധത്തിൽനിന്നു വന്നിട്ടുള്ള സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യനായകന്മാരോടു കോപിച്ചു പറഞ്ഞതെന്തെന്നാൽ:
എന്നാൽ യുദ്ധംചെയ്തു മടങ്ങിവന്ന സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യാധിപന്മാരോട് മോശ കോപിച്ചു:
15 നിങ്ങൾ സ്ത്രീകളെയെല്ലാം ജീവനോടെ വെച്ചിരിക്കുന്നു.
“സകലസ്ത്രീകളെയും നിങ്ങൾ ജീവനോടെ വെച്ചുവോ?” മോശ അവരോടു ചോദിച്ചു.
16 ഇവരത്രേ പെയോരിന്റെ സംഗതിയിൽ ബിലെയാമിന്റെ ഉപദേശത്താൽ യിസ്രായേൽമക്കൾ യഹോവയോടു ദ്രോഹം ചെയ്‌വാനും യഹോവയുടെ സഭയിൽ ബാധ ഉണ്ടാവാനും ഹേതുവായതു.
“യഹോവയുടെ ജനത്തിന്മേൽ ഒരു ബാധ വരാൻ തക്കവണ്ണം പെയോരിലെ സംഭവത്തിൽ ബിലെയാമിന്റെ ഉപദേശം അനുസരിച്ചതിനാൽ, ഇസ്രായേല്യർ യഹോവയോട് അവിശ്വസ്തരായിത്തീരാൻ കാരണക്കാരായവർ അവരാണ്.
17 ആകയാൽ ഇപ്പോൾ കുഞ്ഞുങ്ങളിലുള്ള ആണിനെയൊക്കെയും പുരുഷനോടുകൂടെ ശയിച്ചിട്ടുള്ള സകലസ്ത്രീകളെയും കൊന്നുകളവിൻ.
ഇപ്പോൾ സകല ആൺകുട്ടികളെയും പുരുഷനോടുകൂടെ ലൈംഗികബന്ധത്തിലേർപ്പെട്ടിട്ടുള്ള സകലസ്ത്രീകളെയും വധിക്കുക.
18 പുരുഷനോടുകൂടെ ശയിക്കാത്ത പെൺകുഞ്ഞുങ്ങളെ ജീവനോടു വെച്ചുകൊൾവിൻ.
എന്നാൽ പുരുഷനോടുകൂടെ ഒരിക്കലും കിടക്കപങ്കിട്ടിട്ടില്ലാത്ത സകലപെൺകുട്ടികളെയും നിങ്ങൾക്കായി രക്ഷിക്കുക.
19 നിങ്ങൾ ഏഴു ദിവസം പാളയത്തിന്നു പുറത്തു പാർക്കേണം; ഒരുത്തനെ കൊന്നവനും കൊല്ലപ്പെട്ടവനെ തൊട്ടവനുമെല്ലാം മൂന്നാം ദിവസവും ഏഴാം ദിവസവും തങ്ങളെയും തങ്ങളുടെ ബദ്ധന്മാരെയും ശുദ്ധീകരിക്കേണം.
“ആരെയെങ്കിലും കൊന്നിട്ടുള്ളവരോ കൊല്ലപ്പെട്ട ആരെയെങ്കിലും സ്പർശിച്ചവരോ ആയ നിങ്ങൾ എല്ലാവരും ഏഴുദിവസത്തേക്കു പാളയത്തിനു വെളിയിൽ പാർക്കണം. മൂന്നും ഏഴും ദിവസങ്ങളിൽ നിങ്ങൾ നിങ്ങളെത്തന്നെയും നിങ്ങളുടെ ബന്ദികളെയും ശുദ്ധീകരിക്കണം.
20 സകലവസ്ത്രവും തോൽകൊണ്ടുള്ള എല്ലാകോപ്പും കോലാട്ടുരോമം കൊണ്ടുണ്ടാക്കിയതൊക്കെയും മരംകൊണ്ടുള്ള സകലസാധനവും ശുദ്ധീകരിപ്പിൻ.
അപ്രകാരംതന്നെ സകലവസ്ത്രങ്ങളും തുകൽ, ആട്ടുരോമം, മരം എന്നിവകൊണ്ടു നിർമിച്ച സകലതും ശുദ്ധീകരിക്കണം.”
21 പുരോഹിതനായ എലെയാസാർ യുദ്ധത്തിന്നു പോയിരുന്ന യോദ്ധാക്കളോടു പറഞ്ഞതു: യഹോവ മോശെയോടു കല്പിച്ചിട്ടുള്ള ന്യായപ്രമാണം ആവിതു:
ഇതിനുശേഷം പുരോഹിതനായ എലെയാസാർ യുദ്ധത്തിനുപോയ പടയാളികളോടു പറഞ്ഞു, “യഹോവ മോശയ്ക്കു നൽകിയ ന്യായപ്രമാണത്തിലെ ചട്ടം ഇതാണ്:
22 പൊന്നു, വെള്ളി, ചെമ്പു, ഇരിമ്പു,
സ്വർണം, വെള്ളി, വെങ്കലം, ഇരുമ്പ്, വെളുത്തീയം, കറുത്തീയം മുതലായ
23 വെള്ളീയും, കാരീയം, മുതലായി തീയിൽ നശിച്ചുപോകാത്ത സാധനമൊക്കെയും തീയിൽ ഇട്ടെടുക്കേണം; എന്നാൽ അതു ശുദ്ധമാകും; എങ്കിലും ശുദ്ധീകരണജലത്താലും അതു ശുദ്ധീകരിക്കേണം. തീയിൽ നശിച്ചുപോകുന്നതെല്ലാം നിങ്ങൾ വെള്ളത്തിൽ മുക്കിയെടുക്കേണം.
തീയാൽ നശിക്കാത്ത മറ്റെന്തും തീയിലിട്ട് എടുക്കണം. അപ്പോൾ അവ ശുദ്ധമാകും. എന്നാൽ അവ ശുദ്ധീകരണജലത്താലും ശുദ്ധമാക്കപ്പെടണം. അഗ്നിയെ അതിജീവിക്കാൻ കഴിയാത്ത വസ്തു ഒക്കെയും ആ ജലത്തിലിട്ട് എടുക്കണം.
24 ഏഴാം ദിവസം വസ്ത്രം അലക്കി ശുദ്ധിയുള്ളവരായശേഷം നിങ്ങൾക്കു പാളയത്തിലേക്കു വരാം.
ഏഴാംദിവസം നിങ്ങളുടെ വസ്ത്രം കഴുകണം; അപ്പോൾ നിങ്ങൾ ശുദ്ധരാകും. പിന്നെ നിങ്ങൾക്കു പാളയത്തിലേക്ക് വരാം.”
25 പിന്നെ യഹോവ മോശെയോടു അരുളിച്ചെയ്തതു:
യഹോവ മോശയോടു കൽപ്പിച്ചു:
26 നീയും പുരോഹിതനായ എലെയാസാരും സഭയിലെ ഗോത്രപ്രധാനികളും കൊള്ളയായി പിടിക്കപ്പെട്ട മനുഷ്യരുടെയും മൃഗങ്ങളുടെയും തുകനോക്കി
“നീയും പുരോഹിതനായ എലെയാസാരും സഭയിലെ പിതൃഭവനത്തലവന്മാരുംകൂടി യുദ്ധത്തിൽ പിടിച്ചെടുത്ത സകലമനുഷ്യരെയും മൃഗങ്ങളെയും എണ്ണണം.
27 പടെക്കുപോയ യോദ്ധാക്കൾക്കും സഭെക്കും ഇങ്ങനെ രണ്ടു ഓഹരിയായി കൊള്ള വിഭാഗിപ്പിൻ.
യുദ്ധത്തിൽ പങ്കെടുത്ത പടയാളികൾക്കും സമൂഹത്തിലെ മറ്റുള്ളവർക്കുമായി കൊള്ളമുതൽ തുല്യ രണ്ടോഹരിയായി പങ്കിടണം.
28 യുദ്ധത്തിന്നു പോയ യോദ്ധാക്കളോടു മനുഷ്യരിലും മാടു, കഴുത, ആടു എന്നിവയിലും അഞ്ഞൂറ്റിൽ ഒന്നു യഹോവയുടെ ഓഹരിയായി വാങ്ങേണം.
യുദ്ധത്തിൽ പങ്കെടുത്ത പടയാളികളുടേതിൽനിന്ന് യുദ്ധത്തടവുകാരോ കന്നുകാലികളോ കഴുതകളോ ചെമ്മരിയാടോ കോലാടോ ഏതുമാകട്ടെ, അഞ്ഞൂറിലൊന്നുവീതം യഹോവയ്ക്കായി വേർതിരിക്കണം.
29 അവർക്കുള്ള പാതിയിൽനിന്നു അതു എടുത്തു യഹോവെക്കു ഉദർച്ചാർപ്പണമായി പുരോഹിതനായ എലെയാസാരിന്നു കൊടുക്കേണം.
അതു പടയാളികളുടെ ഓഹരിയിൽനിന്ന് പകുതി യഹോവയ്ക്കു വിശിഷ്ടയാഗാർപ്പണമായി പുരോഹിതനായ എലെയാസാരിനു കൊടുക്കുക.
30 എന്നാൽ യിസ്രായേൽമക്കൾക്കുള്ള പാതിയിൽനിന്നു മനുഷ്യരിലും മാടു, കഴുത, ആടു മുതലായ സകലവിധമൃഗത്തിലും അമ്പതിൽ ഒന്നു എടുത്തു യഹോവയുടെ തിരുനിവാസത്തിലെ വേലചെയ്യുന്ന ലേവ്യർക്കു കൊടുക്കേണം.
ഇസ്രായേല്യരുടെ ഓഹരിയിൽനിന്നു പകുതി യുദ്ധത്തടവുകാരോ കന്നുകാലികളോ കഴുതകളോ ചെമ്മരിയാടോ കോലാടോ മറ്റ് ഏതുമൃഗമോ ആകട്ടെ അൻപതിന് ഒന്നുവീതം തെരഞ്ഞെടുക്കുക. അവയെ യഹോവയുടെ സമാഗമകൂടാരത്തിൽ ശുശ്രൂഷിക്കുന്ന ലേവ്യർക്കു കൊടുക്കുക.”
31 യഹോവ മോശെയോടു കല്പിച്ചതുപോലെ മോശെയും എലെയാസാരും ചെയ്തു.
അങ്ങനെ മോശയും പുരോഹിതനായ എലെയാസാരും യഹോവ മോശയോടു കൽപ്പിച്ചതുപോലെ ചെയ്തു.
32 യോദ്ധാക്കൾ കൈവശമാക്കിയതിന്നു പുറമെയുള്ള കൊള്ള ആറു ലക്ഷത്തെഴുപത്തയ്യായിരം ആടും
പടയാളികൾ എടുത്ത കവർച്ചയ്ക്കുപുറമേ ഉണ്ടായിരുന്ന കൊള്ളമുതൽ 6,75,000 ചെമ്മരിയാട്,
34 അറുപത്തോരായിരം കഴുതയും
61,000 കഴുത,
35 പുരുഷനോടുകൂടെ ശയിക്കാത്ത പെണ്ണുങ്ങൾ എല്ലാംകൂടി മുപ്പത്തീരായിരംപേരും ആയിരുന്നു.
പുരുഷനുമായി ഒരിക്കലും കിടക്കപങ്കിട്ടിട്ടില്ലാത്തവരായ 32,000 സ്ത്രീകൾ ഇവയായിരുന്നു.
36 യുദ്ധത്തിന്നു പോയവരുടെ ഓഹരിക്കുള്ള പാതിയിൽ ആടു മൂന്നുലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറു.
യുദ്ധത്തിൽ പങ്കെടുത്തവർക്കുള്ള ഓഹരി—കൊള്ളമുതലിന്റെ പകുതി—ഇവയായിരുന്നു: 3,37,500 ചെമ്മരിയാട്,
37 ആടിൽ യഹോവെക്കുള്ള ഓഹരി അറുനൂറ്റെഴുപത്തഞ്ചു;
അതിൽ യഹോവയ്ക്കുള്ള വിഹിതം 675 ആയിരുന്നു;
38 കന്നുകാലി മുപ്പത്താറായിരം; അതിൽ യഹോവെക്കുള്ള ഓഹരി എഴുപത്തുരണ്ടു;
36,000 കന്നുകാലി, അതിൽ യഹോവയ്ക്കുള്ള വിഹിതം 72 ആയിരുന്നു;
39 കഴുത മുപ്പതിനായിരത്തഞ്ഞൂറു; അതിൽ യഹോവെക്കുള്ള ഓഹരി അറുപത്തൊന്നു;
30,500 കഴുത, അതിൽ യഹോവയ്ക്കുള്ള വിഹിതം 61 ആയിരുന്നു;
40 ആൾ പതിനാറായിരം; അവരിൽ യഹോവെക്കുള്ള ഓഹരി മുപ്പത്തിരണ്ടു.
16,000 ജനങ്ങൾ, അതിൽ യഹോവയ്ക്കുള്ള വിഹിതം 32 ആയിരുന്നു.
41 യഹോവെക്കു ഉദർച്ചാർപ്പണമായിരുന്ന ഓഹരി യഹോവ മോശെയോടു കല്പിച്ചതുപോലെ മോശെ പുരോഹിതനായ എലെയാസാരിന്നു കൊടുത്തു.
യഹോവ മോശയോടു കൽപ്പിച്ചതുപോലെ മോശ ആ വിഹിതം യഹോവയുടെ ഭാഗമായി പുരോഹിതനായ എലെയാസാരിനു കൊടുത്തു.
42 മോശെ പടയാളികളുടെ പക്കൽ നിന്നു യിസ്രായേൽമക്കൾക്കു വിഭാഗിച്ചുകൊടുത്ത പാതിയിൽനിന്നു -
പോരാളികൾക്കുള്ളതിൽനിന്ന് മോശ വേർതിരിച്ച, പകുതി കൊള്ളമുതലിൽ, ഇസ്രായേല്യരുടെ ഓഹരി
43 സഭെക്കുള്ള പാതി മൂന്നു ലക്ഷത്തി മുപ്പത്തേഴായിരത്തഞ്ഞൂറു ആടും
3,37,500 ചെമ്മരിയാട്,
45 മുപ്പതിനായിരത്തഞ്ഞൂറു കഴുതയും
30,500 കഴുത,
46 പതിനാറായിരം ആളും ആയിരുന്നു -
16,000 ജനങ്ങൾ എന്നിവയായിരുന്നു.
47 യിസ്രായേൽമക്കളുടെ പാതിയിൽനിന്നു മോശെ മനുഷ്യരിലും മൃഗങ്ങളിലും അമ്പതിൽ ഒന്നു എടുത്തു യഹോവ മോശെയോടു കല്പിച്ചതുപോലെ യഹോവയുടെ തിരുനിവാസത്തിലെ വേല ചെയ്യുന്ന ലേവ്യർക്കു കൊടുത്തു.
യഹോവ തന്നോടു കൽപ്പിച്ചതുപോലെ മോശ ഇസ്രായേല്യരുടെ ഓഹരിയിൽനിന്നു പകുതി യുദ്ധത്തടവുകാർ, മൃഗങ്ങൾ എന്നിവയിൽ അൻപതിന് ഒന്നുവീതം സമാഗമകൂടാരത്തിൽ ശുശ്രൂഷിച്ചിരുന്ന ലേവ്യർക്കു കൊടുത്തു.
48 പിന്നെ സൈന്യസഹസ്രങ്ങൾക്കു നായകന്മാരായ സഹസ്രാധിപന്മാരും ശതാധിപന്മാരും മോശെയുടെ അടുക്കൽ വന്നു മോശെയോടു:
ഇതിനുശേഷം സൈന്യവിഭാഗങ്ങളുടെമേൽ നിയമിക്കപ്പെട്ടിരുന്ന സഹസ്രാധിപന്മാരും ശതാധിപന്മാരുമായ സൈന്യാധിപന്മാർ മോശയുടെ അടുക്കൽ ചെന്ന്
49 അടിയങ്ങൾ അടിയങ്ങളുടെ കീഴുള്ള യോദ്ധാക്കളുടെ തുക നോക്കി, ഒരുത്തനും കുറഞ്ഞു പോയിട്ടില്ല.
അദ്ദേഹത്തോടു പറഞ്ഞു: “അങ്ങയുടെ ആജ്ഞാനുസരണം അങ്ങയുടെ ദാസന്മാർ പടയാളികളെ എണ്ണി. ഒരുവൻപോലും നഷ്ടപ്പെട്ടിട്ടില്ല.
50 അതുകൊണ്ടു ഞങ്ങൾക്കു ഓരോരുത്തന്നു കിട്ടിയ പൊന്നാഭരണങ്ങളായ മാല, കൈവള, മോതിരം, കുണുക്കു, കടകം എന്നിവ യഹോവയുടെ സന്നിധിയിൽ ഞങ്ങൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിന്നു ഞങ്ങൾ യഹോവെക്കു വഴിപാടായി കൊണ്ടുവന്നിരിക്കുന്നു എന്നു പറഞ്ഞു.
അതുകൊണ്ട് ഞങ്ങൾക്കുവേണ്ടി യഹോവയുടെമുമ്പാകെ പ്രായശ്ചിത്തം ചെയ്യാൻ ഞങ്ങൾക്ക് ഓരോരുത്തർക്കും ലഭിച്ച സ്വർണ ഉരുപ്പടികളായ തോൾവള, കൈവള, മോതിരം, കുണുക്ക്, മാല എന്നിവ യഹോവയ്ക്ക് ഒരു കാഴ്ചയായിക്കൊണ്ടുവന്നിരിക്കുന്നു.”
51 മോശെയും പുരോഹിതനായ എലെയാസാരും വിചിത്രപ്പണിയുള്ള ആഭരണങ്ങളായ പൊന്നു അവരോടു വാങ്ങി.
മോശയും പുരോഹിതനായ എലെയാസാരും അവരിൽനിന്ന് കൈപ്പണിയായി നിർമിച്ച ആ സ്വർണ ഉരുപ്പടികൾ സ്വീകരിച്ചു.
52 സഹസ്രാധിപന്മാരും ശതാധിപന്മാരും യഹോവെക്കു ഉദർച്ചാർപ്പണം ചെയ്ത പൊന്നു എല്ലാംകൂടെ പതിനാറായിരത്തെഴുനൂറ്റമ്പതു ശേക്കെൽ ആയിരുന്നു.
സഹസ്രാധിപന്മാരിലും ശതാധിപന്മാരിലുംനിന്ന് അവർ യഹോവയ്ക്കു കാഴ്ചയായി അർപ്പിച്ച സ്വർണം ആകെ 16,750 ശേക്കേൽ ആയിരുന്നു.
53 യോദ്ധാക്കളിൽ ഒരോരുത്തന്നും താന്താന്നു വേണ്ടി കൊള്ളയിട്ടു എടുത്തിട്ടുണ്ടായിരുന്നു.
ഓരോ പടയാളിയും തനിക്കുവേണ്ടി കൊള്ളമുതൽ എടുത്തിരുന്നു.
54 മോശെയും പുരോഹിതനായ എലെയാസാരും സഹാസ്രാധിപന്മാരോടും ശതാധിപന്മാരോടും ആ പൊന്നു വാങ്ങി യഹോവയുടെ സന്നിധിയിൽ യിസ്രായേൽമക്കളുടെ ഓർമ്മെക്കായി സമാഗമനകൂടാരത്തിൽ കൊണ്ടുപോയി.
മോശയും പുരോഹിതനായ എലെയാസാരും സഹസ്രാധിപന്മാരിൽനിന്നും ശതാധിപന്മാരിൽനിന്നും സ്വർണം സ്വീകരിച്ച് യഹോവയുടെമുമ്പാകെ ഇസ്രായേല്യർക്ക് ഒരു സ്മാരകമായി സമാഗമകൂടാരത്തിൽ കൊണ്ടുവന്നു.