< സംഖ്യാപുസ്തകം 13 >

1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
യഹോവ മോശെയോട് അരുളിച്ചെയ്തത്:
2 യിസ്രായേൽമക്കൾക്കു ഞാൻ കൊടുപ്പാനിരിക്കുന്ന കനാൻദേശം ഒറ്റുനോക്കേണ്ടതിന്നു ആളുകളെ അയക്ക; അതതു ഗോത്രത്തിൽനിന്നു ഓരോ ആളെ അയക്കേണം; അവരെല്ലാവരും പ്രഭുക്കന്മാരായിരിക്കേണം.
“യിസ്രായേൽ മക്കൾക്ക് ഞാൻ കൊടുക്കുവാനിരിക്കുന്ന കനാൻദേശം ഒറ്റുനോക്കേണ്ടതിന്, ഓരോ ഗോത്രത്തിൽനിന്ന് പ്രഭുക്കന്മാരായ ഓരോ ആളിനെ വീതം അയയ്ക്കണം”.
3 അങ്ങനെ മോശെ യഹോവയുടെ കല്പനപ്രകാരം പാരാൻമരുഭൂമിയിൽനിന്നു അവരെ അയച്ചു; ആ പുരുഷന്മാർ ഒക്കെയും യിസ്രായേൽമക്കളിൽ തലവന്മാർ ആയിരുന്നു.
അങ്ങനെ മോശെ യഹോവ കല്പിച്ചപ്രകാരം പാരാൻമരുഭൂമിയിൽനിന്ന് അവരെ അയച്ചു; ആ പുരുഷന്മാർ യിസ്രായേൽ മക്കളിൽ തലവന്മാർ ആയിരുന്നു.
4 അവരുടെ പേർ ആവിതു: രൂബേൻ ഗോത്രത്തിൽ സക്കൂറിന്റെ മകൻ ശമ്മൂവ.
അവരുടെ പേരുകൾ ഇവയാണ്: രൂബേൻ ഗോത്രത്തിൽ സക്കൂറിന്റെ മകൻ ശമ്മൂവ.
5 ശിമേയോൻ ഗോത്രത്തിൽ ഹോരിയുടെ മകൻ ശഫാത്ത്.
ശിമെയോൻ ഗോത്രത്തിൽ ഹോരിയുടെ മകൻ ശാഫാത്ത്.
6 യെഹൂദാഗോത്രത്തിൽ യെഫുന്നയുടെ മകൻ കാലേബ്.
യെഹൂദാഗോത്രത്തിൽ യെഫുന്നെയുടെ മകൻ കാലേബ്.
7 യിസ്സാഖാർഗോത്രത്തിൽ യോസേഫിന്റെ മകൻ ഈഗാൽ.
യിസ്സാഖാർ ഗോത്രത്തിൽ യോസേഫിന്റെ മകൻ ഈഗാൽ.
8 എഫ്രയീംഗോത്രത്തിൽ നൂന്റെ മകൻ ഹോശേയ.
എഫ്രയീംഗോത്രത്തിൽ നൂന്റെ മകൻ ഹോശേയ.
9 ബെന്യാമീൻഗോത്രത്തിൽ രാഫൂവിന്റെ മകൻ പൽതി.
ബെന്യാമീൻ ഗോത്രത്തിൽ രാഫൂവിന്റെ മകൻ പൽതി.
10 സെബൂലൂൻഗോത്രത്തിൽ സോദിയുടെ മകൻ ഗദ്ദീയേൽ
൧൦സെബൂലൂൻഗോത്രത്തിൽ സോദിയുടെ മകൻ ഗദ്ദീയേൽ
11 യോസേഫിന്റെ ഗോത്രമായ മനശ്ശെഗോത്രത്തിൽ സൂസിയുടെ മകൻ ഗദ്ദി.
൧൧യോസേഫിന്റെ ഗോത്രമായ മനശ്ശെഗോത്രത്തിൽ സൂസിയുടെ മകൻ ഗദ്ദി.
12 ദാൻഗോത്രത്തിൽ ഗെമല്ലിയുടെ മകൻ അമ്മീയേൽ.
൧൨ദാൻഗോത്രത്തിൽ ഗെമല്ലിയുടെ മകൻ അമ്മീയേൽ.
13 ആശേർഗോത്രത്തിൽ മിഖായേലിന്റെ മകൻ സെഥൂർ.
൧൩ആശേർ ഗോത്രത്തിൽ മിഖായേലിന്റെ മകൻ സെഥൂർ.
14 നഫ്താലിഗോത്രത്തിൽ വൊപ്സിയുടെ മകൻ നഹ്ബി.
൧൪നഫ്താലിഗോത്രത്തിൽ വൊപ്സിയുടെ മകൻ നഹ്ബി.
15 ഗാദ്ഗോത്രത്തിൽ മാഖിയുടെ മകൻ ഗയൂവേൽ.
൧൫ഗാദ്ഗോത്രത്തിൽ മാഖിയുടെ മകൻ ഗയൂവേൽ.
16 ദേശം ഒറ്റുനോക്കുവാൻ മോശെ അയച്ച പുരുഷന്മാരുടെ പേർ ഇവ തന്നേ. എന്നാൽ മോശെ നൂന്റെ മകനായ ഹോശേയെക്കു യോശുവ എന്നു പേരിട്ടു.
൧൬ദേശം ഒറ്റുനോക്കുവാൻ മോശെ അയച്ച പുരുഷന്മാരുടെ പേരുകൾ ഇവ ആകുന്നു. എന്നാൽ മോശെ നൂന്റെ മകനായ ഹോശേയെക്ക് യോശുവ എന്ന് പേരിട്ടു.
17 മോശെ കനാൻദേശം ഒറ്റുനോക്കുവാൻ അവരെ അയച്ചു അവരോടു: നിങ്ങൾ ഈ വഴി തെക്കെ ദേശത്തു ചെന്നു മലയിൽ കയറി:
൧൭കനാൻദേശം ഒറ്റുനോക്കുവാൻ അയച്ചപ്പോൾ മോശെ അവരോട്: “നിങ്ങൾ ഈ വഴി തെക്കെ ദേശത്ത് ചെന്ന് മലയിൽ കയറുക;
18 ദേശം ഏതുവിധമുള്ളതു, അതിൽ കുടിയിരിക്കുന്ന ജനം ബലവാന്മാരോ ബലഹീനരോ, ചുരുക്കമോ അധികമോ;
൧൮ദേശം ഏതുവിധമുള്ളത് എന്നും, അതിൽ കുടിയിരിക്കുന്ന ജനം ബലവാന്മാരോ ബലഹീനരോ, ചുരുക്കമോ അധികമോ;
19 അവർ പാർക്കുന്ന ദേശം നല്ലതോ ആകാത്തതോ, അവർ വസിക്കുന്ന പട്ടണങ്ങൾ പാളയങ്ങളോ കോട്ടകളോ,
൧൯അവർ പാർക്കുന്ന ദേശം നല്ലതോ ആകാത്തതോ, അവർ വസിക്കുന്ന പട്ടണങ്ങൾ പാളയങ്ങളോ കോട്ടകളോ,
20 ദേശം പുഷ്ടിയുള്ളതോ പുഷ്ടിയില്ലാത്തതോ, അതിൽ വൃക്ഷം ഉണ്ടോ ഇല്ലയോ എന്നിങ്ങനെ നോക്കിയറിവിൻ; നിങ്ങൾ ധൈര്യപ്പെട്ടു ദേശത്തിലെ ഫലങ്ങളും കൊണ്ടുവരുവിൻ എന്നു പറഞ്ഞു. അതു മുന്തിരിങ്ങ പഴുത്തു തുടങ്ങുന്ന കാലം ആയിരുന്നു.
൨൦പുഷ്ടിയുള്ളതോ പുഷ്ടിയില്ലാത്തതോ; അതിൽ വൃക്ഷം ഉണ്ടോ ഇല്ലയോ എന്നിങ്ങനെ നോക്കി അറിയുവിൻ; നിങ്ങൾ ധൈര്യപ്പെട്ട് ദേശത്തിലെ ഫലങ്ങളും കൊണ്ടുവരുവിൻ” എന്ന് പറഞ്ഞു. അത് മുന്തിരിങ്ങ പഴുത്തുതുടങ്ങുന്ന കാലം ആയിരുന്നു.
21 അങ്ങനെ അവർ കയറിപ്പോയി, സീൻമരുഭൂമിമുതൽ ഹാമാത്തിന്നുപോകുന്ന വഴിയായി രഹോബ് വരെ ദേശത്തെ ശോധനചെയ്തു.
൨൧അങ്ങനെ അവർ കയറിപ്പോയി, സീൻമരുഭൂമിമുതൽ ഹമാത്തിനുപോകുന്ന വഴിയായി രഹോബ് വരെ ദേശത്തെ ഒറ്റുനോക്കി.
22 അവർ തെക്കെദേശത്തുകൂടി ചെന്നു ഹെബ്രോനിൽ എത്തി; അവിടെ അനാക്കിന്റെ പുത്രന്മാരായ അഹീമാനും ശേശായിയും തൽമായിയും ഉണ്ടായിരുന്നു; ഹെബ്രോൻ മിസ്രയീമിലെ സോവാരിന്നു ഏഴു സംവത്സരം മുമ്പെ പണിതതായിരുന്നു.
൨൨അവർ തെക്കെദേശത്തുകൂടി ചെന്ന് ഹെബ്രോനിൽ എത്തി; അവിടെ അനാക്കിന്റെ പുത്രന്മാരായ അഹീമാനും ശേശായിയും തൽമായിയും ഉണ്ടായിരുന്നു; ഹെബ്രോൻ ഈജിപ്റ്റിലെ സോവാരിന് ഏഴ് സംവത്സരം മുമ്പ് പണിതതായിരുന്നു.
23 അവർ എസ്കോൽതാഴ്‌വരയോളം ചെന്നു അവിടെനിന്നു ഒരു മുന്തിരിവള്ളി കുലയോടെ പറിച്ചെടുത്തു ഒരു തണ്ടിന്മേൽ കെട്ടി രണ്ടുപേർകൂടി ചുമന്നു; അവർ മാതളപ്പഴവും അത്തിപ്പഴവും കൂടെ കൊണ്ടുപോന്നു.
൨൩അവർ എസ്കോൽതാഴ്വരയോളം ചെന്ന് അവിടെനിന്ന് ഒരു മുന്തിരിവള്ളി കുലയോടുകൂടി പറിച്ചെടുത്ത് ഒരു തണ്ടിന്മേൽ കെട്ടി രണ്ടുപേർകൂടി ചുമന്നു; അവർ മാതളപ്പഴവും അത്തിപ്പഴവും കൂടെ കൊണ്ടുപോന്നു.
24 യിസ്രായേൽമക്കൾ അവിടെനിന്നു മുറിച്ചെടുത്ത മുന്തിരിക്കുലനിമിത്തം ആ സ്ഥലത്തിന്നു എസ്കോൽതാഴ്‌വര എന്നു പേരായി.
൨൪യിസ്രായേൽ മക്കൾ അവിടെനിന്ന് മുറിച്ചെടുത്ത മുന്തിരിക്കുലനിമിത്തം ആ സ്ഥലത്തിന് എസ്കോൽതാഴ്വര എന്ന് പേരായി.
25 അവർ നാല്പതു ദിവസംകൊണ്ടു ദേശം ഒറ്റുനോക്കിക്കഴിഞ്ഞു മടങ്ങിവന്നു.
൨൫അവർ നാല്പത് ദിവസംകൊണ്ട് ദേശം ഒറ്റുനോക്കിക്കഴിഞ്ഞ് മടങ്ങിവന്നു.
26 അവർ യാത്രചെയ്തു പാറാൻമരുഭൂമിയിലെ കാദേശിൽ മോശെയുടെയും അഹരോന്റെയും യിസ്രായേൽമക്കളുടെ സർവ്വസഭയുടെയും അടുക്കൽ വന്നു അവരോടും സർവ്വസഭയോടും വർത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു.
൨൬അവർ യാത്രചെയ്ത് പാരാൻ മരുഭൂമിയിലെ കാദേശിൽ മോശെയുടെയും അഹരോന്റെയും യിസ്രായേൽ മക്കളുടെ സർവ്വസഭയുടെയും അടുക്കൽവന്ന് അവരോടും സർവ്വസഭയോടും വർത്തമാനം അറിയിച്ചു; ദേശത്തിലെ ഫലങ്ങളും അവരെ കാണിച്ചു.
27 അവർ അവനോടു വിവരിച്ചു പറഞ്ഞതെന്തെന്നാൽ: നീ ഞങ്ങളെ അയച്ച ദേശത്തേക്കു ഞങ്ങൾ പോയി; അതു പാലും തേനും ഒഴുകുന്ന ദേശം തന്നേ; അതിലെ ഫലങ്ങൾ ഇതാ.
൨൭അവർ അവനോട് വിവരിച്ചു പറഞ്ഞതെന്തെന്നാൽ: “നീ ഞങ്ങളെ അയച്ച ദേശത്തേക്ക് ഞങ്ങൾ പോയി; അത് പാലും തേനും ഒഴുകുന്ന ദേശം തന്നെ; ഇതാ അതിലെ ഫലങ്ങൾ.
28 എങ്കിലും ദേശത്തു പാർക്കുന്ന ജനങ്ങൾ ബലവാന്മാരും പട്ടണങ്ങൾ ഏറ്റവും ഉറപ്പും വലിപ്പവും ഉള്ളവയും ആകുന്നു. ഞങ്ങൾ അനാക്കിന്റെ പുത്രന്മാരെയും അവിടെ കണ്ടു.
൨൮എങ്കിലും ദേശത്ത് പാർക്കുന്ന ജനങ്ങൾ ബലവാന്മാരും പട്ടണങ്ങൾ ഏറ്റവും ഉറപ്പും വലുപ്പവും ഉള്ളവയും ആകുന്നു. ഞങ്ങൾ അനാക്കിന്റെ പുത്രന്മാരെയും അവിടെ കണ്ടു.
29 അമാലേക്യർ തെക്കെ ദേശത്തു പാർക്കുന്നു; ഹിത്യരും യെബൂസ്യരും അമോര്യരും പർവ്വതങ്ങളിൽ പാർക്കുന്നു; കനാന്യർ കടൽക്കരയിലും യോർദ്ദാൻനദീതീരത്തും പാർക്കുന്നു.
൨൯അമാലേക്യർ തെക്കെ ദേശത്ത് വസിക്കുന്നു; ഹിത്യരും യെബൂസ്യരും അമോര്യരും പർവ്വതങ്ങളിൽ താമസിക്കുന്നു; കനാന്യർ കടൽക്കരയിലും യോർദ്ദാൻനദീതീരത്തും പാർക്കുന്നു”.
30 എന്നാൽ കാലേബ് മോശെയുടെ മുമ്പാകെ ജനത്തെ അമർത്തി: നാം ചെന്നു അതു കൈവശമാക്കുക; അതു ജയിപ്പാൻ നമുക്കു കഴിയും എന്നു പറഞ്ഞു.
൩൦എന്നാൽ കാലേബ് മോശെയുടെ മുമ്പാകെ ജനത്തെ നിശ്ശബ്ദരാക്കി: “നാം ചെന്ന് അത് കൈവശമാക്കുക; അത് ജയിക്കുവാൻ നമുക്കു കഴിയും” എന്ന് പറഞ്ഞു.
31 എങ്കിലും അവനോടുകൂടെ പോയിരുന്ന പുരുഷന്മാർ: ആ ജനത്തിന്റെ നേരെ ചെല്ലുവാൻ നമുക്കു കഴികയില്ല; അവർ നമ്മിലും ബലവാന്മാർ ആകുന്നു എന്നു പറഞ്ഞു.
൩൧എങ്കിലും അവനോടുകൂടി പോയ പുരുഷന്മാർ: “ആ ജനത്തിന്റെ നേരെ ചെല്ലുവാൻ നമുക്ക് കഴിയുകയില്ല; അവർ നമ്മിലും ബലവാന്മാർ ആകുന്നു” എന്ന് പറഞ്ഞു.
32 തങ്ങൾ ഒറ്റുനോക്കിയ ദേശത്തെക്കുറിച്ചു അവർ യിസ്രായേൽമക്കളോടു ദുർവ്വർത്തമാനമായി പറഞ്ഞതെന്തെന്നാൽ: ഞങ്ങൾ സഞ്ചരിച്ചു ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങൾ അവിടെ കണ്ട ജനം ഒക്കെയും അതികായന്മാർ;
൩൨അവർ ഒറ്റുനോക്കിയ ദേശത്തെക്കുറിച്ച് അവർ യിസ്രായേൽ മക്കൾക്ക് തെറ്റായ വിവരണം നൽകി: “ഞങ്ങൾ സഞ്ചരിച്ച് ഒറ്റുനോക്കിയ ദേശം നിവാസികളെ തിന്നുകളയുന്ന ദേശം ആകുന്നു; ഞങ്ങൾ അവിടെ കണ്ട സകലജനവും അതികായന്മാർ;
33 അവിടെ ഞങ്ങൾ മല്ലന്മാരുടെ സന്തികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങൾക്കു തന്നേ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചെക്കും ഞങ്ങൾ അങ്ങനെതന്നേ ആയിരുന്നു.
൩൩അവിടെ ഞങ്ങൾ മല്ലന്മാരുടെ സന്തതികളായ അനാക്യമല്ലന്മാരെയും കണ്ടു; ഞങ്ങൾക്ക് തന്നെ ഞങ്ങൾ വെട്ടുക്കിളികളെപ്പോലെ തോന്നി; അവരുടെ കാഴ്ചയ്ക്കും ഞങ്ങൾ അങ്ങനെ തന്നെ ആയിരുന്നു.

< സംഖ്യാപുസ്തകം 13 >