< മത്തായി 12 >

1 ആ കാലത്തു യേശു ശബ്ബത്തിൽ വിളഭൂമിയിൽകൂടി കടന്നുപോയി; അവന്റെ ശിഷ്യന്മാർ വിശന്നിട്ടു കതിർ പറിച്ചു തിന്നുതുടങ്ങി 2 പരീശർ അതു കണ്ടിട്ടു: ഇതാ, ശബ്ബത്തിൽ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാർ ചെയ്യുന്നു എന്നു അവനോടു പറഞ്ഞു. 3 അവൻ അവരോടു പറഞ്ഞതു: ദാവീദ് തനിക്കും കൂടെയുള്ളവർക്കും 4 വിശന്നപ്പോൾ ചെയ്തതു എന്തു? അവൻ ദൈവാലയത്തിൽ ചെന്നു, പുരോഹിതന്മാർക്കു മാത്രമല്ലാതെ തനിക്കും കൂടെയുള്ളവർക്കും തിന്മാൻ വിഹിതമല്ലാത്ത കാഴ്ചയപ്പം തിന്നു എന്നു നിങ്ങൾ വായിച്ചിട്ടില്ലയോ? 5 അല്ല, ശബ്ബത്തിൽ പുരോഹിതന്മാർ ദൈവാലയത്തിൽവെച്ചു ശബ്ബത്തിനെ ലംഘിക്കുന്നു എങ്കിലും കുറ്റമില്ലാതെ ഇരിക്കുന്നു എന്നു ന്യായപ്രമാണത്തിൽ വായിച്ചിട്ടില്ലയോ? 6 എന്നാൽ ദൈവാലയത്തെക്കാൾ വലിയവൻ ഇവിടെ ഉണ്ടു എന്നു ഞാൻ നിങ്ങളോടു പറയുന്നു. 7 യാഗത്തിലല്ല, കരുണയിൽ അത്രേ, ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു നിങ്ങൾ അറിഞ്ഞിരുന്നു എങ്കിൽ കുറ്റമില്ലാത്തവരെ കുറ്റം വിധിക്കയില്ലായിരുന്നു. 8 മനുഷ്യപുത്രനോ ശബ്ബത്തിന്നു കർത്താവാകുന്നു. 9 അവൻ അവിടം വിട്ടു അവരുടെ പള്ളിയിൽ ചെന്നപ്പോൾ, കൈ വരണ്ട ഒരു മനുഷ്യനെ കണ്ടു. 10 അവർ അവനിൽ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തിൽ സൗഖ്യമാക്കുന്നതു വിഹിതമോ എന്നു അവനോടു ചോദിച്ചു. 11 അവൻ അവരോടു: നിങ്ങളിൽ ഒരുത്തന്നു ഒരു ആടുണ്ടു എന്നിരിക്കട്ടെ; അതു ശബ്ബത്തിൽ കുഴിയിൽ വീണാൽ അവൻ അതിനെ പിടിച്ചു കയറ്റുകയില്ലയോ? 12 എന്നാൽ മനുഷ്യൻ ആടിനെക്കാൾ എത്ര വിശേഷതയുള്ളവൻ. ആകയാൽ ശബ്ബത്തിൽ നന്മ ചെയ്യുന്നതു വിഹിതം തന്നേ എന്നു പറഞ്ഞു. 13 പിന്നെ ആ മനുഷ്യനോടു: കൈ നീട്ടുക എന്നു പറഞ്ഞു; അവൻ നീട്ടി, അതു മറ്റേതുപോലെ സൗഖ്യമായി. 14 പരീശന്മാരോ പുറപ്പെട്ടു അവനെ നശിപ്പിപ്പാൻ വേണ്ടി അവന്നു വിരോധമായി തമ്മിൽ ആലോചിച്ചു. 15 യേശു അതു അറിഞ്ഞിട്ടു അവിടം വിട്ടുപോയി, വളരെ പേർ അവന്റെ പിന്നാലെ ചെന്നു; അവൻ അവരെ ഒക്കെയും സൗഖ്യമാക്കി, 16 തന്നെ പ്രസിദ്ധമാക്കരുതു എന്നു അവരോടു ആജ്ഞാപിച്ചു. 17 “ഇതാ, ഞാൻ തിരഞ്ഞെടുത്ത എന്റെ ദാസൻ, എന്റെ ഉള്ളം പ്രസാദിക്കുന്ന എന്റെ പ്രിയൻ; ഞാൻ എന്റെ ആത്മാവിനെ അവന്റെമേൽ വെക്കും; അവൻ ജാതികൾക്കു ന്യായവിധി അറിയിക്കും. 18 അവൻ കലഹിക്കയില്ല, നിലവിളിക്കയില്ല; ആരും തെരുക്കളിൽ അവന്റെ ശബ്ദം കേൾക്കയുമില്ല. 19 ചതഞ്ഞ ഓട അവൻ ഒടിച്ചുകളകയില്ല; പുകയുന്ന തിരി കെടുത്തുകളകയില്ല; അവൻ ന്യായവിധി ജയത്തോളം നടത്തും. 20 അവന്റെ നാമത്തിൽ ജാതികൾ പ്രത്യാശവെക്കും” 21 എന്നിങ്ങനെ യെശയ്യാപ്രവാചകന്മുഖാന്തരം അരുളിച്ചെയ്തതു നിവൃത്തി ആകുവാൻ സംഗതിവന്നു. 22 അനന്തരം ചിലർ കുരുടനും ഊമനുമായോരു ഭൂതഗ്രസ്തനെ അവന്റെ അടുക്കൽ കൊണ്ടുവന്നു; ഊമൻ സംസാരിക്കയും കാൺകയും ചെയ്‌വാൻ തക്കവണ്ണം അവൻ അവനെ സൗഖ്യമാക്കി. 23 പുരുഷാരം ഒക്കെയും വിസ്മയിച്ചു: ഇവൻ ദാവീദ്പുത്രൻ തന്നേയോ എന്നു പറഞ്ഞു. 24 അതു കേട്ടിട്ടു പരീശന്മാർ: ഇവൻ ഭൂതങ്ങളുടെ തലവനായ ബെയെത്സെബൂലിനെക്കൊണ്ടല്ലാതെ ഭൂതങ്ങളെ പുറത്താക്കുന്നില്ല എന്നു പറഞ്ഞു. 25 അവൻ അവരുടെ നിരൂപണം അറിഞ്ഞു അവരോടു പറഞ്ഞതു: ഒരു രാജ്യം തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ ശൂന്യമാകും; 26 ഒരു പട്ടണമോ ഗൃഹമോ തന്നിൽ തന്നേ ഛിദ്രിച്ചു എങ്കിൽ നിലനില്ക്കയില്ല. സാത്താൻ സാത്താനെ പുറത്താക്കുന്നുവെങ്കിൽ അവൻ തന്നിൽ തന്നേ ഛിദ്രിച്ചു പോയല്ലോ; പിന്നെ അവന്റെ രാജ്യം എങ്ങനെ നിലനില്ക്കും? 27 ഞാൻ ബെയെത്സെബൂലിനെക്കൊണ്ടു ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിൽ, നിങ്ങളുടെ മക്കൾ ആരെക്കൊണ്ടു പുറത്താക്കുന്നു? അതുകൊണ്ടു അവർ നിങ്ങൾക്കു ന്യായാധിപന്മാർ ആകും. 28 ദൈവാത്മാവിനാൽ ഞാൻ ഭൂതങ്ങളെ പുറത്താക്കുന്നു എങ്കിലോ ദൈവരാജ്യം നിങ്ങളുടെ അടുക്കൽ വന്നെത്തിയിരിക്കുന്നു സ്പഷ്ടം. 29 ബലവാനെ പിടിച്ചു കെട്ടീട്ടല്ലാതെ ബലവാന്റെ വീട്ടിൽ കടന്നു അവന്റെ കോപ്പു കവർന്നുകളവാൻ എങ്ങനെ കഴിയും? പിടിച്ചുകെട്ടിയാൽ പിന്നെ അവന്റെ വീടു കവർച്ച ചെയ്യാം. 30 എനിക്കു അനുകൂലമല്ലാത്തവൻ എനിക്കു പ്രതികൂലം ആകുന്നു; എന്നോടുകൂടെ ചേർക്കാത്തവൻ ചിതറിക്കുന്നു. 31 അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല. 32 ആരെങ്കിലും മനുഷ്യപുത്രന്നു നേരെ ഒരു വാക്കു പറഞ്ഞാൽ അതു അവനോടു ക്ഷമിക്കും; പരിശുദ്ധാത്മാവിന്നു നേരെ പറഞ്ഞാലോ ഈ ലോകത്തിലും വരുവാനുള്ളതിലും അവനോടു ക്ഷമിക്കയില്ല. (aiōn g165) 33 ഒന്നുകിൽ വൃക്ഷം നല്ലതു, ഫലവും നല്ലതു എന്നു വെപ്പിൻ; അല്ലായ്കിൽ വൃക്ഷം ചീത്ത, ഫലവും ചീത്ത എന്നു വെപ്പിൻ; ഫലം കൊണ്ടല്ലോ വൃക്ഷം അറിയുന്നതു. 34 സർപ്പസന്തതികളെ, നിങ്ങൾ ദുഷ്ടരായിരിക്കെ നല്ലതു സംസാരിപ്പാൻ എങ്ങനെ കഴിയും? ഹൃദയം നിറഞ്ഞു കവിയുന്നതിൽ നിന്നല്ലോ വായ് സംസാരിക്കുന്നതു. 35 നല്ല മനുഷ്യൻ തന്റെ നല്ല നിക്ഷേപത്തിൽനിന്നു നല്ലതു പുറപ്പെടുവിക്കുന്നു; ദുഷ്ടമനുഷ്യൻ ദുർന്നിക്ഷേപത്തിൽനിന്നു തീയതു പുറപ്പെടുവിക്കുന്നു. 36 എന്നാൽ മനുഷ്യർ പറയുന്ന ഏതു നിസ്സാരവാക്കിന്നും ന്യായവിധിദിവസത്തിൽ കണക്കു ബോധിപ്പിക്കേണ്ടിവരും എന്നു ഞാൻ നിങ്ങളോടു പറയുന്നു. 37 നിന്റെ വാക്കുകളാൽ നീ നീതീകരിക്കപ്പെടുകയും നിന്റെ വാക്കുകളാൽ കുറ്റം വിധിക്കപ്പെടുകയും ചെയ്യും. 38 അപ്പോൾ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ അവനോടു: ഗുരോ, നീ ഒരു അടയാളം ചെയ്തുകാണ്മാൻ ഞങ്ങൾ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോടു ഉത്തരം പറഞ്ഞതു: 39 ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല. 40 യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതുപോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും. 41 നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ; ഇതാ, ഇവിടെ യോനയിലും വലിയവൻ. 42 തെക്കെ രാജ്ഞി ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു ഉയിർത്തെഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവൾ ശലോമോന്റെ ജ്ഞാനം കേൾപ്പാൻ ഭൂമിയുടെ അറുതികളിൽ നിന്നു വന്നുവല്ലോ; ഇവിടെ ഇതാ, ശലോമോനിലും വലിയവൻ. 43 അശുദ്ധാത്മാവു ഒരു മനുഷ്യനെ വിട്ടു പുറപ്പെട്ടശേഷം നീരില്ലാത്ത സ്ഥലങ്ങളിൽ കൂടി തണുപ്പു അന്വേഷിച്ചുകൊണ്ടു സഞ്ചരിക്കുന്നു; കണ്ടെത്തുന്നില്ലതാനും. 44 ഞാൻ പുറപ്പെട്ടുപോന്ന എന്റെ വീട്ടിലേക്കു മടങ്ങിച്ചെല്ലും എന്നു അവൻ പറയുന്നു; ഉടനെ വന്നു, അതു ഒഴിഞ്ഞതും അടിച്ചുവാരി അലങ്കരിച്ചതുമായി കാണുന്നു. 45 പിന്നെ അവൻ പുറപ്പെട്ടു, തന്നിലും ദുഷ്ടതയേറിയ വേറെ ഏഴു ആത്മാക്കളെ കൂട്ടിക്കൊണ്ടുവരുന്നു; അവരും അവിടെ കയറി പാർക്കുന്നു; ആ മനുഷ്യന്റെ പിന്നത്തെ സ്ഥിതി മുമ്പിലത്തേതിലും വല്ലാതെ ആകും; ഈ ദുഷ്ടതലമുറെക്കും അങ്ങനെ ഭവിക്കും. 46 അവൻ പുരുഷാരത്തോടു സംസാരിച്ചു കൊണ്ടിരിക്കയിൽ അവന്റെ അമ്മയും സഹോദരന്മാരും അവനോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തു നിന്നു. 47 ഒരുത്തൻ അവനോടു: നിന്റെ അമ്മയും സഹോദരന്മാരും നിന്നോടു സംസാരിപ്പാൻ ആഗ്രഹിച്ചു പുറത്തുനില്ക്കുന്നു എന്നു പറഞ്ഞു. 48 അതു പറഞ്ഞവനോടു അവൻ: എന്റെ അമ്മ ആർ? എന്റെ സഹോദരന്മാർ ആർ? എന്നു ചോദിച്ചു 49 ശിഷ്യന്മാരുടെ നേരെ കൈ നീട്ടി: ഇതാ, എന്റെ അമ്മയും എന്റെ സഹോദരന്മാരും. 50 സ്വർഗ്ഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവൻ എന്റെ സഹോദരനും സഹോദരിയും അമ്മയും ആകുന്നു എന്നു പറഞ്ഞു.

< മത്തായി 12 >