< ലേവ്യപുസ്തകം 12 >
1 യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
യഹോവ മോശയോട് അരുളിച്ചെയ്തു:
2 നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഒരു സ്ത്രീ ഗർഭംധരിച്ചു ആൺകുഞ്ഞിനെ പ്രസവിച്ചാൽ അവൾ ഏഴു ദിവസം അശുദ്ധയായിരിക്കേണം; ഋതുവിന്റെ മാലിന്യകാലത്തെന്നപോലെ അവൾ അശുദ്ധയായിരിക്കേണം.
“ഇസ്രായേൽമക്കളോടു പറയുക: ‘ഗർഭംധരിച്ച് ഒരു മകനെ പ്രസവിക്കുന്ന സ്ത്രീ ആർത്തവകാലത്തെന്നപോലെ ഏഴുദിവസം ആചാരപരമായി അശുദ്ധയായിരിക്കും.
3 എട്ടാം ദിവസം അവന്റെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം.
എട്ടാംദിവസം കുട്ടിയെ പരിച്ഛേദനം ചെയ്യിക്കണം.
4 പിന്നെ അവൾ മുപ്പത്തുമൂന്നു ദിവസം തന്റെ രക്തശുദ്ധീകരണത്തിൽ ഇരിക്കേണം; അവളുടെ ശുദ്ധീകരണകാലം തികയുന്നതുവരെ അവൾ യാതൊരു വിശുദ്ധവസ്തുവും തൊടരുതു; വിശുദ്ധ മന്ദിരത്തിലേക്കു വരികയും അരുതു.
ഇതിനുശേഷം സ്ത്രീ രക്തസ്രാവം നിലച്ചു ശുദ്ധിയായിത്തീരുന്നതിനു മുപ്പത്തിമൂന്നു ദിവസം കാത്തിരിക്കണം. ശുദ്ധീകരണകാലം തീരുന്നതുവരെ അവൾ വിശുദ്ധമായതൊന്നും സ്പർശിക്കരുത്; വിശുദ്ധസ്ഥലത്തു പോകുകയുമരുത്.
5 പെൺകുഞ്ഞിനെ പ്രസവിച്ചാൽ അവൾ രണ്ടു ആഴ്ചവട്ടം ഋതുകാലത്തെന്നപോലെ അശുദ്ധയായിരിക്കേണം; പിന്നെ അറുപത്താറു ദിവസം തന്റെ രക്തശുദ്ധീകരണത്തിൽ ഇരിക്കേണം.
അവൾ ഒരു മകളെയാണു പ്രസവിക്കുന്നതെങ്കിൽ, ആർത്തവകാലത്തെന്നപോലെ രണ്ടാഴ്ച അവൾ അശുദ്ധയായിരിക്കും. പിന്നീട് അവൾ രക്തസ്രാവം നിലച്ചു ശുദ്ധയായിത്തീരുന്നതിന് അറുപത്താറു ദിവസം കാത്തിരിക്കണം.
6 മകന്നു വേണ്ടിയോ മകൾക്കു വേണ്ടിയോ അവളുടെ ശുദ്ധീകരണകാലം തികഞ്ഞശേഷം അവൾ ഒരു വയസ്സുപ്രായമുള്ള ആട്ടിൻകുട്ടിയെ ഹോമയാഗത്തിന്നായിട്ടും ഒരു പ്രാവിൻകുഞ്ഞിനെയോ ഒരു കുറുപ്രാവിനെയോ പാപയാഗത്തിന്നായിട്ടും സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.
“‘മകനോ മകൾക്കോവേണ്ടിയുള്ള അവളുടെ ശുദ്ധീകരണകാലം കഴിയുമ്പോൾ, ഒരുവയസ്സുള്ള ഒരു ആട്ടിൻകുട്ടിയെ ഹോമയാഗത്തിനായും ഒരു പ്രാവിൻകുഞ്ഞിനെയോ കുറുപ്രാവിനെയോ പാപശുദ്ധീകരണയാഗത്തിനായും സമാഗമകൂടാരത്തിന്റെ കവാടത്തിൽ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരണം.
7 അവൻ അതു യഹോവയുടെ സന്നിധിയിൽ അർപ്പിച്ചു പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവളുടെ രക്തസ്രവം നിന്നിട്ടു അവൾ ശുദ്ധയാകും. ഇതു ആൺകുഞ്ഞിനെയോ പെൺകുഞ്ഞിനെയോ പ്രസവിച്ചവൾക്കുള്ള പ്രമാണം.
പുരോഹിതൻ അവ യഹോവയുടെ സന്നിധിയിൽ പ്രായശ്ചിത്തമായി അർപ്പിക്കണം. അപ്പോൾ ആചാരപരമായി അവൾ രക്തസ്രാവത്തിൽനിന്ന് ശുദ്ധയാകും. “‘ആൺകുഞ്ഞിനെയോ പെൺകുഞ്ഞിനെയോ പ്രസവിക്കുന്ന സ്ത്രീക്കുള്ള ചട്ടങ്ങളാണിവ.
8 ആട്ടിൻകുട്ടിക്കു അവളുടെ പക്കൽ വകയില്ല എങ്കിൽ അവൾ രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ ഒന്നിനെ ഹോമയാഗത്തിന്നും മറ്റേതിനെ പാപയാഗത്തിന്നുമായി കൊണ്ടുവരേണം; പുരോഹിതൻ അവൾക്കുവേണ്ടി പ്രായശ്ചിത്തം കഴിക്കേണം; എന്നാൽ അവൾ ശുദ്ധയാകും.
അവൾക്ക് ഒരാട്ടിൻകുട്ടിക്കു വകയില്ലെങ്കിൽ, രണ്ടു കുറുപ്രാവിനെയോ രണ്ടു പ്രാവിൻകുഞ്ഞിനെയോ, ഒന്നു ഹോമയാഗത്തിനും മറ്റേതു പാപശുദ്ധീകരണയാഗത്തിനുമായി കൊണ്ടുവരണം. ഈ വിധം പുരോഹിതൻ അവൾക്കുവേണ്ടി പ്രായശ്ചിത്തം ചെയ്യണം, എന്നാൽ അവൾ ശുദ്ധയാകും.’”