< യോശുവ 14 >
1 കനാൻദേശത്തു യിസ്രായേൽമക്കൾക്കു അവകാശമായി ലഭിച്ച ദേശങ്ങൾ ആവിതു: പുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേൽഗോത്രപിതാക്കന്മാരിൽ തലവന്മാരും ഇവ അവർക്കു വിഭാഗിച്ചുകൊടുത്തു.
കനാൻദേശത്ത് ഇസ്രായേൽമക്കൾക്കു ലഭിച്ച അവകാശഭൂമി ഇതാണ്: എലെയാസാർ പുരോഹിതനും നൂന്റെ മകനായ യോശുവയും ഇസ്രായേൽഗോത്രത്തലവന്മാരും ചേർന്ന് അവർക്കു വിഭജിച്ചുകൊടുത്തു.
2 യഹോവ മോശെമുഖാന്തരം കല്പിച്ചതുപോലെ ഒമ്പതര ഗോത്രങ്ങൾക്കും ചീട്ടിട്ടായിരുന്നു അവകാശം ഭാഗിച്ചുകൊടുത്തതു.
യഹോവ മോശയിൽക്കൂടി കൽപ്പിച്ചതുപോലെ ഒൻപതരഗോത്രങ്ങൾക്ക് ഓഹരി ഭാഗിച്ചുകൊടുത്തത് നറുക്കിട്ടായിരുന്നു.
3 രണ്ടര ഗോത്രങ്ങൾക്കു മോശെ യോർദ്ദാന്നക്കരെ അവകാശം കൊടുത്തിരുന്നു; ലേവ്യർക്കോ അവരുടെ ഇടയിൽ ഒരു അവകാശവും കൊടുത്തില്ല.
രണ്ടര ഗോത്രങ്ങൾക്കു മോശ യോർദാനു കിഴക്ക് അവരുടെ ഓഹരി കൊടുത്തിരുന്നു. എന്നാൽ ലേവ്യർക്കു മറ്റുള്ളവരുടെ ഇടയിൽ ഓഹരി കൊടുത്തില്ല;
4 യോസേഫിന്റെ മക്കൾ മനശ്ശെ, എഫ്രയീം എന്നു രണ്ടു ഗോത്രം ആയിരുന്നു. ലേവ്യർക്കു പാർപ്പാൻ പട്ടണങ്ങളും അവരുടെ കന്നുകാലികൾക്കും മൃഗസമ്പത്തിന്നും വേണ്ടി പുല്പുറങ്ങളും അല്ലാതെ ദേശത്തിൽ ഓഹരിയൊന്നും കൊടുത്തില്ല.
യോസേഫിന്റെ മക്കൾ മനശ്ശെ, എഫ്രയീം എന്ന രണ്ടു ഗോത്രങ്ങളായിത്തീർന്നിരുന്നു. ലേവ്യർക്കു ദേശത്തിന്റെ ഓഹരി ലഭിച്ചില്ല; എന്നാൽ താമസിക്കുന്നതിനു പട്ടണങ്ങളും, ആടുമാടുകൾക്കും മൃഗസമ്പത്തിനും പുൽമേടുകളും ലഭിച്ചിരുന്നു.
5 യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ യിസ്രായേൽമക്കൾ അനുസരിച്ചു ദേശം വിഭാഗിച്ചു.
യഹോവ മോശയോടു കൽപ്പിച്ചതുപോലെ ഇസ്രായേൽമക്കൾ ദേശം വിഭജിച്ചു.
6 അനന്തരം യെഹൂദാമക്കൾ ഗില്ഗാലിൽ യോശുവയുടെ അടുക്കൽ വന്നു; കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബ് അവനോടു പറഞ്ഞതു: യഹോവ എന്നെയും നിന്നെയും കുറിച്ചു ദൈവപുരുഷനായ മോശെയോടു കാദേശ്ബർന്നേയയിൽവെച്ചു പറഞ്ഞ കാര്യം നീ അറിയുന്നുവല്ലോ.
ഇതിനുശേഷം യെഹൂദയുടെ മക്കൾ ഗിൽഗാലിൽ യോശുവയുടെ അടുക്കൽവന്നു; കെനിസ്യനായ യെഫുന്നയുടെ മകൻ കാലേബ് അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: “യഹോവ ദൈവപുരുഷനായ മോശയോട് എന്നെയും നിന്നെയുംകുറിച്ച് കാദേശ്-ബർന്നേയയിൽവെച്ചു പറഞ്ഞകാര്യം നിനക്ക് അറിയാമല്ലോ.
7 യഹോവയുടെ ദാസനായ മോശെ കാദേശ്ബർന്നേയയിൽനിന്നു ദേശത്തെ ഒറ്റുനോക്കുവാൻ എന്നെ അയച്ചപ്പോൾ എനിക്കു നാല്പതു വയസ്സായിരുന്നു; ഞാൻ വന്നു എന്റെ മനോബോധപ്രകാരം അവനോടു മറുപടി പറഞ്ഞു.
യഹോവയുടെ ദാസനായ മോശ കാദേശ്-ബർന്നേയയിൽനിന്ന് എന്നെ ദേശം പര്യവേക്ഷണംചെയ്യാൻ അയയ്ക്കുമ്പോൾ എനിക്കു നാൽപ്പതുവയസ്സായിരുന്നു. ഞാൻ തിരികെവന്ന് സത്യസന്ധമായ ഒരു വിവരണം അദ്ദേഹത്തിനു നൽകി.
8 എന്നോടുകൂടെ പോന്നിരുന്ന സഹോദരന്മാർ ജനത്തിന്റെ ഹൃദയം ഉരുകുമാറാക്കി; ഞാനോ എന്റെ ദൈവമായ യഹോവയോടു പൂർണ്ണമായി പറ്റിനിന്നു.
എന്നാൽ എന്നോടുകൂടി പോന്ന എന്റെ സഹോദരന്മാർ, ജനഹൃദയം ഭയംകൊണ്ട് ഉരുകുമാറാക്കി. ഞാനോ, എന്റെ ദൈവമായ യഹോവയെ പൂർണമനസ്സോടെ പിൻതുടർന്നു.
9 നീ എന്റെ ദൈവമായ യഹോവയോടു പൂർണ്ണമായി പറ്റിനിന്നതുകൊണ്ടു നീ കാൽവെച്ച ദേശം നിനക്കും നിന്റെ മക്കൾക്കും എന്നേക്കും അവകാശമായിരിക്കും എന്നു മോശെ അന്നു സത്യംചെയ്തു പറഞ്ഞു.
അതുകൊണ്ട് മോശ അന്ന് എന്നോട്, ‘നീ എന്റെ ദൈവമായ യഹോവയെ പൂർണമനസ്സോടെ പിൻതുടർന്നതുകൊണ്ട് നിന്റെ പാദസ്പർശമേറ്റിട്ടുള്ള ദേശംമുഴുവൻ നീയും നിന്റെ മക്കളും എന്നെന്നേക്കുമായി അവകാശമാക്കും’ എന്നു ശപഥംചെയ്തു.
10 മരുഭൂമിയിൽ സഞ്ചരിച്ച കാലത്തു യഹോവ മോശെയോടു ഈ വാക്കു കല്പിച്ചതു മുതൽ ഈ നാല്പത്തഞ്ചു സംവത്സരത്തോളവും എന്നെ ഇതാ, താൻ അരുളിച്ചെയ്തിരുന്നതു പോലെ ജീവനോടെ വെച്ചിരിക്കുന്നു; ഇപ്പോൾ എനിക്കു എണ്പത്തഞ്ചു വയസ്സായി.
“യഹോവ ഇതു മോശയോടു കൽപ്പിച്ചതുമുതൽ ഇപ്പോൾവരെ, ഈ നാൽപ്പത്തിയഞ്ചുവർഷം, മരുഭൂമിയിൽക്കൂടിയുള്ള ഇസ്രായേലിന്റെ പ്രയാണകാലത്ത്, യഹോവ വാഗ്ദാനംചെയ്തതുപോലെ എന്നെ ജീവനോടെ വെച്ചിരിക്കുന്നു. എനിക്കിപ്പോൾ എൺപത്തഞ്ചു വയസ്സായിരിക്കുന്നു.
11 മോശെ എന്നെ അയച്ച നാളിലെപ്പോലെ ഇന്നും എനിക്കു ആരോഗ്യം ഉണ്ടു; പടവെട്ടുവാനും പോകയും വരികയും ചെയ്‌വാനും എന്റെ ആരോഗ്യം അന്നത്തെപ്പോലെതന്നെ ഇന്നും ഇരിക്കുന്നു.
മോശ എന്നെ അയച്ച അന്നത്തെപ്പോലെ ഇന്നും ഞാൻ ആരോഗ്യവാനാണ്. അന്നത്തെപ്പോലെ യുദ്ധംചെയ്യാൻ പോകത്തക്കവണ്ണം ഇന്നും ഞാൻ ഊർജസ്വലനാണ്.
12 ആകയാൽ യഹോവ അന്നു കല്പിച്ച ഈ മല ഇപ്പോൾ എനിക്കു തരിക; അനാക്യർ അവിടെ ഉണ്ടെന്നും പട്ടണങ്ങൾ വലിപ്പവും ഉറപ്പും ഉള്ളവ എന്നും നീ അന്നു കേട്ടിട്ടുണ്ടല്ലോ; യഹോവ എന്നോടുകൂടെ ഉണ്ടെങ്കിൽ താൻ അരുളിച്ചെയ്തതുപോലെ ഞാൻ അവരെ ഓടിച്ചുകളയും.
അതുകൊണ്ട് യഹോവ അന്നു വാഗ്ദാനംചെയ്ത ഈ മലമ്പ്രദേശം എനിക്കു തരിക. അനാക്യർ അവിടെ ഉണ്ടെന്നും അവരുടെ പട്ടണങ്ങൾ വിസ്തൃതമെന്നും കോട്ടകെട്ടി ബലപ്പെടുത്തിയിട്ടുള്ളവയെന്നും നീ അന്നു കേട്ടിട്ടുണ്ടല്ലോ, എന്നാൽ, യഹോവയുടെ സഹായത്താൽ അവിടന്നു കൽപ്പിച്ചതുപോലെ ഞാൻ അവരെ തുരത്തും.”
13 അപ്പോൾ യോശുവ അവനെ അനുഗ്രഹിച്ചു; ഹെബ്രോൻമല യെഫുന്നെയുടെ മകനായ കാലേബിന്നു അവകാശമായി കൊടുത്തു.
അപ്പോൾ യോശുവ യെഫുന്നയുടെ മകനായ കാലേബിനെ അനുഗ്രഹിച്ച് ഹെബ്രോൻ അവന് അവകാശമായി കൊടുത്തു;
14 അങ്ങനെ ഹെബ്രോൻ ഇന്നുവരെ കെനിസ്യനായ യെഫുന്നെയുടെ മകൻ കാലേബിന്നു അവകാശമായിരിക്കുന്നു; അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയെ പൂർണ്ണമായി പറ്റിനിന്നതുകൊണ്ടു തന്നേ.
അങ്ങനെ ഹെബ്രോൻ ഇന്നുവരെ കെനിസ്യനായ യെഫുന്നയുടെ മകൻ കാലേബിന് അവകാശമായിരിക്കുന്നു. അവൻ ഇസ്രായേലിന്റെ ദൈവമായ യഹോവയെ പൂർണമനസ്സോടെ പിൻതുടർന്നതുകൊണ്ടുതന്നെ.
15 ഹെബ്രോന്നു പണ്ടു കിര്യത്ത്-അർബ്ബാ എന്നു പേരായിരുന്നു; അർബ്ബാ എന്നവൻ അനാക്യരിൽ വെച്ചു അതിമഹാൻ ആയിരുന്നു. അങ്ങനെ യുദ്ധം തീർന്നു ദേശത്തിന്നു സ്വസ്ഥത വന്നു.
ഹെബ്രോനു പണ്ടു കിര്യത്ത്-അർബാ എന്നു പേരായിരുന്നു. അനാക്യരിൽ അതിമഹാനായിരുന്നു അർബാ. അങ്ങനെ ദേശത്തുനിന്ന് യുദ്ധം മാറി, സമാധാനം കൈവന്നു.