< യോഹന്നാൻ 17 >
1 ഇതു സംസാരിച്ചിട്ടു യേശു സ്വർഗ്ഗത്തേക്കു നോക്കി പറഞ്ഞതെന്തെന്നാൽ: പിതാവേ, നാഴിക വന്നിരിക്കുന്നു; നിന്റെ പുത്രൻ നിന്നെ മഹത്വപ്പെടുത്തേണ്ടതിന്നു പുത്രനെ മഹത്വപ്പെടുത്തേണമേ.
2 നീ അവന്നു നല്കീട്ടുള്ളവർക്കെല്ലാവർക്കും അവൻ നിത്യജീവനെ കൊടുക്കേണ്ടതിന്നു നീ സകല ജഡത്തിന്മേലും അവന്നു അധികാരം നല്കിയിരിക്കുന്നുവല്ലോ. (aiōnios )
3 ഏകസത്യദൈവമായ നിന്നെയും നീ അയച്ചിരിക്കുന്ന യേശുക്രിസ്തുവിനെയും അറിയുന്നതു തന്നേ നിത്യജീവൻ ആകുന്നു. (aiōnios )
4 ഞാൻ ഭൂമിയിൽ നിന്നെ മഹത്വപ്പെടുത്തി, നീ എനിക്കു ചെയ്വാൻ തന്ന പ്രവൃത്തി തികെച്ചിരിക്കുന്നു.
5 ഇപ്പോൾ പിതാവേ, ലോകം ഉണ്ടാകുംമുമ്പെ എനിക്കു നിന്റെ അടുക്കൽ ഉണ്ടായിരുന്ന മഹത്വത്തിൽ എന്നെ നിന്റെ അടുക്കൽ മഹത്വപ്പെടുത്തേണമേ.
6 നീ ലോകത്തിൽനിന്നു എനിക്കു തന്നിട്ടുള്ള മനുഷ്യർക്കു ഞാൻ നിന്റെ നാമം വെളിപ്പെടുത്തിയിരിക്കുന്നു. അവർ നിനക്കുള്ളവർ ആയിരുന്നു; നീ അവരെ എനിക്കു തന്നു; അവർ നിന്റെ വചനം പ്രമാണിച്ചുമിരിക്കുന്നു.
7 നീ എനിക്കു തന്നതു എല്ലാം നിന്റെ പക്കൽ നിന്നു ആകുന്നു എന്നു അവർ ഇപ്പോൾ അറിഞ്ഞിരിക്കുന്നു.
8 നീ എനിക്കു തന്ന വചനം ഞാൻ അവർക്കു കൊടുത്തു; അവർ അതു കൈക്കൊണ്ടു ഞാൻ നിന്റെ അടുക്കൽനിന്നു വന്നിരിക്കുന്നു എന്നു സത്യമായിട്ടു അറിഞ്ഞും നീ എന്നെ അയച്ചു എന്നു വിശ്വസിച്ചുമിരിക്കുന്നു.
9 ഞാൻ അവർക്കു വേണ്ടി അപേക്ഷിക്കുന്നു; ലോകത്തിന്നു വേണ്ടി അല്ല; നീ എനിക്കു തന്നിട്ടുള്ളവർ നിനക്കുള്ളവർ ആകകൊണ്ടു അവർക്കു വേണ്ടിയത്രേ ഞാൻ അപേക്ഷിക്കുന്നതു.
10 എന്റേതു എല്ലാം നിന്റേതും നിന്റേതു എന്റേതും ആകുന്നു; ഞാൻ അവരിൽ മഹത്വപ്പെട്ടുമിരിക്കുന്നു.
11 ഇനി ഞാൻ ലോകത്തിൽ ഇരിക്കുന്നില്ല; ഇവരോ ലോകത്തിൽ ഇരിക്കുന്നു; ഞാൻ നിന്റെ അടുക്കൽ വരുന്നു. പരിശുദ്ധപിതാവേ, അവർ നമ്മെപ്പോലെ ഒന്നാകേണ്ടതിന്നു നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ അവരെ കാത്തുകൊള്ളേണമേ.
12 അവരോടുകൂടെ ഇരുന്നപ്പോൾ ഞാൻ അവരെ നീ എനിക്കു തന്നിരിക്കുന്ന നിന്റെ നാമത്തിൽ കാത്തുകൊണ്ടിരുന്നു; ഞാൻ അവരെ സൂക്ഷിച്ചു; തിരുവെഴുത്തിന്നു നിവൃത്തി വരേണ്ടതിന്നു ആ നാശയോഗ്യനല്ലാതെ അവരിൽ ആരും നശിച്ചുപോയിട്ടില്ല.
13 ഇപ്പോഴോ ഞാൻ നിന്റെ അടുക്കൽ വരുന്നു; എന്റെ സന്തോഷം അവർക്കു ഉള്ളിൽ പൂർണ്ണമാകേണ്ടതിന്നു ഇതു ലോകത്തിൽവെച്ചു സംസാരിക്കുന്നു.
14 ഞാൻ അവർക്കു നിന്റെ വചനം കൊടുത്തിരിക്കുന്നു; ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ലായ്കകൊണ്ടു ലോകം അവരെ പകെച്ചു.
15 അവരെ ലോകത്തിൽ നിന്നു എടുക്കേണം എന്നല്ല, ദുഷ്ടന്റെ കയ്യിൽ അകപ്പെടാതവണ്ണം അവരെ കാത്തുകൊള്ളേണം എന്നത്രേ ഞാൻ അപേക്ഷിക്കുന്നതു.
16 ഞാൻ ലൗകികനല്ലാത്തതുപോലെ അവരും ലൗകികന്മാരല്ല.
17 സത്യത്താൽ അവരെ വിശുദ്ധീകരിക്കേണമേ, നിന്റെ വചനം സത്യം ആകുന്നു.
18 നീ എന്നെ ലോകത്തിലേക്കു അയച്ചതുപോലെ ഞാൻ അവരെയും ലോകത്തിലേക്കു അയച്ചിരിക്കുന്നു.
19 അവരും സാക്ഷാൽ വിശുദ്ധീകരിക്കപ്പെട്ടവർ ആകേണ്ടതിന്നു ഞാൻ അവർക്കു വേണ്ടി എന്നെത്തന്നേ വിശുദ്ധീകരിക്കുന്നു.
20 ഇവർക്കു വേണ്ടിമാത്രമല്ല, ഇവരുടെ വചനത്താൽ എന്നിൽ വിശ്വസിപ്പാനിരിക്കുന്നവർക്കു വേണ്ടിയും ഞാൻ അപേക്ഷിക്കുന്നു.
21 നീ എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിപ്പാൻ അവർ എല്ലാവരും ഒന്നാകേണ്ടതിന്നു, പിതാവേ, നീ എന്നിലും ഞാൻ നിന്നിലും ആകുന്നതുപോലെ അവരും നമ്മിൽ ആകേണ്ടതിന്നു തന്നേ.
22 നീ എനിക്കു തന്നിട്ടുള്ള മഹത്വം ഞാൻ അവർക്കു കൊടുത്തിരിക്കുന്നു:
23 നീ എന്നെ അയച്ചിരിക്കുന്നു എന്നും നീ എന്നെ സ്നേഹിക്കുന്നതുപോലെ അവരെയും സ്നേഹിക്കുന്നു എന്നും ലോകം അറിവാൻ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകേണ്ടതിന്നു ഞാൻ അവരിലും നീ എന്നിലുമായി അവർ ഐക്യത്തിൽ തികെഞ്ഞവരായിരിക്കേണ്ടതിന്നു തന്നെ.
24 പിതാവേ, നീ ലോകസ്ഥാപനത്തിന്നു മുമ്പെ എന്നെ സ്നേഹിച്ചരിക്കകൊണ്ടു എനിക്കു നല്കിയ മഹത്വം നീ എനിക്കു തന്നിട്ടുള്ളവർ കാണേണ്ടതിന്നു ഞാൻ ഇരിക്കുന്ന ഇടത്തു അവരും എന്നോടു കൂടെ ഇരിക്കേണം എന്നു ഞാൻ ഇച്ഛിക്കുന്നു.
25 നീതിയുള്ള പിതാവേ, ലോകം നിന്നെ അറിഞ്ഞിട്ടില്ല; ഞാനോ നിന്നെ അറിഞ്ഞിരിക്കുന്നു; നീ എന്നെ അയച്ചിരിക്കുന്നു എന്നു ഇവരും അറിഞ്ഞിരിക്കുന്നു.
26 നീ എന്നെ സ്നേഹിക്കുന്ന സ്നേഹം അവരിൽ ആകുവാനും ഞാൻ അവരിൽ ആകുവാനും ഞാൻ നിന്റെ നാമം അവർക്കു വെളിപ്പെടുത്തിയിരിക്കുന്നു; ഇനിയും വെളിപ്പെടുത്തും.