< ഇയ്യോബ് 40 >

1 യഹോവ പിന്നെയും ഇയ്യോബിനോടു അരുളിച്ചെയ്തതു എന്തെന്നാൽ:
യഹോവ പിന്നെയും ഇയ്യോബിനോട് അരുളിച്ചെയ്തത്:
2 ആക്ഷേപകൻ സർവ്വശക്തനോടു വാദിക്കുമോ? ദൈവത്തോടു തർക്കിക്കുന്നവൻ ഇതിന്നു ഉത്തരം പറയട്ടെ.
“ആക്ഷേപകൻ സർവ്വശക്തനോട് വാദിക്കുമോ? ദൈവത്തോട് തർക്കിക്കുന്നവൻ ഇതിന് ഉത്തരം പറയട്ടെ”.
3 അതിന്നു ഇയ്യോബ് യഹോവയോടു ഉത്തരം പറഞ്ഞതു:
അതിന് ഇയ്യോബ് യഹോവയോട് ഉത്തരം പറഞ്ഞത്:
4 ഞാൻ നിസ്സാരനല്ലോ, ഞാൻ നിന്നോടു എന്തുത്തരം പറയേണ്ടു? ഞാൻ കൈകൊണ്ടു വായി പൊത്തിക്കൊള്ളുന്നു.
‘ഞാൻ നിസ്സാരനല്ലയോ, ഞാൻ അവിടുത്തോട് എന്തുത്തരം പറയും? ഞാൻ കൈകൊണ്ട് വായ് പൊത്തിക്കൊള്ളുന്നു.
5 ഒരുവട്ടം ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറകയില്ല. രണ്ടുവട്ടം ഞാൻ ഉരചെയ്തു; ഇനി മിണ്ടുകയില്ല.
ഒരുവട്ടം ഞാൻ സംസാരിച്ചു; ഇനി ഉത്തരം പറയുകയില്ല. രണ്ടുവട്ടം ഞാൻ ഉരചെയ്തു; ഇനി മിണ്ടുകയില്ല.’
6 അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്നു ഇയ്യോബിനോടു ഉത്തരം പറഞ്ഞതെന്തെന്നാൽ:
അപ്പോൾ യഹോവ ചുഴലിക്കാറ്റിൽനിന്ന് ഇയ്യോബിനോട് ഉത്തരം പറഞ്ഞത്:
7 നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊൾക; ഞാൻ നിന്നോടു ചോദിക്കും; നീ എനിക്കു ഗ്രഹിപ്പിച്ചുതരിക.
“നീ പുരുഷനെപ്പോലെ അര മുറുക്കിക്കൊള്ളുക; ഞാൻ നിന്നോട് ചോദിക്കും; നീ എനിക്ക് ഗ്രഹിപ്പിച്ചുതരുക.
8 നീ എന്റെ ന്യായത്തെ ദുർബ്ബലപ്പെടുത്തുമോ? നീ നീതിമാനാകേണ്ടതിന്നു എന്നെ കുറ്റം പറയുമോ?
നീ എന്റെ ന്യായത്തെ ദുർബ്ബലപ്പെടുത്തുമോ? നീ നീതിമാനാകേണ്ടതിന് എന്നെ കുറ്റം പറയുമോ?
9 ദൈവത്തിന്നുള്ളതുപോലെ നിനക്കു ഭുജം ഉണ്ടോ? അവനെപ്പോലെ നിനക്കു ഇടിമുഴക്കാമോ?
ദൈവത്തിനുള്ളതുപോലെ നിനക്ക് ഭുജം ഉണ്ടോ? അവനെപ്പോലെ നിനക്ക് ഇടിമുഴക്കാമോ?
10 നീ മഹിമയും പ്രതാപവും അണിഞ്ഞുകൊൾക. തേജസ്സും പ്രഭാവവും ധരിച്ചുകൊൾക.
൧൦നീ മഹിമയും പ്രതാപവും അണിഞ്ഞുകൊള്ളുക. തേജസ്സും പ്രഭാവവും ധരിച്ചുകൊള്ളുക.
11 നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക; ഏതു ഗർവ്വിയെയും നോക്കി താഴ്ത്തുക.
൧൧നിന്റെ കോപപ്രവാഹങ്ങളെ ഒഴുക്കുക; ഏത് ഗർവ്വിയെയും നോക്കി താഴ്ത്തുക.
12 ഏതു ഗർവ്വിയെയും നോക്കി കവിഴ്ത്തുക; ദുഷ്ടന്മാരെ അവരുടെ നിലയിൽ തന്നേ വീഴ്ത്തിക്കളക.
൧൨ഏത് ഗർവ്വിയെയും നോക്കി താഴ്ത്തുക; ദുഷ്ടന്മാരെ അവരുടെ നിലയിൽ തന്നെ വീഴ്ത്തിക്കളയുക.
13 അവരെ ഒക്കെയും പൊടിയിൽ മറെച്ചുവെക്കുക; അവരുടെ മുഖങ്ങളെ മറവിടത്തു ബന്ധിച്ചുകളക.
൧൩അവരെ എല്ലാം പൊടിയിൽ മറച്ചുവയ്ക്കുക; അവരുടെ മുഖങ്ങളെ ഒളിസ്ഥലത്ത് ബന്ധിച്ചുകളയുക.
14 അപ്പോൾ നിന്റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു എന്നു ഞാനും നിന്നെ ശ്ലാഘിച്ചുപറയും.
൧൪അപ്പോൾ നിന്റെ വലങ്കൈ നിന്നെ രക്ഷിക്കുന്നു എന്ന് ഞാനും നിന്നെ ശ്ലാഘിച്ചുപറയും.
15 ഞാൻ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന നദീഹയമുണ്ടല്ലോ; അതു കാളയെപ്പോലെ പുല്ലുതിന്നുന്നു.
൧൫ഞാൻ നിന്നെപ്പോലെ ഉണ്ടാക്കിയിരിക്കുന്ന നദീഹയമുണ്ടല്ലോ; അത് കാളയെപ്പോലെ പുല്ലുതിന്നുന്നു.
16 അതിന്റെ ശക്തി അതിന്റെ കടിപ്രദേശത്തും അതിന്റെ ബലം വയറ്റിന്റെ മാംസപേശികളിലും ആകുന്നു.
൧൬അതിന്റെ ശക്തി അതിന്റെ കടിപ്രദേശത്തും അതിന്റെ ബലം വയറിന്റെ മാംസപേശികളിലും ആകുന്നു.
17 ദേവദാരുതുല്യമായ തന്റെ വാൽ അതു ആട്ടുന്നു; അതിന്റെ തുടയിലെ ഞരമ്പുകൾ കൂടി പിണഞ്ഞിരിക്കുന്നു.
൧൭ദേവദാരുതുല്യമായ തന്‍റെ വാല് അത് ആട്ടുന്നു; അതിന്‍റെ തുടയിലെ ഞരമ്പുകൾ കൂടിപിണഞ്ഞിരിക്കുന്നു.
18 അതിന്റെ അസ്ഥികൾ ചെമ്പുകുഴൽപോലെയും എല്ലുകൾ ഇരിമ്പഴിപോലെയും ഇരിക്കുന്നു.
൧൮അതിന്‍റെ അസ്ഥികൾ ചെമ്പുകുഴൽപോലെയും എല്ലുകൾ ഇരിമ്പഴിപോലെയും ഇരിക്കുന്നു.
19 അതു ദൈവത്തിന്റെ സൃഷ്ടികളിൽ പ്രധാനമായുള്ളതു; അതിനെ ഉണ്ടാക്കിയവൻ അതിന്നു ഒരു വാൾ കൊടുത്തിരിക്കുന്നു.
൧൯അത് ദൈവത്തിന്റെ സൃഷ്ടികളിൽ പ്രധാനമായുള്ളത്; അതിനെ ഉണ്ടാക്കിയവനായ ദൈവത്തിനു മാത്രമേ അതിനെ തോൽപ്പിക്കുവാൻ കഴിയുകയുള്ളൂ.
20 കാട്ടുമൃഗങ്ങളൊക്കെയും കളിക്കുന്നിടമായ പർവ്വതങ്ങൾ അതിന്നു തീൻ വിളയിക്കുന്നു.
൨൦കാട്ടുമൃഗങ്ങളെല്ലാം കളിക്കുന്നിടമായ പർവ്വതങ്ങൾ അതിന് തീൻ വിളയിക്കുന്നു.
21 അതു നീർമരുതിന്റെ ചുവട്ടിലും ഞാങ്ങണയുടെ മറവിലും ചതുപ്പുനിലത്തും കിടക്കുന്നു.
൨൧അത് നീർമരുതിന്റെ ചുവട്ടിലും ഞാങ്ങണയുടെ മറവിലും ചതുപ്പുനിലത്തും കിടക്കുന്നു.
22 നീർമരുതു നിഴൽകൊണ്ടു അതിനെ മറെക്കുന്നു; തോട്ടിങ്കലെ അലരി അതിനെ ചുറ്റി നില്ക്കുന്നു;
൨൨നീർമരുത് നിഴൽകൊണ്ട് അതിനെ മറയ്ക്കുന്നു; തോട്ടിലെ അലരി അതിനെ ചുറ്റി നില്ക്കുന്നു;
23 നദി കവിഞ്ഞൊഴുകിയാലും അതു ഭ്രമിക്കുന്നില്ല; യോർദ്ദാൻ അതിന്റെ വായിലേക്കു ചാടിയാലും അതു നിർഭയമായിരിക്കും.
൨൩നദി കവിഞ്ഞൊഴുകിയാലും അത് ഭ്രമിക്കുന്നില്ല; യോർദ്ദാൻ അതിന്റെ വായിലേക്ക് ചാടിയാലും അത് നിർഭയമായിരിക്കും.
24 അതു നോക്കിക്കൊണ്ടിരിക്കെ അതിനെ പിടിക്കാമോ? അതിന്റെ മൂക്കിൽ കയർ കോർക്കാമോ?
൨൪അത് നോക്കിക്കൊണ്ടിരിക്കുമ്പോൾ അതിനെ പിടിക്കാമോ? അതിന്റെ മൂക്കിൽ കയർ കോർക്കാമോ?

< ഇയ്യോബ് 40 >