< യിരെമ്യാവു 10 >

1 യിസ്രായേൽഗൃഹമേ, യഹോവ നിങ്ങളോടു അരുളിച്ചെയ്യുന്ന വചനം കേൾപ്പിൻ!
ഇസ്രായേൽഗൃഹമേ, യഹോവ നിങ്ങളോടു സംസാരിക്കുന്ന വചനം കേൾക്കുക.
2 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ജാതികളുടെ വഴി പഠിക്കരുതു; ആകാശത്തിലെ ലക്ഷണങ്ങൾ കണ്ടു ഭ്രമിക്കരുതു; ജാതികൾ അല്ലോ അവ കണ്ടു ഭ്രമിക്കുന്നതു.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതര ജനതകളുടെ ജീവിതരീതി അഭ്യസിക്കുകയോ ആകാശത്തിലെ ചിഹ്നങ്ങൾ കണ്ട് അവർ പരിഭ്രമിക്കുമ്പോലെ നിങ്ങൾ പരിഭ്രാന്തരാകുകയോ അരുത്.
3 ജാതികളുടെ ചട്ടങ്ങൾ മിത്ഥ്യാമൂർത്തിയെ സംബന്ധിക്കുന്നു; അതു ഒരുവൻ കാട്ടിൽനിന്നു വെട്ടിക്കൊണ്ടുവന്ന മരവും ആശാരി വാച്ചികൊണ്ടു ചെയ്ത പണിയും അത്രേ.
ജനതകളുടെ ആചാരങ്ങൾ അർഥശൂന്യമാണ്; അവർ കാട്ടിൽനിന്ന് ഒരു മരം വെട്ടുന്നു, ആശാരി തന്റെ ഉളികൊണ്ട് അതിനു രൂപംവരുത്തുന്നു.
4 അവർ അതിനെ വെള്ളിയും പൊന്നുംകൊണ്ടു അലങ്കരിക്കുന്നു; അതു ഇളകാതെയിരിക്കേണ്ടതിന്നു അവർ അതിനെ ആണിയും ചുറ്റികയുംകൊണ്ടു ഉറപ്പിക്കുന്നു.
അവർ അതിനെ വെള്ളികൊണ്ടും സ്വർണംകൊണ്ടും അലങ്കരിക്കുന്നു; അത് ആടിയുലയാതെ, ആണിയും ചുറ്റികയുംകൊണ്ട് ഉറപ്പിക്കുന്നു.
5 അവ വെള്ളരിത്തോട്ടത്തിലെ തൂണുപോലെയാകുന്നു; അവ സംസാരിക്കുന്നില്ല; അവെക്കു നടപ്പാൻ വഹിയായ്കകൊണ്ടു അവയെ ചുമന്നുകൊണ്ടു പോകേണം; അവയെ ഭയപ്പെടരുതു; ഒരു ദോഷവും ചെയ്‌വാൻ അവെക്കു കഴികയില്ല; ഗുണം ചെയ്‌വാനും അവെക്കു പ്രാപ്തിയില്ല.
വെള്ളരിത്തോട്ടത്തിലെ നോക്കുകുത്തിപോലെ അവ നിൽക്കുന്നു, അവരുടെ വിഗ്രഹങ്ങൾക്കു സംസാരിക്കാൻ കഴിയുകയില്ല; അവയ്ക്കു നടക്കാൻ കഴിവില്ലാത്തതിനാൽ ആരെങ്കിലും അവയെ ചുമന്നുകൊണ്ടുപോകണം. അവയെ ഭയപ്പെടരുത്; അവയ്ക്ക് ഒരു ദോഷവും ചെയ്യാൻ കഴിയുകയില്ല, നന്മ ചെയ്യാനും അവയ്ക്കു ശക്തിയില്ല.”
6 യഹോവേ, നിന്നോടു തുല്യനായവൻ ആരുമില്ല; നീ വലിയവനും നിന്റെ നാമം ബലത്തിൽ വലിയതും ആകുന്നു.
യഹോവേ, അങ്ങയെപ്പോലെ ആരുമില്ല; അവിടന്നു വലിയവൻ, അവിടത്തെ നാമം ശക്തിയിൽ പ്രബലമാണ്.
7 ജാതികളുടെ രാജാവേ, ആർ നിന്നെ ഭയപ്പെടാതെയിരിക്കും? അതു നിനക്കു യോഗ്യമല്ലോ; ജാതികളുടെ സകല ജ്ഞാനികളിലും അവരുടെ സകലരാജ്യങ്ങളിലും നിന്നോടു തുല്യനായവൻ ആരും ഇല്ല.
രാഷ്ട്രങ്ങളുടെ രാജാവേ, അങ്ങയെ ആർ ഭയപ്പെടാതിരിക്കും? അത് അങ്ങയുടെ അവകാശമാണല്ലോ. രാഷ്ട്രങ്ങൾക്കിടയിലെ ജ്ഞാനികളായ നേതാക്കന്മാരിലും അവരുടെ എല്ലാ രാജ്യങ്ങളിലും, അങ്ങയെപ്പോലെ ആരുമില്ല.
8 അവർ ഒരുപോലെ മൃഗപ്രായരും ഭോഷന്മാരും ആകുന്നു; മിത്ഥ്യാമൂർത്തികളുടെ ഉപദേശമോ മരമുട്ടിയത്രേ.
അവർ എല്ലാവരും ബുദ്ധിഹീനരും ഭോഷരുമത്രേ; തടികൊണ്ടുള്ള നിർജീവമായ വിഗ്രഹങ്ങളാണ് അവരെ ഉപദേശിക്കുന്നത്.
9 തർശീശിൽനിന്നു കൊണ്ടുവന്ന വെള്ളിയും ഊഫാസിൽനിന്നുള്ള പൊന്നും അടിച്ചുപരത്തുന്നു; അതു കൗശലപ്പണിക്കാരന്റെയും തട്ടാന്റെയും കൈപ്പണി തന്നേ; നീലവും രക്താംബരവും അവയുടെ ഉടുപ്പു; അവയൊക്കെയും കൗശലപ്പണിക്കാരുടെ പണി അത്രേ.
തർശീശിൽനിന്ന് അടിച്ചുപരത്തിയ വെള്ളിയും ഊഫാസിൽനിന്നു തങ്കവും കൊണ്ടുവരുന്നു. ആശാരിയും സ്വർണപ്പണിക്കാരും നിർമിച്ചതിനെ നീലവസ്ത്രവും ഊതവർണവസ്ത്രവും ധരിപ്പിക്കുന്നു— ഇതെല്ലാം വിദഗ്ദ്ധ ശില്പികളുടെ നിർമാണംതന്നെ.
10 യഹോവയോ സത്യദൈവം; അവൻ ജീവനുള്ള ദൈവവും ശാശ്വതരാജാവും തന്നേ; അവന്റെ ക്രോധത്താൽ ഭൂമി നടുങ്ങുന്നു; ജാതികൾക്കു അവന്റെ ഉഗ്രകോപം സഹിപ്പാൻ കഴികയുമില്ല.
എന്നാൽ യഹോവ സത്യദൈവമാകുന്നു; അവിടന്ന് ജീവനുള്ള ദൈവവും നിത്യരാജാവുംതന്നെ. അവിടത്തെ ക്രോധത്താൽ ഭൂമി വിറകൊള്ളുന്നു; ജനതകൾക്ക് അവിടത്തെ ഉഗ്രകോപം സഹിക്കാൻ കഴിയുകയില്ല.
11 ആകാശത്തെയും ഭൂമിയെയും നിർമ്മിക്കാത്ത ദേവന്മാരോ ഭൂമിയിൽനിന്നും ആകാശത്തിൻ കീഴിൽനിന്നും നശിച്ചുപോകും എന്നിങ്ങനെ അവരോടു പറവിൻ.
“‘ആകാശവും ഭൂമിയും നിർമിച്ചിട്ടില്ലാത്ത ഈ ദേവതകൾ, ഈ ഭൂമിയിൽനിന്നും ആകാശത്തിൻകീഴിൽനിന്നും നശിച്ചുപോകുമെന്ന്,’ അവരോടു പറയുക.”
12 അവൻ തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു, തന്റെ ജ്ഞാനത്താൽ ഭൂമണ്ഡലത്തെ സ്ഥാപിച്ചു, തന്റെ വിവേകത്താൽ ആകാശത്തെ വിരിച്ചു.
എന്നാൽ ദൈവം തന്റെ ശക്തിയാൽ ഭൂമിയെ സൃഷ്ടിച്ചു; തന്റെ ജ്ഞാനത്താൽ അവിടന്ന് ലോകത്തെ സ്ഥാപിച്ചു തന്റെ വിവേകത്താൽ ആകാശങ്ങളെ വിരിക്കുകയും ചെയ്തു.
13 അവൻ തന്റെ നാദം പുറപ്പെടുവിക്കുമ്പോൾ ആകാശത്തു വെള്ളത്തിന്റെ മുഴക്കം ഉണ്ടാകുന്നു; ഭൂമിയുടെ അറ്റങ്ങളിൽനിന്നു അവൻ ആവി കയറ്റുന്നു; മഴെക്കു മിന്നൽ ഉണ്ടാക്കി തന്റെ ഭണ്ഡാരത്തിൽനിന്നു കാറ്റു പുറപ്പെടുവിക്കുന്നു.
അവിടന്ന് ഇടിമുഴക്കുമ്പോൾ, ആകാശത്തിലെ ജലശേഖരം ഗർജിക്കുന്നു; അവിടന്നു ഭൂമിയുടെ അതിരുകളിൽനിന്ന് മേഘങ്ങൾ ഉയരുമാറാക്കുന്നു. അവിടന്ന് മഴയ്ക്കൊപ്പം മിന്നൽ അയയ്ക്കുന്നു, തന്റെ ഭണ്ഡാരത്തിൽനിന്ന് കാറ്റ് പുറപ്പെടുവിക്കുന്നു.
14 ഏതു മനുഷ്യനും മൃഗപ്രായനും പരിജ്ഞാനമില്ലാത്തവനും ആകുന്നു; തട്ടാന്മാരൊക്കെയും വിഗ്രഹംനിമിത്തം ലജ്ജിച്ചുപോകുന്നു; അവർ വാർത്തുണ്ടാക്കിയ വിഗ്രഹം വ്യാജമത്രേ; അവയിൽ ശ്വാസവുമില്ല.
മനുഷ്യവർഗം മുഴുവനും വിവേകശൂന്യർ, അവർ പരിജ്ഞാനം ഇല്ലാത്തവർതന്നെ; ഓരോ സ്വർണപ്പണിക്കാരും തങ്ങളുടെ വിഗ്രഹങ്ങൾമൂലം ലജ്ജിച്ചുപോകുന്നു. അവർ വാർത്തുണ്ടാക്കിയ ബിംബം വ്യാജമാണ്; ആ വിഗ്രഹങ്ങളിലൊന്നും ശ്വാസമില്ല.
15 അവ മായയും വ്യർത്ഥ പ്രവൃർത്തിയും തന്നേ; സന്ദർശനകാലത്തു അവ നശിച്ചുപോകും.
അവ മിഥ്യയും അപഹാസപാത്രവുമാണ്; അവരുടെ ന്യായവിധി വരുമ്പോൾ അവ നശിച്ചുപോകും.
16 യാക്കോബിന്റെ ഓഹരിയായവൻ അവയെപ്പോലെയല്ല; അവൻ സർവ്വത്തെയും നിർമ്മിച്ചവൻ; യിസ്രായേൽ അവന്റെ അവകാശഗോത്രം; സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവന്റെ നാമം.
യാക്കോബിന്റെ അവകാശമായവൻ അവരെപ്പോലെയല്ല, അവിടത്തെ അവകാശജനതയായ ഇസ്രായേലിന്റെയുംമാത്രമല്ല, സകലത്തിന്റെയും സ്രഷ്ടാവ് അവിടന്നാണ്— സൈന്യങ്ങളുടെ യഹോവ എന്നാകുന്നു അവിടത്തെ നാമം.
17 നിരോധത്തിൽ ഇരിക്കുന്നവളേ, നിലത്തുനിന്നു നിന്റെ ഭാണ്ഡം എടുത്തുകൊൾക.
ഉപരോധത്തിൻകീഴിൽ ജീവിക്കുന്നവരേ, നാടുവിടുന്നതിനായി നിന്റെ ഭാണ്ഡം മുറുക്കിക്കൊൾക.
18 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ തവണ ദേശത്തിലെ നിവാസികളെ കവിണയിൽ വെച്ചെറിഞ്ഞുകളകയും അവർക്കു പറ്റുവാന്തക്കവണ്ണം അവരെ ബുദ്ധിമുട്ടിക്കയും ചെയ്യും.
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഈ പ്രാവശ്യം ഈ ദേശവാസികളെ കവിണയിൽവെച്ച് എറിഞ്ഞുകളയും; ഞാൻ അവർക്കു ദുരിതംവരുത്തും അങ്ങനെ അവർ പിടിക്കപ്പെടും.”
19 എന്റെ പരിക്കുനിമിത്തം എനിക്കു അയ്യോ കഷ്ടം! എന്റെ മുറിവു വ്യസനകരമാകുന്നു; എങ്കിലും ഞാൻ: അതു എന്റെ ദീനം! ഞാൻ അതു സഹിച്ചേ മതിയാവു എന്നു പറഞ്ഞു.
എന്റെ മുറിവുനിമിത്തം എനിക്ക് അയ്യോ കഷ്ടം! എന്റെ മുറിവു സൗഖ്യംവരാത്തതത്രേ! എന്നിട്ടും ഞാൻ എന്നോടുതന്നെ പറഞ്ഞു, “ഇത് എന്റെ രോഗമാണ്, അതു ഞാൻ സഹിച്ചേ മതിയാകൂ.”
20 എന്റെ കൂടാരം കവർച്ചയായ്പോയിരിക്കുന്നു; എന്റെ കയറു ഒക്കെയും അറ്റിരിക്കുന്നു; എന്റെ മക്കൾ എന്നെ വിട്ടുപോയി; അവർ ഇല്ലാതായിരിക്കുന്നു; ഇനി എന്റെ കൂടാരം അടിപ്പാനും തിരശ്ശീല നിവിർക്കുവാനും ആരുമില്ല.
എന്റെ കൂടാരം തകർക്കപ്പെട്ടിരിക്കുന്നു; അതിന്റെ കയറുകളെല്ലാം അറ്റുപോയിരിക്കുന്നു. എന്റെ മക്കൾ എന്നെ വിട്ടുപോയിരിക്കുന്നു അവരെ ഞാൻ ഇനി കാണുകയുമില്ല; എന്റെ കൂടാരമടിക്കുന്നതിനും എന്റെ തിരശ്ശീല നിവർക്കുന്നതിനും ആരുമില്ല.
21 ഇടയന്മാർ മൃഗപ്രായരായ്തീർന്നു; യഹോവയെ അന്വേഷിക്കുന്നില്ല; അതുകൊണ്ടു അവർ കൃതാർത്ഥരായില്ല; അവരുടെ ആട്ടിൻ കൂട്ടം ഒക്കെയും ചിതറിപ്പോയി.
ഇടയന്മാർ മൃഗത്തിനു തുല്യരാണ്, അവർ യഹോവയെ അന്വേഷിക്കുന്നില്ല; അതിനാൽ അവർ ഐശ്വര്യം പ്രാപിക്കുന്നില്ല, അവരുടെ ആട്ടിൻപറ്റമെല്ലാം ചിതറിപ്പോയിരിക്കുന്നു.
22 കേട്ടോ, ഒരു ശ്രുതി: ഇതാ, യെഹൂദപട്ടണങ്ങളെ ശൂന്യവും കുറുക്കന്മാരുടെ പാർപ്പിടവും ആക്കേണ്ടതിന്നു അതു വടക്കുനിന്നു ഒരു മഹാകോലാഹലവുമായി വരുന്നു.
ഇതാ, ഒരു വാർത്ത വരുന്നു— വടക്കേദേശത്തുനിന്നുള്ള ഒരു വലിയ കോലാഹലംതന്നെ! അത് യെഹൂദാപട്ടണങ്ങളെ ശൂന്യവും കുറുനരികൾ വിഹരിക്കുന്ന ഇടവുമാക്കും.
23 യഹോവേ, മനുഷ്യന്നു തന്റെ വഴിയും നടക്കുന്നവന്നു തന്റെ കാലടികളെ നേരെ ആക്കുന്നതും സ്വാധീനമല്ല എന്നു ഞാൻ അറിയുന്നു.
യഹോവേ, മനുഷ്യരുടെ ജീവൻ അവരുടെ സ്വന്തമല്ല; സ്വയം തന്റെ കാലടികളെ നിയന്ത്രിക്കാൻ അവരാൽ അസാധ്യവും എന്നു ഞാൻ അറിയുന്നു.
24 യഹോവേ, ഞാൻ ഇല്ലാതെയായ്പോകാതിരിക്കേണ്ടതിന്നു നീ എന്നെ കോപത്തോടെയല്ല ന്യായത്തോടെയത്രേ ശിക്ഷിക്കേണമേ.
യഹോവേ, അങ്ങയുടെ ക്രോധത്തിലല്ല, ന്യായമായ അളവിൽമാത്രം എന്നെ ശിക്ഷിക്കണമേ, അല്ലായെങ്കിൽ ഞാൻ ശൂന്യമായിത്തീരും.
25 നിന്നെ അറിയാത്ത ജാതികളുടെമേലും നിന്റെ നാമം വിളിച്ചപേക്ഷിക്കാത്ത വംശങ്ങളുടെമേലും നിന്റെ ക്രോധം പകരേണമേ; അവർ യാക്കോബിനെ വിഴുങ്ങിക്കളഞ്ഞുവല്ലോ; അവർ അവനെ വിഴുങ്ങി നശിപ്പിച്ചു അവന്റെ വാസസ്ഥലത്തെ ശൂന്യമാക്കിയിരിക്കുന്നു.
അങ്ങയുടെ കോപം അങ്ങയെ അറിയാത്ത ജനതകളുടെമേലും അങ്ങയുടെ നാമം വിളിച്ചപേക്ഷിക്കാത്ത വംശങ്ങളുടെമേലും ചൊരിയണമേ. കാരണം അവർ യാക്കോബിനെ വിഴുങ്ങിക്കളഞ്ഞിരിക്കുന്നു; അവർ അവനെ മുഴുവനായും വിഴുങ്ങിയിരിക്കുന്നു, അവന്റെ വാസസ്ഥാനത്തെ നശിപ്പിക്കുകയും ചെയ്തിരിക്കുന്നു.

< യിരെമ്യാവു 10 >