< യെശയ്യാവ് 31 >
1 യിസ്രായേലിന്റെ പരിശുദ്ധങ്കലേക്കു നോക്കുകയോ യഹോവയെ അന്വേഷിക്കയോ ചെയ്യാതെ സഹായത്തിന്നായി മിസ്രയീമിൽ ചെന്നു കുതിരകളിൽ മനസ്സു ഊന്നി രഥം അനവധിയുള്ളതുകൊണ്ടു അതിലും കുതിരച്ചേവകർ മഹാബലവാന്മാരാകകൊണ്ടു അവരിലും ആശ്രയിക്കുന്നവർക്കു അയ്യോ കഷ്ടം!
സഹായത്തിനായി ഈജിപ്റ്റിലേക്കു പോകുകയും കുതിരകളെ ആശ്രയിക്കുകയും അവരുടെ അനവധി രഥങ്ങളിലും കുതിരച്ചേവകരുടെ ശക്തിയിലും വിശ്വാസമർപ്പിച്ചിട്ട് ഇസ്രായേലിന്റെ പരിശുദ്ധനിലേക്കു നോക്കാതെയും യഹോവയുടെ സഹായം അന്വേഷിക്കാതെയുമിരിക്കുന്നവർക്കു ഹാ കഷ്ടം.
2 എന്നാൽ അവനും ജ്ഞാനിയാകുന്നു; അവൻ അനർത്ഥം വരുത്തും; തന്റെ വചനം മാറ്റുകയില്ല; അവൻ ദുഷ്കർമ്മികളുടെ ഗൃഹത്തിന്നും ദുഷ്പ്രവൃത്തിക്കാരുടെ സഹായത്തിന്നും വിരോധമായി എഴുന്നേല്ക്കും.
എങ്കിലും അവിടന്ന് ജ്ഞാനിയാണ്, അവിടന്ന് അനർഥംവരുത്തും; അവിടന്ന് തന്റെ വാക്കുകൾ പിൻവലിക്കുകയില്ല. അവിടന്ന് ആ ദുഷ്ടരാഷ്ട്രത്തിനെതിരേ എഴുന്നേൽക്കും, അധർമികളെ സഹായിക്കുന്ന അവർക്കെതിരേതന്നെ.
3 മിസ്രയീമ്യർ ദൈവമല്ല, മനുഷ്യരത്രേ; അവരുടെ കുതിരകൾ ആത്മാവല്ല, ജഡമത്രേ; യഹോവ തന്റെ കൈ നീട്ടുമ്പോൾ സഹായിക്കുന്നവൻ ഇടറുകയും സഹായിക്കപ്പെടുന്നവൻ വീഴുകയും അവരെല്ലാവരും ഒരുപോലെ നശിച്ചുപോകയും ചെയ്യും.
കാരണം ഈജിപ്റ്റുകാർ ദൈവമല്ല, കേവലം മനുഷ്യരാണ്; അവരുടെ കുതിരകൾ ആത്മാവല്ല, മൂപ്പെത്താത്ത മാംസംമാത്രം. യഹോവ തന്റെ കരം നീട്ടുമ്പോൾ, സഹായകർ ഇടറുകയും സഹായം സ്വീകരിക്കുന്നവർ വീഴുകയും ചെയ്യും; അവരെല്ലാം ഒരുമിച്ചുതന്നെ നശിക്കും.
4 യഹോവ എന്നോടു ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: സിംഹമോ, ബാലസിംഹമോ ഇര കണ്ടു മുരളുമ്പോൾ ഇടയക്കൂട്ടത്തെ അതിന്റെ നേരെ വിളിച്ചുകൂട്ടിയാലും അതു അവരുടെ കൂക്കുവിളികൊണ്ടു പേടിക്കാതെയും അവരുടെ ആരവംകൊണ്ടു ചുളുങ്ങാതെയും ഇരിക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ സീയോൻ പർവ്വതത്തിലും അതിന്റെ ഗിരിയിലും യുദ്ധം ചെയ്‌വാൻ ഇറങ്ങിവരും.
യഹോവ എന്നോട് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഒരു സിംഹം മുരളുമ്പോൾ, ഒരു സിംഹക്കുട്ടി അതിന്റെ ഇര കണ്ടു മുരളുമ്പോൾ, ഒരു ഇടയക്കൂട്ടത്തെ അതിനുനേരേ വിളിച്ചുകൂട്ടിയാൽപോലും, അത് അവരുടെ ആർപ്പുവിളി കേട്ടു ഭയപ്പെടുകയോ അവരുടെ ആരവത്താൽ പരിഭ്രമിക്കുകയോ ചെയ്യുകയില്ല. അതുപോലെ സൈന്യങ്ങളുടെ യഹോവ സീയോൻപർവതത്തിലും അതിലെ മലയിലും യുദ്ധംചെയ്യാൻ ഇറങ്ങിവരും.
5 പക്ഷി ചുറ്റിപ്പറന്നു കാക്കുന്നതുപോലെ സൈന്യങ്ങളുടെ യഹോവ യെരൂശലേമിനെ കാത്തുകൊള്ളും. അവൻ അതിനെ കാത്തുരക്ഷിക്കും; നശിപ്പിക്കാതെ അതിനെ പരിപാലിക്കും.
വട്ടമിട്ടു പറക്കുന്ന പക്ഷിയെപ്പോലെ സൈന്യങ്ങളുടെ യഹോവ ജെറുശലേമിനെ സംരക്ഷിക്കും; അവിടന്ന് അതിനെ കാക്കുകയും വിടുവിക്കുകയും ചെയ്യും, അവിടന്ന് അതിനെ ‘കടന്നുപോകുകയും’ മോചിപ്പിക്കുകയും ചെയ്യും.”
6 യിസ്രായേൽമക്കളേ, നിങ്ങൾ ഇത്ര കഠിനമായി മത്സരിച്ചു ത്യജിച്ചുകളഞ്ഞവന്റെ അടുക്കലേക്കു തിരിവിൻ.
ഇസ്രായേൽജനമേ, മടങ്ങിവരിക, നിങ്ങൾ കഠിനമായി മത്സരിച്ച ദൈവത്തിലേക്കുതന്നെ മടങ്ങിവരിക.
7 അന്നാളിൽ നിങ്ങളിൽ ഓരോരുത്തൻ നിങ്ങളുടെ കൈകൾ നിങ്ങൾക്കു പാപത്തിന്നായി വെള്ളിയും പൊന്നുംകൊണ്ടു ഉണ്ടാക്കിയ മിത്ഥ്യാമൂർത്തികളെ ത്യജിച്ചുകളയും.
കാരണം ആ ദിവസത്തിൽ പാപംനിറഞ്ഞ നിങ്ങളുടെ കൈകൾ നിർമിച്ച വെള്ളിവിഗ്രഹങ്ങളെയും സ്വർണവിഗ്രഹങ്ങളെയും നിങ്ങൾ എല്ലാവരും എറിഞ്ഞുകളയും.
8 എന്നാൽ അശ്ശൂർ പുരുഷന്റേതല്ലാത്ത വാളാൽ വീഴും; മനുഷ്യന്റേതല്ലാത്ത വാളിന്നു ഇരയായിത്തീരും; അവർ വാളിന്നു ഒഴിഞ്ഞു ഓടിപ്പോയാൽ അവരുടെ യൗവനക്കാർ ഊഴിയവേലക്കാരായിത്തീരും.
“അന്ന് അശ്ശൂർ അമാനുഷികമായ വാളിനാൽ വീഴും; മർത്യരുടേതല്ലാത്ത ഒരു വാൾ അവരെ വിഴുങ്ങും. ഈ വാളിൽനിന്ന് അവൻ രക്ഷപ്പെടുകയില്ല, അവരുടെ യുവാക്കൾ അടിമകളായിത്തീരും.
9 ഭീതിഹേതുവായി അവരുടെ പാറ പൊയ്പോകും; അവരുടെ പ്രഭുക്കന്മാർ കൊടി കണ്ടു നടുങ്ങിപ്പോകും എന്നു സീയോനിൽ തീയും യെരൂശലേമിൽ ചൂളയും ഉള്ള യഹോവയുടെ അരുളപ്പാടു.
ഭീതിനിമിത്തം അവരുടെ കോട്ടകൾ നിലംപൊത്തും; യുദ്ധക്കൊടികണ്ട് അവരുടെ സൈന്യാധിപന്മാർ സംഭ്രമിക്കും,” എന്ന് സീയോനിൽ തീയും ജെറുശലേമിൽ ചൂളയുമുള്ള യഹോവ അരുളിച്ചെയ്യുന്നു.