< യെശയ്യാവ് 23 >
1 സോരിനെക്കുറിച്ചുള്ള പ്രവാചകം: തർശീശ് കപ്പലുകളേ, മുറയിടുവിൻ; ഒരു വീടും ശേഷിക്കാതവണ്ണവും പ്രവേശനം ഇല്ലാതവണ്ണവും അതു ശൂന്യമായിരിക്കുന്നു; കിത്തീംദേശത്തുവെച്ചു അവർക്കു അറിവു കിട്ടിയിരിക്കുന്നു.
സോരിനെതിരേയുള്ള പ്രവചനം: തർശീശ് കപ്പലുകളേ, വിലപിക്കുക! ഒരു ഭവനമോ തുറമുഖമോ അവശേഷിക്കാതവണ്ണം സോർ നശിപ്പിക്കപ്പെട്ടിരിക്കുന്നു. കിത്തീം ദേശത്തുനിന്ന് അവർക്ക് ഇതിനെപ്പറ്റി വിവരം ലഭിച്ചിരിക്കുന്നു.
2 സമുദ്രതീരനിവാസികളേ, മിണ്ടാതെയിരിപ്പിൻ; സമുദ്രസഞ്ചാരം ചെയ്യുന്ന സീദോന്യവർത്തകന്മാർ നിന്നെ പരിപൂർണ്ണയാക്കിയല്ലോ.
ദ്വീപുനിവാസികളേ, സമുദ്രയാനംചെയ്യുന്നവരാൽ സമ്പന്നരാക്കപ്പെട്ട സീദോന്യ വ്യാപാരികളേ, നിശ്ശബ്ദരായിരിക്കുക.
3 വലിയ വെള്ളത്തിന്മേൽ സീഹോർപ്രദേശത്തെ കൃഷിയും നീലനദിയിങ്കലെ കൊയ്ത്തും അതിന്നു ആദായമായ്‌വന്നു; അതു ജാതികളുടെ ചന്ത ആയിരുന്നു.
സമുദ്രത്തിലൂടെ കൊണ്ടുവന്നിരുന്ന സീഹോറിലെ ധാന്യവും നൈൽനദീതടത്തിലെ വിളവും ആയിരുന്നല്ലോ സോരിന്റെ വരുമാനമാർഗം, അവൾ ജനതകളുടെ ചന്തസ്ഥലമായി മാറിയിരിക്കുന്നു.
4 സീദോനേ, ലജ്ജിച്ചുകൊൾക; എനിക്കു നോവു കിട്ടീട്ടില്ല, ഞാൻ പ്രസവിച്ചിട്ടില്ല, ബാലന്മാരെ പോറ്റീട്ടില്ല, കന്യകമാരെ വളർത്തീട്ടുമില്ല എന്നു സമുദ്രം, സമുദ്രദുർഗ്ഗം തന്നേ, പറഞ്ഞിരിക്കുന്നു.
സീദോനേ, സമുദ്രത്തിലെ കോട്ടയേ, ലജ്ജിക്കുക, “ഞാൻ ഈറ്റുനോവ് അനുഭവിച്ചിട്ടില്ല, പ്രസവിച്ചിട്ടുമില്ല; ഞാൻ ബാലന്മാരെ വളർത്തിയിട്ടില്ല, കന്യകകളെ പോറ്റിയിട്ടുമില്ല,” എന്ന് സമുദ്രം പറയുന്നു.
5 സോരിന്റെ വർത്തമാനം മിസ്രയീമിൽ എത്തുമ്പോൾ അവർ ആ വർത്തമാനത്താൽ ഏറ്റവും വ്യസനിക്കും.
ഈജിപ്റ്റിൽ ഈ വാർത്തയെത്തുമ്പോൾ, സോരിനെക്കുറിച്ചുള്ള വാർത്തകേട്ട് അവർ വേദനിക്കും.
6 തർശീശിലേക്കു കടന്നുചെല്ലുവിൻ; സമുദ്രതീരനിവാസികളേ, മുറയിടുവിൻ.
ദ്വീപുനിവാസികളേ, മുറയിടുക; തർശീശിലേക്കു കടന്നുചെല്ലുക.
7 പുരാതനമായി പണ്ടേയുള്ള നിങ്ങളുടെ ഉല്ലസിതനഗരം ഇതാകുന്നുവോ? സ്വന്തകാൽ അതിനെ ദൂരത്തു പ്രവാസം ചെയ്‌വാൻ വഹിച്ചു കൊണ്ടുപോകും.
പുരാതനകാലം മുതലേയുള്ള നിങ്ങളുടെ ആഹ്ലാദത്തിമിർപ്പിന്റെ നഗരമോ ഇത്? അവളുടെ കാൽതന്നെ വിദൂരദേശങ്ങളിൽ അധിവസിക്കുന്നതിന് അവളെ വഹിച്ചുകൊണ്ടുപോകും.
8 കിരീടം നല്കുന്നതും വർത്തകന്മാർ പ്രഭുക്കന്മാരും വ്യാപാരികൾ ഭൂമിയിലെ മഹാന്മാരുമായുള്ളതുമായ സോരിനെക്കുറിച്ചു അതു നിർണ്ണയിച്ചതാർ?
കിരീടമണിയിക്കുന്നവരായ, വ്യാപാരികൾ പ്രഭുക്കന്മാരായ അതിലെ കച്ചവടക്കാർ ഭൂമിയിൽ കീർത്തികേട്ടവരുമായ മഹാനഗരമായ സോരിനെതിരേ ആരാണ് ഈ പദ്ധതി ഒരുക്കിയത്?
9 സകല മഹത്വത്തിന്റെയും ഗർവ്വത്തെ അശുദ്ധമാക്കേണ്ടതിന്നും ഭൂമിയിലെ സകലമഹാന്മാരെയും അപമാനിക്കേണ്ടതിന്നും സൈന്യങ്ങളുടെ യഹോവ അതു നിർണ്ണയിച്ചിരിക്കുന്നു.
അവളുടെ സർവപ്രതാപത്തിന്റെയും ഗർവത്തെ അശുദ്ധമാക്കാനും ഭൂമിയിലെ സകലബഹുമാന്യരെയും നിന്ദിതരാക്കാനുംവേണ്ടി സൈന്യങ്ങളുടെ യഹോവ അതു നിർണയിച്ചിരിക്കുന്നു.
10 തർശീശ് പുത്രിയേ, ഇനി ബന്ധനമില്ലായ്കയാൽ നീ നീലനദിപോലെ നിന്റെ ദേശത്തെ കവിഞ്ഞൊഴുകുക.
തർശീശ്പുത്രീ, ഇനി നിന്നെ തടയാൻ ആരുമില്ലായ്കയാൽ ഒരു നദിപോലെ ഒഴുകി ദേശത്തിനു കുറുകെ പൊയ്ക്കൊള്ളുക.
11 അവൻ സമുദ്രത്തിന്മേൽ കൈ നീട്ടി, രാജ്യങ്ങളെ നടുക്കിയിരിക്കുന്നു; യഹോവ കനാനെക്കുറിച്ചു അതിന്റെ കോട്ടകളെ നശിപ്പിപ്പാൻ കല്പന കൊടുത്തിരിക്കുന്നു.
അവിടന്നു തന്റെ കൈ കടലുകൾക്കു മീതേ നീട്ടി, അവിടന്നു രാജ്യങ്ങളെ നടുക്കി. യഹോവ കനാനെക്കുറിച്ച് അതിന്റെ ശക്തികേന്ദ്രങ്ങൾ തകർത്തുകളയുന്നതിനു കൽപ്പന കൊടുത്തിരിക്കുന്നു.
12 ബലാല്ക്കാരം അനുഭവിച്ച കന്യകയായ സീദോൻപുത്രീ, ഇനി നീ ഉല്ലസിക്കയില്ല; എഴുന്നേറ്റു കിത്തീമിലേക്കു കടന്നുപോക; അവിടെയും നിനക്കു സ്വസ്ഥത ഉണ്ടാകയില്ല എന്നു അവൻ കല്പിച്ചിരിക്കുന്നു.
അവിടന്നു കൽപ്പിച്ചു: “നശിപ്പിക്കപ്പെട്ട കന്യകയായ സീദോൻപുത്രീ, നീ ഇനി ആനന്ദിക്കുകയില്ല! “എഴുന്നേൽക്കുക, കിത്തീമിലേക്കു കടന്നുചെല്ലുക; അവിടെയും നിനക്കു വിശ്രമം ലഭിക്കുകയില്ല.”
13 ഇതാ, കല്ദയരുടെ ദേശം! ഈ ജനം ഇല്ലാതെയായി; അശ്ശൂർ അതിനെ മരുമൃഗങ്ങൾക്കായി നിയമിച്ചുകളഞ്ഞു; അവർ തങ്ങളുടെ കാവൽമാളികകളെ പണിതു അതിലെ അരമനകളെ ഇടിച്ചു, അതിനെ ശൂന്യകൂമ്പാരമാക്കിത്തീർത്തു.
ഇതാ, ബാബേല്യരുടെ രാജ്യം, അവിടത്തെ ജനം ഒരു പരിഗണനയും അർഹിക്കാത്തവരായി! മരുഭൂമിയിലെ മൃഗങ്ങൾക്കായി അശ്ശൂർ അതിനെ നിയമിച്ചു; അവർ ഉപരോധഗോപുരങ്ങൾ പണിതു; അതിന്റെ അരമനകളെ ഇടിച്ചുകളഞ്ഞു അവർ അതിനെ ശൂന്യകൂമ്പാരമാക്കിത്തീർത്തു.
14 തർശീശ് കപ്പലുകളേ, മുറയിടുവിൻ; നിങ്ങളുടെ കോട്ട ശൂന്യമായിപ്പോയല്ലോ.
തർശീശ് കപ്പലുകളേ, വിലപിക്കുക; നിങ്ങളുടെ ശക്തികേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടിരിക്കുന്നു.
15 അന്നാളിൽ സോർ, ഒരു രാജാവിന്റെ കാലത്തിന്നൊത്ത എഴുപതു സംവത്സരത്തേക്കു മറന്നുകിടക്കും; എഴുപതു സംവത്സരം കഴിഞ്ഞിട്ടു സോരിന്നു വേശ്യയുടെ പാട്ടുപോലെ സംഭവിക്കും:
അന്ന്, ഒരു രാജാവിന്റെ കാലമായ, എഴുപതു വർഷത്തേക്കു സോർ വിസ്മൃതിയിലാണ്ടുപോകും. എന്നാൽ ആ എഴുപതു വർഷത്തിനുശേഷം വേശ്യയുടെ പാട്ടുപോലെതന്നെ സോരിനു സംഭവിക്കും.
16 മറന്നു കിടന്നിരുന്ന വേശ്യയേ, വീണയെടുത്തു പട്ടണത്തിൽ ചുറ്റിനടക്ക; നിന്നെ ഓർമ്മ വരേണ്ടതിന്നു നല്ല രാഗം മീട്ടി വളരെ പാട്ടു പാടുക.
“വിസ്മൃതിയിലാണ്ടുപോയ വേശ്യയേ, നിന്റെ വീണയുമെടുത്തുകൊണ്ട്, നഗരത്തിൽ ചുറ്റിനടക്കുക; അതു നന്നായി മീട്ടുക, നീ ഓർമിക്കപ്പെടേണ്ടതിന്, അനവധി ഗാനങ്ങൾ ആലപിക്കുക.”
17 എഴുപതു സംവത്സരം കഴിഞ്ഞിട്ടു യഹോവ സോരിനെ സന്ദർശിക്കും; അപ്പോൾ അതു തന്റെ ആദായത്തിന്നായി തിരിഞ്ഞു, ഭൂമിയിലെ സകലലോകരാജ്യങ്ങളോടും വേശ്യാവൃത്തി ചെയ്യും.
ആ എഴുപതു വർഷങ്ങൾക്കുശേഷം യഹോവ സോരിനെ സന്ദർശിക്കും. അവൾ തന്റെ വേശ്യാവൃത്തിയുടെ പ്രതിഫലം ലഭിക്കാൻ തിരിച്ചുപോയി. ഭൂമുഖത്തുള്ള എല്ലാ രാജ്യങ്ങളോടും അവൾ ലാഭംകൊയ്യുന്ന വേശ്യാവൃത്തിയിൽ ഏർപ്പെടും.
18 എന്നാൽ അതിന്റെ വ്യാപാരവും ആദായവും യഹോവെക്കു വിശുദ്ധം ആയിരിക്കും; അതിനെ നിക്ഷേപിക്കയോ സ്വരൂപിച്ചുവെക്കയോ ചെയ്കയില്ല; അതിന്റെ വ്യാപാരം യഹോവയുടെ സന്നിധിയിൽ വസിക്കുന്നവർക്കു മതിയായ ഭക്ഷണത്തിന്നും മോടിയുള്ള ഉടുപ്പിനുമായി ഉതകും.
എന്നാൽ അവളുടെ ലാഭവും സമ്പാദ്യവും യഹോവയ്ക്കായി വേർതിരിക്കപ്പെടും; അതു ശേഖരിക്കപ്പെടുകയോ പൂഴ്ത്തിവെക്കപ്പെടുകയോ ചെയ്യുകയില്ല. അവളുടെ ലാഭമെല്ലാം യഹോവയുടെ സന്നിധിയിൽ വസിക്കുന്നവർക്ക് വേണ്ടുവോളം ഭക്ഷിക്കുന്നതിനും നല്ല വസ്ത്രം ധരിക്കുന്നതിനും ഉപയുക്തമാക്കും.