< യെശയ്യാവ് 19 >
1 മിസ്രയീമിനെക്കുറിച്ചുള്ള പ്രവാചകം: യഹോവ വേഗതയുള്ളോരു മേഘത്തെ വാഹനമാക്കി മിസ്രയീമിലേക്കു വരുന്നു; അപ്പോൾ മിസ്രയീമിലെ മിത്ഥ്യാമൂർത്തികൾ അവന്റെ സന്നിധിയിങ്കൽ നടുങ്ങുകയും മിസ്രയീമിന്റെ ഹൃദയം അതിന്റെ ഉള്ളിൽ ഉരുകുകയും ചെയ്യും.
ഈജിപ്റ്റിനെതിരേയുള്ള പ്രവചനം: ഇതാ, യഹോവ അതിവേഗമുള്ള ഒരു മേഘത്തെ വാഹനമാക്കി ഈജിപ്റ്റിലേക്കു വരുന്നു. ഈജിപ്റ്റിലെ വിഗ്രഹങ്ങൾ അവിടത്തെ സന്നിധിയിൽ വിറയ്ക്കുന്നു, ഈജിപ്റ്റുകാരുടെ ഹൃദയം അവരുടെ ഉള്ളിൽ ഉരുകിപ്പോകുന്നു.
2 ഞാൻ മിസ്രയീമ്യരെ മിസ്രയീമ്യരോടു കലഹിപ്പിക്കും; അവർ ഓരോരുത്തൻ താന്താന്റെ സഹോദരനോടും ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടും പട്ടണം പട്ടണത്തോടും രാജ്യം രാജ്യത്തോടും യുദ്ധം ചെയ്യും.
“ഞാൻ ഈജിപ്റ്റുകാരെ ഈജിപ്റ്റുകാർക്കെതിരേ ഇളക്കിവിടും— സഹോദരങ്ങൾ സഹോദരങ്ങൾക്കെതിരായും അയൽവാസികൾ അയൽവാസികൾക്കെതിരായും പട്ടണം പട്ടണത്തിനെതിരായും രാജ്യം രാജ്യത്തിനെതിരായും പോരാടും.
3 മിസ്രയീമിന്റെ ചൈതന്യം അതിന്റെ ഉള്ളിൽ ഒഴിഞ്ഞുപോകും; ഞാൻ അതിന്റെ ആലോചനയെ നശിപ്പിക്കും; അപ്പോൾ അവർ മിത്ഥ്യാമൂർത്തികളോടും മന്ത്രവാദികളോടും വെളിച്ചപ്പാടന്മാരോടും ലക്ഷണം പറയുന്നവരോടും അരുളപ്പാടു ചോദിക്കും.
അന്ന് ഈജിപ്റ്റുകാരുടെ ചൈതന്യം ക്ഷയിച്ചുപോകും, അവരുടെ പദ്ധതികൾ ഞാൻ കുഴപ്പത്തിലാക്കും; തന്മൂലം അവർ വിഗ്രഹങ്ങളെയും പ്രേതാത്മാക്കളെയും വെളിച്ചപ്പാടുകളെയും ഭൂതസേവക്കാരെയും ആശ്രയിക്കും.
4 ഞാൻ മിസ്രയീമ്യരെ ഒരു ക്രൂരയജമാനന്റെ കയ്യിൽ ഏല്പിക്കും; ഉഗ്രനായ ഒരു രാജാവു അവരെ ഭരിക്കും എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവു അരുളിച്ചെയ്യുന്നു.
ഞാൻ ഈജിപ്റ്റുനിവാസികളെ ക്രൂരനായ ഒരു യജമാനന്റെ അധീനതയിൽ ഏൽപ്പിക്കും, ഒരു ശക്തനായ രാജാവ് അവരുടെമേൽ വാഴും,” എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.
5 സമുദ്രത്തിൽ വെള്ളം ഇല്ലാതെയാകും; നദി വറ്റി ഉണങ്ങിപ്പോകും.
സമുദ്രജലം വറ്റിപ്പോകും, നദീതടം ഉണങ്ങിവരണ്ടുപോകും.
6 നദികൾക്കു നാറ്റം പിടിക്കും; മിസ്രയീമിലെ തോടുകൾ വറ്റി ഉണങ്ങും; ഞാങ്ങണയും വേഴവും വാടിപ്പോകും.
തോടുകളിൽനിന്ന് ദുർഗന്ധം വമിക്കും; ഈജിപ്റ്റിലെ അരുവികൾ ശോഷിച്ചു ജലശൂന്യമാകും. ഞാങ്ങണയും പുല്ലും ഉണങ്ങിപ്പോകും,
7 നദിക്കരികെയും നദീതീരത്തും ഉള്ള പുൽപുറങ്ങളും നദീതീരത്തു വിതെച്ചതൊക്കെയും ഉണങ്ങി പറന്നു ഇല്ലാതെപോകും.
നൈൽ നദീമുഖത്തും ഇരുവശങ്ങളിലുമുള്ള സസ്യജാലങ്ങളും ഉണങ്ങും. അവിടങ്ങളിൽ വിത്തുവിതച്ച വയലേലകൾ ഉണങ്ങിവരണ്ട് കാറ്റിൽപ്പറന്ന് ഇല്ലാതെയാകും.
8 മീൻപിടിക്കുന്നവർ വിലപിക്കും; നദിയിൽ ചൂണ്ടൽ ഇടുന്നവരൊക്കെയും ദുഃഖിക്കും; വെള്ളത്തിൽ വല വീശുന്നവർ വിഷാദിക്കും.
മീൻപിടിത്തക്കാർ ഞരങ്ങുകയും വിലപിക്കുകയും ചെയ്യും, നൈൽനദിയിൽ ചൂണ്ടലിടുന്ന എല്ലാവരുംതന്നെ; വെള്ളത്തിൽ വലവീശുന്ന എല്ലാവരുടെയും ആയുരാരോഗ്യം ക്രമേണ നഷ്ടപ്പെടും.
9 ചീകി വെടിപ്പാക്കിയ ചണംകൊണ്ടു വേല ചെയ്യുന്നവരും വെള്ളത്തുണി നെയ്യുന്നവരും ലജ്ജിച്ചു പോകും.
ചീകിയെടുത്ത ചണംകൊണ്ട് വേല ചെയ്യുന്നവരും മൃദുലചണനൂൽ നെയ്യുന്നവരും നിരാശയിലാകും.
10 രാജ്യത്തിന്റെ തൂണുകളായിരിക്കുന്നവർ തകർന്നുപോകും; കൂലിവേലക്കാർ മനോവ്യസനത്തോടെയിരിക്കും.
ഈജിപ്റ്റിന്റെ അടിസ്ഥാനങ്ങൾ തകർന്നുപോകും, ദിവസക്കൂലിക്കാർ മനസ്സുതകർന്നവരാകും.
11 സോവനിലെ പ്രഭുക്കന്മാർ കേവലം ഭോഷന്മാരത്രേ; ഫറവോന്റെ ജ്ഞാനമേറിയ മന്ത്രിമാരുടെ ആലോചന ഭോഷത്വമായി തീർന്നിരിക്കുന്നു; ഞാൻ ജ്ഞാനികളുടെ മകൻ, പുരാതനരാജാക്കന്മാരുടെ മകൻ എന്നിപ്രകാരം നിങ്ങൾ ഫറവോനോടു പറയുന്നതു എങ്ങിനെ?
സോവാനിലെ പ്രഭുക്കന്മാർ വെറും ഭോഷന്മാർ; ഫറവോന്റെ ജ്ഞാനികളായ ഉപദേഷ്ടാക്കൾ ഭോഷത്തം നിറഞ്ഞ ഉപദേശം നൽകും. “ഞാൻ ജ്ഞാനിയുടെ പുത്രൻ; പുരാതന രാജാക്കന്മാരുടെ ശിഷ്യൻതന്നെ” എന്നു ഫറവോനോട് നിങ്ങൾക്ക് എങ്ങനെ പറയാൻകഴിയും?
12 നിന്റെ ജ്ഞാനികൾ എവിടെ? അവർ ഇപ്പോൾ നിനക്കു പറഞ്ഞുതരട്ടെ; സൈന്യങ്ങളുടെ യഹോവ മിസ്രയീമിനെക്കുറിച്ചു നിർണ്ണയിച്ചതു അവർ എന്തെന്നു ഗ്രഹിക്കട്ടെ.
നിങ്ങളുടെ ജ്ഞാനികളായ പുരുഷന്മാർ ഇപ്പോൾ എവിടെ? സൈന്യങ്ങളുടെ യഹോവ ഈജിപ്റ്റിനെതിരേ എന്താണു ലക്ഷ്യമാക്കിയിട്ടുള്ളതെന്ന്, അവർ മനസ്സിലാക്കി നിങ്ങളോടു പറയട്ടെ.
13 സോവനിലെ പ്രഭുക്കന്മാർ ഭോഷന്മാരായ്തീർന്നിരിക്കുന്നു; നോഫിലെ പ്രഭുക്കന്മാർ വഞ്ചിക്കപ്പെട്ടിരിക്കുന്നു; മിസ്രയീമിലെ ഗോത്രങ്ങളുടെ മൂലക്കല്ലായിരിക്കുന്നവർ അതിനെ തെറ്റിച്ചുകളഞ്ഞു.
സോവാനിലെ പ്രഭുക്കന്മാർ ഭോഷത്തത്തോടെ പെരുമാറിയിരിക്കുന്നു, നോഫിലെ പ്രഭുക്കന്മാർ വഞ്ചിതരായിരിക്കുന്നു; അവളുടെ ഗോത്രങ്ങൾക്കു മൂലക്കല്ലായിരുന്നവർ ഈജിപ്റ്റിനെ വഴിതെറ്റിച്ചിരിക്കുന്നു.
14 യഹോവ അതിന്റെ നടുവിൽ മനോവിഭ്രമം പകർന്നു; ലഹരിപിടിച്ചവൻ തന്റെ ഛർദ്ദിയിൽ ചാഞ്ചാടിനടക്കുന്നതുപോലെ അവർ മിസ്രയീമിനെ അതിന്റെ സകലപ്രവൃത്തിയിലും തെറ്റിനടക്കുമാറാക്കിയിരിക്കുന്നു.
യഹോവ അവരിൽ മൗഢ്യത്തിന്റെ ആത്മാവിനെ ചൊരിഞ്ഞിരിക്കുന്നു; മദ്യപർ തങ്ങളുടെ ഛർദിയിൽ എന്നതുപോലെ, ഈജിപ്റ്റ് തന്റെ എല്ലാ പ്രവൃത്തികളിലും കാലിടറിനടക്കുന്നു.
15 തലയോ വാലോ പനമ്പട്ടയോ പോട്ടപ്പുല്ലോ നിർവ്വഹിക്കേണ്ടുന്ന ഒരു പ്രവൃത്തിയും മിസ്രയീമിന്നുണ്ടായിരിക്കയില്ല.
തലയോ വാലോ പനമ്പട്ടയോ ഞാങ്ങണയോ ഉപയോഗിച്ചു ചെയ്യേണ്ട ഒരു വേലയും ഈജിപ്റ്റിൽ ഉണ്ടാകുകയില്ല.
16 അന്നാളിൽ മിസ്രയീമ്യർ സ്ത്രീകൾക്കു തുല്യരായിരിക്കും; സൈന്യങ്ങളുടെ യഹോവ അവരുടെ നേരെ കൈ ഓങ്ങുന്നതുനിമിത്തം അവർ പേടിച്ചു വിറെക്കും.
അക്കാലത്ത് ഈജിപ്റ്റുകാർ അശക്തരായ സ്ത്രീകളെപ്പോലെയാകും. സൈന്യങ്ങളുടെ യഹോവ തന്റെ കരം അവരുടെനേരേ ഉയർത്തുമ്പോൾ അവർ ഭയന്നുവിറയ്ക്കും.
17 യെഹൂദാദേശം മിസ്രയീമിന്നു ഭയങ്കരമായിരിക്കും; അതിന്റെ പേർ പറഞ്ഞുകേൾക്കുന്നവരൊക്കെയും സൈന്യങ്ങളുടെ യഹോവ അതിന്നു വിരോധമായി നിർണ്ണയിച്ച നിർണ്ണയംനിമിത്തം ഭയപ്പെടും.
യെഹൂദാദേശം ഈജിപ്റ്റിന് ഒരു നടുക്കമായിത്തീരും. സൈന്യങ്ങളുടെ യഹോവ ഈജിപ്റ്റിനെതിരേ കരുതിവെച്ചിരിക്കുന്ന കാര്യങ്ങൾനിമിത്തം യെഹൂദയെപ്പറ്റി കേൾക്കുന്ന എല്ലാവരും നടുങ്ങും.
18 അന്നാളിൽ മിസ്രയീംദേശത്തുള്ള അഞ്ചു പട്ടണങ്ങൾ കനാൻ ഭാഷ സംസാരിച്ചു സൈന്യങ്ങളുടെ യഹോവയോടു സത്യം ചെയ്യും; ഒന്നിന്നു സൂര്യനഗരം (ഈർ ഹഹേരെസ്) എന്നു പേർ വിളിക്കപ്പെടും.
ആ കാലത്ത് ഈജിപ്റ്റുദേശത്തിലെ അഞ്ചു പട്ടണങ്ങൾ കനാന്യരുടെ ഭാഷ സംസാരിക്കുകയും സൈന്യങ്ങളുടെ യഹോവയോട് ശപഥംചെയ്യുകയും ചെയ്യും. ആ പട്ടണങ്ങളിൽ ഒന്നിന് സൂര്യനഗരം എന്നു പേരാകും.
19 അന്നാളിൽ മിസ്രയീംദേശത്തിന്റെ നടുവിൽ യഹോവെക്കു ഒരു യാഗപീഠവും അതിന്റെ അതൃത്തിയിൽ യഹോവെക്കു ഒരു തൂണും ഉണ്ടായിരിക്കും.
അന്ന് ഈജിപ്റ്റിന്റെ മധ്യത്തിൽ യഹോവയ്ക്ക് ഒരു യാഗപീഠവും അതിന്റെ അതിരിനടുത്ത് ഒരു സ്മാരകവും ഉണ്ടാകും.
20 അതു മിസ്രയീംദേശത്തു സൈന്യങ്ങളുടെ യഹോവെക്കു ഒരു അടയാളവും ഒരു സാക്ഷ്യവും ആയിരിക്കും; പീഡകന്മാർ നിമിത്തം അവർ യഹോവയോടു നിലവിളിക്കും; അവൻ അവർക്കു ഒരു രക്ഷകനെ അയക്കും; അവൻ പൊരുതു അവരെ വിടുവിക്കും.
അത് ഈജിപ്റ്റുദേശത്ത്, സൈന്യങ്ങളുടെ യഹോവയ്ക്ക് ഒരു ചിഹ്നവും സാക്ഷ്യവും ആയിത്തീരും. അവരെ പീഡിപ്പിക്കുന്നവർ നിമിത്തം അവർ യഹോവയോടു നിലവിളിക്കുമ്പോൾ, അവിടന്ന് അവർക്കുവേണ്ടി പോരാടുന്നതിന് ഒരു രക്ഷകനെ, വിമോചകനെ അയയ്ക്കും; അദ്ദേഹം അവരെ വിടുവിക്കും.
21 അങ്ങനെ യഹോവ മിസ്രയീമിന്നു തന്നെ വെളിപ്പെടുത്തുകയും മിസ്രയീമ്യർ അന്നു യഹോവയെ അറിഞ്ഞു യാഗവും വഴിപാടും കഴിക്കയും യഹോവെക്കു ഒരു നേർച്ച നേർന്നു അതിനെ നിവർത്തിക്കയും ചെയ്യും.
അങ്ങനെ യഹോവ ഈജിപ്റ്റിനു സ്വയം വെളിപ്പെടുത്തും. ഈജിപ്റ്റുകാർ അന്ന് യഹോവയെ അംഗീകരിക്കും. അവർ യാഗങ്ങളും ഭോജനയാഗങ്ങളും അർപ്പിച്ച് അവിടത്തെ ആരാധിക്കും. അവർ യഹോവയ്ക്ക് നേർച്ചനേരുകയും അതു നിറവേറ്റുകയും ചെയ്യും.
22 യഹോവ മിസ്രയീമിനെ അടിക്കും; അടിച്ചിട്ടു അവൻ വീണ്ടും അവരെ സൗഖ്യമാക്കും; അവർ യഹോവയിങ്കലേക്കു തിരികയും അവൻ അവരുടെ പ്രാർത്ഥന കേട്ടു അവരെ സൗഖ്യമാക്കുകയും ചെയ്യും.
യഹോവ ഈജിപ്റ്റിനെ ഒരു മഹാമാരിയാൽ ശിക്ഷിക്കും; അവിടന്ന് അവരെ അടിക്കുകയും സൗഖ്യമാക്കുകയും ചെയ്യും. അങ്ങനെ അവർ യഹോവയിലേക്കു തിരിയും. അവിടന്ന് അവരുടെ യാചന ശ്രദ്ധിക്കുകയും അവരെ സൗഖ്യമാക്കുകയും ചെയ്യും.
23 അന്നാളിൽ മിസ്രയീമിൽനിന്നു അശ്ശൂരിലേക്കു ഒരു പെരുവഴി ഉണ്ടാകും; അശ്ശൂര്യർ മിസ്രയീമിലേക്കും മിസ്രയീമ്യർ അശ്ശൂരിലേക്കും ചെല്ലും; മിസ്രയീമ്യർ അശ്ശൂര്യരോടുകൂടെ ആരാധന കഴിക്കും.
ആ കാലത്ത് ഈജിപ്റ്റിൽനിന്ന് അശ്ശൂരിലേക്ക് ഒരു രാജവീഥിയുണ്ടാകും. അശ്ശൂര്യർ ഈജിപ്റ്റിലേക്കും ഈജിപ്റ്റുകാർ അശ്ശൂരിലേക്കും പോകും. ഈജിപ്റ്റുകാർ, അശ്ശൂര്യർ ഇവർ ഇരുവരും ഒത്തുചേർന്ന് ആരാധിക്കും.
24 അന്നാളിൽ യിസ്രായേൽ ഭൂമിയുടെ മദ്ധ്യേ ഒരു അനുഗ്രഹമായി മിസ്രയീമിനോടും അശ്ശൂരിനോടുംകൂടെ മൂന്നാമതായിരിക്കും.
അന്നാളിൽ മൂന്നാമനായ ഇസ്രായേൽ, ഭൂമിയുടെ മധ്യേ ഈജിപ്റ്റിനും അശ്ശൂരിനും ഒരു അനുഗ്രഹമായിരിക്കും.
25 സൈന്യങ്ങളുടെ യഹോവ അവരെ അനുഗ്രഹിച്ചു: എന്റെ ജനമായ മിസ്രയീമും എന്റെ കൈകളുടെ പ്രവൃത്തിയായ അശ്ശൂരും എന്റെ അവകാശമായ യിസ്രായേലും അനുഗ്രഹിക്കപ്പെടുമാറാകട്ടെ എന്നു അരുളിച്ചെയ്യും.
“എന്റെ ജനമായ ഈജിപ്റ്റും എന്റെ കൈകളുടെ പ്രവൃത്തിയായ അശ്ശൂരും എന്റെ അവകാശമായ ഇസ്രായേലും അനുഗൃഹീതർ,” എന്ന് അരുളിച്ചെയ്തുകൊണ്ട് സൈന്യങ്ങളുടെ യഹോവ അവരെ അനുഗ്രഹിക്കും.