< ഹോശേയ 4 >

1 യിസ്രായേൽമക്കളേ, യഹോവയുടെ വചനം കേൾപ്പിൻ; യഹോവെക്കു ദേശനിവാസികളോടു ഒരു വ്യവഹാരം ഉണ്ടു; ദേശത്തു സത്യവും ഇല്ല, ദയയും ഇല്ല, ദൈവപരിജ്ഞാനവുമില്ല.
ഇസ്രായേൽജനമേ, യഹോവയുടെ വചനം കേൾപ്പിൻ; ഈ ദേശത്തു വസിക്കുന്ന നിങ്ങൾക്കുനേരേ യഹോവയ്ക്ക് ഒരു വ്യവഹാരം ഉണ്ട്: “ഈ ദേശത്തു വിശ്വസ്തതയോ സ്നേഹമോ ദൈവപരിജ്ഞാനമോ ഇല്ല;
2 അവർ ആണയിടുന്നു; ഭോഷ്കു പറയുന്നു; കൊല ചെയ്യുന്നു; മോഷ്ടിക്കുന്നു; വ്യഭിചരിക്കുന്നു; വീടു മുറിക്കുന്നു; രക്തപാതകത്തോടു രക്തപാതകം കൂട്ടുന്നു.
ശാപവും വ്യാജവും കൊലപാതകവും മോഷണവും വ്യഭിചാരവുംമാത്രമേയുള്ളൂ. അവർ സകല അതിർവരമ്പുകളും ലംഘിച്ചിരിക്കുന്നു; രക്തച്ചൊരിച്ചിലിനു പിന്നാലെ രക്തച്ചൊരിച്ചിൽതന്നെ.
3 അതുകൊണ്ടു ദേശം ദുഃഖിക്കുന്നു; അതിലെ സകലനിവാസികളും വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും ക്ഷീണിച്ചുപോകുന്നു; സമുദ്രത്തിലെ മത്സ്യങ്ങളും ഇല്ലാതെയാകുന്നു.
ഇതുനിമിത്തം ദേശം വിലപിക്കുന്നു. അതിലെ നിവാസികളെല്ലാവരും വയലിലെ മൃഗങ്ങളും ആകാശത്തിലെ പറവകളും മെലിഞ്ഞുണങ്ങിയിരിക്കുന്നു; സമുദ്രത്തിലെ മത്സ്യം നശിച്ചുപോകുന്നു.
4 എങ്കിലും ആരും വാദിക്കരുതു; ആരും ശാസിക്കയും അരുതു; നിന്റെ ജനമോ, പുരോഹിതനോടു വാദിക്കുന്നവരെപ്പോലെ ഇരിക്കുന്നു.
“എന്നാൽ, ആരും കുറ്റാരോപണം നടത്തുകയോ പരസ്പരം പഴിചാരുകയോ അരുത്. നിങ്ങൾ പുരോഹിതനുനേരേ ആരോപണം ഉന്നയിക്കുന്നവരെപ്പോലെ ആകുന്നു.
5 അതുകൊണ്ടു നീ പകൽ സമയത്തു ഇടറിവീഴും; പ്രവാചകനും നിന്നോടുകൂടെ രാത്രിയിൽ ഇടറിവീഴും; നിന്റെ അമ്മയെ ഞാൻ നശിപ്പിക്കും.
നിങ്ങൾ പകൽസമയത്ത് ഇടറിവീഴും. പ്രവാചകന്മാർ നിങ്ങളോടൊപ്പം രാത്രികാലത്ത് ഇടറിവീഴും. അതുകൊണ്ടു ഞാൻ നിങ്ങളുടെ അമ്മയെ നശിപ്പിക്കും—
6 പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം നശിച്ചുപോകുന്നു; പരിജ്ഞാനം ത്യജിക്കകൊണ്ടു നീ എനിക്കു പുരോഹിതനായിരിക്കാതവണ്ണം ഞാൻ നിന്നെയും ത്യജിക്കും; നീ നിന്റെ ദൈവത്തിന്റെ ന്യായപ്രമാണം മറന്നുകളഞ്ഞതുകൊണ്ടു ഞാനും നിന്റെ മക്കളെ മറക്കും.
പരിജ്ഞാനമില്ലായ്കയാൽ എന്റെ ജനം നശിക്കുന്നു. “നീ പരിജ്ഞാനം ത്യജിച്ചതിനാൽ എന്റെ പുരോഹിതസ്ഥാനത്തുനിന്നു ഞാൻ നിന്നെയും ത്യജിച്ചുകളയും; നിങ്ങൾ ദൈവത്തിന്റെ ന്യായപ്രമാണം അവഗണിച്ചിരിക്കുകയാൽ, ഞാനും നിങ്ങളുടെ മക്കളെ അവഗണിക്കും.
7 അവർ പെരുകുന്തോറും എന്നോടു ഏറെ പാപം ചെയ്തു; ഞാൻ അവരുടെ മഹത്വത്തെ ലജ്ജയായി മാറ്റും.
പുരോഹിതന്മാർ വർധിക്കുന്തോറും, അവർ എന്നോട് അധികം പാപംചെയ്തു; അതുകൊണ്ട് ഞാൻ അവരുടെ മഹത്ത്വത്തെ ലജ്ജയാക്കിമാറ്റും.
8 അവർ എന്റെ ജനത്തിന്റെ പാപംകൊണ്ടു ഉപജീവനം കഴിക്കുന്നു; അവരുടെ അകൃത്യത്തിന്നായിട്ടു ആഗ്രഹിക്കുന്നു.
അവർ എന്റെ ജനത്തിന്റെ പാപംകൊണ്ട് ഉപജീവിക്കുകയും അവരുടെ ദുഷ്ടത ആസ്വദിക്കുകയും ചെയ്യുന്നു.
9 ആകയാൽ ജനത്തിന്നും പുരോഹിതന്നും ഒരുപോലെ ഭവിക്കും. ഞാൻ അവരുടെ നടപ്പു അവരോടു സന്ദർശിച്ചു അവരുടെ പ്രവൃത്തികൾക്കു തക്കവണ്ണം അവർക്കു പകരം കൊടുക്കും.
ജനം എങ്ങനെയോ, അങ്ങനെതന്നെ പുരോഹിതന്മാരും ആയിരിക്കും. ഞാൻ അവരുടെ പാപവഴികൾനിമിത്തം അവരിരുവരെയും ശിക്ഷിക്കും അവരുടെ പ്രവൃത്തികൾക്കു തക്ക പകരംനൽകും.
10 അവർ ഭക്ഷിച്ചാലും തൃപ്തി പ്രാപിക്കയില്ല; അവർ സ്ത്രീസംഗംചെയ്താലും പെരുകുകയില്ല; യഹോവയെ കൂട്ടാക്കുന്നതു അവർ വിട്ടുകളഞ്ഞുവല്ലോ.
“അവർ ഭക്ഷിക്കും, പക്ഷേ, മതിവരികയില്ല; അവർ വ്യഭിചരിക്കും, പക്ഷേ, യാതൊന്നും നേടുകയില്ല, കാരണം അവർ യഹോവയെ ഉപേക്ഷിച്ചുകളഞ്ഞല്ലോ;
11 പരസംഗവും വീഞ്ഞും പുതിയ വീഞ്ഞും ബുദ്ധിയെ കെടുത്തുകളയുന്നു.
ബുദ്ധിയെ കെടുത്തുന്ന വ്യഭിചാരത്തിനും പഴയ വീഞ്ഞിനും പുതിയ വീഞ്ഞിനും അവർ സ്വയം ഏൽപ്പിച്ചുകൊടുത്തു.
12 എന്റെ ജനം തങ്ങളുടെ മരത്തോടു അരുളപ്പാടു ചോദിക്കുന്നു; അവരുടെ വടി അവരോടു ലക്ഷണം പറയുന്നു; പരസംഗമോഹം അവരെ ഭ്രമിപ്പിക്കുന്നു; അവർ തങ്ങളുടെ ദൈവത്തെ വിട്ടു പരസംഗം ചെയ്യുന്നു.
എന്റെ ജനം ഒരു മരപ്രതിമയോടു ചോദിക്കുന്നു, ദേവപ്രശ്നംവെക്കുന്നവരുടെ ദണ്ഡിൽനിന്ന് അവർക്കു മറുപടി ലഭിക്കുന്നു. വ്യഭിചാരത്തിന്റെ ആത്മാവ് അവരെ വഴിതെറ്റിക്കുന്നു; അവർ തങ്ങളുടെ ദൈവത്തോട് അവിശ്വസ്തരായിരിക്കുന്നു.
13 അവർ പർവ്വതശിഖരങ്ങളിൽ ബലി കഴിക്കുന്നു; കുന്നുകളിൽ അവർ നല്ല തണലുള്ള കരുവേലത്തിന്റെയും പുന്നയുടെയും ആലിന്റെയും കീഴെ ധൂപം കാട്ടുന്നു; അവിടെ നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നു; നിങ്ങളുടെ പുത്രഭാര്യമാർ വ്യഭിചരിക്കുന്നു.
അവർ പർവതശിഖരങ്ങളിൽ ബലികഴിക്കുന്നു, കുന്നുകളിൽ നല്ല തണൽ നൽകുന്ന കരുവേലകത്തിന്റെയും പുന്നയുടെയും ആലിന്റെയും കീഴിൽ അവർ ധൂപംകാട്ടുന്നു. തന്നിമിത്തം നിങ്ങളുടെ പുത്രിമാർ വ്യഭിചാരത്തിലേക്കും പുത്രഭാര്യമാർ പരപുരുഷസംഗത്തിലേക്കും തിരിയുന്നു.
14 നിങ്ങളുടെ പുത്രിമാർ പരസംഗം ചെയ്യുന്നതും നിങ്ങളുടെ പുത്രഭാര്യമാർ വ്യഭിചരിച്ചുനടക്കുന്നതും ഞാൻ സന്ദർശിക്കയില്ല; അവർ തന്നേ വേശ്യാസ്ത്രീകളോടുകൂടെ വേറിട്ടുപോകയും ദേവദാസികളോടുകൂടെ ബലി കഴിക്കയും ചെയ്യുന്നു; ഇങ്ങനെ ബുദ്ധിയില്ലാത്ത ജനം നശിച്ചുപോകും.
“വ്യഭിചാരത്തിലേക്കു തിരിയുന്ന നിങ്ങളുടെ പുത്രിമാരെയും പരപുരുഷസംഗത്തിലേക്കു തിരിയുന്ന നിങ്ങളുടെ പുത്രഭാര്യമാരെയും ഞാൻ ശിക്ഷിക്കുകയില്ല. കാരണം നിങ്ങളുടെ പുരുഷന്മാർതന്നെ വേശ്യാസ്ത്രീകളോടുകൂടെ പാർക്കുകയും ക്ഷേത്രവേശ്യകളോടുകൂടെ ബലികഴിക്കുകയുംചെയ്യുന്നു. ഇങ്ങനെ പരിജ്ഞാനമില്ലാത്ത ജനം നശിപ്പിക്കപ്പെടും!
15 യിസ്രായേലേ, നി പരസംഗം ചെയ്താലും, യെഹൂദാ അപരാധം ചെയ്യാതെയിരിക്കട്ടെ; നിങ്ങൾ ഗില്ഗാലിലേക്കു ചെല്ലരുതു; ബേത്ത്-ആവെനിലേക്കു കയറിപ്പോകരുതു; യഹോവയാണ എന്നു സത്യം ചെയ്കയുമരുതു.
“ഇസ്രായേൽജനമേ, നിങ്ങൾ വ്യഭിചാരം ചെയ്യുന്നെങ്കിലും യെഹൂദ അപ്രകാരമുള്ള കുറ്റം ചെയ്യാതിരിക്കട്ടെ. “നിങ്ങൾ ഗിൽഗാലിലേക്കു പോകരുത്; ബേത്-ആവെനിലേക്ക് പോകരുത്. ‘ജീവനുള്ള യഹോവയാണെ,’ എന്ന് ഇനിമേൽ ശപഥംചെയ്യരുത്!”
16 യിസ്രായേൽ ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ ദുശ്ശാഠ്യം കാണിച്ചാൽ യഹോവ അവരെ ഒരു വിശാലസ്ഥലത്തു കുഞ്ഞാടിനെപ്പോലെ മേയിക്കുമോ?
ദുശ്ശാഠ്യമുള്ള പശുക്കിടാവിനെപ്പോലെ ഇസ്രായേൽജനം ശാഠ്യമുള്ളവരാണ്. അങ്ങനെയെങ്കിൽ പുൽമേടുകളിലെ കുഞ്ഞാടുകളെപ്പോലെ അവരെ മേയിക്കാൻ യഹോവയ്ക്ക് എങ്ങനെ കഴിയും?
17 എഫ്രയീം വിഗ്രഹങ്ങളുടെ കൂട്ടാളിയാകുന്നു; അവനെ വിട്ടുകളക.
എഫ്രയീം വിഗ്രഹങ്ങളോടു ചേർന്നിരിക്കുന്നു; അവനെ വിട്ട് ഒഴിഞ്ഞിരിക്ക.
18 മദ്യപാനം കഴിയുമ്പോൾ അവർ പരസംഗം ചെയ്യും; അവരുടെ പ്രഭുക്കന്മാർ ലജ്ജയിൽ അത്യന്തം ഇഷ്ടപ്പെടുന്നു.
അവരുടെ മദ്യം തീർന്നാലും അവർ തങ്ങളുടെ വ്യഭിചാരം തുടരുന്നു; അവരുടെ ഭരണാധികാരികൾ ലജ്ജാകരമായ വഴികൾ ഇഷ്ടപ്പെടുന്നു.
19 കാറ്റു അവളെ ചിറകുകൊണ്ടു ചുറ്റിപ്പിടിക്കുന്നു. അവർ തങ്ങളുടെ ബലികൾഹേതുവായി ലജ്ജിച്ചുപോകും.
ഒരു ചുഴലിക്കാറ്റ് അവരെ പറപ്പിച്ചുകളയും, അവരുടെ ബലികൾ അവർക്കുതന്നെ ലജ്ജയായിത്തീരും.

< ഹോശേയ 4 >