< ഉല്പത്തി 43 >

1 എന്നാൽ ക്ഷാമം ദേശത്തു കഠിനമായി തീർന്നു.
എന്നാൽ ക്ഷാമം കനാനില്‍ കഠിനമായി തീർന്നു.
2 അവർ മിസ്രയീമിൽനിന്നു കൊണ്ടുവന്ന ധാന്യം തിന്നു തീർന്നപ്പോൾ അവരുടെ അപ്പൻ അവരോടു: നിങ്ങൾ ഇനിയും പോയി കുറെ ആഹാരം കൊള്ളുവിൻ എന്നു പറഞ്ഞു.
അവർ ഈജിപ്റ്റിൽനിന്നു കൊണ്ടുവന്ന ധാന്യം ഭക്ഷിച്ചു തീർന്നപ്പോൾ അവരുടെ അപ്പൻ അവരോട്: “നിങ്ങൾ ഇനിയും പോയി കുറെ ആഹാരംകൂടി വാങ്ങുവിൻ” എന്നു പറഞ്ഞു.
3 അതിന്നു യെഹൂദാ അവനോടു പറഞ്ഞതു: നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ലാതിരുന്നാൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല എന്നു അദ്ദേഹം തീർച്ചയായി ഞങ്ങളോടു പറഞ്ഞിരിക്കുന്നു.
അതിന് യെഹൂദാ അപ്പനോട് പറഞ്ഞത് ‘നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ലാതിരുന്നാൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല’ എന്ന് അദ്ദേഹം തീർച്ചയായി ഞങ്ങളോടു പറഞ്ഞിരിക്കുന്നു.
4 നീ ഞങ്ങളുടെ സഹോദരനെ ഞങ്ങളുടെകൂടെ അയച്ചാൽ ഞങ്ങൾ ചെന്നു ആഹാരം വാങ്ങി കൊണ്ടുവരാം;
അപ്പൻ ഞങ്ങളുടെ സഹോദരനെ ഞങ്ങളുടെകൂടെ അയച്ചാൽ ഞങ്ങൾ ചെന്ന് ആഹാരം വാങ്ങി കൊണ്ടുവരാം;
5 അയക്കാഞ്ഞാലോ ഞങ്ങൾ പോകയില്ല. നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ല എങ്കിൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല എന്നു അദ്ദേഹം ഞങ്ങളോടു പറഞ്ഞിരിക്കുന്നു.
അയക്കാതിരുന്നാലോ ഞങ്ങൾ പോകയില്ല. ‘നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ല എങ്കിൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല’ എന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞിരിക്കുന്നു”.
6 നിങ്ങൾക്കു ഇനിയും ഒരു സഹോദരൻ ഉണ്ടെന്നു നിങ്ങൾ അദ്ദേഹത്തോടു പറഞ്ഞു എനിക്കു ഈ ദോഷം വരുത്തിയതു എന്തിന്നു എന്നു യിസ്രായേൽ പറഞ്ഞു.
“നിങ്ങൾക്ക് ഇനിയും ഒരു സഹോദരൻ ഉണ്ടെന്ന് നിങ്ങൾ അദ്ദേഹത്തോടു പറഞ്ഞ് എനിക്ക് ഈ ദോഷം വരുത്തിയത് എന്തിന്?” എന്നു യിസ്രായേൽ പറഞ്ഞു.
7 അതിന്നു അവർ: നിങ്ങളുടെ അപ്പൻ ജീവിച്ചിരിക്കുന്നുവോ? നിങ്ങൾക്കു ഇനിയും ഒരു സഹോദരൻ ഉണ്ടോ എന്നിങ്ങനെ അദ്ദേഹം ഞങ്ങളെയും ഞങ്ങളുടെ വംശത്തെയും കുറിച്ചു താല്പര്യമായി ചോദിച്ചതുകൊണ്ടു ഞങ്ങൾ ഇതൊക്കെയും അറിയിക്കേണ്ടിവന്നു; നിങ്ങളുടെ സഹോദരനെ ഇവിടെ കൂട്ടിക്കൊണ്ടുവരുവിൻ എന്നു അദ്ദേഹം പറയുമെന്നു ഞങ്ങൾ അറിഞ്ഞിരുന്നുവോ എന്നു പറഞ്ഞു.
അതിന് അവർ “‘നിങ്ങളുടെ അപ്പൻ ജീവിച്ചിരിക്കുന്നുവോ? നിങ്ങൾക്ക് ഇനിയും ഒരു സഹോദരൻ ഉണ്ടോ?’ എന്നിങ്ങനെ അദ്ദേഹം ഞങ്ങളെയും നമ്മുടെ കുടുംബത്തെയുംകുറിച്ചു താല്പര്യമായി ചോദിച്ചതുകൊണ്ട് ഞങ്ങൾ ഇതെല്ലാം അറിയിക്കേണ്ടിവന്നു; ‘നിങ്ങളുടെ സഹോദരനെ ഇവിടെ കൂട്ടിക്കൊണ്ടുവരുവിൻ’ എന്ന് അദ്ദേഹം പറയുമെന്നു ഞങ്ങൾ അറിഞ്ഞിരുന്നുവോ” എന്നു പറഞ്ഞു.
8 പിന്നെ യെഹൂദാ തന്റെ അപ്പനായ യിസ്രായേലിനോടു പറഞ്ഞതു: ഞങ്ങളും നീയും ഞങ്ങളുടെ കുഞ്ഞുകുട്ടികളും മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു ബാലനെ എന്നോടുകൂടെ അയക്കേണം; എന്നാൽ ഞങ്ങൾ പോകാം.
പിന്നെ യെഹൂദാ തന്റെ അപ്പനായ യിസ്രായേലിനോടു പറഞ്ഞത് “ഞങ്ങളും അപ്പനും ഞങ്ങളുടെ കുഞ്ഞുകുട്ടികളും മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന് ബാലനെ എന്നോടുകൂടെ അയയ്ക്കേണം; എന്നാൽ ഞങ്ങൾ പോകാം.
9 ഞാൻ അവന്നു വേണ്ടി ഉത്തരവാദിയായിരിക്കാം; നീ അവനെ എന്റെ കയ്യിൽനിന്നു ചോദിക്കേണം; ഞാൻ അവനെ നിന്റെ അടുക്കൽ കൊണ്ടുവന്നു അവനെ നിന്റെ മുമ്പിൽ നിർത്തുന്നില്ലെങ്കിൽ ഞാൻ സദാകാലം നിനക്കു കുറ്റക്കാരനായിക്കൊള്ളാം.
ഞാൻ അവന് വേണ്ടി ഉത്തരവാദിയായിരിക്കാം; നീ അവനെ എന്റെ കൈയിൽനിന്നു ചോദിക്കേണം; ഞാൻ അവനെ അപ്പന്റെ അടുക്കൽ കൊണ്ടുവന്ന് അപ്പന്റെ മുമ്പിൽ നിർത്തുന്നില്ലെങ്കിൽ ഞാൻ സദാകാലം നിനക്ക് കുറ്റക്കാരനായിക്കൊള്ളാം.
10 ഞങ്ങൾ താമസിച്ചിരുന്നില്ലെങ്കിൽ ഇപ്പോൾ രണ്ടു പ്രാവശ്യം പോയിവരുമായിരുന്നു.
൧൦ഞങ്ങൾ താമസിക്കാതിരുന്നെങ്കിൽ ഇപ്പോൾ രണ്ടുപ്രാവശ്യം പോയിവരുമായിരുന്നു”.
11 അപ്പോൾ അവരുടെ അപ്പനായ യിസ്രായേൽ അവരോടു പറഞ്ഞതു: അങ്ങനെയെങ്കിൽ ഇതു ചെയ്‌വിൻ: നിങ്ങളുടെ പാത്രങ്ങളിൽ കുറെ സുഗന്ധപ്പശ, കുറെ തേൻ, സാംപ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി എന്നിങ്ങനെ ദേശത്തിലെ വിശേഷവസ്തുക്കളിൽ ചിലതൊക്കെയും കൊണ്ടുപോയി അദ്ദേഹത്തിന്നു കാഴ്ചവെപ്പിൻ.
൧൧അപ്പോൾ അവരുടെ അപ്പനായ യിസ്രായേൽ അവരോടു പറഞ്ഞത്: “അങ്ങനെയെങ്കിൽ ഇതു ചെയ്യുവിൻ: നിങ്ങളുടെ പാത്രങ്ങളിൽ കുറെ സുഗന്ധപ്പശ, കുറെ തേൻ, സാമ്പ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി എന്നിങ്ങനെ ദേശത്തിലെ വിശേഷവസ്തുക്കളിൽ ചിലതൊക്കെയും കൊണ്ടുപോയി അദ്ദേഹത്തിനു കാഴ്ചവയ്ക്കുവിൻ.
12 ഇരട്ടിദ്രവ്യവും കയ്യിൽ എടുത്തുകൊൾവിൻ; നിങ്ങളുടെ ചാക്കിന്റെ വായ്ക്കൽ മടങ്ങിവന്ന ദ്രവ്യവും കയ്യിൽ തിരികെ കൊണ്ടുപോകുവിൻ; പക്ഷേ അതു കൈമറിച്ചലായിരിക്കും.
൧൨ഇരട്ടിപണവും കയ്യിൽ എടുത്തുകൊള്ളുവിൻ; നിങ്ങളുടെ ചാക്കിന്റെ വായ്ക്കൽ മടങ്ങിവന്ന പണവും കയ്യിൽ തിരികെ കൊണ്ടുപോകുവിൻ; ഒരുപക്ഷേ അത് നോട്ടപ്പിശകായിരിക്കാം.
13 നിങ്ങളുടെ സഹോദരനെയും കൂട്ടി പുറപ്പെട്ടു അദ്ദേഹത്തിന്റെ അടുക്കൽ വീണ്ടും ചെല്ലുവിൻ.
൧൩നിങ്ങളുടെ സഹോദരനെയും കൂട്ടി പുറപ്പെട്ട് അദ്ദേഹത്തിന്റെ അടുക്കൽ വീണ്ടും ചെല്ലുവിൻ.
14 അവൻ നിങ്ങളുടെ മറ്റേ സഹോദരനെയും ബെന്യാമീനെയും നിങ്ങളോടുകൂടെ അയക്കേണ്ടതിന്നു സർവ്വശക്തിയുള്ള ദൈവം അവന്നു നിങ്ങളോടു കരുണ തോന്നിക്കട്ടെ; എന്നാൽ ഞാൻ മക്കളില്ലാത്തവനാകേണമെങ്കിൽ ആകട്ടെ.
൧൪അവൻ നിങ്ങളുടെ മറ്റെ സഹോദരനെയും ബെന്യാമീനെയും നിങ്ങളോടുകൂടി അയക്കേണ്ടതിന് സർവ്വശക്തിയുള്ള ദൈവം അവനു നിങ്ങളോടു കരുണ തോന്നിക്കട്ടെ; എന്നാൽ ഞാൻ മക്കളില്ലാത്തവനാകണമെങ്കിൽ ആകട്ടെ”.
15 അങ്ങനെ അവർ ആ കാഴ്ചയും ഇരട്ടിദ്രവ്യവും എടുത്തു ബെന്യാമീനെയും കൂട്ടി പുറപ്പെട്ടു മിസ്രയീമിൽ ചെന്നു യോസേഫിന്റെ മുമ്പിൽനിന്നു.
൧൫അങ്ങനെ അവർ ആ കാഴ്ചയും ഇരട്ടിപണവും എടുത്തു ബെന്യാമീനെയും കൂട്ടി പുറപ്പെട്ടു ഈജിപ്റ്റിൽ ചെന്നു യോസേഫിന്റെ മുമ്പിൽനിന്നു.
16 അവരോടുകൂടെ ബെന്യാമീനെ കണ്ടപ്പോൾ അവൻ തന്റെ ഗൃഹവിചാരകനോടു: നീ ഈ പുരുഷന്മാരെ വീട്ടിൽ കൂട്ടിക്കൊണ്ടു പോക; അവർ ഉച്ചെക്കു എന്നോടുകൂടെ ഭക്ഷണം കഴിക്കേണ്ടതാകയാൽ മൃഗത്തെ അറുത്തു ഒരുക്കിക്കൊൾക എന്നു കല്പിച്ചു.
൧൬അവരോടുകൂടി ബെന്യാമീനെ കണ്ടപ്പോൾ യോസേഫ് തന്റെ ഗൃഹവിചാരകനോട്: “നീ ഈ പുരുഷന്മാരെ വീട്ടിൽ കൂട്ടിക്കൊണ്ട് പോകുക; അവർ ഉച്ചയ്ക്ക് എന്നോടുകൂടി ഭക്ഷണം കഴിക്കേണ്ടതാകയാൽ മൃഗത്തെ അറുത്ത് ഒരുക്കിക്കൊള്ളുക” എന്നു കല്പിച്ചു.
17 യോസേഫ് കല്പിച്ചതുപോലെ അവൻ ചെയ്തു; അവരെ യോസേഫിന്റെ വീട്ടിൽ കൂട്ടിക്കൊണ്ടു പോയി.
൧൭യോസേഫ് കല്പിച്ചതുപോലെ അവൻ ചെയ്തു; അവരെ യോസേഫിന്റെ വീട്ടിൽ കൂട്ടിക്കൊണ്ട് പോയി.
18 തങ്ങളെ യോസേഫിന്റെ വീട്ടിൽ കൊണ്ടുപോകയാൽ അവർ ഭയപ്പെട്ടു: ആദ്യത്തെ പ്രാവശ്യം നമ്മുടെ ചാക്കിൽ മടങ്ങിവന്ന ദ്രവ്യം നിമിത്തം നമ്മെ പിടിച്ചു അടിമകളാക്കി നമ്മുടെ കഴുതകളെയും എടുത്തുകൊള്ളേണ്ടതിന്നാകുന്നു നമ്മെ കൊണ്ടുവന്നിരിക്കുന്നതു എന്നു പറഞ്ഞു.
൧൮തങ്ങളെ യോസേഫിന്റെ വീട്ടിൽ കൊണ്ടുപോകുകയാൽ അവർ ഭയപ്പെട്ടു: “ആദ്യത്തെ പ്രാവശ്യം നമ്മുടെ ചാക്കിൽ മടങ്ങിവന്ന പണം നിമിത്തം നമ്മെ പിടിച്ച് അടിമകളാക്കി നമ്മുടെ കഴുതകളെയും എടുത്തുകൊള്ളേണ്ടതിനാകുന്നു നമ്മെ കൊണ്ടുവന്നിരിക്കുന്നത് എന്നു പറഞ്ഞു.
19 അവർ യോസേഫിന്റെ ഗൃഹവിചാരകന്റെ അടുക്കൽ ചെന്നു, വീട്ടുവാതിൽക്കൽവെച്ചു അവനോടു സംസാരിച്ചു:
൧൯അവർ യോസേഫിന്റെ ഗൃഹവിചാരകന്റെ അടുക്കൽ ചെന്ന്, വീട്ടുവാതിൽക്കൽവച്ച് അവനോട് സംസാരിച്ചു:
20 യജമാനനേ, ആഹാരം കൊള്ളുവാൻ ഞങ്ങൾ മുമ്പെ വന്നിരുന്നു.
൨൦“യജമാനനേ, ആഹാരം വാങ്ങുവാൻ ഞങ്ങൾ മുമ്പെ വന്നിരുന്നു.
21 ഞങ്ങൾ വഴിയമ്പലത്തിൽ ചെന്നു ചാക്കു അഴിച്ചപ്പോൾ ഓരോരുത്തന്റെ ദ്രവ്യം മുഴുവനും അവനവന്റെ ചാക്കിന്റെ വായ്ക്കൽ ഉണ്ടായിരുന്നു; അതു ഞങ്ങൾ വീണ്ടും കൊണ്ടുവന്നിരിക്കുന്നു.
൨൧ഞങ്ങൾ വഴിയമ്പലത്തിൽ ചെന്നു ചാക്ക് അഴിച്ചപ്പോൾ ഓരോരുത്തന്റെ പണം മുഴുവനും അവനവന്റെ ചാക്കിന്റെ വായ്ക്കൽ ഉണ്ടായിരുന്നു; അത് ഞങ്ങൾ വീണ്ടും കൊണ്ടുവന്നിരിക്കുന്നു.
22 ആഹാരം കൊള്ളുവാൻ വേറെ ദ്രവ്യവും ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ടു; ദ്രവ്യം ഞങ്ങളുടെ ചാക്കിൽ വെച്ചതു ആരെന്നു ഞങ്ങൾക്കു അറിഞ്ഞുകൂടാ എന്നു പറഞ്ഞു.
൨൨ആഹാരം വാങ്ങുവാൻ വേറെ പണവും ഞങ്ങൾ കൊണ്ടുവന്നിട്ടുണ്ട്; പണം ഞങ്ങളുടെ ചാക്കിൽ വച്ചത് ആരെന്ന് ഞങ്ങൾക്ക് അറിഞ്ഞുകൂടാ” എന്നു പറഞ്ഞു.
23 അതിന്നു അവൻ: നിങ്ങൾക്കു സമാധാനം; നിങ്ങൾ ഭയപ്പെടേണ്ടാ; നിങ്ങളുടെ ദൈവം, നിങ്ങളുടെ അപ്പന്റെ ദൈവം തന്നേ, നിങ്ങളുടെ ചാക്കിൽ നിങ്ങൾക്കു നിക്ഷേപം തന്നിരിക്കുന്നു; നിങ്ങളുടെ ദ്രവ്യം എനിക്കു കിട്ടി എന്നു പറഞ്ഞു. ശിമെയോനെയും അവരുടെ അടുക്കൽ പുറത്തു കൊണ്ടുവന്നു.
൨൩അതിന് അവൻ: “നിങ്ങൾക്ക് സമാധാനം; നിങ്ങൾ ഭയപ്പെടേണ്ടാ; നിങ്ങളുടെ ദൈവം, നിങ്ങളുടെ അപ്പന്റെ ദൈവം തന്നെ, നിങ്ങളുടെ ചാക്കിൽ നിങ്ങൾക്ക് നിക്ഷേപം തന്നിരിക്കുന്നു; നിങ്ങളുടെ പണം എനിക്ക് കിട്ടി” എന്നു പറഞ്ഞ്, ശിമെയോനെയും അവരുടെ അടുക്കൽ പുറത്തു കൊണ്ടുവന്നു.
24 പിന്നെ അവൻ അവരെ യോസേഫിന്റെ വീട്ടിന്നകത്തു കൊണ്ടുപോയി; അവർക്കു വെള്ളം കൊടുത്തു, അവർ കാലുകളെ കഴുകി; അവരുടെ കഴുതകൾക്കു അവൻ തീൻ കൊടുത്തു.
൨൪പിന്നെ അവൻ അവരെ യോസേഫിന്റെ വീടിനകത്തു കൊണ്ടുപോയി; അവർക്ക് വെള്ളം കൊടുത്തു, അവർ കാൽ കഴുകി; അവരുടെ കഴുതകൾക്ക് അവൻ തീറ്റ കൊടുത്തു.
25 ഉച്ചെക്കു യോസേഫ് വരുമ്പോഴേക്കു അവർ കാഴ്ച ഒരുക്കിവെച്ചു; തങ്ങൾക്കു ഭക്ഷണം അവിടെ എന്നു അവർ കേട്ടിരുന്നു.
൨൫ഉച്ചയ്ക്കു യോസേഫ് വരുമ്പോഴേക്ക് അവർ കാഴ്ച വസ്തുക്കൾ ഒരുക്കിവച്ചു; തങ്ങൾക്കു ഭക്ഷണം അവിടെ ആകുന്നു എന്ന് അവർ കേട്ടിരുന്നു.
26 യോസേഫ് വീട്ടിൽ വന്നപ്പോൾ അവർ കൈവശമുള്ള കാഴ്ച അകത്തുകൊണ്ടുചെന്നു അവന്റെ മുമ്പാകെവെച്ചു അവനെ സാഷ്ടാംഗം നമസ്കരിച്ചു.
൨൬യോസേഫ് വീട്ടിൽ വന്നപ്പോൾ അവർ കൈവശമുള്ള കാഴ്ച വസ്തുക്കൾ അകത്തുകൊണ്ടുചെന്ന് അവന്റെ മുമ്പാകെവച്ച് അവനെ സാഷ്ടാംഗം നമസ്കരിച്ചു.
27 അവൻ അവരോടു കുശലപ്രശ്നം ചെയ്തു: നിങ്ങൾ പറഞ്ഞ വൃദ്ധൻ, നിങ്ങളുടെ അപ്പൻ സൗഖ്യമായിരിക്കുന്നുവോ? അവൻ ജീവനോടിരിക്കുന്നുവോ എന്നു ചോദിച്ചു.
൨൭അവൻ അവരോടു ക്ഷേമാന്വേഷണം നടത്തി: “നിങ്ങൾ പറഞ്ഞ വൃദ്ധൻ, നിങ്ങളുടെ അപ്പൻ സൗഖ്യമായിരിക്കുന്നുവോ? അവൻ ജീവനോടിരിക്കുന്നുവോ” എന്നു ചോദിച്ചു.
28 അതിന്നു അവർ: ഞങ്ങളുടെ അപ്പനായ നിന്റെ അടിയാന്നു സുഖം തന്നേ; അവൻ ജീവനോടിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു കുനിഞ്ഞു നമസ്കരിച്ചു.
൨൮അതിന് അവർ: “ഞങ്ങളുടെ അപ്പനായ അങ്ങയുടെ അടിയാനു സുഖം തന്നെ; അവൻ ജീവനോടിരിക്കുന്നു” എന്ന് ഉത്തരം പറഞ്ഞു കുനിഞ്ഞു നമസ്കരിച്ചു.
29 പിന്നെ അവൻ തല ഉയർത്തി, തന്റെ അമ്മയുടെ മകനും തന്റെ അനുജനുമായ ബെന്യാമീനെ കണ്ടു: നിങ്ങൾ എന്നോടു പറഞ്ഞ നിങ്ങളുടെ ഇളയസഹോദരനോ ഇവൻ എന്നു ചോദിച്ചു: ദൈവം നിനക്കു കൃപ നല്കട്ടെ മകനേ എന്നു പറഞ്ഞു.
൨൯പിന്നെ യോസേഫ് തല ഉയർത്തി, തന്റെ അമ്മയുടെ മകനും തന്റെ അനുജനുമായ ബെന്യാമീനെ കണ്ടു: “നിങ്ങൾ എന്നോട് പറഞ്ഞ നിങ്ങളുടെ ഇളയസഹോദരനോ ഇവൻ” എന്നു ചോദിച്ചു: “ദൈവം നിനക്ക് കൃപ നല്കട്ടെ മകനേ” എന്നു പറഞ്ഞു.
30 അനുജനെ കണ്ടിട്ടു യോസേഫിന്റെ മനസ്സു ഇരുകിയതുകൊണ്ടു അവൻ കരയേണ്ടതിന്നു ബദ്ധപ്പെട്ടു സ്ഥലം അന്വേഷിച്ചു, അറയിൽചെന്നു അവിടെവെച്ചു കരഞ്ഞു.
൩൦അനുജനെ കണ്ടിട്ട് യോസേഫിന്റെ മനസ്സ് ഉരുകിയതുകൊണ്ട് അവൻ കരയേണ്ടതിനു ബദ്ധപ്പെട്ടു സ്ഥലം അന്വേഷിച്ച്, സ്വകാര്യമുറിയിൽചെന്ന് അവിടെവച്ചു കരഞ്ഞു.
31 പിന്നെ അവൻ മുഖം കഴുകി പുറത്തു വന്നു തന്നെത്താൻ അടക്കി: ഭക്ഷണം കൊണ്ടുവരുവിൻ എന്നു കല്പിച്ചു.
൩൧പിന്നെ അവൻ മുഖം കഴുകി പുറത്തു വന്നു സ്വയം നിയന്ത്രിച്ച്: “ഭക്ഷണം കൊണ്ടുവരുവിൻ” എന്നു കല്പിച്ചു.
32 അവർ അവന്നു പ്രത്യേകവും അവർക്കു പ്രത്യേകവും, അവനോടുകൂടെ ഭക്ഷിക്കുന്ന മിസ്രയീമ്യർക്കു പ്രത്യേകവും കൊണ്ടുവന്നു വെച്ചു; മിസ്രയീമ്യർ എബ്രായരോടുകൂടെ ഭക്ഷണം കഴിക്കയില്ല; അതു മിസ്രയീമ്യർക്കു വെറുപ്പു ആകുന്നു.
൩൨അവർ യോസേഫിന് പ്രത്യേകവും സഹോദരന്മാർക്കു പ്രത്യേകവും, അവനോടുകൂടെ ഭക്ഷിക്കുന്ന ഈജിപ്റ്റുകാർക്കു പ്രത്യേകവും കൊണ്ടുവന്നുവച്ചു; ഈജിപ്റ്റുകാർ എബ്രായരോടുകൂടെ ഭക്ഷണം കഴിക്കയില്ല; അത് ഈജിപ്റ്റുകാർക്കു വെറുപ്പാകുന്നു.
33 മൂത്തവൻ മുതൽ ഇളയവൻ വരെ പ്രായത്തിന്നൊത്തവണ്ണം അവരെ അവന്റെ മുമ്പാകെ ഇരുത്തി; അവർ അന്യോന്യം നോക്കി ആശ്ചര്യപ്പെട്ടു.
൩൩മൂത്തവൻ മുതൽ ഇളയവൻ വരെ പ്രായത്തിനൊത്തവണ്ണം അവരെ അവന്റെ മുമ്പാകെ ഇരുത്തി; അവർ അന്യോന്യം നോക്കി ആശ്ചര്യപ്പെട്ടു.
34 അവൻ തന്റെ മുമ്പിൽനിന്നു അവർക്കു ഓഹരികൊടുത്തയച്ചു; ബെന്യാമീന്റെ ഓഹരി മറ്റവരുടെ ഓഹരിയുടെ അഞ്ചിരട്ടിയായിരുന്നു; അവർ പാനംചെയ്തു അവനോടുകൂടെ ആഹ്ലാദിച്ചു.
൩൪അവൻ തന്റെ മുമ്പിൽനിന്ന് അവർക്ക് ഓഹരികൊടുത്തയച്ചു; ബെന്യാമീന്റെ ഓഹരി മറ്റവരുടെ ഓഹരിയുടെ അഞ്ചിരട്ടിയായിരുന്നു; അവർ പാനംചെയ്ത് അവനോടുകൂടെ ആഹ്ളാദിച്ചു.

< ഉല്പത്തി 43 >