< യെഹെസ്കേൽ 14 >

1 യിസ്രായേൽമൂപ്പന്മാരിൽ ചിലർ എന്റെ അടുക്കൽ വന്നു എന്റെ മുമ്പിൽ ഇരുന്നു.
ഇസ്രായേലിലെ ചില ഗോത്രത്തലവന്മാർ വന്ന് എന്റെമുമ്പിൽ ഇരുന്നു.
2 അപ്പോൾ യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
അപ്പോൾ യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി:
3 മനുഷ്യപുത്രാ, ഈ പുരുഷന്മാർ തങ്ങളുടെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചു തങ്ങളുടെ അകൃത്യഹേതു തങ്ങളുടെ മുമ്പിൽ വെച്ചിരിക്കുന്നു; അവർ ചോദിച്ചാൽ ഞാൻ ഉത്തരമരുളുമോ?
“മനുഷ്യപുത്രാ, ഈ പുരുഷന്മാർ വിഗ്രഹങ്ങളെ തങ്ങളുടെ ഹൃദയങ്ങളിൽ പ്രതിഷ്ഠിച്ച്, ദുഷ്ടതനിറഞ്ഞ പ്രതിബന്ധം അവരുടെമുമ്പിൽ വെച്ചിരിക്കുന്നു. അവർ എന്നോട് ആലോചന ചോദിക്കാൻ ഞാൻ അവരെ അനുവദിക്കണമോ?
4 അതുകൊണ്ടു നീ അവരോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: യിസ്രായേൽഗൃഹത്തിൽ തന്റെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചും തന്റെ അകൃത്യഹേതു തന്റെ മുമ്പിൽ വെച്ചുംകൊണ്ടു പ്രവാചകന്റെ അടുക്കൽ വരുന്ന ഏവനോടും
അതിനാൽ നീ അവരോടു സംസാരിക്കുക. അവരോടു പറയേണ്ടത്: ‘യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: വിഗ്രഹങ്ങളെ തങ്ങളുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് ദുഷ്ടതയേറിയ പ്രതിബന്ധം തങ്ങളുടെ മുന്നിൽ വെച്ചിരിക്കുന്ന ഏതൊരു ഇസ്രായേല്യനും പ്രവാചകന്റെ അടുത്ത് പോകുമ്പോൾ, യഹോവയായ ഞാൻതന്നെ അവരുടെ വിഗ്രഹാരാധനയുടെ ബാഹുല്യം അനുസരിച്ചുതന്നെ അവരോട് ഉത്തരം പറയും.
5 യഹോവയായ ഞാൻ തന്നേ യിസ്രായേൽഗൃഹത്തെ അവരുടെ ഹൃദയത്തിൽ പിടിക്കേണ്ടതിന്നു അവന്റെ വിഗ്രഹങ്ങളുടെ ബാഹുല്യത്തിന്നു തക്കവണ്ണം ഉത്തരം അരുളും; അവർ എല്ലാവരും തങ്ങളുടെ വിഗ്രഹങ്ങൾനിമിത്തം എന്നെ വിട്ടകന്നിരിക്കുന്നുവല്ലോ.
വിഗ്രഹങ്ങൾനിമിത്തം എന്നിൽനിന്നകന്നുപോയ ഇസ്രായേൽജനത്തിന്റെ ഹൃദയങ്ങളെ വീണ്ടും പിടിച്ചെടുക്കാൻവേണ്ടിയാണ് ഞാൻ ഇങ്ങനെ ചെയ്യുന്നത്.’
6 ആകയാൽ നീ യിസ്രായേൽഗൃഹത്തോടു പറയേണ്ടതു: യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങൾ അനുതപിച്ചു നിങ്ങളുടെ വിഗ്രഹങ്ങളെ വിട്ടുതിരിവിൻ; നിങ്ങളുടെ സകലമ്ലേച്ഛബിംബങ്ങളിലുംനിന്നു നിങ്ങളുടെ മുഖം തിരിപ്പിൻ.
“അതിനാൽ നീ ഇസ്രായേൽഗൃഹത്തോടു പറയുക: യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: അനുതപിക്കുക! നിങ്ങളുടെ വിഗ്രഹങ്ങളിൽനിന്നു പിന്തിരിയുക! നിങ്ങളുടെ എല്ലാ മ്ലേച്ഛതകളും ഉപേക്ഷിക്കുക!
7 യിസ്രായേൽഗൃഹത്തിലും യിസ്രായേലിൽ വന്നു പാർക്കുന്ന പരദേശികളിലും എന്നെ വിട്ടകന്നു തന്റെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചും തന്റെ അകൃത്യഹേതു മുമ്പിൽ വെച്ചുകൊണ്ടു പ്രവാചകന്റെ അടുക്കൽ അരുളപ്പാടു ചോദിപ്പാൻ വരുന്ന ഏവനോടും യഹോവയായ ഞാൻ തന്നേ ഉത്തരം അരുളും.
“‘എന്നെവിട്ടു സ്വയം പിന്മാറി വിഗ്രഹങ്ങളെ അവരുടെ ഹൃദയത്തിൽ പ്രതിഷ്ഠിച്ച് ദുഷ്ടതയേറിയ പ്രതിബന്ധം തങ്ങളിൽ വെച്ചുകൊണ്ട് തങ്ങൾക്കുവേണ്ടി ആലോചന ചോദിക്കാൻ പ്രവാചകന്റെ അടുക്കൽ വരുന്ന ഏതെങ്കിലും ഇസ്രായേല്യനാകട്ടെ, ഇസ്രായേലിൽ വസിക്കുന്ന വിദേശിയാകട്ടെ, യഹോവയായ ഞാൻതന്നെ അവർക്ക് ഉത്തരമരുളും.
8 ഞാൻ ആ മനുഷ്യന്റെനേരെ മുഖംതിരിച്ചു അവനെ ഒരടയാളവും പഴഞ്ചൊല്ലും ആക്കും; ഞാൻ അവനെ എന്റെ ജനത്തിന്റെ നടുവിൽനിന്നു ഛേദിച്ചുകളയും; ഞാൻ യഹോവ എന്നു നിങ്ങൾ അറിയും.
ഞാൻ എന്റെ മുഖം അവർക്കെതിരേ തിരിച്ച് അവരെ ഒരു നിദർശനവും പഴഞ്ചൊല്ലും ആക്കിത്തീർക്കും. എന്റെ ജനത്തിന്റെ ഇടയിൽനിന്ന് ഞാൻ അവരെ ഛേദിച്ചുകളയും. അങ്ങനെ ഞാൻ യഹോവ ആകുന്നു എന്നു നിങ്ങൾ അറിയും.
9 എന്നാൽ പ്രവാചകൻ വശീകരിക്കപ്പെട്ടിട്ടു ഒരു വാക്കു പ്രസ്താവിച്ചാൽ യഹോവയായ ഞാൻ ആ പ്രവാചകനെ വശീകരിച്ചിരിക്കുന്നു; ഞാൻ അവന്റെ നേരെ കൈ നീട്ടി അവനെ യിസ്രായേൽജനത്തിൽനിന്നു സംഹരിച്ചുകളയും.
“‘എന്നാൽ ആ പ്രവാചകൻ വശീകരിക്കപ്പെട്ടിട്ട് ഒരു പ്രവചനം അറിയിച്ചാൽ യഹോവയായ ഞാൻ ആണ് ആ പ്രവാചകനെ വശീകരിച്ചിരിക്കുന്നത്. ഞാൻ അവന്റെനേരേ കൈനീട്ടി അവനെ എന്റെ ജനമായ ഇസ്രായേലിൽനിന്ന് സംഹരിച്ചുകളയും.
10 യിസ്രായേൽഗൃഹം ഇനിമേൽ എന്നെവിട്ടു തെറ്റിപ്പോകയും സകലവിധ ലംഘനങ്ങളുംകൊണ്ടു അശുദ്ധരായിത്തീരുകയും ചെയ്യാതെ അവർ എനിക്കു ജനവും ഞാൻ അവർക്കു ദൈവവും ആയിരിക്കേണ്ടതിന്നു
അവരുടെ അനീതിയുടെ ശിക്ഷ അവർ വഹിക്കും—അരുളപ്പാടു ചോദിക്കുന്നവരുടെ അകൃത്യവും പ്രവാചകന്റെ അകൃത്യവും ഒരുപോലെതന്നെ ആയിരിക്കും.
11 അവർ തങ്ങളുടെ അകൃത്യം വഹിക്കും; ചോദിക്കുന്നവന്റെ അകൃത്യവും പ്രവാചകന്റെ അകൃത്യവും ഒരുപോലെ ആയിരിക്കും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
അതുകൊണ്ട് ഇസ്രായേൽജനം ഇനിയൊരിക്കലും എന്നെ വിട്ടകന്നുപോകുകയോ തങ്ങളുടെ പാപങ്ങളാൽ തങ്ങളെത്തന്നെ അശുദ്ധരാക്കുകയോ ചെയ്യുകയില്ല. അങ്ങനെ അവർ എന്റെ ജനവും ഞാൻ അവർക്കു ദൈവവും ആയിരിക്കും എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.’”
12 യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:
പിന്നീട് യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായത്:
13 മനുഷ്യപുത്രാ ഒരു ദേശം എന്നോടു ദ്രോഹിച്ചു പാപം ചെയ്യുമ്പോൾ ഞാൻ അതിന്റെനേരെ കൈ നീട്ടി, അപ്പം എന്ന കോൽ ഒടിച്ചു, ക്ഷാമം വരുത്തി, മനുഷ്യനെയും മൃഗത്തെയും അതിൽ നിന്നു ഛേദിച്ചുകളയും.
“മനുഷ്യപുത്രാ, ഒരു രാഷ്ട്രം എന്നോടു പാപംചെയ്ത് അവിശ്വസ്തരായിത്തീർന്നാൽ ഞാൻ അതിന്റെനേരേ എന്റെ കൈനീട്ടി അവർക്കുള്ള ആഹാരലഭ്യത മുടക്കിക്കളയുകയും അതിന്മേൽ ക്ഷാമം വരുത്തി മനുഷ്യരെയും മൃഗങ്ങളെയും അതിൽനിന്ന് സംഹരിച്ചുകളകയും ചെയ്യും.
14 നോഹ, ദാനീയേൽ, ഇയ്യോബ് എന്നീ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും അവർ തങ്ങളുടെ നീതിയാൽ സ്വന്തജീവനെ മാത്രമേ രക്ഷിക്കയുള്ളു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
നോഹ, ദാനീയേൽ, ഇയ്യോബ് എന്നീ മൂന്നുപുരുഷന്മാർ അതിന്റെമധ്യേ ഉണ്ടായിരുന്നാലും, അവരുടെ നീതികൊണ്ട് അവർ താന്താങ്ങളെമാത്രമേ വിടുവിക്കുകയുള്ളൂ എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
15 ഞാൻ ദുഷ്ടമൃഗങ്ങളെ ദേശത്തു വരുത്തുകയും ആ മൃഗങ്ങളെ പേടിച്ചു ആരും വഴിപോകാതവണ്ണം അവ അതിനെ നിർജ്ജനമാക്കീട്ടു അതു ശൂന്യമാകയും ചെയ്താൽ,
“അഥവാ, ഞാൻ ആ രാഷ്ട്രത്തിൽ വന്യമൃഗങ്ങളെ അയയ്ക്കുകയും അവ ആ രാഷ്ട്രത്തെ മക്കളില്ലാത്തവരാക്കിത്തീർക്കുകയും ആ വന്യമൃഗങ്ങൾനിമിത്തം അവിടം ആരും കടന്നുപോകാതവണ്ണം അതിനെ നിർജനമാക്കിത്തീർക്കുകയും ചെയ്യുന്നപക്ഷം,
16 ആ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും എന്നാണ, അവർ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാതെ അവർ മാത്രമേ രക്ഷപ്പെടുകയുള്ളു; ദേശമോ ശൂന്യമായിപ്പോകുമെന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
ഈ മൂന്നുപുരുഷന്മാർ അവിടെ ഉണ്ടായിരുന്നാലും അവർക്ക് തങ്ങളുടെ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാൻ കഴിയുകയില്ല, എന്നു ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു: അവർമാത്രം വിടുവിക്കപ്പെടുകയും ദേശം നിർജനമായിത്തീരുകയും ചെയ്യും എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
17 അല്ലെങ്കിൽ ഞാൻ ആ ദേശത്തിൽ വാൾ വരുത്തി വാളേ, നീ ദേശത്തുകൂടി കടക്കുക എന്നു കല്പിച്ചു മനുഷ്യരെയും മൃഗങ്ങളെയും
“അഥവാ, ഞാൻ ആ രാഷ്ട്രത്തിൽ വാൾ വരുത്തിയിട്ട്, ‘ആ വാൾ ദേശത്തുകൂടിക്കടന്ന്,’ അതിലെ മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കട്ടെ എന്നു കൽപ്പിച്ചാൽ,
18 അതിൽനിന്നു ഛേദിച്ചുകളഞ്ഞാൽ ആ മൂന്നു പുരുഷന്മാർ അതിൽ ഉണ്ടായിരുന്നാലും, എന്നാണ, അവർ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാതെ, അവർ മാത്രമേ രക്ഷപ്പെടുകയുള്ളു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, ഈ മൂന്നുപുരുഷന്മാർ അതിന്റെ മധ്യത്തിൽ ഉണ്ടായിരുന്നാലും അവർമാത്രം രക്ഷപ്പെടുന്നതല്ലാതെ അവർക്ക് സ്വന്തം പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാൻ കഴിയുകയില്ല, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
19 അല്ലെങ്കിൽ ഞാൻ ആ ദേശത്തു മഹാമാരി അയച്ചു, അതിൽനിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളവാൻ തക്കവണ്ണം എന്റെ ക്രോധം രക്തരൂപേണ അതിന്മേൽ പകർന്നാൽ
“അതുമല്ലെങ്കിൽ ഞാൻ ആ ദേശത്തു മഹാമാരി അയച്ചിട്ട് അതിൽനിന്ന് മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കാൻ തക്കവണ്ണം എന്റെ ക്രോധം രക്തച്ചൊരിച്ചിലിലൂടെ അതിന്മേൽ ചൊരിഞ്ഞാൽ,
20 നോഹയും ദാനീയേലും ഇയ്യോബും അതിൽ ഉണ്ടായിരുന്നാലും, എന്നാണ, അവർ പുത്രനെയോ പുത്രിയെയോ രക്ഷിക്കാതെ തങ്ങളുടെ നീതിയാൽ സ്വന്ത ജീവനെ മാത്രമേ രക്ഷിക്കയുള്ളു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
ജീവനുള്ള ഞാൻ ശപഥംചെയ്യുന്നു, നോഹ, ദാനീയേൽ, ഇയ്യോബ് എന്നീ പുരുഷന്മാർ അവിടെ ഉണ്ടായിരുന്നാലും അവരുടെ നീതികൊണ്ട് തങ്ങളെത്തന്നെ രക്ഷിക്കുന്നതല്ലാതെ സ്വന്തം പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാൻ കഴിയുകയില്ല എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.
21 യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ യെരൂശലേമിൽനിന്നു മനുഷ്യരെയും മൃഗങ്ങളെയും ഛേദിച്ചുകളയേണ്ടതിന്നു വാൾ, ക്ഷാമം ദുഷ്ടമൃഗം, മഹാമാരി എന്നിങ്ങനെ അനർത്ഥകരമായ ന്യായവിധികൾ നാലും കൂടെ അയച്ചാലോ?
“യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ മനുഷ്യരെയും മൃഗങ്ങളെയും സംഹരിക്കേണ്ടതിന് വാൾ, ക്ഷാമം, വന്യമൃഗങ്ങൾ, മഹാമാരി എന്നീ നാലു കഠിന ന്യായവിധികൾ ജെറുശലേമിന്മേൽ അയച്ചാൽ അത് എത്ര ഭയാനകമായിരിക്കും?
22 എന്നാൽ പുറപ്പെട്ടു പോരുവാനുള്ള പുത്രന്മാരും പുത്രിമാരും ആയ ഒരു രക്ഷിതഗണം അതിൽ ശേഷിച്ചിരിക്കും; അവർ പുറപ്പെട്ടു നിങ്ങളുടെ അടുക്കൽ വരും; നിങ്ങൾ അവരുടെ നടപ്പും പ്രവൃത്തികളും കണ്ടു, ഞാൻ യെരൂശലേമിന്നു വരുത്തിയ അനർത്ഥവും അതിന്നു വരുത്തിയ സകലവും ചൊല്ലി ആശ്വാസം പ്രാപിക്കും.
എന്നാലും ഇവയെല്ലാം അതിജീവിച്ച, പുത്രന്മാരും പുത്രിമാരും അടങ്ങിയ ഒരുകൂട്ടം അതിൽനിന്നു പുറപ്പെട്ടു പോരുന്നതിനായി ശേഷിച്ചിരിക്കും. അവർ നിങ്ങളുടെ അടുക്കൽവരും. നിങ്ങൾ അവരുടെ ജീവിതരീതിയും പ്രവൃത്തികളും കണ്ട് ഞാൻ ജെറുശലേമിനു വരുത്തിയ അനർഥത്തെക്കുറിച്ച് ആശ്വസിക്കും—ഞാൻ അതിന്മേൽ വരുത്തിയ സകലവിപത്തുകളെക്കുറിച്ചുംതന്നെ.
23 നിങ്ങൾ അവരുടെ നടപ്പും പ്രവൃത്തികളും കാണുമ്പോൾ നിങ്ങൾക്കു ആശ്വാസമായിരിക്കും; ഞാൻ അതിൽ ചെയ്തിരിക്കുന്നതൊക്കെയും വെറുതെയല്ല ചെയ്തതു എന്നു നിങ്ങൾ അറിയും എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
അവരുടെ ജീവിതരീതിയും പ്രവൃത്തികളും നിങ്ങൾ കാണുമ്പോൾ അവ നിങ്ങൾക്കൊരാശ്വാസമായിരിക്കും. കാരണം, ഞാൻ അതിനോടു ചെയ്തതെല്ലാം വെറുതേയല്ല എന്നു നിങ്ങൾ അറിയും, എന്ന് യഹോവയായ കർത്താവ് അരുളിച്ചെയ്യുന്നു.”

< യെഹെസ്കേൽ 14 >