< പുറപ്പാട് 34 >
1 യഹോവ പിന്നെയും മോശെയോടു കല്പിച്ചതു എന്തെന്നാൽ: മുമ്പിലത്തേവപോലെ രണ്ടു കല്പലക ചെത്തിക്കൊൾക; എന്നാൽ നീ പൊട്ടിച്ചുകളഞ്ഞ മുമ്പിലത്തെ പലകയിൽ ഉണ്ടായിരുന്ന വചനങ്ങളെ ഞാൻ ആ പലകയിൽ എഴുതും.
2 നീ രാവിലേ ഒരുങ്ങി രാവിലേ തന്നേ സീനായിപർവ്വതത്തിൽ കയറി; പർവ്വതത്തിന്റെ മുകളിൽ എന്റെ സന്നിധിയിൽ വരേണം.
3 നിന്നോടുകൂടെ ആരും കയറരുതു. പർവ്വതത്തിലെങ്ങും ആരെയും കാണരുതു. പർവ്വതത്തിൻ അരികെ ആടുകളോ കന്നുകാലികളോ മേയുകയും അരുതു.
4 അങ്ങനെ മോശെ മുമ്പിലത്തേവപോലെ രണ്ടു കല്പലക ചെത്തി, അതികാലത്തു എഴുന്നേറ്റു യഹോവ തന്നോടു കല്പിച്ചതുപോല സീനായിപർവ്വതത്തിൽ കയറി; കല്പലക രണ്ടും കയ്യിൽ എടുത്തുകൊണ്ടു പോയി.
5 അപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങി അവിടെ അവന്റെ അടുക്കൽനിന്നു യഹോവയുടെ നാമത്തെ ഘോഷിച്ചു.
6 യഹോവ അവന്റെ മുമ്പാകെ കടന്നു ഘോഷിച്ചതു എന്തെന്നാൽ: യഹോവ, യഹോവയായ ദൈവം, കരുണയും കൃപയുമുള്ളവൻ; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ.
7 ആയിരം ആയിരത്തിന്നു ദയ പാലിക്കുന്നവൻ; അകൃത്യവും അതിക്രമവും പാപവും ക്ഷമിക്കുന്നവൻ; കുറ്റമുള്ളവനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മക്കളുടെമേലും മക്കളുടെ മക്കളുടെമേലും മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം സന്ദർശിക്കുന്നവൻ.
8 എന്നാറെ മോശെ ബദ്ധപ്പെട്ടു സാഷ്ടാംഗം വീണു നമസ്കരിച്ചു:
9 കർത്താവേ, നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ കർത്താവു ഞങ്ങളുടെ മദ്ധ്യേ നടക്കേണമേ. ഇതു ദുശ്ശാഠ്യമുള്ള ജനം തന്നേ എങ്കിലും ഞങ്ങളുടെ അകൃത്യവും പാപവും ക്ഷമിച്ചു ഞങ്ങളെ നിന്റെ അവകാശമാക്കേണമേ എന്നു പറഞ്ഞു.
10 അതിന്നു അവൻ അരുളിച്ചെയ്തതെന്തെന്നാൽ: ഞാൻ ഒരു നിയമം ഉണ്ടാക്കുന്നു. ഭൂമിയിലെങ്ങും ഒരു ജാതിയിലും സംഭവിച്ചിട്ടില്ലാത്ത അത്ഭുതങ്ങൾ നിന്റെ സർവ്വജനത്തിന്നും മുമ്പാകെ ഞാൻ ചെയ്യും; നീ സഹവാസം ചെയ്തുപോരുന്ന ജനം ഒക്കെയും യഹോവയുടെ പ്രവൃത്തിയെ കാണും; ഞാൻ നിന്നോടു ചെയ്വാനിരിക്കുന്നതു ഭയങ്കരമായുള്ളതു തന്നേ.
11 ഇന്നു ഞാൻ നിന്നോടു കല്പിക്കുന്നതു സൂക്ഷിച്ചുകൊൾക; അമോര്യൻ, കനാന്യൻ, ഹിത്യൻ, പെരിസ്യൻ, ഹിവ്യൻ, യെബൂസ്യൻ എന്നിവരെ ഞാൻ നിന്റെ മുമ്പിൽ നിന്നു ഓടിച്ചുകളയും.
12 നീ ചെല്ലുന്ന ദേശത്തിലെ നിവാസികളോടു നീ ഒരു ഉടമ്പടി ചെയ്യാതിരിപ്പാൻ കരുതിക്കൊൾക; അല്ലാഞ്ഞാൽ അതു നിന്റെ മദ്ധ്യേ ഒരു കണിയായിരിക്കും.
13 നിങ്ങൾ അവരുടെ ബലിപീഠങ്ങളെ ഇടിച്ചു വിഗ്രഹങ്ങളെ തകർത്തു അശേരപ്രതിഷ്ഠകളെ വെട്ടിക്കളയേണം.
14 അന്യദൈവത്തെ നമസ്കരിക്കരുതു; യഹോവയുടെ നാമം തീക്ഷ്ണൻ എന്നാകുന്നു; അവൻ തീക്ഷ്ണതയുള്ള ദൈവം തന്നേ.
15 ആ ദേശത്തിലെ നിവാസികളോടു ഉടമ്പടി ചെയ്കയും അവരുടെ ദേവന്മാരോടു അവർ പരസംഗം ചെയ്തു അവരുടെ ദേവന്മാർക്കു ബലി കഴിക്കുമ്പോൾ നിന്നെ വിളിക്കയും നീ ചെന്നു അവരുടെ ബലികൾ തിന്നുകയും
16 അവരുടെ പുത്രിമാരിൽനിന്നു നിന്റെ പുത്രന്മാർക്കു ഭാര്യമാരെ എടുക്കയും അവരുടെ പുത്രിമാർ തങ്ങളുടെ ദേവന്മാരോടു പരസംഗം ചെയ്യുമ്പോൾ നിന്റെ പുത്രന്മാരെക്കൊണ്ടു അവരുടെ ദേവന്മാരോടു പരസംഗം ചെയ്യിക്കയും ചെയ്വാൻ ഇടവരരുതു.
17 ദേവന്മാരെ വാർത്തുണ്ടാക്കരുതു.
18 പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം നീ ആചരിക്കേണം. ഞാൻ നിന്നോടു കല്പിച്ചതുപോലെ ആബീബ് മാസത്തിൽ നിശ്ചയിച്ച സമയത്തു ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം തിന്നേണം; ആബീബ് മാസത്തിലല്ലോ നീ മിസ്രയീമിൽനിന്നു പുറപ്പെട്ടുപോന്നതു.
19 ആദ്യം ജനിക്കുന്നതൊക്കെയും നിന്റെ ആടുകളുടെയും കന്നുകാലികളുടെയും കൂട്ടത്തിൽ കടിഞ്ഞൂലായ ആൺ ഒക്കെയും എനിക്കുള്ളതു ആകുന്നു.
20 എന്നാൽ കഴുതയുടെ കടിഞ്ഞൂലിനെ ആട്ടിൻകുട്ടിയെക്കൊണ്ടു വീണ്ടുകൊള്ളേണം. വീണ്ടുകൊള്ളുന്നില്ലെങ്കിൽ അതിന്റെ കഴുത്തു ഒടിച്ചുകളയേണം. നിന്റെ പുത്രന്മാരിൽ ആദ്യജാതനെ ഒക്കെയും വീണ്ടുകൊള്ളേണം. വെറുങ്കയ്യോടെ നിങ്ങൾ എന്റെ മുമ്പാകെ വരരുതു.
21 ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം സ്വസ്ഥമായിരിക്കേണം; വിതകാലമോ കൊയ്ത്തുകാലമോ ആയാലും സ്വസ്ഥമായിരിക്കേണം.
22 കോതമ്പുകൊയ്ത്തിലെ ആദ്യഫലോത്സവമായ വാരോത്സവവും ആണ്ടറുതിയിൽ കായ്കനിപ്പെരുനാളും നീ ആചരിക്കേണം.
23 സംവത്സരത്തിൽ മൂന്നു പ്രാവശ്യം പുരുഷന്മാരൊക്കയും യിസ്രായേലിന്റെ ദൈവമായി യഹോവയായ കർത്താവിന്റെ മുമ്പാകെ വരേണം.
24 ഞാൻ ജാതികളെ നിന്റെ മുമ്പിൽനിന്നു ഓടിച്ചുകളഞ്ഞു നിന്റെ അതൃത്തികളെ വിശാലമാക്കും; നീ സംവത്സരത്തിൽ മൂന്നു പ്രാവശ്യം നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ചെല്ലുവാൻ കയറിപ്പോയിരിക്കുമ്പോൾ ഒരു മനുഷ്യനും നിന്റെ ദേശം മോഹിക്കയില്ല.
25 എന്റെ യാഗരക്തം പുളിപ്പുള്ള അപ്പത്തോടുകൂടെ അർപ്പിക്കരുതു. പെസഹപെരുനാളിലെ യാഗം പ്രഭാതകാലംവരെ വെച്ചേക്കരുതു.
26 നിന്റെ നിലത്തിലെ ആദ്യവിളവിന്റെ ആദ്യഫലം നിന്റെ ദൈവമായ യഹോവയുടെ ആലയത്തിൽ കൊണ്ടുവരേണം. കോലാട്ടിൻകുട്ടിയെ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യരുതു.
27 യഹോവ പിന്നെയും മോശെയോടു: ഈ വചനങ്ങളെ എഴുതിക്കൊൾക; ഈ വചനങ്ങൾ ആധാരമാക്കി ഞാൻ നിന്നോടും യിസ്രായേലിനോടും നിയമം ചെയ്തിരിക്കുന്നു എന്നു അരുളിച്ചെയ്തു.
28 അവൻ അവിടെ ഭക്ഷണം കഴിക്കാതെയും വെള്ളം കുടിക്കാതെയും നാല്പതു പകലും നാല്പതു രാവും യഹോവയോടുകൂടെ ആയിരുന്നു; അവൻ പത്തു കല്പനയായ നിയമത്തിന്റെ വചനങ്ങളെ പലകയിൽ എഴുതിക്കൊടുത്തു.
29 അവൻ തന്നോടു അരുളിച്ചെയ്തതു നിമിത്തം തന്റെ മുഖത്തിന്റെ ത്വക്ക് പ്രകാശിച്ചു എന്നു മോശെ സാക്ഷ്യത്തിന്റെ പലക രണ്ടും കയ്യിൽ പടിച്ചുകൊണ്ടു സീനായിപർവ്വതത്തിൽനിന്നു ഇറങ്ങുമ്പോൾ അറിഞ്ഞില്ല.
30 അഹരോനും യിസ്രായേൽമക്കൾ എല്ലാവരും മോശെയെ നോക്കിയപ്പോൾ അവന്റെ മുഖത്തിന്റെ ത്വക്ക് പ്രകാശിക്കുന്നതു കണ്ടു; അതുകൊണ്ടു അവർ അവന്റെ അടുക്കൽ ചെല്ലുവാൻ ഭയപ്പെട്ടു.
31 മോശെ അവരെ വിളിച്ചു; അപ്പോൾ അഹരോനും സഭയിലെ പ്രമാണികൾ ഒക്കെയും അവന്റെ അടുക്കൽ മടങ്ങി വന്നു; മോശെ അവരോടു സംസാരിചു.
32 അതിന്റെ ശേഷം യിസ്രായേൽമക്കൾ ഒക്കെയും അവന്റെ അടുക്കൽ ചെന്നു. സീനായിപർവ്വതത്തിൽവെച്ചു യഹോവ തന്നോടു അരുളിച്ചെയ്തതൊക്കെയും അവൻ അവരോടു ആജ്ഞാപിച്ചു.
33 മോശെ അവരോടു സംസാരിച്ചു കഴിഞ്ഞപ്പോൾ അവൻ തന്റെ മുഖത്തു ഒരു മൂടുപടം ഇട്ടു.
34 മോശെ യഹോവയോടു സംസാരിക്കേണ്ടതിന്നു അവന്റെ സന്നിധാനത്തിൽ കടക്കുമ്പോൾ പുറത്തു വരുവോളം മൂടുപടം നീക്കിയിരിക്കും; തന്നോടു കല്പിച്ചതു അവൻ പുറത്തുവന്നു യിസ്രായേൽമക്കളോടു പറയും.
35 യിസ്രായേൽമക്കൾ മോശെയുടെ മുഖത്തിന്റെ ത്വക്ക് പ്രകാശിക്കുന്നതായി കണ്ടതുകൊണ്ടു മോശെ അവനോടു സംസാരിക്കേണ്ടതിന്നു അകത്തു കടക്കുവോളം മൂടുപടം പിന്നെയും തന്റെ മുഖത്തു ഇട്ടുകൊള്ളും.