< പുറപ്പാട് 26 >

1 തിരുനിവാസത്തെ പിരിച്ച പഞ്ഞിനൂൽ, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവകൊണ്ടുണ്ടാക്കിയ പത്തു മൂടുശീലകൊണ്ടു തീർക്കേണം, നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകൾ ഉള്ളവയായി അവയെ ഉണ്ടാക്കേണം.
പിരിച്ച പഞ്ഞിനൂൽ, നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ എന്നിവ കൊണ്ടുണ്ടാക്കിയ പത്ത് മൂടുശീലകൊണ്ട് തിരുനിവാസം നിർമ്മിക്കണം. നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകൾ അവയിൽ ഉണ്ടായിരിക്കണം.
2 ഓരോ മൂടുശീലെക്കു ഇരുപത്തെട്ടു മുഴം നീളവും ഓരോ മൂടുശീലെക്കു നാലു മുഴം വീതിയും ഇങ്ങനെ മൂടുശീലെക്കെല്ലാം ഒരു അളവു ആയിരിക്കേണം.
ഓരോ മൂടുശീലയ്ക്കും ഇരുപത്തെട്ട് മുഴം നീളവും നാല് മുഴം വീതിയും ഇങ്ങനെ മൂടുശീലയ്ക്കെല്ലാം ഒരേ അളവ് ആയിരിക്കണം.
3 അഞ്ചു മൂടുശീല ഒന്നോടൊന്നു ഇണെച്ചിരിക്കേണം; മറ്റെ അഞ്ചു മൂടുശീലെയും ഒന്നോടൊന്നു ഇണെച്ചിരിക്കേണം.
അഞ്ച് മൂടുശീല ഒന്നോടൊന്ന് ബന്ധിപ്പിച്ചിരിക്കണം; മറ്റെ അഞ്ച് മൂടുശീലയും ഒന്നോടൊന്ന് ബന്ധിപ്പിച്ചിരിക്കണം.
4 ഇങ്ങനെ ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലെയുടെ വിളുമ്പിൽ നീലനൂൽകൊണ്ടു കണ്ണി ഉണ്ടാക്കേണം; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അങ്ങനെ തന്നേ ഉണ്ടാക്കേണം.
ഇങ്ങനെ ഇണച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ നീലനൂൽകൊണ്ട് കണ്ണി ഉണ്ടാക്കണം; രണ്ടാമത്തെ വിരിയുടെ പുറത്തെ മൂടുശീലയുടെ വിളുമ്പിലും അങ്ങനെ തന്നെ ഉണ്ടാക്കണം.
5 ഒരു മൂടുശീലയിൽ അമ്പതു കണ്ണി ഉണ്ടാക്കേണം; രണ്ടാമത്തെ വിരിയിലുള്ള മൂടുശീലയുടെ വിളുമ്പിലും അമ്പതു കണ്ണി ഉണ്ടാക്കേണം; കണ്ണി നേർക്കുനേരെ ആയിരിക്കേണം.
ഒരു മൂടുശീലയിൽ അമ്പത് കണ്ണി ഉണ്ടാക്കണം; രണ്ടാമത്തെ വിരിയിലുള്ള മൂടുശീലയുടെ വിളുമ്പിലും അമ്പത് കണ്ണി ഉണ്ടാക്കണം; കണ്ണി നേർക്കുനേരെ ആയിരിക്കണം.
6 പൊന്നുകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കേണം; തിരുനിവാസം ഒന്നായിരിപ്പാൻ തക്കവണ്ണം മൂടുശീലകളെ കൊളുത്തുകൊണ്ടു ഒന്നിച്ചു ഇണെക്കേണം.
പൊന്നുകൊണ്ട് അമ്പത് കൊളുത്തും ഉണ്ടാക്കണം; തിരുനിവാസം ഒന്നായിരിക്കുവാൻ തക്കവണ്ണം മൂടുശീലകളെ കൊളുത്തുകൊണ്ട് ഒന്നിച്ച് യോജിപ്പിക്കണം.
7 തിരുനിവാസത്തിന്മേൽ മൂടുവിരിയായി കോലാട്ടുരോമം കൊണ്ടു മൂടുശീല ഉണ്ടാക്കേണം; പതിനൊന്നു മൂടുശീല വേണം.
തിരുനിവാസത്തിന്മേൽ മൂടുവിരിയായി കോലാട്ടുരോമം കൊണ്ട് മൂടുശീല ഉണ്ടാക്കണം; പതിനൊന്ന് മൂടുശീല വേണം.
8 ഓരോ മൂടുശീലെക്കു മുപ്പതു മുഴം നീളവും ഓരോ മൂടുശീലെക്കു നാലു മുഴം വീതിയും ഇങ്ങനെ മൂടുശീല പതിനൊന്നും ഒരു അളവു ആയിരിക്കേണം.
ഓരോ മൂടുശീലയ്ക്കും മുപ്പത് മുഴം നീളവും നാല് മുഴം വീതിയും വേണം. ഇങ്ങനെ മൂടുശീല പതിനൊന്നിനും ഒരേ അളവ് ആയിരിക്കണം.
9 അഞ്ചു മൂടുശീല ഒന്നായും ആറു മൂടുശീല ഒന്നായും ഇണെച്ചു ആറാമത്തെ മൂടുശീല കൂടാരത്തിന്റെ മുൻവശത്തു മടക്കി ഇടേണം.
അഞ്ച് മൂടുശീല ഒന്നായും ആറ് മൂടുശീല ഒന്നായും യോജിപ്പിച്ച് ആറാമത്തെ മൂടുശീല കൂടാരത്തിന്റെ മുൻവശത്ത് മടക്കി ഇടണം.
10 ഇണെച്ചുണ്ടാക്കിയ ഒന്നാമത്തെ വരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും രണ്ടാമത്തെ വരിയിലെ മൂടുശീലയുടെ വിളുമ്പിൽ അമ്പതു കണ്ണിയും ഉണ്ടാക്കേണം.
൧൦യോജിപ്പിച്ചുണ്ടാക്കിയ ഒന്നാമത്തെ വിരിയുടെ അറ്റത്തുള്ള മൂടുശീലയുടെ വിളുമ്പിൽ അമ്പത് കണ്ണിയും രണ്ടാമത്തെ വിരിയിലെ മൂടുശീലയുടെ വിളുമ്പിൽ അമ്പത് കണ്ണിയും ഉണ്ടാക്കണം.
11 താമ്രംകൊണ്ടു അമ്പതു കൊളുത്തും ഉണ്ടാക്കി കൊളുത്തു കണ്ണിയിൽ ഇട്ടു കൂടാരം ഒന്നായിരിക്കത്തക്കവണ്ണം ഇണെച്ചുകൊള്ളേണം.
൧൧താമ്രംകൊണ്ട് അമ്പത് കൊളുത്ത് ഉണ്ടാക്കി കൊളുത്ത് കണ്ണിയിൽ ഇട്ട് കൂടാരം ഒന്നായിരിക്കത്തക്കവണ്ണം യോജിപ്പിക്കണം.
12 മൂടുവിരിയുടെ മൂടുശീലയിൽ മിച്ചമായി കവിഞ്ഞുകിടക്കുന്ന പാതി മൂടുശീല തിരുനിവാസത്തിന്റെ പിൻവശത്തു തൂങ്ങിക്കിടക്കേണം.
൧൨മൂടുവിരിയുടെ മൂടുശീലയിൽ മിച്ചമായി കവിഞ്ഞുകിടക്കുന്ന പാതി മൂടുശീല തിരുനിവാസത്തിന്റെ പിൻവശത്ത് തൂക്കിയിടണം.
13 മൂടുവിരിയുടെ മൂടുശീല നീളത്തിൽ ശേഷിപ്പുള്ളതു ഇപ്പുറത്തു ഒരു മുഴവും അപ്പുറത്തു ഒരു മുഴവും ഇങ്ങനെ തിരുനിവാസത്തെ മൂടേണ്ടുന്നതിന്നു അതിന്റെ രണ്ടു പാർശ്വങ്ങളിലും തൂങ്ങിക്കിടക്കേണം.
൧൩മൂടുവിരിയുടെ മൂടുശീല നീളത്തിൽ അവശേഷിക്കുന്നത് ഇപ്പുറത്ത് ഒരു മുഴവും അപ്പുറത്ത് ഒരു മുഴവും ഇങ്ങനെ തിരുനിവാസത്തെ മൂടത്തക്കവണ്ണം അതിന്റെ രണ്ടു വശങ്ങളിലും തൂങ്ങിക്കിടക്കണം.
14 ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ടു മൂടുവിരിക്കു ഒരു പുറമൂടിയും അതിന്റെ മീതെ തഹശൂതോൽകൊണ്ടു ഒരു പുറമൂടിയും ഉണ്ടാക്കേണം.
൧൪ചുവപ്പിച്ച ആട്ടുകൊറ്റന്തോൽകൊണ്ട് മൂടുവിരിക്ക് ഒരു പുറമൂടിയും അതിന്റെ മീതെ തഹശുതോൽകൊണ്ട് ഒരു പുറമൂടിയും ഉണ്ടാക്കണം.
15 തിരുനിവാസത്തിന്നു ഖദിരമരംകൊണ്ടു നിവിരെ നില്ക്കുന്ന പലകകളും ഉണ്ടാക്കേണം.
൧൫തിരുനിവാസത്തിന് ഖദിരമരംകൊണ്ട് നിവർന്ന് നില്ക്കുന്ന പലകകളും ഉണ്ടാക്കണം.
16 ഓരോ പലകെക്കു പത്തുമുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരിക്കേണം.
൧൬ഓരോ പലകയ്ക്കും പത്തുമുഴം നീളവും ഒന്നര മുഴം വീതിയും ഉണ്ടായിരിക്കണം.
17 ഓരോ പലകെക്കു ഒന്നോടൊന്നു ചേർന്നിരിക്കുന്ന രണ്ടു കുടുമ ഉണ്ടായിരിക്കേണം, തിരുനിവാസത്തിന്റെ പലകെക്കു ഒക്കെയും അങ്ങനെ തന്നേ ഉണ്ടാക്കേണം.
൧൭ഓരോ പലകയ്ക്കും ഒന്നോടൊന്ന് ചേർന്നിരിക്കുന്ന രണ്ടു കുടുമ ഉണ്ടായിരിക്കണം, തിരുനിവാസത്തിന്റെ എല്ലാ പലകയ്ക്കും അങ്ങനെ തന്നെ ഉണ്ടാക്കണം.
18 തിരുനിവാസത്തിന്നു പലകകൾ ഉണ്ടാക്കേണം; തെക്കു വശത്തേക്കു ഇരുപതു പലക.
൧൮തിരുനിവാസത്തിന് പലകകൾ ഉണ്ടാക്കണം; തെക്ക് വശത്തേക്ക് ഇരുപത് പലക.
19 ഇരുപതു പലകെക്കും താഴെ വെള്ളികൊണ്ടു നാല്പതു ചുവടു, ഒരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ടു കുടുമെക്കു രണ്ടു ചുവടും ഇങ്ങനെ ഇരുപതു പലകയുടെയും അടിയിൽ വെള്ളികൊണ്ടു നാല്പതു ചുവടു ഉണ്ടാക്കേണം.
൧൯ഇരുപത് പലകയ്ക്കും താഴെ വെള്ളികൊണ്ട് നാല്പത് ചുവട്, ഒരു പലകയുടെ അടിയിൽ രണ്ട് കുടുമെക്കു രണ്ട് ചുവടും മറ്റൊരു പലകയുടെ അടിയിൽ രണ്ട് കുടുമെക്കു രണ്ട് ചുവടും ഇങ്ങനെ ഇരുപത് പലകയുടെയും അടിയിൽ വെള്ളികൊണ്ട് നാല്പത് ചുവട് ഉണ്ടാക്കണം.
20 തിരുനിവാസത്തിന്റെ മറുപുറത്തു വടക്കുവശത്തേക്കു ഇരുപതു പലകയും ഒരു പലകയുടെ താഴെ രണ്ടു ചുവടു,
൨൦തിരുനിവാസത്തിന്റെ മറുപുറത്ത് വടക്കുവശത്തേക്ക് ഇരുപത് പലകയും ഒരു പലകയുടെ താഴെ രണ്ട് ചുവട്,
21 മറ്റൊരു പലകയുടെ താഴെ രണ്ടു ചുവടു, ഇങ്ങനെ അവെക്കു നാല്പതു വെള്ളിച്ചുവടും ഉണ്ടാക്കേണം.
൨൧മറ്റൊരു പലകയുടെ താഴെ രണ്ട് ചുവട്, ഇങ്ങനെ അവയ്ക്ക് നാല്പത് വെള്ളിച്ചുവടും ഉണ്ടാക്കണം.
22 തിരുനിവാസത്തിന്റെ പിൻവശത്തു പടിഞ്ഞാറോട്ടു ആറു പലക ഉണ്ടാക്കേണം.
൨൨തിരുനിവാസത്തിന്റെ പിൻവശത്ത് പടിഞ്ഞാറോട്ട് ആറ് പലക ഉണ്ടാക്കണം.
23 തിരുനിവാസത്തിന്റെ രണ്ടു വശത്തുമുള്ള മൂലെക്കു ഈരണ്ടു പലക ഉണ്ടാക്കേണം.
൨൩തിരുനിവാസത്തിന്റെ രണ്ട് വശത്തുമുള്ള മൂലയ്ക്ക് ഈ രണ്ട് പലക ഉണ്ടാക്കണം.
24 ഇവ താഴെ ഇരട്ടിയായിരിക്കേണം; മേലറ്റത്തോ ഒന്നാം വളയംവരെ തമ്മിൽ ചേർന്നു ഒറ്റയായിരിക്കേണം; രണ്ടിന്നും അങ്ങനെ തന്നേ വേണം; അവ രണ്ടു മൂലെക്കും ഇരിക്കേണം.
൨൪ഇവ താഴെ ഇരട്ടിയായിരിക്കണം; മേലറ്റത്ത് ഒന്നാം വളയംവരെ തമ്മിൽ ചേർന്ന് ഒറ്റയായിരിക്കണം; രണ്ടിലും അങ്ങനെ തന്നെ വേണം; അവ രണ്ട് മൂലയ്ക്കും ഇരിക്കണം.
25 ഇങ്ങനെ എട്ടു പലകയും അവയുടെ വെള്ളിച്ചുവടു, ഒരു പലകയുടെ അടിയിൽ രണ്ടു ചുവടു മറ്റൊരു പലകയുടെ അടിയിൽ രണ്ടു ചുവടു ഇങ്ങനെ പതിനാറു വെള്ളിച്ചുവടും വേണം.
൨൫ഇങ്ങനെ എട്ട് പലകയും അവയുടെ വെള്ളിച്ചുവട്, ഒരു പലകയുടെ അടിയിൽ രണ്ട് ചുവട് മറ്റൊരു പലകയുടെ അടിയിൽ രണ്ട് ചുവട് ഇങ്ങനെ പതിനാറ് വെള്ളിച്ചുവടും വേണം.
26 ഖദിരമരംകൊണ്ടു അന്താഴങ്ങൾ ഉണ്ടാക്കേണം; തിരുനിവാസത്തിന്റെ ഒരു ഭാഗത്തെ പലകെക്കു അഞ്ചു അന്താഴം
൨൬ഖദിരമരംകൊണ്ടു അന്താഴങ്ങൾ ഉണ്ടാക്കണം; തിരുനിവാസത്തിന്റെ ഒരു ഭാഗത്തെ പലകയ്ക്ക് അഞ്ച് അന്താഴം
27 തിരുനിവാസത്തിന്റെ മറുഭാഗത്തെ പലകെക്കു അഞ്ചു അന്താഴം, തിരുനിവാസത്തിന്റെ പടിഞ്ഞാറെ ഭാഗത്തു പിൻവശത്തെ പലകെക്കു അഞ്ചു അന്താഴം.
൨൭തിരുനിവാസത്തിന്റെ മറുഭാഗത്തെ പലകക്ക് അഞ്ച് അന്താഴം, തിരുനിവാസത്തിന്റെ പടിഞ്ഞാറെ ഭാഗത്ത് പിൻവശത്തെ പലകക്ക് അഞ്ച് അന്താഴം.
28 നടുവിലത്തെ അന്താഴം പലകയുടെ നടുവിൽ ഒരു അറ്റത്തുനിന്നു മറ്റെ അറ്റത്തോളം ചെല്ലുന്നതായിരിക്കേണം.
൨൮നടുവിലത്തെ അന്താഴം പലകയുടെ നടുവിൽ ഒരു അറ്റത്തുനിന്ന് മറ്റെ അറ്റത്തോളം ചെല്ലുന്നതായിരിക്കണം.
29 പലക പൊന്നുകൊണ്ടു പൊതികയും അന്താഴം ചെലുത്തുവാനുള്ള അവയുടെ വളയങ്ങൾ പൊന്നുകൊണ്ടു ഉണ്ടാക്കുകയും വേണം; അന്താഴങ്ങൾ പൊന്നുകൊണ്ടു പൊതിയേണം.
൨൯പലക പൊന്നുകൊണ്ട് പൊതിയുകയും അന്താഴം ഇടുവാനുള്ള അവയുടെ വളയങ്ങൾ പൊന്നുകൊണ്ട് ഉണ്ടാക്കുകയും വേണം; അന്താഴങ്ങൾ പൊന്നുകൊണ്ട് പൊതിയണം.
30 അങ്ങനെ പർവ്വതത്തിൽവെച്ചു കാണിച്ചുതന്ന പ്രമാണപ്രകാരം നീ തിരുനിവാസം നിവിർത്തേണം.
൩൦അങ്ങനെ പർവ്വതത്തിൽവച്ച് കാണിച്ചുതന്ന പ്രമാണപ്രകാരം നീ തിരുനിവാസം നിർമ്മിക്കണം.
31 നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ഒരു തിരശ്ശീല ഉണ്ടാക്കേണം; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായി അതിനെ ഉണ്ടാക്കേണം.
൩൧നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ഒരു തിരശ്ശീല ഉണ്ടാക്കണം; നെയ്ത്തുകാരന്റെ ചിത്രപ്പണിയായ കെരൂബുകളുള്ളതായി അതിനെ ഉണ്ടാക്കണം.
32 പൊന്നു പൊതിഞ്ഞതും പൊൻകൊളുത്തുള്ളതും വെള്ളികൊണ്ടുള്ള നാലു ചുവടിന്മേൽ നില്ക്കുന്നതുമായ നാലു ഖദിരസ്തംഭങ്ങളിന്മേൽ അതു തൂക്കിയിടേണം.
൩൨പൊന്ന് പൊതിഞ്ഞതും പൊൻകൊളുത്തുള്ളതും വെള്ളികൊണ്ടുള്ള നാല് ചുവടിന്മേൽ നില്‍ക്കുന്നതുമായ നാല് ഖദിരസ്തംഭങ്ങളിന്മേൽ അത് തൂക്കിയിടണം.
33 കൊളുത്തുകളിൽ തിരശ്ശീല തൂക്കി സാക്ഷ്യപ്പെട്ടകം തിരശ്ശീലെക്കകത്തു കൊണ്ടുചെന്നു വെക്കേണം; തിരശ്ശീല വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും തമ്മിൽ വേർതിരിക്കുന്നതായിരിക്കേണം.
൩൩കൊളുത്തുകളിൽ തിരശ്ശീല തൂക്കി സാക്ഷ്യപ്പെട്ടകം തിരശ്ശീലയ്ക്കകത്ത് കൊണ്ടുചെന്ന് വെക്കണം; തിരശ്ശീല വിശുദ്ധസ്ഥലവും അതിവിശുദ്ധസ്ഥലവും തമ്മിൽ വേർതിരിക്കുന്നതായിരിക്കണം.
34 അതിവിശുദ്ധസ്ഥലത്തു സാക്ഷ്യപ്പെട്ടകത്തിൻ മീതെ കൃപാസനം വെക്കേണം.
൩൪അതിവിശുദ്ധസ്ഥലത്ത് സാക്ഷ്യപ്പെട്ടകത്തിൻ മീതെ കൃപാസനം വെക്കണം.
35 തിരശ്ശീലയുടെ പുറമെ മേശയും മേശക്കു എതിരെ തിരുനിവാസത്തിന്റെ തെക്കുഭാഗത്തു നിലവിളക്കും വെക്കേണം; മേശ വടക്കുഭാഗത്തു വെക്കേണം.
൩൫തിരശ്ശീലയുടെ പുറമെ മേശയും മേശയ്ക്ക് എതിരെ തിരുനിവാസത്തിന്റെ തെക്കുഭാഗത്ത് നിലവിളക്കും വെക്കണം; മേശ വടക്കുഭാഗത്ത് വെക്കണം.
36 നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ടു ചിത്രത്തയ്യൽ പണിയായ ഒരു മറയും കൂടാരത്തിന്റെ വാതിലിന്നു ഉണ്ടാക്കേണം.
൩൬നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, പിരിച്ച പഞ്ഞിനൂൽ എന്നിവകൊണ്ട് ചിത്രത്തയ്യൽപണിയായ ഒരു മറയും കൂടാരത്തിന്റെ വാതിലിന് ഉണ്ടാക്കണം.
37 മറശ്ശീലെക്കു ഖദിരമരംകൊണ്ടു അഞ്ചു തൂണുണ്ടാക്കി പൊന്നുകൊണ്ടു പൊതിയേണം. അവയുടെ കൊളുത്തു പൊന്നുകൊണ്ടു ആയിരിക്കേണം; അവെക്കു താമ്രംകൊണ്ടു അഞ്ചു ചുവടും വാർപ്പിക്കേണം.
൩൭മറശ്ശീലയ്ക്ക് ഖദിരമരംകൊണ്ട് അഞ്ച് തൂണുണ്ടാക്കി പൊന്നുകൊണ്ട് പൊതിയണം. അവയുടെ കൊളുത്ത് പൊന്നുകൊണ്ട് ആയിരിക്കണം; അവയ്ക്ക് താമ്രംകൊണ്ട് അഞ്ച് ചുവടും വാർപ്പിക്കണം.

< പുറപ്പാട് 26 >