< എഫെസ്യർ 2 >
1 അതിക്രമങ്ങളാലും പാപങ്ങളാലും മരിച്ചവരായിരുന്ന നിങ്ങളെയും അവൻ ഉയിർപ്പിച്ചു.
2 അവയിൽ നിങ്ങൾ മുമ്പെ ഈ ലോകത്തിന്റെ കാലഗതിയെയും ആകാശത്തിലെ അധികാരത്തിന്നും അനുസരണക്കേടിന്റെ മക്കളിൽ ഇപ്പോൾ വ്യാപരിക്കുന്ന ആത്മാവിന്നും അധിപതിയായവനെയും അനുസരിച്ചു നടന്നു. (aiōn )
3 അവരുടെ ഇടയിൽ നാം എല്ലാവരും മുമ്പെ നമ്മുടെ ജഡമോഹങ്ങളിൽ നടന്നു ജഡത്തിന്നും മനോവികാരങ്ങൾക്കും ഇഷ്ടമായതു ചെയ്തുംകൊണ്ടു മറ്റുള്ളവരെപ്പോലെ പ്രകൃതിയാൽ കോപത്തിന്റെ മക്കൾ ആയിരുന്നു.
4 കരുണാസമ്പന്നനായ ദൈവമോ നമ്മെ സ്നേഹിച്ച മഹാസ്നേഹംനിമിത്തം
5 അതിക്രമങ്ങളാൽ മരിച്ചവരായിരുന്ന നമ്മെ ക്രിസ്തുവിനോടുകൂടെ ജീവിപ്പിക്കയും — കൃപയാലത്രേ നിങ്ങൾ രക്ഷിക്കപ്പെട്ടിരിക്കുന്നു —
6 ക്രിസ്തുയേശുവിൽ നമ്മെക്കുറിച്ചുള്ള വാത്സല്യത്തിൽ തന്റെ കൃപയുടെ അത്യന്തധനത്തെ വരും കാലങ്ങളിൽ കാണിക്കേണ്ടതിന്നു (aiōn )
7 ക്രിസ്തുയേശുവിൽ അവനോടുകൂടെ ഉയിർത്തെഴുന്നേല്പിച്ചു സ്വർഗ്ഗത്തിൽ ഇരുത്തുകയും ചെയ്തു.
8 കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു.
9 ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല.
10 നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.
11 ആകയാൽ നിങ്ങൾ മുമ്പെ പ്രകൃതിയാൽ ജാതികളായിരുന്നു; ജഡത്തിൽ കയ്യാലുള്ള പരിച്ഛേദന ഏറ്റു പരിച്ഛേദനക്കാർ എന്നു പേരുള്ളവരാൽ അഗ്രചർമ്മക്കാർ എന്നു വിളിക്കപ്പെട്ടിരുന്നു;
12 അക്കാലത്തു നിങ്ങൾ ക്രിസ്തുവിനെ കൂടാതെയുള്ളവരും യിസ്രായേൽപൗരതയോടു സംബന്ധമില്ലാത്തവരും വാഗ്ദത്തത്തിന്റെ നിയമങ്ങൾക്കു അന്യരും പ്രത്യാശയില്ലാത്തവരും ലോകത്തിൽ ദൈവമില്ലാത്തവരും ആയിരുന്നു എന്നു ഓർത്തുകൊൾവിൻ.
13 മുമ്പെ ദൂരസ്ഥരായിരുന്ന നിങ്ങൾ ഇപ്പോൾ ക്രിസ്തുയേശുവിൽ ക്രിസ്തുവിന്റെ രക്തത്താൽ സമീപസ്ഥരായിത്തീർന്നു.
14 അവൻ നമ്മുടെ സമാധാനം; അവൻ ഇരുപക്ഷത്തെയും ഒന്നാക്കി, ചട്ടങ്ങളും കല്പനകളുമായ ന്യായപ്രമാണം എന്ന ശത്രുത്വം തന്റെ ജഡത്താൽ നീക്കി വേർപ്പാടിന്റെ നടുച്ചുവർ ഇടിച്ചുകളഞ്ഞതു
15 സമാധാനം ഉണ്ടാക്കിക്കൊണ്ടു ഇരുപക്ഷത്തെയും തന്നിൽ ഒരേ പുതുമനുഷ്യനാക്കി സൃഷ്ടിപ്പാനും
16 ക്രൂശിന്മേൽവെച്ചു ശത്രുത്വം ഇല്ലാതാക്കി അതിനാൽ ഇരുപക്ഷത്തെയും ഏകശരീരത്തിൽ ദൈവത്തോടു നിരപ്പിപ്പാനും തന്നേ.
17 അവൻ വന്നു ദൂരത്തായിരുന്ന നിങ്ങൾക്കു സമാധാനവും സമീപത്തുള്ളവർക്കു സമാധാനവും സുവിശേഷിച്ചു.
18 അവൻമുഖാന്തരം നമുക്കു ഇരുപക്ഷക്കാർക്കും ഏകാത്മാവിനാൽ പിതാവിങ്കലേക്കു പ്രവേശനം ഉണ്ടു.
19 ആകയാൽ നിങ്ങൾ ഇനി അന്യന്മാരും പരദേശികളുമല്ല വിശുദ്ധന്മാരുടെ സഹപൗരന്മാരും ദൈവത്തിന്റെ ഭവനക്കാരുമത്രേ.
20 ക്രിസ്തുയേശു തന്നേ മൂലക്കല്ലായിരിക്കെ നിങ്ങളെ അപ്പൊസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനത്തിന്മേൽ പണിതിരിക്കുന്നു.
21 അവനിൽ കെട്ടിടം മുഴുവനും യുക്തമായി ചേർന്നു കർത്താവിൽ വിശുദ്ധമന്ദിരമായി വളരുന്നു.
22 അവനിൽ നിങ്ങളെയും ദൈവത്തിന്റെ നിവാസമാകേണ്ടതിന്നു ആത്മാവിനാൽ ഒന്നിച്ചു പണിതുവരുന്നു.