< അപ്പൊ. പ്രവൃത്തികൾ 8 >
1 അവനെ കൊലചെയ്തതു ശൗലിന്നു സമ്മതമായിരുന്നു. അന്നു യെരൂശലേമിലെ സഭെക്കു ഒരു വലിയ ഉപദ്രവം നേരിട്ടു; അപ്പൊസ്തലന്മാർ ഒഴികെ എല്ലാവരും യെഹുദ്യ ശമര്യ ദേശങ്ങളിൽ ചിതറിപ്പോയി.
2 ഭക്തിയുള്ള പുരുഷന്മാർ സ്തെഫാനൊസിനെ അടക്കം ചെയ്തു, അവനെക്കുറിച്ചു വലിയൊരു പ്രലാപം കഴിച്ചു.
3 എന്നാൽ ശൗൽ വീടുതോറും ചെന്നു പുരുഷന്മാരെയും സ്ത്രീകളെയും പിടിച്ചിഴച്ചു തടവിൽ ഏല്പിച്ചുകൊണ്ടു സഭയെ മുടിച്ചു പോന്നു.
4 ചിതറിപ്പോയവർ വചനം സുവിശേഷിച്ചുംകൊണ്ടു അവിടവിടെ സഞ്ചരിച്ചു.
5 ഫിലിപ്പൊസ് ശമര്യപട്ടണത്തിൽ ചെന്നു അവരോടു ക്രിസ്തുവിനെ പ്രസംഗിച്ചു.
6 ഫിലിപ്പൊസ് ചെയ്ത അടയാളങ്ങളെ പുരുഷാരങ്ങൾ കേൾക്കയും കാൺകയും ചെയ്കയാൽ അവൻ പറയുന്നതു ഏകമനസ്സോടെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.
7 അശുദ്ധാത്മാക്കൾ ബാധിച്ച പലരിൽനിന്നും അവ ഉറക്കെ നിലവിളിച്ചുകൊണ്ടു പുറപ്പെട്ടു; അനേകം പക്ഷവാതക്കാരും മുടന്തരും സൗഖ്യം പ്രാപിച്ചു.
8 അങ്ങനെ ആ പട്ടണത്തിൽ വളരെ സന്തോഷം ഉണ്ടായി.
9 എന്നാൽ ശിമോൻ എന്നു പേരുള്ളോരു പുരുഷൻ ആ പട്ടണത്തിൽ ആഭിചാരം ചെയ്തു, താൻ മഹാൻ എന്നു പറഞ്ഞു ശമര്യജാതിയെ ഭ്രമിപ്പിച്ചുപോന്നു.
10 ഇവൻ മഹതി എന്ന ദൈവശക്തി ആകുന്നു എന്നും പറഞ്ഞു ആബാലവൃദ്ധം എല്ലാവരും അവനെ ശ്രദ്ധിച്ചുവന്നു.
11 ഇവൻ ആഭിചാരംകൊണ്ടു ഏറിയ കാലം അവരെ ഭ്രമിപ്പിക്കയാൽ അത്രേ അവർ അവനെ ശ്രദ്ധിച്ചതു.
12 എന്നാൽ ദൈവരാജ്യത്തെയും യേശുക്രിസ്തുവിന്റെ നാമത്തെയും കുറിച്ചുള്ള സുവിശേഷം അറിയിക്കുന്ന ഫിലിപ്പൊസിനെ അവർ വിശ്വസിച്ചപ്പോൾ പുരുഷന്മാരും സ്ത്രീകളും സ്നാനം ഏറ്റു.
13 ശിമോൻ താനും വിശ്വസിച്ചു സ്നാനം ഏറ്റു ഫിലിപ്പൊസിനോടു ചേർന്നു നിന്നു, വലിയ വീര്യപ്രവൃത്തികളും അടയാളങ്ങളും നടക്കുന്നതു കണ്ടു ഭ്രമിച്ചു.
14 അനന്തരം യെരൂശലേമിലുള്ള അപ്പൊസ്തലന്മാർ, ശമര്യർ ദൈവവചനം കൈക്കൊണ്ടു എന്നു കേട്ടു പത്രൊസിനെയും യോഹന്നാനെയും അവരുടെ അടുക്കൽ അയച്ചു.
15 അവർ ചെന്നു, അവർക്കു പരിശുദ്ധാത്മാവു ലഭിക്കേണ്ടതിന്നു അവർക്കായി പ്രാർത്ഥിച്ചു.
16 അന്നുവരെ അവരിൽ ആരുടെമേലും ആത്മാവു വന്നിരുന്നില്ല; അവർ കർത്താവായ യേശുവിന്റെ നാമത്തിൽ സ്നാനം ഏറ്റിരുന്നതേയുള്ളു.
17 അവർ അവരുടെമേൽ കൈ വെച്ചപ്പോൾ അവർക്കു പരിശുദ്ധാത്മാവു ലഭിച്ചു.
18 അപ്പൊസ്തലന്മാർ കൈ വെച്ചതിനാൽ പരിശുദ്ധാത്മാവു ലഭിച്ചതു ശിമോൻ കണ്ടാറെ അവർക്കു ദ്രവ്യം കൊണ്ടുവന്നു:
19 ഞാൻ ഒരുത്തന്റെ മേൽ കൈ വെച്ചാൽ അവന്നു പരിശുദ്ധാത്മാവു ലഭിപ്പാൻ തക്കവണ്ണം ഈ അധികാരം എനിക്കും തരേണം എന്നു പറഞ്ഞു.
20 പത്രൊസ് അവനോടു: ദൈവത്തിന്റെ ദാനം പണത്തിന്നു വാങ്ങിക്കൊള്ളാം എന്നു നീ നിരൂപിക്കകൊണ്ടു നിന്റെ പണം നിന്നോടുകൂടെ നശിച്ചുപോകട്ടെ.
21 നിന്റെ ഹൃദയം ദൈവ സന്നിധിയിൽ നേരുള്ളതല്ലായ്കകൊണ്ടു ഈ കാര്യത്തിൽ നിനക്കു പങ്കും ഓഹരിയുമില്ല.
22 നീ ഈ വഷളത്വം വിട്ടു മാനസാന്തരപ്പെട്ടു കർത്താവിനോടു പ്രാർത്ഥിക്ക; പക്ഷെ നിന്റെ ഹൃദയത്തിലെ നിരൂപണം ക്ഷമിച്ചുകിട്ടുമായിരിക്കും.
23 നീ കൈപ്പുള്ള പകയിലും അനീതിയുടെ ബന്ധനത്തിലും അകപ്പെട്ടിരിക്കുന്നു എന്നു ഞാൻ കാണുന്നു എന്നു പറഞ്ഞു.
24 അതിന്നു ശിമോൻ: നിങ്ങൾ പറഞ്ഞതു ഒന്നും എനിക്കു ഭവിക്കാതിരിപ്പാൻ കർത്താവിനോടു എനിക്കുവേണ്ടി പ്രാർത്ഥിപ്പിൻ എന്നു ഉത്തരം പറഞ്ഞു.
25 അവർ കർത്താവിന്റെ വചനം സാക്ഷീകരിച്ചു പ്രസംഗിച്ചശേഷം ശമര്യക്കാരുടെ അനേക ഗ്രാമങ്ങളിൽ സുവിശേഷം അറിയിച്ചുകൊണ്ടു യെരൂശലേമിലേക്കു മടങ്ങിപ്പോയി.
26 അനന്തരം കർത്താവിന്റെ ദൂതൻ ഫിലിപ്പൊസിനോടു: നീ എഴുന്നേറ്റു തെക്കോട്ടു യെരൂശലേമിൽ നിന്നു ഗസെക്കുള്ള നിർജ്ജനമായ വഴിയിലേക്കു പോക എന്നു പറഞ്ഞു.
27 അവൻ പുറപ്പെട്ടു ചെന്നപ്പോൾ കന്ദക്ക എന്ന ഐത്യോപ്യാ രാജ്ഞിയുടെ ഒരു ഷണ്ഡനും മഹാനും അവളുടെ സകലഭണ്ഡാരത്തിന്നും മേൽവിചാരകനുമായ ഒരു ഐത്യോപ്യനെ കണ്ടു. അവൻ യെരൂശലേമിൽ നമസ്കരിപ്പാൻ വന്നിട്ടു മടങ്ങിപ്പോകയിൽ
28 തേരിൽ ഇരുന്നു യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കയായിരുന്നു.
29 ആത്മാവു ഫിലിപ്പൊസിനോടു: നീ അടുത്തുചെന്നു തേരിനോടു ചേർന്നുനടക്ക എന്നു പറഞ്ഞു.
30 ഫിലിപ്പൊസ് ഓടിച്ചെല്ലുമ്പോൾ യെശയ്യാപ്രവാചകന്റെ പുസ്തകം വായിക്കുന്നതു കേട്ടു: നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ എന്നു ചോദിച്ചതിന്നു:
31 ഒരുത്തൻ പൊരുൾ തിരിച്ചുതരാഞ്ഞാൽ എങ്ങനെ ഗ്രഹിക്കും എന്നു അവൻ പറഞ്ഞു, ഫിലിപ്പൊസ് കയറി തന്നോടുകൂടെ ഇരിക്കേണം എന്നു അപേക്ഷിച്ചു.
32 തിരുവെഴുത്തിൽ അവൻ വായിച്ച ഭാഗമാവിതു: “അറുക്കുവാനുള്ള ആടിനെപ്പോലെ അവനെ കൊണ്ടുപോയി; രോമം കത്രിക്കുന്നവന്റെ മുമ്പാകെ മിണ്ടാതിരിക്കുന്ന കുഞ്ഞാടിനെപ്പോലെ അവൻ വായ് തുറക്കാതിരുന്നു.
33 അവന്റെ താഴ്ചയിൽ അവന്നു ന്യായം കിട്ടാതെ പോയി; അവന്റെ തലമുറയെ ആർ വിവരിക്കും? ഭൂമിയിൽ നിന്നു അവന്റെ ജീവനെ എടുത്തുകളയുന്നുവല്ലോ”
34 ഷണ്ഡൻ ഫിലിപ്പൊസിനോടു: ഇതു പ്രവാചകൻ ആരെക്കുറിച്ചു പറയുന്നു? തന്നെക്കുറിച്ചോ മറ്റൊരുത്തനെക്കുറിച്ചോ എന്നു പറഞ്ഞുതരേണം എന്നു അപേക്ഷിച്ചു.
35 ഫിലിപ്പൊസ് ഈ തിരുവെഴുത്തു ആധാരമാക്കി അവനോടു യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാൻ തുടങ്ങി.
36 അവർ ഇങ്ങനെ വഴിപോകയിൽ വെള്ളമുള്ളോരു സ്ഥലത്തു എത്തിയപ്പോൾ ഷണ്ഡൻ: ഇതാ വെള്ളം; ഞാൻ സ്നാനം ഏല്ക്കുന്നതിന്നു എന്തു വിരോധം എന്നു പറഞ്ഞു.
37 [അതിന്നു ഫിലിപ്പൊസ്: നീ പൂർണ്ണ ഹൃദയത്തോടെ വിശ്വസിക്കുന്നു എങ്കിൽ ആകാം എന്നു പറഞ്ഞു. യേശുക്രിസ്തു ദൈവപുത്രൻ എന്നു ഞാൻ വിശ്വസിക്കുന്നു എന്നു അവൻ ഉത്തരം പറഞ്ഞു.]
38 അങ്ങനെ അവൻ തേർ നിർത്തുവാൻ കല്പിച്ചു: ഫിലിപ്പൊസും ഷണ്ഡനും ഇരുവരും വെള്ളത്തിൽ ഇറങ്ങി, അവൻ അവനെ സ്നാനം കഴിപ്പിച്ചു.
39 അവർ വെള്ളത്തിൽ നിന്നു കയറിയപ്പോൾ കർത്താവിന്റെ ആത്മാവു ഫിലിപ്പൊസിനെ എടുത്തു കൊണ്ടുപോയി; ഷണ്ഡൻ അവനെ പിന്നെ കണ്ടില്ല; അവൻ സന്തോഷിച്ചുകൊണ്ടു തന്റെ വഴിക്കു പോയി.
40 ഫിലിപ്പൊസിനെ പിന്നെ അസ്തോദിൽ കണ്ടു; അവൻ സഞ്ചരിച്ചു എല്ലാ പട്ടണങ്ങളിലും സുവിശേഷം അറിയിച്ചുകൊണ്ടു കൈസര്യയിൽ എത്തി.