< 2 ദിനവൃത്താന്തം 3 >
1 അനന്തരം ശലോമോൻ യെരൂശലേമിൽ തന്റെ അപ്പനായ ദാവീദിന്നു യഹോവ പ്രത്യക്ഷനായ മോരീയാപർവ്വതത്തിൽ യെബൂസ്യനായ ഒർന്നാന്റെ കളത്തിങ്കൽ ദാവീദ് വട്ടംകൂട്ടിയിരുന്ന സ്ഥലത്തു യഹോവയുടെ ആലയം പണിവാൻ തുടങ്ങി.
2 തന്റെ വാഴ്ചയുടെ നാലാം ആണ്ടിൽ രണ്ടാം മാസം രണ്ടാം തീയ്യതിയായിരുന്നു അവൻ പണി തുടങ്ങിയതു.
3 ദൈവാലയം പണിയേണ്ടതിന്നു ശലോമോൻ ഇട്ട അടിസ്ഥാനത്തിന്റെ പരിമാണമോ: മുമ്പിലത്തെ അളവിൻപ്രകാരം അതിന്റെ നീളം അറുപതു മുഴം, വീതി ഇരുപതു മുഴം.
4 മുൻഭാഗത്തുള്ള മണ്ഡപത്തിന്നു ആലയത്തിന്റെ വീതിക്കു ഒത്തവണ്ണം ഇരുപതു മുഴം നീളവും നൂറ്റിരുപതു മുഴം ഉയരവും ഉണ്ടായിരുന്നു; അതിന്റെ അകം അവൻ തങ്കംകൊണ്ടു പൊതിഞ്ഞു.
5 വലിയ ആലയത്തിന്നു അവൻ സരളമരംകൊണ്ടു മച്ചിട്ടു, അതിനെ തങ്കംകൊണ്ടു പൊതിഞ്ഞു, അതിന്മേൽ ഈന്തപ്പനയും ലതയും കൊത്തിച്ചു.
6 അവൻ ഭംഗിക്കായിട്ടു ആലയത്തെ രത്നംകൊണ്ടു അലങ്കരിച്ചു; പൊന്നോ പർവ്വയീംപൊന്നു ആയിരന്നു.
7 അവൻ ആലയവും തുലാങ്ങളും കാലുകളും ചുവരുകളും കതകുകളും പൊന്നുകൊണ്ടു പൊതിഞ്ഞു, ചുവരിന്മേൽ കെരൂബുകളെയും കൊത്തിച്ചു.
8 അവൻ അതിവിശുദ്ധമന്ദിരവും ഉണ്ടാക്കി; അതിന്റെ നീളം ആലയത്തിന്റെ വീതിക്കു ഒത്തവണ്ണം ഇരുപതു മുഴവും, വീതി ഇരുപതു മുഴവും ആയിരുന്നു; അവൻ അറുനൂറു താലന്ത് തങ്കംകൊണ്ടു അതു പൊതിഞ്ഞു.
9 ആണികളുടെ തൂക്കം അമ്പതു ശേക്കെൽ പൊന്നു ആയിരുന്നു: മാളികമുറികളും അവൻ പൊന്നുകൊണ്ടു പൊതിഞ്ഞു.
10 അതിവിശുദ്ധമന്ദിരത്തിൽ അവൻ കൊത്തുപണിയായ രണ്ടു കെരൂബുകളെ ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.
11 കെരൂബുകളുടെ ചിറകുകളുടെ നീളം ഇരുപതു മുഴം. ഒന്നിന്റെ ഒരു ചിറകു ആലയത്തിന്റെ ചുവരോടു തൊടുന്നതായി അഞ്ചു മുഴവും മറ്റെ ചിറകു മറ്റെ കെരൂബിന്റെ ചിറകോടു തൊടുന്നതായി അഞ്ചു മുഴവും ആയിരുന്നു:
12 മറ്റെ കെരൂബിന്റെ ഒരു ചിറകു ആലയത്തിന്റെ ചുവരോടു തൊടുന്നതായി അഞ്ചു മുഴവും മറ്റെ ചിറകു മറ്റെ കെരൂബിന്റെ ചിറകോടു തൊടുന്നതായി അഞ്ചു മുഴവും ആയിരുന്നു.
13 ഈ കെരൂബുകളുടെ ചിറകുകൾ ഇരുപതു മുഴം നീളത്തിൽ വിടർന്നിരുന്നു. അവ കാൽ ഊന്നിയും മുഖം അകത്തോട്ടു തിരിഞ്ഞും നിന്നിരുന്നു.
14 അവൻ നീലനൂൽ, ധൂമ്രനൂൽ, ചുവപ്പുനൂൽ, ചണനൂൽ എന്നിവകൊണ്ടു തിരശ്ശീല ഉണ്ടാക്കി അതിന്മേൽ കെരൂബുകളെയും നെയ്തുണ്ടാക്കി.
15 അവൻ ആലയത്തിന്റെ മുമ്പിൽ മുപ്പത്തഞ്ചു മുഴം ഉയരമുള്ള രണ്ടു സ്തംഭമുണ്ടാക്കി; അവയുടെ തലെക്കലുള്ള പോതികെക്കു അയ്യഞ്ചു മുഴം ഉയരമുണ്ടായിരുന്നു.
16 അന്തർമ്മന്ദിരത്തിൽ ഉള്ളപോലെ മാലകളെ അവൻ ഉണ്ടാക്കി സ്തംഭങ്ങളുടെ തലെക്കൽ വെച്ചു; നൂറു മാതളപ്പഴവും ഉണ്ടാക്കി മാലകളിൽ കോർത്തിട്ടു.
17 അവൻ സ്തംഭങ്ങളെ മന്ദിരത്തിന്റെ മുമ്പിൽ ഒന്നു വലത്തും മറ്റേതു ഇടത്തും നിർത്തി; വലത്തേതിന്നു യാഖീൻ എന്നും ഇടത്തേതിന്നു ബോവസ് എന്നും പേർ വിളിച്ചു.