< 2 ദിനവൃത്താന്തം 23 >
1 ഏഴാം സംവത്സരത്തിൽ യെഹോയാദാ ധൈര്യപ്പെട്ടു, യെഹോരാമിന്റെ മകൻ അസര്യാവു യെഹോഹാനാന്റെ മകൻ യിശ്മായേൽ, ഓബേദിന്റെ മകൻ അസര്യാവു, അദായാവിന്റെ മകൻ മയശേയാ, സിക്രിയുടെ മകൻ എലീശാഫാത്ത് എന്നീ ശതാധിപന്മാരോടു സഖ്യതചെയ്തു.
ഏഴാംവർഷത്തിൽ യെഹോയാദാപുരോഹിതൻ ധൈര്യസമേതം മുന്നോട്ടുവന്നു; യെരോഹാമിന്റെ മകൻ അസര്യാവ്, യെഹോഹാനാന്റെ മകൻ യിശ്മായേൽ, ഓബേദിന്റെ മകൻ അസര്യാവ്, അദായാവിന്റെ മകൻ മയസേയാവ്, സിക്രിയുടെ മകൻ എലീശാഫാത്ത് എന്നീ ശതാധിപന്മാരുമായി അദ്ദേഹം ഒരു ഉടമ്പടിയുണ്ടാക്കി.
2 അവർ യെഹൂദയിൽ ചുറ്റി സഞ്ചരിച്ചു സകലയെഹൂദാനഗരങ്ങളിലുംനിന്നു ലേവ്യരേയും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരെയും കൂട്ടി യെരൂശലേമിൽ വന്നു.
അവർ യെഹൂദ്യയിലുടനീളം സഞ്ചരിച്ച് ലേവ്യരെയും ഇസ്രായേലിലെ പിതൃഭവനത്തലവന്മാരെയും സകലനഗരങ്ങളിൽനിന്നും കൂട്ടിവരുത്തി. അവരെല്ലാം ജെറുശലേമിൽ എത്തിയപ്പോൾ
3 സർവ്വസഭയും ദൈവാലയത്തിൽവെച്ചു രാജാവിനോടു ഉടമ്പടി ചെയ്തു; അവൻ അവരോടു പറഞ്ഞതു: ദാവീദിന്റെ പുത്രന്മാരെക്കുറിച്ചു യഹോവ അരുളിച്ചെയ്തതുപോലെ രാജപുത്രൻ തന്നേ രാജാവാകേണം.
ആ സഭ ഒന്നടങ്കം ദൈവത്തിന്റെ ആലയത്തിൽവെച്ച് രാജാവുമായി ഒരു ഉടമ്പടിചെയ്തു. യെഹോയാദാ അവരോടു പറഞ്ഞു: “ദാവീദിന്റെ പിൻഗാമികളെപ്പറ്റി യഹോവ വാഗ്ദാനം നൽകിയിട്ടുള്ളപ്രകാരം ഇതാ, രാജപുത്രൻ ഭരണമേൽക്കണം.
4 നിങ്ങൾ ചെയ്യേണ്ടുന്ന കാര്യം ആവിതു: പുരോഹിതന്മാരും ലേവ്യരുമായ നിങ്ങളിൽ ശബ്ബത്തിൽ തവണമാറി വരുന്ന മൂന്നിൽ ഒരു ഭാഗം വാതിൽകാവല്ക്കാരായിരിക്കേണം.
നിങ്ങൾ ചെയ്യേണ്ടതിതാണ്: ശബ്ബത്തിൽ ഊഴംമാറിവരുന്ന പുരോഹിതന്മാരും ലേവ്യരുമായ നിങ്ങളിൽ മൂന്നിലൊരുഭാഗം കവാടങ്ങളിൽ സൂക്ഷ്മമായി കാവൽനിൽക്കണം.
5 മൂന്നിൽ ഒരു ഭാഗം രാജധാനിയിങ്കലും മൂന്നിൽ ഒരു ഭാഗം അടിസ്ഥാനവാതില്ക്കലും നില്ക്കേണം; ജനമെല്ലാം യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിൽ ഉണ്ടായിരിക്കേണം.
അടുത്ത മൂന്നിലൊരുഭാഗം രാജകൊട്ടാരവും ബാക്കി മൂന്നിലൊരുഭാഗം അടിസ്ഥാനകവാടത്തിങ്കലും കാവൽനിൽക്കണം. മറ്റെല്ലാവരും യഹോവയുടെ ആലയത്തിന്റെ അങ്കണത്തിൽ ഉണ്ടായിരിക്കണം.
6 എങ്കിലും പുരോഹിതന്മാരും ലേവ്യരിൽവെച്ചു ശുശ്രൂഷ ചെയ്യുന്നവരും അല്ലാതെ ആരും യഹോവയുടെ ആലയത്തിൽ കടക്കരുതു; അവർ വിശുദ്ധരാകകൊണ്ടു അവർക്കു കടക്കാം; എന്നാൽ ജനം ഒക്കെയും യഹോവയുടെ പ്രമാണം സൂക്ഷിക്കേണം.
തങ്ങളുടെ ഊഴമനുസരിച്ചുള്ള ലേവ്യരും പുരോഹിതന്മാരുമല്ലാതെ മറ്റാരും യഹോവയുടെ ആലയത്തിൽ പ്രവേശിച്ചുകൂടാ. ലേവ്യരും പുരോഹിതന്മാരും ശുദ്ധീകരിക്കപ്പെട്ടവരാകുകയാൽ അവർക്കു ദൈവാലയത്തിൽ പ്രവേശിക്കാം. ജനമെല്ലാം പുറത്തുനിന്നുകൊണ്ട് യഹോവയുടെ കൽപ്പന പാലിക്കണം.
7 ലേവ്യരോ, ഓരോരുത്തൻ താന്താന്റെ ആയുധം ധരിച്ചുകൊണ്ടു രാജാവിന്നു ചുറ്റും നില്ക്കേണം; മറ്റാരെങ്കിലും ആലയത്തിൽ കടന്നാൽ അവൻ മരണശിക്ഷ അനുഭവിക്കേണം; രാജാവു അകത്തു വരുമ്പോഴും പുറത്തു പോകുമ്പോഴും നിങ്ങൾ അവനോടുകൂടെ ഉണ്ടായിരിക്കേണം.
ലേവ്യർ എല്ലാവരും താന്താങ്ങളുടെ ആയുധവും കൈയിലേന്തി രാജാവിനു ചുറ്റുമായി നിലയുറപ്പിക്കണം. മറ്റാരെങ്കിലും ദൈവാലയത്തിൽ കടന്നാൽ അവനെ കൊന്നുകളയണം. രാജാവ് അകത്തു വരുമ്പോഴും പുറത്തുപോകുമ്പോഴും നിങ്ങൾ അദ്ദേഹത്തിന്റെ അടുത്തുതന്നെ നിൽക്കണം.”
8 ലേവ്യരും എല്ലായെഹൂദയും യെഹോയാദാപുരോഹിതൻ കല്പിച്ചതു പോലെ ഒക്കെയും ചെയ്തു; ഓരോരുത്തൻ താന്താന്റെ ആളുകളെ ശബ്ബത്തിൽ തവണമാറിപ്പോകുന്നവരെയും ശബ്ബത്തിൽ തവണമാറി വരുന്നവരെയും തന്നേ, കൂട്ടിക്കൊണ്ടു വന്നു; യെഹോയാദാപുരോഹിതൻ കൂറുകളെ വിട്ടയച്ചിരുന്നില്ല.
പുരോഹിതനായ യെഹോയാദാ ആജ്ഞാപിച്ചതുപോലെതന്നെ ലേവ്യരും യെഹൂദ്യരെല്ലാവരും ചെയ്തു. ശബ്ബത്തിൽ അവരുടെ ഊഴത്തിനു ഹാജരാകാൻ വരുന്നവരും ഊഴം കഴിഞ്ഞു പോകുന്നവരും, ഓരോരുത്തരും അവരവരുടെ അനുയായികളെ കൂടെച്ചേർത്തു; കാരണം യെഹോയാദാ ആ ഗണങ്ങളെ വിട്ടയച്ചിരുന്നില്ല.
9 യെഹോയാദാപുരോഹിതൻ ദാവീദ് രാജാവിന്റെ വകയായി ദൈവാലയത്തിൽ ഉണ്ടായിരുന്ന കുന്തങ്ങളും ചെറുപരിചകളും വമ്പരിചകളും ശതാധിപന്മാർക്കു കൊടുത്തു.
ദാവീദുരാജാവിന്റെ വകയായിരുന്ന കുന്തങ്ങളും വലിയതും ചെറുതുമായ പരിചകളും ദൈവത്തിന്റെ ആലയത്തിൽ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. യെഹോയാദാപുരോഹിതൻ അവയെടുത്ത് ശതാധിപന്മാരുടെ കൈവശം കൊടുത്തു.
10 അവൻ സകലജനത്തെയും താന്താന്റെ കയ്യിൽ ആയുധവുമായി ആലയത്തിന്റെ വലത്തുവശം മുതൽ ആലയത്തിന്റെ ഇടത്തുവശംവരെ യാഗപീഠത്തിന്നും ആലയത്തിന്നും നേരെ രാജാവിന്റെ ചുറ്റും നിർത്തി;
അദ്ദേഹം ജനങ്ങളെയെല്ലാം ആയുധധാരികളാക്കി ദൈവാലയത്തിന്റെ തെക്കുവശംമുതൽ വടക്കുവശംവരെ, ആലയത്തിനും യാഗപീഠത്തിനും അടുത്ത് രാജാവിനു ചുറ്റും അണിനിരത്തി.
11 അവർ രാജകുമാരനെ പുറത്തു കൊണ്ടുവന്നു കിരീടം ധരിപ്പിച്ചു സാക്ഷ്യപുസ്തകവും കൊടുത്തു അവനെ രാജാവാക്കി. യെഹോയാദയും പുത്രന്മാരും അവനെ അഭിഷേകം കഴിച്ചു: രാജാവേ, ജയജയ എന്നു ആർത്തുവിളിച്ചു.
യെഹോയാദായും പുത്രന്മാരും രാജകുമാരനെ പുറത്തുകൊണ്ടുവന്ന് അദ്ദേഹത്തിന്റെ തലയിൽ കിരീടം അണിയിച്ചു. അവർ ഉടമ്പടിയുടെ ഒരു പ്രതി കുമാരന്റെ കൈയിൽ കൊടുത്തിട്ട് അദ്ദേഹത്തെ രാജാവായി പ്രഖ്യാപിച്ചു. അവർ രാജകുമാരനെ അഭിഷേകം ചെയ്തിട്ട്, “രാജാവ് നീണാൾ വാഴട്ടെ” എന്ന് ആർത്തുവിളിച്ചു.
12 ജനം വരികയും രാജാവിനെ കീർത്തിക്കയും ചെയ്യുന്ന ഘോഷം അഥല്യാ കേട്ടിട്ടു യഹോവയുടെ ആലയത്തിൽ ജനത്തിന്റെ അടുക്കൽ വന്നു.
ജനം ഓടുന്നതിന്റെയും രാജാവിനെ കീർത്തിക്കുന്നതിന്റെയും ഘോഷം കേട്ടിട്ട് അഥല്യാ യഹോവയുടെ ആലയത്തിൽ അവരുടെ അടുത്തേക്കുവന്നു.
13 പ്രവേശനത്തിങ്കൽ രാജാവു തന്റെ തൂണിന്റെ അരികെ നില്ക്കുന്നതു രാജാവിന്റെ അടുക്കൽ പ്രഭുക്കന്മാരും കാഹളക്കാരും നില്ക്കുന്നതും ദേശത്തെ ജനമൊക്കെയും സന്തോഷിച്ചു കാഹളം ഊതുന്നതും സംഗീതക്കാർ വാദ്യങ്ങളാൽ പാടുന്നതും സ്തോത്രഗാനം നയിക്കുന്നതും കണ്ടപ്പോൾ അഥല്യാ വസ്ത്രം കീറി: ദ്രോഹം, ദ്രോഹം! എന്നു പറഞ്ഞു.
അവൾ നോക്കിയപ്പോൾ, അതാ! കവാടത്തിൽ അധികാരസ്തംഭത്തിനരികെ രാജാവു നിൽക്കുന്നു! പ്രഭുക്കന്മാരും കാഹളക്കാരും രാജാവിനരികെ ഉണ്ടായിരുന്നു. ദേശത്തെ ജനമെല്ലാം ആഹ്ലാദിച്ച് കാഹളമൂതിക്കൊണ്ടിരുന്നു. ഗായകർ തങ്ങളുടെ സംഗീതവാദ്യങ്ങളുമായി സ്തുതിഗീതങ്ങൾക്കു നേതൃത്വം കൊടുക്കുന്നു! അപ്പോൾ അഥല്യാ വസ്ത്രംകീറി “ദ്രോഹം! ദ്രോഹം!” എന്ന് അട്ടഹസിച്ചു.
14 യെഹോയാദാപുരോഹിതൻ പടനായകന്മാരായ ശതാധിപന്മാരെ പുറത്തു വരുത്തി അവരോടു: അവളെ അണികളിൽകൂടി പുറത്തു കൊണ്ടുപോകുവിൻ; ആരെങ്കിലും അവളെ അനുഗമിച്ചാൽ അവൻ വാളാൽ മരിക്കേണം എന്നു കല്പിച്ചു. അവളെ യഹോവയുടെ ആലയത്തിൽവെച്ചു കൊല്ലരുതു എന്നു പുരോഹിതൻ കല്പിച്ചിരുന്നു.
സൈന്യങ്ങളുടെ ചുമതല വഹിച്ചിരുന്ന ശതാധിപന്മാരെ യെഹോയാദാപുരോഹിതൻ പുറത്തേക്കു വിളിച്ചിട്ടു പറഞ്ഞു: “പടയണികൾക്കിടയിലൂടെ അവളെ പുറത്തുകൊണ്ടുപോകുക. അവളെ അനുഗമിക്കുന്നർ ആരായാലും അവരെ വാളിനിരയാക്കുക. യഹോവയുടെ ആലയത്തിൽവെച്ച് അവളെ വധിക്കരുത്.”
15 അങ്ങനെ അവർ അവൾക്കു വഴി ഉണ്ടാക്കിക്കൊടുത്തു: അവൾ രാജധാനിക്കു സമീപത്തു കുതിരവാതിലിന്റെ പ്രവേശനത്തിങ്കൽ എത്തിയപ്പോൾ അവിടെവെച്ചു അവർ അവളെ കൊന്നുകളഞ്ഞു.
അങ്ങനെ അവർ അവളെ പിടിച്ചു. കൊട്ടാരവളപ്പിൽ കുതിരക്കവാടത്തിന്റെ പ്രവേശനത്തിൽ എത്തിയപ്പോൾ, അവർ അവളെ കൊന്നുകളഞ്ഞു.
16 അനന്തരം യെഹോയാദാ തങ്ങൾ യഹോവയുടെ ജനം ആയിരിക്കും എന്നു താനും സർവ്വജനവും രാജാവും തമ്മിൽ ഒരു നിയമം ചെയ്തു.
പിന്നീട് യെഹോയാദാ, താനും ആ ജനവും രാജാവും യഹോവയുടെ ജനമായിരിക്കുമെന്ന് ഒരു ഉടമ്പടി ചെയ്യിച്ചു.
17 പിന്നെ ജനമൊക്കെയും ബാലിന്റെ ക്ഷേത്രത്തിലേക്കു ചെന്നു അതു ഇടിച്ചു അവന്റെ ബലിപീഠങ്ങളെയും വിഗ്രഹങ്ങളെയും തകർത്തുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പിൽവെച്ചു കൊന്നുകളഞ്ഞു.
ജനങ്ങളെല്ലാവരുംകൂടി ബാലിന്റെ ക്ഷേത്രത്തിലേക്കുചെന്ന് അതിനെ ഇടിച്ചുതകർത്തു; ബലിപീഠങ്ങളും ബിംബങ്ങളും അവർ അടിച്ചുടച്ചു. ബലിപീഠങ്ങൾക്കു മുമ്പിൽവെച്ച് അവർ ബാലിന്റെ പുരോഹിതനായ മത്ഥാനെ കൊന്നുകളഞ്ഞു.
18 ദാവീദ് കല്പിച്ചതുപോലെ സന്തോഷത്തോടും സംഗീതത്തോടുംകൂടെ മോശയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരം യഹോവയുടെ ഹോമയാഗങ്ങളെ അർപ്പിക്കേണ്ടതിന്നു യെഹോയാദാ യഹോവയുടെ ആലയത്തിന്നു ദാവീദ് വിഭാഗിച്ചുകൊടുത്തിരുന്ന ലേവ്യരുടെയും പുരോഹിതന്മാരുടെയും കീഴിൽ യഹോവയുടെ ആലയത്തിൽ ഉദ്യോഗങ്ങളെ നിയമിച്ചു.
അതിനുശേഷം യെഹോയാദാ ദൈവാലയത്തിന്റെ മേൽനോട്ടം ലേവ്യരായ പുരോഹിതന്മാരുടെ കരങ്ങളിൽ ഭരമേൽപ്പിച്ചു. ആഹ്ലാദത്തോടും ഗാനാലാപത്തോടുംകൂടി യഹോവയുടെ ആലയത്തിൽ, മോശയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരം, ഹോമയാഗങ്ങൾ അർപ്പിക്കാനുള്ള ചുമതല ദാവീദുരാജാവ് അവരെയാണു ഭരമേൽപ്പിച്ചിരുന്നത്.
19 വല്ലപ്രകാരത്തിലും അശുദ്ധനായ ഒരുത്തനും അകത്തു കടക്കാതെയിരിക്കേണ്ടതിന്നു അവൻ യഹോവയുടെ ആലയത്തിന്റെ വാതില്ക്കൽ കാവല്ക്കാരെ നിയമിച്ചു.
ഏതെങ്കിലും വിധത്തിൽ ആചാരപരമായി അശുദ്ധരായ ആരുംതന്നെ അകത്തു കടക്കാതിരിക്കത്തക്കവണ്ണം യെഹോയാദാ യഹോവയുടെ ആലയത്തിന്റെ കവാടത്തിൽ കാവൽക്കാരെയും നിയോഗിച്ചു.
20 അവൻ ശതാധിപന്മാരെയും പ്രഭുക്കന്മാരെയും ജനത്തിന്റെ പ്രമാണികളെയും ദേശത്തിലെ സകലജനത്തെയും കൂട്ടി രാജാവിനെ യഹോവയുടെ ആലയത്തിൽ നിന്നു ഇറക്കി മേലത്തെ പടിവാതിൽ വഴിയായി രാജധാനിയിലേക്കു കൊണ്ടുവന്നു രാജാസനത്തിൽ ഇരുത്തി.
അദ്ദേഹം ശതാധിപന്മാരെയും പ്രഭുക്കന്മാരെയും ജനത്തിന്റെ ഭരണാധിപന്മാരെയും ദേശത്തെ സകലജനത്തെയും കൂട്ടിക്കൊണ്ടുചെന്ന് രാജാവിനെ യഹോവയുടെ ആലയത്തിൽനിന്ന് ഇറക്കിക്കൊണ്ടുവന്നു. മുകളിലത്തെ പടിവാതിൽവഴി അവർ രാജകൊട്ടാരത്തിലേക്കുചെന്ന് രാജാവിനെ രാജകീയ സിംഹാസനത്തിൽ ഇരുത്തി.
21 ദേശത്തിലെ സകലജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യയെ അവർ വാൾകൊണ്ടു കൊന്നുകളഞ്ഞു.
ദേശവാസികളെല്ലാം ആഹ്ലാദിച്ചു; അഥല്യാ വാളാൽ കൊല്ലപ്പെട്ടതുകൊണ്ടു നഗരം ശാന്തമായിരുന്നു.