< 1 ശമൂവേൽ 4 >
1 ശമൂവേലിന്റെ വചനം എല്ലായിസ്രായേലിന്നും വന്നിട്ടു: യിസ്രായേൽ ഫെലിസ്ത്യരുടെ നേരെ യുദ്ധത്തിന്നു പുറപ്പെട്ടു, ഏബെൻ-ഏസെരിന്നരികെ പാളയം ഇറങ്ങി, ഫെലിസ്ത്യർ അഫേക്കിലും പാളയമിറങ്ങി,
ശമുവേലിന്റെ വാക്കുകൾ സകല ഇസ്രായേൽദേശത്തും പ്രചരിച്ചു. അങ്ങനെയിരിക്കെ, ഇസ്രായേല്യർ ഫെലിസ്ത്യരുമായി യുദ്ധത്തിനു പുറപ്പെട്ടു. ഇസ്രായേല്യരുടെ സൈന്യം ഏബെൻ-ഏസെരിലും ഫെലിസ്ത്യസൈന്യം അഫേക്കിലും പാളയമിറങ്ങി.
2 ഫെലിസ്ത്യർ യിസ്രായേലിന്റെ നേരെ അണിനിരന്നു; പട പരന്നപ്പോൾ യിസ്രായേൽ ഫെലിസ്ത്യരോടു തോറ്റുപോയി; സൈന്യത്തിൽ ഏകദേശം നാലായിരംപേരെ അവർ പോർക്കളത്തിൽ വെച്ചു സംഹരിച്ചു.
ഇസ്രായേലിനെ നേരിടാൻ ഫെലിസ്ത്യർ തങ്ങളുടെ സൈന്യത്തെ അണിനിരത്തി. യുദ്ധം മുറുകി; ഇസ്രായേൽ ഫെലിസ്ത്യരോടു തോറ്റു. അവർ പടക്കളത്തിൽവെച്ചുതന്നെ ഏകദേശം നാലായിരം ഇസ്രായേല്യയോദ്ധാക്കളെ വധിച്ചു.
3 പടജ്ജനം പാളയത്തിൽ വന്നാറെ യിസ്രായേൽമൂപ്പന്മാർ: ഇന്നു യഹോവ നമ്മെ ഫെലിസ്ത്യരോടു തോല്ക്കുമാറാക്കിയതു എന്തു? നാം ശീലോവിൽനിന്നു യഹോവയുടെ നിയമപെട്ടകം നമ്മുടെ അടുക്കൽ വരുത്തുക; അതു നമ്മുടെ ഇടയിൽ വന്നാൽ നമ്മെ നമ്മുടെ ശത്രുക്കളുടെ കയ്യിൽ നിന്നു രക്ഷിക്കും എന്നു പറഞ്ഞു.
പടയാളികൾ പാളയത്തിലേക്കു മടങ്ങിവന്നപ്പോൾ ഇസ്രായേല്യ ഗോത്രത്തലവന്മാർ ചോദിച്ചു: “യഹോവ ഇന്ന് ഫെലിസ്ത്യരുടെമുമ്പിൽ നമുക്കു പരാജയം വരുത്തിയത് എന്തുകൊണ്ട്? നമുക്ക് ശീലോവിൽനിന്ന് യഹോവയുടെ ഉടമ്പടിയുടെ പേടകം കൊണ്ടുവരാം; അതു നമ്മുടെ മധ്യേ പാളയത്തിലുള്ളപ്പോൾ അവിടന്ന് നമ്മെ ശത്രുക്കളുടെ കൈയിൽനിന്നു രക്ഷിക്കും.”
4 അങ്ങനെ ജനം ശീലോവിലേക്കു ആളയച്ചു, അവർ കെരൂബുകളുടെ മദ്ധ്യേ അധിവസിക്കുന്നവനായ സൈന്യങ്ങളുടെ യഹോവയുടെ നിയമപെട്ടകം അവിടെനിന്നു കൊണ്ടുവന്നു. ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ദൈവത്തിന്റെ നിയമപെട്ടകത്തോടുകൂടെ ഉണ്ടായിരുന്നു.
അങ്ങനെ ജനം ശീലോവിലേക്ക് പടയാളികളെ അയച്ചു; കെരൂബുകളുടെ മധ്യേ അധിവസിക്കുന്ന സൈന്യങ്ങളുടെ യഹോവയുടെ ഉടമ്പടിയുടെ പേടകം അവർ കൊണ്ടുവന്നു. ദൈവത്തിന്റെ ഉടമ്പടിയുടെ പേടകത്തോടൊപ്പം ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും ഉണ്ടായിരുന്നു.
5 യഹോവയുടെ നിയമപെട്ടകം പാളയത്തിൽ എത്തിയപ്പോൾ ഭൂമി കുലുങ്ങുംവണ്ണം യിസ്രായേലെല്ലാം ഉച്ചത്തിൽ ആർപ്പിട്ടു.
യഹോവയുടെ ഉടമ്പടിയുടെ പേടകം പാളയത്തിലെത്തിയപ്പോൾ ഇസ്രായേല്യരെല്ലാം ഭൂമി കുലുങ്ങുമാറ് ഉച്ചത്തിൽ ആർത്തുവിളിച്ചു.
6 ഫെലിസ്ത്യർ ആർപ്പിന്റെ ഒച്ച കേട്ടിട്ടു: എബ്രായരുടെ പാളയത്തിൽ ഈ വലിയ ആർപ്പിന്റെ കാരണം എന്തു എന്നു അന്വേഷിച്ചു, യഹോവയുടെ പെട്ടകം പാളയത്തിൽ വന്നിരിക്കുന്നു എന്നു ഗ്രഹിച്ചു.
ഈ ആർപ്പുവിളിയുടെ ഘോഷം കേട്ടിട്ട്, “എബ്രായരുടെ പാളയത്തിൽ ഈ ആരവമെന്ത്?” എന്നു ഫെലിസ്ത്യർ അന്വേഷിച്ചു. യഹോവയുടെ പേടകം ഇസ്രായേല്യരുടെ പാളയത്തിലെത്തി എന്നറിഞ്ഞപ്പോൾ
7 ദൈവം പാളയത്തിൽ വന്നിരിക്കുന്നു എന്നു ഫെലിസ്ത്യർ പറഞ്ഞു ഭയപ്പെട്ടു: നമുക്കു അയ്യോ കഷ്ടം! ഇങ്ങനെ ഒരു കാര്യം ഇതുവരെ ഉണ്ടായിട്ടില്ല.
ഫെലിസ്ത്യർ ഭയന്നുവിറച്ചു. “ഒരു ദേവൻ പാളയത്തിലെത്തിയിരിക്കുന്നു,” അവർ പറഞ്ഞു. “നാം മഹാകഷ്ടത്തിലായിരിക്കുന്നു. മുമ്പൊരിക്കലും ഇതുപോലെ സംഭവിച്ചിട്ടില്ല.
8 നമുക്കു അയ്യോ കഷ്ടം! ശക്തിയുള്ള ഈ ദൈവത്തിന്റെ കയ്യിൽനിന്നു നമ്മെ ആർ രക്ഷിക്കും? മിസ്രയീമ്യരെ മരുഭൂമിയിൽ സകലവിധബാധകളാലും ബാധിച്ച ദൈവം ഇതു തന്നേ.
നമുക്ക് അയ്യോ കഷ്ടം! ഈ ശക്തിയുള്ള ദൈവത്തിന്റെ കൈയിൽനിന്നു നമ്മെ ആർ വിടുവിക്കും? മരുഭൂമിയിൽവെച്ച് സകലവിധ മഹാമാരികളാലും ഈജിപ്റ്റുകാരെ തകർത്ത ദൈവം ഇതുതന്നെ.
9 ഫെലിസ്ത്യരേ, ധൈര്യം പൂണ്ടു പുരുഷത്വം കാണിപ്പിൻ; എബ്രായർ നിങ്ങൾക്കു ദാസന്മാരായിരുന്നതുപോലെ നിങ്ങൾ അവർക്കു ആകരുതു; പുരുഷത്വം കാണിച്ചു പൊരുതുവിൻ എന്നു പറഞ്ഞു.
ഫെലിസ്ത്യരേ, ധീരരായിരിക്കുക! പൗരുഷം കാണിക്കുക. അല്ലെങ്കിൽ അവർ നിങ്ങൾക്ക് അടിമകളായിരുന്നതുപോലെ, നിങ്ങൾ എബ്രായർക്ക് അടിമകളായിത്തീരും. അതിനാൽ പൗരുഷം കാണിച്ചു പൊരുതുക!”
10 അങ്ങനെ ഫെലിസ്ത്യർ പട തുടങ്ങിയപ്പോൾ യിസ്രായേൽ തോറ്റു; ഓരോരുത്തൻ താന്താന്റെ വീട്ടിലേക്കു ഓടി; യിസ്രായേലിൽ മുപ്പതിനായിരം കാലാൾ വീണുപോകത്തക്കവണ്ണം ഒരു മഹാ സംഹാരം ഉണ്ടായി.
അങ്ങനെ ഫെലിസ്ത്യർ പൊരുതി; ഇസ്രായേല്യർ പരാജിതരായി ഓരോരുത്തനും അവരവരുടെ കൂടാരത്തിലേക്കു പലായനംചെയ്തു. അന്നു നടന്ന കൂട്ടക്കുരുതി ഭയാനകമായിരുന്നു. ഇസ്രായേല്യർക്ക് തങ്ങളുടെ കാലാൾപ്പടയിൽ മുപ്പതിനായിരംപേർ നഷ്ടമായി.
11 ദൈവത്തിന്റെ പെട്ടകം പിടിപെട്ടു; ഏലിയുടെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടു പോയി.
ദൈവത്തിന്റെ ഉടമ്പടിയുടെ പേടകം ഫെലിസ്ത്യർ പിടിച്ചെടുത്തു. ഏലിയുടെ രണ്ടു മക്കൾ, ഹൊഫ്നിയും ഫീനെഹാസും, വധിക്കപ്പെട്ടു.
12 പോർക്കളത്തിൽനിന്നു ഒരു ബെന്യാമീന്യൻ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ടു ഓടി അന്നു തന്നെ ശീലോവിൽ വന്നു.
അന്നുതന്നെ ബെന്യാമീൻഗോത്രജനായ ഒരാൾ പടക്കളത്തിൽനിന്നു തന്റെ വസ്ത്രം കീറിയും തലയിൽ പൂഴി വാരിയിട്ടുംകൊണ്ട്, ശീലോവിലേക്ക് ഓടിയെത്തി.
13 അവൻ വരുമ്പോൾ ഏലി നോക്കിക്കൊണ്ടു വഴിയരികെ തന്റെ ആസനത്തിൽ ഇരിക്കയായിരുന്നു; ദൈവത്തിന്റെ പെട്ടകത്തെക്കുറിച്ചു അവന്റെ ഹൃദയം വ്യാകുലപ്പെട്ടിരുന്നു; ആ മനുഷ്യൻ പട്ടണത്തിൽ എത്തി വസ്തുത പറഞ്ഞപ്പോൾ പട്ടണത്തിലെല്ലാം നിലവിളിയായി.
അയാൾ വന്നെത്തുമ്പോൾ ഏലി തന്റെ ഇരിപ്പിടത്തിൽ വഴിയോരത്ത് വളരെ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. കാരണം അദ്ദേഹത്തിന്റെ ഹൃദയം ദൈവത്തിന്റെ പേടകത്തിന്റെ കാര്യമോർത്ത് വ്യാകുലപ്പെട്ടിരുന്നു. ആ മനുഷ്യൻ നഗരത്തിലെത്തി സംഭവിച്ച കാര്യങ്ങൾ അറിയിച്ചതോടെ നഗരവാസികൾ ഒന്നടങ്കം മുറവിളിയിട്ടു കരഞ്ഞു.
14 ഏലി നിലവിളികേട്ടപ്പോൾ ഈ ആരവം എന്തു എന്നു ചോദിച്ചു. ആ മനുഷ്യൻ ബദ്ധപ്പെട്ടു വന്നു ഏലിയോടും അറിയിച്ചു.
ഏലി ആ നിലവിളി കേട്ടപ്പോൾ, “ഈ ആരവത്തിന്റെ അർഥമെന്താണ്?” എന്നു ചോദിച്ചു. ആ മനുഷ്യൻ അതിവേഗം ഏലിയുടെ സമീപത്തെത്തി.
15 ഏലിയോ തൊണ്ണൂറ്റെട്ടു വയസ്സുള്ളവനും കാണ്മാൻ വഹിയാതവണ്ണം കണ്ണു മങ്ങിയവനും ആയിരുന്നു.
അദ്ദേഹം തൊണ്ണൂറ്റിയെട്ടു വയസ്സുള്ളവനും ഒന്നും കാണാൻ കഴിയാത്തവിധം കാഴ്ച മങ്ങിയവനുമായിരുന്നു.
16 ആ മനുഷ്യൻ ഏലിയോടു: ഞാൻ പോർക്കളത്തിൽനിന്നു വന്നവൻ ആകുന്നു; ഇന്നു തന്നേ ഞാൻ പോർക്കളത്തിൽനിന്നു ഓടിപ്പോന്നു എന്നു പറഞ്ഞു. വർത്തമാനം എന്താകുന്നു, മകനേ, എന്നു അവൻ ചോദിച്ചു.
അയാൾ ഏലിയോട്, “ഞാൻ യുദ്ധമുന്നണിയിൽനിന്ന് വരികയാണ്. ഇന്നാണ് ഞാൻ അവിടെനിന്നു രക്ഷപ്പെട്ടോടിയത്” എന്നറിയിച്ചു. “എന്റെ മകനേ, എന്താണ് സംഭവിച്ചത്?” ഏലി ചോദിച്ചു.
17 അതിന്നു ആ ദൂതൻ: യിസ്രായേൽ ഫെലിസ്ത്യരുടെ മുമ്പിൽ തോറ്റോടി; ജനത്തിൽ ഒരു മഹാസംഹാരം ഉണ്ടായി; നിന്റെ രണ്ടു പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും പട്ടുപോയി; ദൈവത്തിന്റെ പെട്ടകവും പിടിപെട്ടുപോയി എന്നു പറഞ്ഞു.
വാർത്തയുമായി ഓടിയെത്തിയ മനുഷ്യൻ, “ഇസ്രായേൽ ഫെലിസ്ത്യരുടെമുമ്പിൽനിന്നു തോറ്റോടി. നമ്മുടെ സൈന്യത്തിന് കനത്ത നഷ്ടം ഏൽക്കേണ്ടിവന്നു. അങ്ങയുടെ പുത്രന്മാരായ ഹൊഫ്നിയും ഫീനെഹാസും കൊല്ലപ്പെട്ടു. ദൈവത്തിന്റെ പേടകവും ശത്രുക്കൾ പിടിച്ചെടുത്തു” എന്നറിയിച്ചു.
18 അവൻ ദൈവത്തിന്റെ പെട്ടകത്തിന്റെ വസ്തുത പറഞ്ഞപ്പോൾ ഏലി പടിവാതില്ക്കൽ ആസനത്തിൽനിന്നു പിറകോട്ടു വീണു കഴുത്തൊടിഞ്ഞു മരിച്ചു; അവൻ വൃദ്ധനും സ്ഥൂലിച്ചവനും ആയിരുന്നു. അവൻ നാല്പതു സംവത്സരം യിസ്രായേലിന്നു ന്യായപാലനം ചെയ്തു.
ദൈവത്തിന്റെ പേടകത്തിന്റെ കാര്യം ആ മനുഷ്യൻ പറഞ്ഞപ്പോൾത്തന്നെ ഏലി തന്റെ ഇരിപ്പിടത്തിൽനിന്നും പിറകോട്ടു മറിഞ്ഞ് കവാടത്തിനരികെ വീണ് കഴുത്തൊടിഞ്ഞു മരിച്ചു. അദ്ദേഹം വൃദ്ധനായിരുന്നു; വളരെയധികം വണ്ണവും ഉണ്ടായിരുന്നു അദ്ദേഹത്തിന്. ഏലി നാൽപ്പതു വർഷക്കാലം ഇസ്രായേലിനെ ന്യായപാലനംചെയ്തിരുന്നു.
19 എന്നാൽ അവന്റെ മരുമകൾ ഫീനെഹാസിന്റെ ഭാര്യ പ്രസവം അടുത്ത ഗർഭിണിയായിരുന്നു; ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോയതും അമ്മാവിയപ്പനും ഭർത്താവും മരിച്ചതും കേട്ടപ്പോൾ അവൾക്കു പ്രസവവേദന തുടങ്ങി; അവൾ നിലത്തു വീണു പ്രസവിച്ചു.
അദ്ദേഹത്തിന്റെ മരുമകളായ ഫീനെഹാസിന്റെ ഭാര്യ ഗർഭിണിയും പ്രസവസമയം അടുത്തിരുന്നവളും ആയിരുന്നു. ദൈവത്തിന്റെ പേടകം ശത്രുക്കൾ പിടിച്ചെടുത്തെന്നും തന്റെ അമ്മായിയപ്പനും ഭർത്താവും മരിച്ചു എന്നുമുള്ള വാർത്ത കേട്ടപ്പോൾ അവൾക്ക് പ്രസവവേദനയുണ്ടായി, ഒരു പൈതലിനു ജന്മംനൽകി. എന്നാൽ ആ കഠിനവേദന അവളെ മരണത്തിന് കീഴ്പ്പെടുത്തി.
20 അവൾ മരിപ്പാറായപ്പോൾ അരികെ നിന്ന സ്ത്രീകൾ അവളോടു: ഭയപ്പെടേണ്ടാ; നീ ഒരു മകനെ പ്രസവിച്ചുവല്ലോ എന്നു പറഞ്ഞു. എന്നാൽ അവൾ ഉത്തരം പറഞ്ഞില്ല, ശ്രദ്ധിച്ചതുമില്ല.
അവൾ അന്ത്യശ്വാസം വലിക്കുമ്പോൾ അവൾക്ക് പ്രസവശുശ്രൂഷ നൽകിയിരുന്ന സ്ത്രീ പറഞ്ഞു: “നിരാശപ്പെടേണ്ടാ; നീ ഒരു മകനെ പ്രസവിച്ചിരിക്കുന്നു!” എന്നാൽ അവൾ ഉത്തരമൊന്നും പറഞ്ഞില്ല; ആ വാക്കുകൾ ശ്രദ്ധിച്ചതുമില്ല.
21 ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോകകൊണ്ടും അമ്മാവിയപ്പനെയും ഭർത്താവിനെയും ഓർത്തിട്ടും: മഹത്വം യിസ്രായേലിൽനിന്നു പൊയ്പോയി എന്നു പറഞ്ഞു അവൾ കുഞ്ഞിന്നു ഈഖാബോദ് എന്നു പേർ ഇട്ടു.
“മഹത്ത്വം ഇസ്രായേലിൽനിന്നു പൊയ്പ്പോയിരിക്കുന്നു,” എന്നു പറഞ്ഞുകൊണ്ട് അവൾ ആ പൈതലിന് ഈഖാബോദ് എന്നു പേരിട്ടു. ദൈവത്തിന്റെ പേടകം ശത്രുക്കൾ പിടിച്ചെടുത്തതിനാലും അവളുടെ അമ്മായിയപ്പനും ഭർത്താവും മരിച്ചതിനാലും ആണ് അവൾ ഈ വിധം പറഞ്ഞത്.
22 ദൈവത്തിന്റെ പെട്ടകം പിടിപെട്ടുപോകകൊണ്ടു മഹത്വം യിസ്രായേലിൽനിന്നു പൊയ്പോയി എന്നു അവൾ പറഞ്ഞു.
അവൾ വീണ്ടും, “ദൈവത്തിന്റെ പേടകം ശത്രുക്കൾ പിടിച്ചെടുത്തതിനാൽ മഹത്ത്വം ഇസ്രായേലിൽനിന്ന് പൊയ്പ്പോയിരിക്കുന്നു” എന്നു പറഞ്ഞു.