< 1 ശമൂവേൽ 31 >
1 എന്നാൽ ഫെലിസ്ത്യർ യിസ്രായേലിനോടു യുദ്ധംചെയ്തു; യിസ്രായേല്യർ ഫെലിസ്ത്യരുടെ മുമ്പിൽനിന്നു ഓടി ഗിൽബോവപർവ്വതത്തിൽ നിഹതന്മാരായി വീണു.
ഫെലിസ്ത്യർ ഇസ്രായേലിനോടു യുദ്ധംചെയ്തു; ഇസ്രായേല്യർ അവരുടെമുമ്പിൽനിന്നു തോറ്റോടി. അനേകർ കൊല്ലപ്പെട്ട്, ഗിൽബോവാപർവതത്തിൽ വീണു.
2 ഫെലിസ്ത്യർ ശൗലിനെയും അവന്റെ പുത്രന്മാരെയും പിന്തേർന്നുചെന്നു; ഫെലിസ്ത്യർ ശൗലിന്റെ പുത്രന്മാരായ യോനാഥാൻ അബീനാദാബ് മെല്ക്കീശൂവ എന്നിവരെ കൊന്നു.
ഫെലിസ്ത്യർ ശൗലിനെയും പുത്രന്മാരെയും പിൻതുടർന്നു ചെന്നു. ശൗലിന്റെ പുത്രന്മാരായ യോനാഥാനെയും അബീനാദാബിനെയും മൽക്കീ-ശൂവയെയും അവർ വധിച്ചു.
3 എന്നാൽ പട ശൗലിന്റെ നേരെ ഏറ്റവും മുറുകി; വില്ലാളികൾ അവനിൽ ദൃഷ്ടിവെച്ചു, വില്ലാളികളാൽ അവൻ ഏറ്റവും വിഷമത്തിലായി.
ആക്രമണം ശൗലിനുചുറ്റും അതിഭീകരമായിത്തീർന്നു; വില്ലാളികൾ ശൗലിന്റെ രക്ഷാനിര ഭേദിച്ചുകടന്ന് അദ്ദേഹത്തെ മാരകമായി മുറിവേൽപ്പിച്ചു.
4 ശൗൽ തന്റെ ആയുധവാഹകനോടു: ഈ അഗ്രചർമ്മികൾ വന്നു എന്നെ കുത്തിക്കളകയും അപമാനിക്കയും ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വാൾ ഊരി എന്നെ കുത്തുക എന്നു പറഞ്ഞു. ആയുധവാഹകൻ ഏറ്റവും ഭയപ്പെട്ടതുകൊണ്ടു അവന്നു മനസ്സുവന്നില്ല; അതുകൊണ്ടു ശൗൽ ഒരു വാൾ പിടിച്ചു അതിന്മേൽ വീണു.
ശൗൽ തന്റെ ആയുധവാഹകനോടു പറഞ്ഞു: “നീ നിന്റെ വാളൂരി എന്നെ പിളർക്കുക; അല്ലെങ്കിൽ പരിച്ഛേദനമില്ലാത്ത ഈ കൂട്ടർവന്ന് എന്നെ പിളർക്കുകയും അപമാനിക്കുകയും ചെയ്യും.” എന്നാൽ ശൗലിന്റെ ആയുധവാഹകൻ ഏറ്റവും ഭയപ്പെടുകയാൽ അപ്രകാരം ചെയ്തില്ല. അതിനാൽ ശൗൽ തന്റെ സ്വന്തം വാൾ പിടിച്ച് അതിന്മേൽ വീണു.
5 ശൗൽ മരിച്ചു എന്നു അവന്റെ ആയുധവാഹകൻ കണ്ടപ്പോൾ താനും അങ്ങനെ തന്നേ തന്റെ വാളിന്മേൽ വീണു അവനോടുകൂടെ മരിച്ചു.
ശൗൽ മരിച്ചെന്ന് ആയുധവാഹകൻ കണ്ടപ്പോൾ അയാളും തന്റെ വാളിന്മേൽ വീണ് അദ്ദേഹത്തോടൊപ്പം മരിച്ചു.
6 ഇങ്ങനെ ശൗലും അവന്റെ മൂന്നു പുത്രന്മാരും അവന്റെ ആയുധവാഹകനും അവന്റെ ആളുകൾ ഒക്കെയും അന്നു ഒന്നിച്ചു മരിച്ചു. യിസ്രായേല്യർ ഓടിപ്പോയി.
അങ്ങനെ, ശൗലും മൂന്നുപുത്രന്മാരും ആയുധവാഹകനും മറ്റാളുകളും എല്ലാം അന്ന് ഒരേദിവസംതന്നെ ഒരുമിച്ചു മരിച്ചു.
7 ശൗലും പുത്രന്മാരും മരിച്ചു എന്നു താഴ്‌വരയുടെ അപ്പുറത്തും യോർദ്ദാന്നക്കരെയും ഉള്ള യിസ്രായേല്യർ കണ്ടപ്പോൾ അവർ പട്ടണങ്ങളെ വെടിഞ്ഞു ഓടിപ്പോകയും ഫെലിസ്ത്യർവന്നു അവിടെ പാർക്കയും ചെയ്തു.
ഇസ്രായേൽസൈന്യം തോറ്റോടിയെന്നും ശൗലും പുത്രന്മാരും ഗിൽബോവ പർവതത്തിൽ വീണെന്നും താഴ്വരയിലും യോർദാനക്കരെയും ഉള്ള ഇസ്രായേല്യർ കണ്ടു. അതുകൊണ്ട് അവർ തങ്ങളുടെ പട്ടണങ്ങൾ ഉപേക്ഷിച്ച് പലായനംചെയ്തു. ഫെലിസ്ത്യർ വന്ന് അവിടങ്ങളിൽ പാർപ്പുറപ്പിക്കുകയും ചെയ്തു.
8 പിറ്റെന്നാൾ ഫെലിസ്ത്യർ നിഹതന്മാരുടെ വസ്ത്രം ഉരിവാൻ വന്നപ്പോൾ ശൗലും പുത്രന്മാരും ഗിൽബോവപർവ്വതത്തിൽ വീണുകിടക്കുന്നതു കണ്ടു.
അടുത്തദിവസം കൊല്ലപ്പെട്ടവരുടെ വസ്ത്രം ഉരിയാൻ ഫെലിസ്ത്യർ വന്നപ്പോൾ ശൗലും മൂന്നുപുത്രന്മാരും ഗിൽബോവാപർവതത്തിൽ വീണുകിടക്കുന്നതു കണ്ടു.
9 അവർ അവന്റെ തലവെട്ടി, അവന്റെ ആയുധവർഗ്ഗവും അഴിച്ചെടുത്തു തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനത്തിന്റെ ഇടയിലും വർത്തമാനം അറിയിക്കേണ്ടതിന്നു ഫെലിസ്ത്യദേശത്തെല്ലാടവും ആളയച്ചു.
അവർ അദ്ദേഹത്തിന്റെ തല വെട്ടി ആയുധവർഗം അഴിച്ചെടുത്തു; തങ്ങളുടെ വിഗ്രഹക്ഷേത്രങ്ങളിലും ജനമധ്യത്തിലും ഈ വാർത്ത പ്രസിദ്ധംചെയ്യുന്നതിനായി അവർ ഫെലിസ്ത്യദേശത്തെല്ലാം സന്ദേശവാഹകരെ അയച്ചു.
10 അവന്റെ ആയുധവർഗ്ഗം അവർ അസ്തോരെത്തിന്റെ ക്ഷേത്രത്തിൽവെച്ചു; അവന്റെ ഉടൽ അവർ ബേത്ത്-ശാന്റെ ചുവരിന്മേൽ തൂക്കി.
ശൗലിന്റെ ആയുധവർഗം അവർ അസ്തരോത്തിന്റെ ക്ഷേത്രത്തിൽ വെച്ചു; അദ്ദേഹത്തിന്റെ ഉടൽ ബേത്-ശയാന്റെ മതിലിനോടുചേർത്ത് കെട്ടിനിർത്തി.
11 എന്നാൽ ഫെലിസ്ത്യർ ശൗലിനോടു ചെയ്തതു ഗിലെയാദിലെ യാബേശ് നിവാസികൾ കേട്ടപ്പോൾ
ഫെലിസ്ത്യർ ശൗലിനോടു ചെയ്തത് യാബേശ്-ഗിലെയാദ് നിവാസികൾ കേട്ടപ്പോൾ
12 ശൂരന്മാരായ എല്ലാവരും പുറപ്പെട്ടു രാത്രിമുഴുവനും നടന്നുചെന്നു ബേത്ത്-ശാന്റെ ചുവരിൽനിന്നു ശൗലിന്റെ ശവവും അവന്റെ പുത്രന്മാരുടെ ശവങ്ങളും എടുത്തു യാബേശിൽ കൊണ്ടുവന്നു അവിടെവെച്ചു ദഹിപ്പിച്ചു.
അവരിലെ പരാക്രമശാലികളെല്ലാം രാത്രിമുഴുവൻ സഞ്ചരിച്ച് ബേത്-ശയാനിലെത്തി. അവർ ശൗലിന്റെയും പുത്രന്മാരുടെയും ഉടലുകൾ ബേത്-ശയാനിലെ മതിലിൽനിന്നും അഴിച്ചിറക്കി യാബേശിലേക്കു കൊണ്ടുവന്ന് അവരെ അവിടെ ദഹിപ്പിച്ചു.
13 അവരുടെ അസ്ഥികളെ അവർ എടുത്തു യാബേശിലെ പിചുലവൃക്ഷത്തിന്റെ ചുവട്ടിൽ കുഴിച്ചിട്ടു; ഏഴു ദിവസം ഉപവസിച്ചു.
അതിനുശേഷം അവരുടെ അസ്ഥികളെടുത്ത് അവർ യാബേശിലെ ഒരു പിചുലവൃക്ഷത്തിന്റെ ചുവട്ടിൽ സംസ്കരിക്കുകയും ഏഴുദിവസം ഉപവസിക്കുകയും ചെയ്തു.