< 1 ശമൂവേൽ 12 >
1 അനന്തരം ശമൂവേൽ എല്ലായിസ്രായേലിനോടും പറഞ്ഞതെന്തെന്നാൽ: നിങ്ങൾ എന്നോടു പറഞ്ഞതിൽ ഒക്കെയും ഞാൻ നിങ്ങളുടെ അപേക്ഷ കേട്ടു, നിങ്ങൾക്കു ഒരു രാജാവിനെയും വാഴിച്ചുതന്നു.
ശമുവേൽ എല്ലാ ഇസ്രായേലിനോടുമായി പറഞ്ഞു: “നിങ്ങൾ എന്നോടു പറഞ്ഞ കാര്യങ്ങളെല്ലാം ഞാൻ കേൾക്കുകയും നിങ്ങൾക്ക് ഒരു രാജാവിനെ വാഴിച്ചുതരികയും ചെയ്തിരിക്കുന്നു.
2 ഇപ്പോൾ രാജാവു നിങ്ങളുടെ നായകനായിരിക്കുന്നു; ഞാനോ വൃദ്ധനും നരച്ചവനുമായി; എന്റെ മക്കൾ നിങ്ങളോടുകൂടെ ഉണ്ടു; എന്റെ ബാല്യംമുതൽ ഇന്നുവരെയും ഞാൻ നിങ്ങൾക്കു നായകനായിരുന്നു.
ഇപ്പോൾ നിങ്ങൾക്കു നായകനായി ഒരു രാജാവുണ്ട്; എന്നെ സംബന്ധിച്ചാകട്ടെ, ഞാൻ വൃദ്ധനും നര ബാധിച്ചവനുമാണ്. എന്റെ പുത്രന്മാരും നിങ്ങളുടെ കൂട്ടത്തിലുണ്ട്. എന്റെ യൗവനകാലംമുതൽ ഇന്നുവരെയും ഞാൻ നിങ്ങൾക്കു നായകനായിരുന്നു.
3 ഞാൻ ഇതാ, ഇവിടെ നില്ക്കുന്നു: ഞാൻ ഒരുത്തന്റെ കാളയെ അപഹരിച്ചിട്ടുണ്ടോ? ഒരുത്തന്റെ കഴുതയെ അപഹരിച്ചിട്ടുണ്ടോ? ഞാൻ വല്ലവനെയും ചതിച്ചിട്ടുണ്ടോ? വല്ലവനെയും പീഡിപ്പിച്ചിട്ടുണ്ടോ? ഞാൻ വല്ലവന്റെയും കയ്യിൽനിന്നു കൈക്കൂലി വാങ്ങി എന്റെ കണ്ണു കുരുടാക്കീട്ടുണ്ടോ? യഹോവയുടെയും അവന്റെ അഭിഷിക്തന്റെയും മുമ്പാകെ എന്റെ നേരെ സാക്ഷീകരിപ്പിൻ; ഞാൻ അതു മടക്കിത്തരാം.
ഇതാ, ഞാൻ ഇവിടെ നിൽക്കുന്നു: യഹോവയുടെയും അവിടത്തെ അഭിഷിക്തന്റെയും മുമ്പിൽ നിങ്ങൾ എന്നെപ്പറ്റി സാക്ഷ്യം പറയുക: ഞാൻ ആരുടെയെങ്കിലും കാളയെയോ കഴുതയെയോ അപഹരിച്ചിട്ടുണ്ടോ? ഞാൻ ആരെയെങ്കിലും ചതിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടുണ്ടോ? ആരുടെയെങ്കിലും കൈയിൽനിന്ന് ഞാൻ കോഴവാങ്ങി എന്റെ കണ്ണ് കുരുടാക്കിയിട്ടുണ്ടോ? ഇവയിൽ ഏതെങ്കിലും ഞാൻ ചെയ്തിട്ടുണ്ടെങ്കിൽ ഇപ്പോൾ ഞാൻ അതിനു പരിഹാരം ചെയ്യാം.”
4 അതിന്നു അവർ: നീ ഞങ്ങളെ ചതിക്കയോ പീഡിപ്പിക്കയോ യാതൊരുത്തന്റെയും കയ്യിൽനിന്നു വല്ലതും അപഹരിക്കയോ ചെയ്തിട്ടില്ല എന്നു പറഞ്ഞു.
“അങ്ങ് ഞങ്ങളെ ചതിക്കുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ല; യാതൊരുത്തന്റെയും കൈയിൽനിന്ന് അങ്ങ് അന്യായമായി യാതൊന്നും വാങ്ങിയിട്ടുമില്ല,” എന്നു ജനം ഉത്തരം പറഞ്ഞു.
5 അവൻ പിന്നെയും അവരോടു: നിങ്ങൾ എന്റെ പേരിൽ ഒന്നും കണ്ടില്ല എന്നുള്ളതിന്നു യഹോവ സാക്ഷി; അവന്റെ അഭിഷിക്തനും ഇന്നു സാക്ഷി എന്നു പറഞ്ഞു.
ശമുവേൽ ജനത്തോട്: “എന്റെ കരങ്ങൾ തീർത്തും നിഷ്കളങ്കമാണെന്നു നിങ്ങൾ കണ്ടിരിക്കുന്നു. ഇക്കാര്യത്തിൽ യഹോവ എനിക്കു സാക്ഷി; അവിടത്തെ അഭിഷിക്തനും ഇന്നു സാക്ഷി” എന്നു പറഞ്ഞു. “അതേ, യഹോവതന്നെ സാക്ഷി,” എന്നു ജനം ഉത്തരം പറഞ്ഞു.
6 അപ്പോൾ ശമൂവേൽ ജനത്തോടു പറഞ്ഞതെന്തെന്നാൽ: മോശെയെയും അഹരോനെയും കല്പിച്ചാക്കുകയും നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവരികയും ചെയ്തവൻ യഹോവ തന്നേ.
ശമുവേൽ വീണ്ടും ജനത്തോടു പറഞ്ഞു: “മോശയെയും അഹരോനെയും നിയോഗിക്കുകയും നിങ്ങളുടെ പൂർവികരെ ഈജിപ്റ്റിൽനിന്ന് മോചിപ്പിച്ച് ഇവിടേക്കു കൂട്ടിക്കൊണ്ടുവരികയും ചെയ്തത് യഹോവതന്നെ.
7 ആകയാൽ ഇപ്പോൾ ഒത്തുനില്പിൻ; യഹോവ നിങ്ങൾക്കും നിങ്ങളുടെ പിതാക്കന്മാർക്കും ചെയ്തിട്ടുള്ള സകലനീതികളെയും കുറിച്ചു ഞാൻ യഹോവയുടെ മുമ്പാകെ നിങ്ങളോടു വ്യവഹരിക്കും.
ആകയാൽ, നിങ്ങൾ അടുത്തുവന്ന് എന്റെമുമ്പിൽ നിൽക്കുക! നിങ്ങൾക്കുവേണ്ടിയും നിങ്ങളുടെ പൂർവികർക്കു വേണ്ടിയും യഹോവ ചെയ്ത സകലനന്മകളെയുംകുറിച്ച് ഉള്ള തെളിവുകൾ ഞാൻ നിങ്ങളോടു വിവരിക്കാം.
8 യാക്കോബ് മിസ്രയീമിൽ ചെന്നു പാർത്തു; അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാർ യഹോവയോടു നിലവിളിച്ചപ്പോൾ യഹോവ മോശെയെയും അഹരോനെയും അയച്ചു; അവർ നിങ്ങളുടെ പിതാക്കന്മാരെ മിസ്രയീമിൽനിന്നു കൊണ്ടുവന്നു ഈ സ്ഥലത്തു പാർക്കുമാറാക്കി.
“യാക്കോബ് ഈജിപ്റ്റിൽ പ്രവേശിച്ചതിനുശേഷം നിങ്ങളുടെ പൂർവികർ സഹായത്തിനായി യഹോവയോടു നിലവിളിച്ചു. യഹോവ മോശയെയും അഹരോനെയും അയയ്ക്കുകയും അവർ നിങ്ങളുടെ പൂർവികരെ ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന് ഈ സ്ഥലത്തു പാർപ്പിക്കുകയും ചെയ്തു.
9 എന്നാൽ അവർ തങ്ങളുടെ ദൈവമായ യഹോവയെ മറന്നപ്പോൾ അവൻ അവരെ ഹാസോരിലെ സേനാപതിയായ സീസെരയുടെ കയ്യിലും ഫെലിസ്ത്യരുടെ കയ്യിലും മോവാബ്‌രാജാവിന്റെ കയ്യിലും ഏല്പിച്ചു, അവർ അവരോടു യുദ്ധം ചെയ്തു.
“എന്നാൽ നിങ്ങളുടെ പൂർവികർ തങ്ങളുടെ ദൈവമായ യഹോവയെ വിസ്മരിച്ചു; അതിനാൽ അവിടന്ന് ഹാസോരിലെ രാജാവിന്റെ സേനാധിപതിയായ സീസെരയുടെയും ഫെലിസ്ത്യരുടെയും മോവാബുരാജാവിന്റെയും കൈകളിൽ അവരെ ഏൽപ്പിച്ചു. അവർ ഇസ്രായേലിനെതിരേ യുദ്ധംചെയ്തു.
10 അപ്പോൾ അവർ യഹോവയോടു നിലവിളിച്ചു: ഞങ്ങൾ യഹോവയെ ഉപേക്ഷിച്ചു ബാൽവിഗ്രഹങ്ങളെയും അസ്തോരെത്ത് പ്രതിഷ്ഠകളെയും സേവിച്ചു പാപം ചെയ്തിരിക്കുന്നു; ഇപ്പോൾ ഞങ്ങളെ ശത്രുക്കളുടെ കയ്യിൽ നിന്നു രക്ഷിക്കേണമേ; എന്നാൽ ഞങ്ങൾ നിന്നെ സേവിക്കും എന്നു പറഞ്ഞു.
അവർ അപ്പോൾ യഹോവയോടു നിലവിളിച്ചു: ‘ഞങ്ങൾ പാപംചെയ്തു; ഞങ്ങൾ യഹോവയെ ഉപേക്ഷിക്കുകയും ബാൽവിഗ്രഹങ്ങളെയും അസ്തരോത്ത് പ്രതിമകളെയും സേവിക്കുകയും ചെയ്തു. എന്നാൽ ഇപ്പോൾ യഹോവേ, ഞങ്ങളുടെ ശത്രുക്കളുടെ കൈയിൽനിന്ന് ഞങ്ങളെ വിടുവിക്കണമേ. എന്നാൽ ഞങ്ങൾ അങ്ങയെ സേവിക്കും.’
11 എന്നാറെ യഹോവ യെരുബ്ബാൽ, ബെദാൻ, യിഫ്താഹ്, ശമൂവേൽ എന്നിവരെ അയച്ചു ചുറ്റുമുള്ള ശത്രുക്കളുടെ കയ്യിൽനിന്നു നിങ്ങളെ വിടുവിച്ചു; നിങ്ങൾ നിർഭയമായി വസിച്ചു.
അപ്പോൾ യഹോവ യെരൂ-ബാൽ, ബെദാൻ, യിഫ്താഹ്, ശമുവേൽ എന്നിവരെ അയയ്ക്കുകയും നാലു ഭാഗത്തുമുള്ള നിങ്ങളുടെ ശത്രുക്കളുടെ കൈകളിൽനിന്ന് നിങ്ങളെ വിടുവിക്കുകയും ചെയ്തു. അങ്ങനെ നിങ്ങൾ സുരക്ഷിതരായി താമസിച്ചു.
12 പിന്നെ അമ്മോന്യരുടെ രാജാവായ നാഹാശ് നിങ്ങളുടെ നേരെ വരുന്നതു നിങ്ങൾ കണ്ടപ്പോൾ നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു രാജാവായിരിക്കെ നിങ്ങൾ എന്നോടു: ഒരു രാജാവു ഞങ്ങളുടെമേൽ വാഴേണം എന്നു പറഞ്ഞു.
“എന്നാൽ അമ്മോന്യരാജാവായ നാഹാശ് നിങ്ങളെ ആക്രമിക്കാൻ ഉദ്യമിക്കുന്നതായിക്കണ്ടപ്പോൾ നിങ്ങൾ എന്റെ അടുക്കൽവന്നു; ഞങ്ങളെ ഭരിക്കുന്നതിനു ഞങ്ങൾക്കൊരു രാജാവു വേണം എന്നു നിങ്ങൾ ആവശ്യപ്പെട്ടു. നിങ്ങളുടെ ദൈവമായ യഹോവതന്നെ നിങ്ങൾക്കു രാജാവായിരിക്കെയാണ് നിങ്ങൾ അങ്ങനെ ആവശ്യപ്പെട്ടത്.
13 ഇപ്പോൾ ഇതാ, നിങ്ങൾ തിരഞ്ഞെടുത്തവനും ആഗ്രഹിച്ചവനുമായ രാജാവു; യഹോവ നിങ്ങൾക്കു ഒരു രാജാവിനെ കല്പിച്ചാക്കിയിരിക്കുന്നു.
ഇപ്പോൾ, ഇതാ, നിങ്ങൾ തെരഞ്ഞെടുത്തവനും നിങ്ങൾ ആഗ്രഹിച്ചവനുമായ രാജാവ്! യഹോവ നിങ്ങൾക്ക് ഒരു രാജാവിനെ കൽപ്പിച്ചുനൽകിയിരിക്കുന്നു.
14 നിങ്ങൾ യഹോവയുടെ കല്പനയെ മറുക്കാതെ യഹോവയെ ഭയപ്പെട്ടു അവനെ സേവിച്ചു അവന്റെ വാക്കു അനുസരിക്കയും നിങ്ങളും നിങ്ങളെ വാഴുന്ന രാജാവും നിങ്ങളുടെ ദൈവമായ യഹോവയോടു ചേർന്നിരിക്കയും ചെയ്താൽ കൊള്ളാം.
നിങ്ങൾ യഹോവയെ ഭയപ്പെടുകയും, അവിടത്തെ സേവിക്കുകയും അനുസരിക്കുകയും, അവിടത്തെ കൽപ്പനകൾ ലംഘിക്കാതിരിക്കുകയും ചെയ്യുമെങ്കിൽ, അങ്ങനെ നിങ്ങളും നിങ്ങളെ ഭരിക്കുന്നരാജാവും നിങ്ങളുടെ ദൈവമായ യഹോവയെ അനുഗമിക്കുമെങ്കിൽ, നിങ്ങൾക്ക് അഭിവൃദ്ധിയുണ്ടാക്കും.
15 എന്നാൽ നിങ്ങൾ യഹോവയുടെ വാക്കു അനുസരിക്കാതെ യഹോവയുടെ കല്പനയെ മറുത്താൽ യഹോവയുടെ കൈ നിങ്ങളുടെ പിതാക്കന്മാർക്കു വിരോധമായിരുന്നതുപോലെ നിങ്ങൾക്കും വിരോധമായിരിക്കും.
എന്നാൽ, നിങ്ങൾ യഹോവയെ അനുസരിക്കാതിരിക്കുകയും അവിടത്തെ കൽപ്പനകളെ ധിക്കരിക്കുകയും ചെയ്താൽ അവിടത്തെ കരങ്ങൾ നിങ്ങളുടെ പിതാക്കന്മാർക്ക് എതിരായിരുന്നതുപോലെ, നിങ്ങൾക്കും എതിരായിരിക്കും.
16 ആകയാൽ ഇപ്പോൾ നിന്നു യഹോവ നിങ്ങൾ കാൺകെ ചെയ്‌വാൻ പോകുന്ന ഈ വലിയ കാര്യം കണ്ടുകൊൾവിൻ.
“ആകയാൽ ഇപ്പോൾ ഇവിടെ നിങ്ങളുടെ കണ്മുമ്പിൽവെച്ചുതന്നെ യഹോവ ചെയ്യാൻപോകുന്ന മഹാകാര്യം കണ്ടുകൊൾക.
17 ഇതു കോതമ്പുകൊയ്ത്തിന്റെ കാലമല്ലോ; ഞാൻ യഹോവയോടു അപേക്ഷിക്കും; അവൻ ഇടിയും മഴയും അയക്കും; നിങ്ങൾ ഒരു രാജാവിനെ ചോദിക്കയാൽ യഹോവയോടു ചെയ്ത ദോഷം എത്ര വലിയതെന്നു നിങ്ങൾ അതിനാൽ കണ്ടറിയും.
ഇത് ഗോതമ്പുകൊയ്ത്തിന്റെ കാലമല്ലേ? ഞാൻ യഹോവയോട് അപേക്ഷിക്കും; അവിടന്ന് ഇടിയും മഴയും അയയ്ക്കും. അങ്ങനെ നിങ്ങൾ ഒരു രാജാവിനെ ചോദിച്ചത് യഹോവയുടെ ദൃഷ്ടിയിൽ എത്രമാത്രം നിന്ദ്യമായ കാര്യമായിരുന്നു എന്നു നിങ്ങൾക്കു ബോധ്യമാകും.”
18 അങ്ങനെ ശമൂവേൽ യഹോവയോടു അപേക്ഷിച്ചു; യഹോവ അന്നു ഇടിയും മഴയും അയച്ചു; ജനമെല്ലാം യഹോവയെയും ശമൂവേലിനെയും ഏറ്റവും ഭയപ്പെട്ടു.
അതിനുശേഷം ശമുവേൽ യഹോവയോട് അപേക്ഷിച്ചു. അന്നുതന്നെ യഹോവ ഇടിയും മഴയും അയച്ചു. അതിനാൽ ജനമെല്ലാം യഹോവയുടെയും ശമുവേലിന്റെയുംമുമ്പാകെ ഏറ്റവും ഭയത്തോടുകൂടെ നിന്നു.
19 ജനമെല്ലാം ശമൂവേലിനോടു: അടിയങ്ങൾക്കു വേണ്ടി നിന്റെ ദൈവമായ യഹോവയോടു പ്രാർത്ഥിക്കേണമേ; ഞങ്ങൾ മരിച്ചുപോകരുതേ; ഒരു രാജാവിനെ അപേക്ഷിച്ചതിൽ ഞങ്ങളുടെ സകലപാപങ്ങളോടും ഞങ്ങൾ ഈ ഒരു ദോഷവും കൂട്ടിയിരിക്കുന്നു എന്നു പറഞ്ഞു.
ജനമെല്ലാം ശമുവേലിനോട് അപേക്ഷിച്ചു: “ഞങ്ങൾ ചെയ്ത മറ്റെല്ലാ പാപങ്ങളോടുംകൂടെ, ഒരു രാജാവിനെ ചോദിച്ചതുവഴി, ഒരു തിന്മകൂടി ഞങ്ങൾ കൂട്ടിയിരിക്കുന്നു. അങ്ങയുടെ ദാസന്മാരായ ഞങ്ങൾ മരിച്ചുപോകാതിരിക്കേണ്ടതിന് അങ്ങയുടെ ദൈവമായ യഹോവയോടു ഞങ്ങൾക്കുവേണ്ടി അപേക്ഷിച്ചാലും!”
20 ശമൂവേൽ ജനത്തോടു പറഞ്ഞതു: ഭയപ്പെടായ്‌വിൻ; നിങ്ങൾ ഈ ദോഷമൊക്കെയും ചെയ്തിരിക്കുന്നു; എങ്കിലും യഹോവയെ വിട്ടുമാറാതെ പൂർണ്ണഹൃദയത്തോടെ യഹോവയെ സേവിപ്പിൻ.
ശമുവേൽ മറുപടി പറഞ്ഞു: “ഭയപ്പെടേണ്ട, നിങ്ങൾ ഈ തിന്മകളെല്ലാം ചെയ്തുവെങ്കിലും യഹോവയിൽനിന്ന് അകന്നുമാറിപ്പോകരുത്; പൂർണഹൃദയത്തോടുകൂടി നിങ്ങൾ യഹോവയെ സേവിക്കുക.
21 വിട്ടുമാറി, ഉപകാരമില്ലാത്തവയും രക്ഷിപ്പാൻ കഴിയാത്തവയുമായ മിത്ഥ്യാമൂർത്തികളോടു നിങ്ങൾ ചേരരുതു; അവ മിത്ഥ്യാവസ്തു തന്നേയല്ലോ.
നിങ്ങൾ യഹോവയെ വിട്ട് പ്രയോജനരഹിതങ്ങളായ വിഗ്രഹങ്ങളുടെ പിന്നാലെ തിരിയരുത്. നിങ്ങൾക്കു യാതൊരു നന്മയും ചെയ്യാൻ അവർക്കു കഴിയുകയില്ല. നിങ്ങളെ വീണ്ടെടുക്കാനും അവയെക്കൊണ്ടാകില്ല. കാരണം, അവയെല്ലാം മിഥ്യാമൂർത്തികളാണ്.
22 യഹോവ തന്റെ മഹത്തായ നാമംനിമിത്തം തന്റെ ജനത്തെ കൈവിടുകയില്ല; നിങ്ങളെ തന്റെ ജനമാക്കിക്കൊൾവാൻ യഹോവെക്കു ഇഷ്ടം തോന്നിയിരിക്കുന്നു.
യഹോവയ്ക്കു നിങ്ങളെ സ്വന്തജനമാക്കിത്തീർക്കാൻ മനസ്സായല്ലോ! അതിനാൽ അവിടന്ന് തന്റെ മഹത്തായ നാമത്തെപ്രതി സ്വന്തജനമായ നിങ്ങളെ തള്ളിക്കളയുകയില്ല.
23 ഞാനോ നിങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാതിരിക്കുന്നതിനാൽ യഹോവയോടു പാപം ചെയ്‌വാൻ ഇടവരരുതേ; ഞാൻ നിങ്ങൾക്കു നല്ലതും ചൊവ്വുള്ളതുമായ വഴി ഉപദേശിക്കും.
എന്റെ കാര്യത്തിലാണെങ്കിൽ, നിങ്ങൾക്കുവേണ്ടി പ്രാർഥിക്കാതിരിക്കുന്നത് ഞാൻ യഹോവയോടു ചെയ്യുന്ന മഹാപരാധമാണ്. ആ പാപംചെയ്യാൻ ദൈവം എനിക്കിടവരുത്താതിരിക്കട്ടെ. നന്മയും നീതിയുമായുള്ള പാത ഞാൻ നിങ്ങൾക്കുപദേശിച്ചുതരാം.
24 യഹോവയെ ഭയപ്പെട്ടു പൂർണ്ണഹൃദയത്തോടും പരമാർത്ഥതയോടുംകൂടെ സേവിക്കമാത്രം ചെയ്‌വിൻ; അവൻ നിങ്ങൾക്കു എത്ര വലിയ കാര്യം ചെയ്തിരിക്കുന്നു എന്നു ഓർത്തുകൊൾവിൻ.
യഹോവയെ ഭയപ്പെട്ട് പൂർണഹൃദയത്തോടും വിശ്വസ്തതയോടുംകൂടി അവിടത്തെ സേവിക്കുക! അവിടന്ന് നിങ്ങൾക്കുവേണ്ടി എത്ര മഹാകാര്യങ്ങൾ ചെയ്തുതന്നിരിക്കുന്നു എന്നോർത്തുകൊൾക!
25 എന്നാൽ നിങ്ങൾ ഇനിയും ദോഷം ചെയ്താൽ നിങ്ങളും നിങ്ങളുടെ രാജാവും നശിച്ചുപോകും.
എന്നിട്ടും നിങ്ങൾ ദുശ്ശാഠ്യക്കാരായി തിന്മ പ്രവർത്തിച്ചാൽ നിങ്ങളും നിങ്ങളുടെ രാജാവും നശിച്ചുപോകും.”