< 1 രാജാക്കന്മാർ 10 >
1 ശെബാരാജ്ഞി യഹോവയുടെ നാമം സംബന്ധിച്ചു ശലോമോന്നുള്ള കീർത്തി കേട്ടിട്ടു കടമൊഴികളാൽ അവനെ പരീക്ഷിക്കേണ്ടതിന്നു വന്നു.
൧ശെബാരാജ്ഞി യഹോവയുടെ നാമം സംബന്ധിച്ച് ശലോമോന്റെ കീർത്തി കേട്ട് കഠിനമായ ചോദ്യങ്ങളാൽ അവനെ പരീക്ഷിക്കേണ്ടതിന് വന്നു.
2 അവൾ അതിമഹത്തായ പരിവാരത്തോടും സുഗന്ധവർഗ്ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകങ്ങളോടുംകൂടെ യെരൂശലേമിൽവന്നു; അവൾ ശലോമോന്റെ അടുക്കൽ വന്നശേഷം തന്റെ മനോരഥമൊക്കെയും അവനോടു പ്രസ്താവിച്ചു.
൨അവൾ വലിയോരു പരിവാരത്തോടും, സുഗന്ധവർഗ്ഗവും ധാരാളം പൊന്നും രത്നവും ചുമക്കുന്ന ഒട്ടകങ്ങളോടും കൂടെ യെരൂശലേമിൽ വന്നു; അവൾ ശലോമോന്റെ അടുക്കൽവന്ന് തന്റെ മനസ്സിൽ കരുതിയിരുന്നതെല്ലാം അവനോട് സംസാരിച്ചു.
3 അവളുടെ സകലചോദ്യങ്ങൾക്കും ശലോമോൻ സമാധാനം പറഞ്ഞു. സമാധാനം പറവാൻ കഴിയാതെ ഒന്നും രാജാവിന്നു മറപൊരുളായിരുന്നില്ല.
൩അവളുടെ സകലചോദ്യങ്ങൾക്കും ശലോമോൻ ഉത്തരം പറഞ്ഞു; അവൾക്ക് വിശദീകരിച്ച് കൊടുക്കാൻ കഴിയാത്തതായി ഒന്നും രാജാവിന് ഉണ്ടായിരുന്നില്ല.
4 ശെബാരാജ്ഞി ശലോമോന്റെ സകലജ്ഞാനവും അവൻ പണിത അരമനയും
൪ശലോമോന്റെ ജ്ഞാനബാഹുല്യവും അവൻ പണിത അരമനയും
5 അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ടു അമ്പരന്നുപോയി.
൫അവന്റെ മേശയിലെ ഭക്ഷണവും ഭൃത്യന്മാരുടെ ഇരിപ്പും പരിചാരകരുടെ ശുശ്രൂഷയും വേഷവിധാനങ്ങളും, പാനപാത്രവാഹകന്മാരെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തിന്റെ പാതകളും കണ്ടിട്ട് ശെബാരാജ്ഞി അമ്പരന്നുപോയി.
6 അവൾ രാജാവിനോടു പറഞ്ഞതു എന്തെന്നാൽ: നിന്റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാൻ എന്റെ ദേശത്തുവെച്ചു കേട്ട വർത്തമാനം സത്യം തന്നേ.
൬അവൾ രാജാവിനോട് പറഞ്ഞത്: “നിന്റെ വാക്കുകളെയും ജ്ഞാനത്തെയും കുറിച്ച് ഞാൻ എന്റെ ദേശത്തുവെച്ച് കേട്ട വർത്തമാനം സത്യംതന്നേ.
7 ഞാൻ വന്നു എന്റെ കണ്ണുകൊണ്ടു കാണുന്നതുവരെ ആ വർത്തമാനം വിശ്വസിച്ചില്ല. എന്നാൽ പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല. ഞാൻ കേട്ട കീർത്തിയെക്കാൾ നിന്റെ ജ്ഞാനവും ധനവും അധികമാകുന്നു.
൭ഞാൻ വന്ന് എന്റെ കണ്ണുകൊണ്ട് കാണുന്നതുവരെ ആ വർത്തമാനം വിശ്വസിച്ചിരുന്നില്ല. എന്നാൽ യാഥാർത്ഥ്യത്തിന്റെ പകുതിപോലും ഞാൻ കേട്ടിരുന്നില്ല. നിന്റെ ജ്ഞാനവും ധനവും ഞാൻ കേട്ട പ്രശസ്തിയേക്കാൾ വളരെ അധികമാകുന്നു.
8 നിന്റെ ഭാര്യമാർ ഭാഗ്യവതികൾ; നിന്റെ മുമ്പിൽ എപ്പോഴും നിന്നു നിന്റെ ജ്ഞാനം കേൾക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാർ.
൮നിന്റെ ജനങ്ങളും നിന്റെ മുമ്പിൽനിന്ന് എപ്പോഴും ജ്ഞാനം കേൾക്കുന്ന ഈ ഭൃത്യന്മാരും എത്രയോ ഭാഗ്യവാന്മാർ!
9 നിന്നെ യിസ്രായേലിന്റെ രാജാസനത്തിൽ ഇരുത്തുവാൻ നിന്നിൽ പ്രസാദിച്ച നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; യഹോവ യിസ്രായേലിനെ എന്നേക്കും സ്നേഹിക്കകൊണ്ടു നീതിയും ന്യായവും നടത്തേണ്ടതിന്നു നിന്നെ രാജാവാക്കിയിരിക്കുന്നു.
൯നിന്നെ യിസ്രായേലിന്റെ സിംഹാസനത്തിൽ ഇരുത്തുവാൻ പ്രസാദിച്ച നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവൻ; യഹോവ യിസ്രായേലിനെ എന്നേക്കും സ്നേഹിക്കകൊണ്ട് നീതിയും ന്യായവും നടത്തേണ്ടതിന് നിന്നെ രാജാവാക്കിയിരിക്കുന്നു”.
10 അവൾ രാജാവിന്നു നൂറ്റിരുപതു താലന്ത് പൊന്നും അനവധി സുഗന്ധവർഗ്ഗവും രത്നവും കൊടുത്തു; ശെബാരാജ്ഞി ശലോമോൻരാജാവിന്നു കൊടുത്ത സുഗന്ധവർഗ്ഗംപോലെ അത്ര വളരെ പിന്നെ ഒരിക്കലും വന്നിട്ടില്ല.
൧൦അവൾ രാജാവിന് ഏകദേശം 4,000 കിലോഗ്രാം പൊന്നും അനവധി സുഗന്ധദ്രവ്യങ്ങളും വിലയേറിയ രത്നങ്ങളും കൊടുത്തു; ശെബാരാജ്ഞി ശലോമോൻ രാജാവിന് കൊടുത്തതുപോലെ സുഗന്ധദ്രവ്യങ്ങൾ പിന്നീട് ഒരിക്കലും ലഭിച്ചിട്ടില്ല.
11 ഓഫീരിൽനിന്നു പൊന്നു കൊണ്ടുവന്ന ഹീരാമിന്റെ കപ്പലുകൾ ഓഫീരിൽനിന്നു അനവധി ചന്ദനവും രത്നവും കൊണ്ടുവന്നു.
൧൧ഹൂരാമിന്റെ കപ്പലുകൾ ഓഫീരിൽ നിന്ന് പൊന്ന് കൊണ്ടുവന്നതുകൂടാതെ അനവധി ചന്ദനവും രത്നവും കൊണ്ടുവന്നു.
12 രാജാവു ചന്ദനംകൊണ്ടു യഹോവയുടെ ആലയത്തിന്നും രാജധാനിക്കും അഴികളും സംഗീതക്കാർക്കു കിന്നരങ്ങളും വീണകളും ഉണ്ടാക്കി; അങ്ങനെയുള്ള ചന്ദനമരം ഇന്നുവരെ വന്നിട്ടില്ല, കണ്ടിട്ടുമില്ല.
൧൨രാജാവ് ചന്ദനംകൊണ്ട് യഹോവയുടെ ആലയത്തിനും രാജധാനിക്കും പടികളും സംഗീതക്കാർക്ക് കിന്നരങ്ങളും വീണകളും ഉണ്ടാക്കി; അങ്ങനെയുള്ള ചന്ദനമരം ഇന്നുവരെ ലഭിച്ചിട്ടില്ല, ആരും കണ്ടിട്ടുമില്ല.
13 ശലോമോൻരാജാവു സ്വമേധയാ ശെബാരാജ്ഞിക്കു രാജൗചിത്യംപോലെ കൊടുത്തതുകൂടാതെ അവൾ ആഗ്രഹിച്ചു ചോദിച്ചതുമെല്ലാം ശലോമോൻരാജാവു അവൾക്കു കൊടുത്തു. അങ്ങനെ അവൾ തന്റെ ഭൃത്യന്മാരുമായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
൧൩ശെബാരാജ്ഞിക്ക് രാജകീയ നിലവാരം അനുസരിച്ച് കൊടുത്തതുകൂടാതെ അവൾ ആഗ്രഹിച്ച് ചോദിച്ചതെല്ലാം ശലോമോൻ രാജാവ് അവൾക്ക് കൊടുത്തു. അങ്ങനെ അവൾ തന്റെ ഭൃത്യന്മാരുമായി സ്വദേശത്തേക്ക് മടങ്ങിപ്പോയി.
14 ശലോമോന്നു സഞ്ചാരവ്യാപാരികളാലും വർത്തകന്മാരുടെ കച്ചവടത്താലും സമ്മിശ്രജാതികളുടെ സകലരാജാക്കന്മാരാലും ദേശാധിപതിമാരാലും വന്നതു കൂടാതെ
൧൪ശലോമോന് സഞ്ചാരവ്യാപാരികൾ, കച്ചവടക്കാർ, അരാബിരാജാക്കന്മാർ, ദേശാധിപതിമാർ എന്നിവരിൽ നിന്നും ലഭിച്ച വരുമാനം കൂടാതെ,
15 ആണ്ടുതോറും വന്ന പൊന്നിന്റെ തൂക്കം അറുനൂറ്ററുപത്താറു താലന്തായിരുന്നു.
൧൫ആണ്ടുതോറും കിട്ടിയിരുന്ന പൊന്നിന്റെ തൂക്കം ഏകദേശം 2,300 കിലോഗ്രാം.
16 ശലോമോൻരാജാവു, അടിച്ചുപരത്തിയ പൊന്നുകൊണ്ടു ഇരുനൂറു വൻപരിച ഉണ്ടാക്കി; ഓരോ പരിചെക്കു അറുനൂറുശേക്കൽ പൊന്നു ചെലവായി.
൧൬ശലോമോൻ രാജാവ്, അടിച്ചുപരത്തിയ പൊന്ന് കൊണ്ട് ഇരുനൂറ് വൻപരിച ഉണ്ടാക്കി; ഓരോ പരിചക്കും അറുനൂറുശേക്കൽ പൊന്ന് വീതം ചെലവായി.
17 അടിച്ചുപരത്തിയ പൊന്നുകൊണ്ടു അവൻ മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഓരോ ചെറു പരിചെക്കു മൂന്നു മാനേ പൊന്നു ചെലവായി; അവയെ രാജാവു ലെബാനോൻവനഗൃഹത്തിൽ വെച്ചു.
൧൭അടിച്ചുപരത്തിയ പൊന്ന് കൊണ്ട് അവൻ മുന്നൂറ് ചെറുപരിചകളും ഉണ്ടാക്കി; ഓരോ ചെറുപരിചക്കും ഏകദേശം രണ്ടു കിലോഗ്രാം പൊന്ന് വീതം ചെലവായി; അവ രാജാവ് ലെബാനോൻ വനഗൃഹത്തിൽ സൂക്ഷിച്ചു.
18 രാജാവു ദന്തംകൊണ്ടു ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു.
൧൮പിന്നെ രാജാവ് ദന്തംകൊണ്ട് ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ട് പൊതിഞ്ഞു.
19 സിംഹാസനത്തിന്നു ആറു പതനം ഉണ്ടായിരുന്നു. സിംഹാസനത്തിന്റെ തലപുറകോട്ടു വളഞ്ഞിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും കൈത്താങ്ങലും കൈത്താങ്ങലിന്നരികെ നില്ക്കുന്ന രണ്ടു സിംഹവും ഉണ്ടായിരുന്നു.
൧൯സിംഹാസനത്തിന് ആറ് പടികൾ ഉണ്ടായിരുന്നു. സിംഹാസനത്തിന്റെ മുകൾഭാഗത്തിന്റെ പുറകുവശം വൃത്താകൃതിയിലായിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും ഓരോ കൈത്താങ്ങലും അതിനരികെ രണ്ട് സിംഹങ്ങളും നിന്നിരുന്നു.
20 ആറു പതനത്തിൽ ഇപ്പുറത്തും അപ്പുറത്തുമായി പന്ത്രണ്ടു സിംഹം നിന്നിരുന്നു. ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടാക്കിയിരുന്നില്ല.
൨൦ആറ് പടികളിൽ ഇരുവശങ്ങളിലുമായി പന്ത്രണ്ട് സിംഹങ്ങൾ നിന്നിരുന്നു. ഒരു രാജ്യത്തും ഇപ്രകാരം ഉണ്ടാക്കിയിരുന്നില്ല.
21 ശലോമോൻരാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോൻവനഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; ഒന്നും വെള്ളികൊണ്ടല്ല; അതിന്നു ശലോമോന്റെ കാലത്തു വിലയില്ലായിരുന്നു.
൨൧ശലോമോൻരാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോൻ വനഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; ശലോമോന്റെ കാലത്ത് വെള്ളി വിലയില്ലാത്ത വസ്തുവായി കണക്കാക്കിയിരുന്നതിനാൽ ഉപകരണങ്ങളൊന്നും വെള്ളിയിൽ തീർത്തിരുന്നില്ല.
22 രാജാവിന്നു സമുദ്രത്തിൽ ഹീരാമിന്റെ കപ്പലുകളോടുകൂടെ തർശീശ് കപ്പലുകൾ ഉണ്ടായിരുന്നു; തർശീശ് കപ്പലുകൾ മൂന്നു സംവത്സരത്തിൽ ഒരിക്കൽ പൊന്നു, വെള്ളി, ആനക്കൊമ്പു, കുരങ്ങു, മയിൽ എന്നിവ കൊണ്ടുവന്നു.
൨൨ഹൂരാമിന്റെ കപ്പലുകളോടൊപ്പം രാജാവിന് സമുദ്രത്തിൽ കച്ചവടക്കപ്പലുകൾ ഉണ്ടായിരുന്നു; അവ മൂന്ന് സംവത്സരത്തിൽ ഒരിക്കൽ പൊന്ന്, വെള്ളി, ആനക്കൊമ്പ്, കുരങ്ങ്, മയിൽ എന്നിവ കൊണ്ടുവന്നിരുന്നു.
23 ഇങ്ങനെ ശലോമോൻരാജാവു ഭൂമിയിലെ സകലരാജാക്കന്മാരിലുംവെച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികെച്ചവനായിരുന്നു.
൨൩അങ്ങനെ ശലോമോൻ രാജാവ് ഭൂമിയിലെ സകലരാജാക്കന്മാരിലും വെച്ച് ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികെച്ചവനായിരുന്നു.
24 ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾക്കേണ്ടതിന്നു സകലദേശക്കാരും അവന്റെ മുഖദർശനം അന്വേഷിച്ചുവന്നു.
൨൪ദൈവം ശലോമോന്റെ ഹൃദയത്തിൽ കൊടുത്ത ജ്ഞാനം കേൾക്കേണ്ടതിന് സകലദേശക്കാരും അവന്റെ സാന്നിദ്ധ്യം അന്വേഷിച്ചുവന്നു.
25 അവരിൽ ഓരോരുത്തനും ആണ്ടുതോറും താന്താന്റെ കാഴ്ചയായി വെള്ളിപ്പാത്രം, പൊൻപാത്രം, വസ്ത്രം, ആയുധം, സുഗന്ധവർഗ്ഗം, കുതിര, കോവർകഴുത എന്നിവ കൊണ്ടുവന്നു.
൨൫അവർ ആണ്ടുതോറും കാഴ്ചവസ്തുക്കളായി വെള്ളിപ്പാത്രം, പൊൻപാത്രം, വസ്ത്രം, ആയുധം, സുഗന്ധവർഗ്ഗം, കുതിര, കോവർകഴുത എന്നിവ കൊണ്ടുവന്നു.
26 ശലോമോൻ രഥങ്ങളെയും കുതിരച്ചേവകരെയും ശേഖരിച്ചു: അവന്നു ആയിരത്തിനാനൂറു രഥങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു. അവരെ അവൻ രാജാവിന്റെ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചിരുന്നു.
൨൬ശലോമോൻ രഥങ്ങളെയും കുതിരപ്പടയാളികളേയും ശേഖരിച്ചു; അവന് ആയിരത്തിനാനൂറ് രഥങ്ങളും പന്ത്രണ്ടായിരം കുതിരപ്പടയാളികളും ഉണ്ടായിരുന്നു. അവരെ അവൻ രാജാവിന്റെ രഥനഗരങ്ങളിലും യെരൂശലേമിൽ രാജാവിന്റെ അടുക്കലും പാർപ്പിച്ചിരുന്നു.
27 രാജാവു യെരൂശലേമിൽ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്‌വീതിയിലെ കാട്ടത്തിമരംപോലെയുമാക്കി.
൨൭രാജാവ് യെരൂശലേമിൽ വെള്ളിയെ കല്ലുപോലെ സുലഭവും ദേവദാരുവിനെ താഴ്വരയിലെ കാട്ടത്തിമരം പോലെ സമൃദ്ധവുമാക്കി.
28 ശലോമോന്നു കുതിരകളെ കൊണ്ടുവന്നതു മിസ്രയീമിൽനിന്നായിരുന്നു; രാജാവിന്റെ കച്ചവടക്കാർ അവയെ കൂട്ടമായിട്ടു വിലെക്കു വാങ്ങിക്കൊണ്ടുവരും.
൨൮ഈജിപ്റ്റിൽനിന്നും ഇറക്കുമതി ചെയ്ത കുതിരകൾ ശലോമോന് ഉണ്ടായിരുന്നു; രാജാവിന്റെ കച്ചവടക്കാർ അവയെ അപ്പോഴത്തെ വിലനിലവാരം അനുസരിച്ച് വാങ്ങിക്കൊണ്ടുവന്നിരുന്നു.
29 അവർ മിസ്രയീമിൽനിന്നു രഥം ഒന്നിന്നു അറുനൂറും കുതിര ഒന്നിന്നു നൂറ്റമ്പതും വെള്ളിശേക്കൽ വില കൊടുത്തു വാങ്ങികൊണ്ടുവരും; അങ്ങനെ തന്നേ അവർ ഹിത്യരുടെ സകലരാജാക്കന്മാർക്കും അരാംരാജാക്കന്മാർക്കും കൊണ്ടുവന്നു കൊടുക്കും.
൨൯ഈജിപ്റ്റിൽ നിന്ന് ഇറക്കുമതി ചെയ്ത രഥം ഒന്നിന് അറുനൂറും കുതിര ഒന്നിന് നൂറ്റമ്പതും ശേക്കൽ വെള്ളിയായിരുന്നു വില; പ്രതിനിധികൾ മുഖേന ഹിത്യരാജാക്കന്മാർക്കും അരാംരാജാക്കന്മാർക്കും അത് അവർ കയറ്റുമതി ചെയ്ത് കൊടുത്തിരുന്നു.