< Job 1 >
1 THERE was a man in the land of Uz, whose name was Job; and that man was perfect and upright, and one that feared God, and eschewed evil.
ഊസ് ദേശത്ത് ഇയ്യോബ് എന്നു പേരുള്ള ഒരു മനുഷ്യൻ ജീവിച്ചിരുന്നു. അദ്ദേഹം നിഷ്കളങ്കനും പരമാർഥിയും ദൈവത്തെ ഭയപ്പെടുന്നവനും തിന്മയിൽനിന്ന് അകന്നു ജീവിക്കുന്നവനും ആയിരുന്നു.
2 And there were born unto him seven sons and three daughters.
അദ്ദേഹത്തിന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു.
3 His substance also was seven thousand sheep, and three thousand camels, and five hundred yoke of oxen, and five hundred she asses, and a very great household; so that this man was the greatest of all the men of the east.
ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ജോടി കാളയും അഞ്ഞൂറു പെൺകഴുതയും വലിയൊരുകൂട്ടം വേലക്കാരും അദ്ദേഹത്തിനുണ്ടായിരുന്നു. പൗരസ്ത്യദേശത്തെ എല്ലാ ജനവിഭാഗങ്ങളിലുംവെച്ച് ഏറ്റവും പ്രമുഖനായിരുന്നു അദ്ദേഹം.
4 And his sons went and feasted in their houses, every one his day; and sent and called for their three sisters to eat and to drink with them.
അദ്ദേഹത്തിന്റെ പുത്രന്മാർ ഓരോരുത്തനും തങ്ങളുടെ വീടുകളിൽ അവരവരുടെ ഊഴമനുസരിച്ച് വിരുന്നു നടത്തിയിരുന്നു. ആ സമയത്തു തങ്ങളോടൊപ്പം ഭക്ഷിച്ചു പാനംചെയ്യാൻ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ചു ക്ഷണിക്കുമായിരുന്നു.
5 And it was so, when the days of their feasting were gone about, that Job sent and sanctified them, and rose up early in the morning, and offered burnt offerings according to the number of them all: for Job said, It may be that my sons have sinned, and cursed God in their hearts. Thus did Job continually.
ആഘോഷങ്ങൾക്കൊടുവിൽ, ഇയ്യോബ് അവരെ വിളിപ്പിച്ച് ശുദ്ധീകരണകർമങ്ങൾ നടത്തുകയും അതിരാവിലെ എഴുന്നേറ്റ് അവരുടെ എണ്ണത്തിനനുസരിച്ച് അവർക്കുവേണ്ടി ഹോമയാഗങ്ങൾ അർപ്പിക്കുകയും ചെയ്തുപോന്നു. “ഒരുപക്ഷേ, എന്റെ മക്കൾ പാപം ചെയ്യുകയോ ഹൃദയംകൊണ്ടു ദൈവത്തെ തിരസ്കരിക്കുകയോ ചെയ്തിരിക്കാം,” എന്നു ചിന്തിച്ച് ഇയ്യോബ് ഈ കൃത്യം പതിവായി അനുഷ്ഠിക്കുമായിരുന്നു.
6 Now there was a day when the sons of God came to present themselves before the Lord, and Satan came also among them.
ഒരു ദിവസം ദൈവദൂതന്മാർ യഹോവയുടെ സന്നിധിയിൽ മുഖം കാണിക്കാൻ ചെന്നു. സാത്താനും അവരോടൊപ്പം ചെന്നിരുന്നു.
7 And the Lord said unto Satan, Whence comest thou? Then Satan answered the Lord, and said, From going to and fro in the earth, and from walking up and down in it.
യഹോവ സാത്താനോട്: “നീ എവിടെനിന്നു വരുന്നു?” എന്ന് ആരാഞ്ഞു. “ഞാൻ ഭൂമിയിലെല്ലാം ചുറ്റിസഞ്ചരിച്ച് സകലവും നിരീക്ഷിച്ചിട്ട് വരുന്നു” എന്നായിരുന്നു സാത്താന്റെ മറുപടി.
8 And the Lord said unto Satan, Hast thou considered my servant Job, that there is none like him in the earth, a perfect and an upright man, one that feareth God, and escheweth evil?
യഹോവ സാത്താനോട്, “എന്റെ ദാസനായ ഇയ്യോബിനെ നീ ശ്രദ്ധിച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും പരമാർഥിയും ദൈവത്തെ ഭയപ്പെടുന്നവനും തിന്മയിൽനിന്ന് അകന്നു ജീവിക്കുന്നവനുമായി ആരുംതന്നെ ഭൂമിയിൽ ഇല്ലല്ലോ” എന്നു പറഞ്ഞു.
9 Then Satan answered the Lord, and said, Doth Job fear God for nought?
സാത്താൻ പറഞ്ഞു: “യാതൊരു കാരണവുമില്ലാതെയാണോ ഇയ്യോബ് ദൈവത്തെ ഭയപ്പെടുന്നത്?
10 Hast not thou made an hedge about him, and about his house, and about all that he hath on every side? thou hast blessed the work of his hands, and his substance is increased in the land.
അങ്ങ് അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും അദ്ദേഹത്തിന്റെ എല്ലാ വസ്തുവകകൾക്കും ചുറ്റുമായി വേലികെട്ടി അടച്ചിരിക്കുകയല്ലേ? അങ്ങ് അദ്ദേഹത്തിന്റെ കൈകളുടെ പ്രവൃത്തി അനുഗ്രഹിച്ചിരിക്കുന്നു; അതുകൊണ്ട് അദ്ദേഹത്തിന്റെ ആടുമാടുകൾ ദേശത്തു വർധിച്ചുമിരിക്കുന്നു.
11 But put forth thine hand now, and touch all that he hath, and he will curse thee to thy face.
എന്നാൽ അങ്ങയുടെ കരമൊന്നു നീട്ടി അദ്ദേഹത്തിനുള്ളതെല്ലാം ഒന്നു തൊടുക. അയാൾ മുഖത്തുനോക്കി അങ്ങയെ നിന്ദിക്കും.”
12 And the Lord said unto Satan, Behold, all that he hath is in thy power; only upon himself put not forth thine hand. So Satan went forth from the presence of the Lord.
അപ്പോൾ യഹോവ സാത്താനോട്: “കൊള്ളാം, ഇതാ, അവനുള്ളതൊക്കെയും നിന്റെ അധീനതയിലിരിക്കുന്നു. അവന്റെമേൽമാത്രം നീ കൈവെക്കരുത്” എന്നു പറഞ്ഞു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധിയിൽനിന്ന് പുറപ്പെട്ടുപോയി.
13 And there was a day when his sons and his daughters were eating and drinking wine in their eldest brother’s house:
ഒരിക്കൽ ഇയ്യോബിന്റെ പുത്രീപുത്രന്മാർ മൂത്തസഹോദരന്റെ വീട്ടിൽ വിരുന്നുകഴിക്കുകയും വീഞ്ഞു പാനംചെയ്യുകയും ആയിരുന്നു അപ്പോൾ,
14 And there came a messenger unto Job, and said, The oxen were plowing, and the asses feeding beside them:
ഒരു സന്ദേശവാഹകൻ ഇയ്യോബിന്റെ അടുക്കൽവന്ന് ഇപ്രകാരം പറഞ്ഞു: “അങ്ങയുടെ കാളകൾ നിലമുഴുകയും പെൺകഴുതകൾ അവയ്ക്കു സമീപം മേഞ്ഞുകൊണ്ടിരിക്കുകയുമായിരുന്നു.
15 And the Sabeans fell upon them, and took them away; yea, they have slain the servants with the edge of the sword; and I only am escaped alone to tell thee.
ശേബായർ വന്ന് അവയെ പിടിച്ചുകൊണ്ടുപോയി, വേലക്കാരെ അവർ വാളിനിരയാക്കി. വിവരം അങ്ങയെ അറിയിക്കാൻ ഞാൻമാത്രമാണ് അവരിൽനിന്നു രക്ഷപ്പെട്ടത്!”
16 While he was yet speaking, there came also another, and said, The fire of God is fallen from heaven, and hath burned up the sheep, and the servants, and consumed them; and I only am escaped alone to tell thee.
അയാൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾത്തന്നെ മറ്റൊരു സന്ദേശവാഹകൻ വന്ന് ഇപ്രകാരം പറഞ്ഞു: “ദൈവത്തിന്റെ അഗ്നി ആകാശത്തുനിന്നു വീണ് ആടുകളെയും ആട്ടിടയന്മാരെയും ദഹിപ്പിച്ചുകളഞ്ഞു. വിവരം അങ്ങയെ അറിയിക്കാൻ ഞാനൊരുവൻമാത്രം അവശേഷിച്ചു!”
17 While he was yet speaking, there came also another, and said, The Chaldeans made out three bands, and fell upon the camels, and have carried them away, yea, and slain the servants with the edge of the sword; and I only am escaped alone to tell thee.
അയാൾ പറഞ്ഞുകൊണ്ടിരിക്കുമ്പോൾത്തന്നെ മറ്റൊരു സന്ദേശവാഹകൻ വന്ന് ഇങ്ങനെ പറഞ്ഞു: “കൽദയരുടെ മൂന്നു കൊള്ളസംഘങ്ങൾ വന്ന് ഒട്ടകങ്ങളെയെല്ലാം അപഹരിച്ചു. വേലക്കാരെ അവർ വാളിനിരയാക്കി. ഇതു പറയാൻ ഞാൻമാത്രം രക്ഷപ്പെട്ടുപോന്നു!”
18 While he was yet speaking, there came also another, and said, Thy sons and thy daughters were eating and drinking wine in their eldest brother’s house:
ഇയാൾ പറഞ്ഞുകൊണ്ടിരിക്കേ വേറൊരാൾ വന്നു പറഞ്ഞു: “നിന്റെ പുത്രന്മാരും പുത്രിമാരും മൂത്തസഹോദരന്റെ വീട്ടിൽ ഭക്ഷിക്കുകയും വീഞ്ഞു പാനംചെയ്യുകയും ആയിരുന്നു.
19 And, behold, there came a great wind from the wilderness, and smote the four corners of the house, and it fell upon the young men, and they are dead; and I only am escaped alone to tell thee.
അപ്പോൾ മരുഭൂമിയിൽനിന്ന് അതിശക്തമായ ഒരു കാറ്റടിച്ച് വീടിന്റെ നാലു മൂലയും തകർത്തു. വീട് അവരുടെമേൽ നിലംപൊത്തി അവർ മരിച്ചുപോയി. വിവരമറിയിക്കാൻ ഞാൻമാത്രം രക്ഷപ്പെട്ടുപോന്നു!”
20 Then Job arose, and rent his mantle, and shaved his head, and fell down upon the ground, and worshipped,
അപ്പോൾ ഇയ്യോബ് എഴുന്നേറ്റ് തന്റെ പുറങ്കുപ്പായം വലിച്ചുകീറി; തുടർന്ന് തലമുണ്ഡനം ചെയ്തു. അദ്ദേഹം സാഷ്ടാംഗം വീണു നമസ്കരിച്ച്,
21 And said, Naked came I out of my mother’s womb, and naked shall I return thither: the Lord gave, and the Lord hath taken away; blessed be the name of the Lord.
“എന്റെ അമ്മയുടെ ഉദരത്തിൽനിന്ന് ഞാൻ നഗ്നനായി പുറത്തുവന്നു, നഗ്നനായിത്തന്നെ ഞാൻ മടങ്ങിപ്പോകും. യഹോവ തന്നു; യഹോവതന്നെ തിരിച്ചെടുത്തു; യഹോവയുടെ നാമം മഹത്ത്വപ്പെടുമാറാകട്ടെ” എന്നു പറഞ്ഞു.
22 In all this Job sinned not, nor charged God foolishly.
ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്യുകയോ ദൈവത്തെ കുറ്റപ്പെടുത്തുകയോ ചെയ്തില്ല.