< യിരെമ്യാവു 28 >
1 ആയാണ്ടിൽ, യെഹൂദാരാജാവായ സിദെക്കീയാവിന്റെ വാഴ്ചയുടെ ആരംഭത്തിങ്കൽ, നാലാം ആണ്ടിൽ അഞ്ചാം മാസത്തിൽ, ഗിബെയോന്യനായ അസ്സൂരിന്റെ മകൻ ഹനന്യാപ്രവാചകൻ യഹോവയുടെ ആലയത്തിൽ പുരോഹിതന്മാരുടെയും സൎവ്വജനത്തിന്റെയും മുമ്പിൽവെച്ചു എന്നോടു പറഞ്ഞതെന്തെന്നാൽ:
2 യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയുന്നു.
3 ബാബേൽരാജാവായ നെബൂഖദ്നേസർ ഈ സ്ഥലത്തുനിന്നു എടുത്തു ബാബേലിലേക്കു കൊണ്ടുപോയിരിക്കുന്ന യഹോവയുടെ ആലയംവക ഉപകരണങ്ങളെ ഒക്കെയും ഞാൻ രണ്ടു സംവത്സരത്തിന്നകം ഈ സ്ഥലത്തേക്കു മടക്കിവരുത്തും;
4 യെഹോയാക്കീമിന്റെ മകനായി യെഹൂദാരാജാവായ യെഖൊന്യാവെയും ബാബേലിലേക്കു പോയ സകലയെഹൂദാബദ്ധന്മാരെയും ഞാൻ ഈ സ്ഥലത്തേക്കു മടക്കിവരുത്തും; ഞാൻ ബാബേൽരാജാവിന്റെ നുകം ഒടിച്ചുകളയും എന്നു യഹോവയുടെ അരുളപ്പാടു.
5 അപ്പോൾ യിരെമ്യാപ്രവാചകൻ പുരോഹിതന്മാരും യഹോവയുടെ ആലയത്തിൽ നില്ക്കുന്ന സകലജനവും കേൾക്കെ ഹനന്യാപ്രവാചകനോടു പറഞ്ഞതു:
6 ആമേൻ, യഹോവ അങ്ങനെ ചെയ്യുമാറാകട്ടെ; യഹോവയുടെ ആലയം വക ഉപകരണങ്ങളെയും സകലബദ്ധന്മാരെയും അവൻ ബാബേലിൽനിന്നു ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്നു നീ പ്രവചിച്ചവാക്കുകളെ യഹോവ നിവൎത്തിക്കുമാറാകട്ടെ!
7 എങ്കിലും ഞാൻ നിന്നോടും സകലജനത്തോടും പറയുന്ന ഈ വചനം കേട്ടുകൊൾക.
8 എനിക്കും നിനക്കും മുമ്പു പണ്ടേയുണ്ടായിരുന്ന പ്രവാചകന്മാർ അനേകം ദേശങ്ങൾക്കും വലിയ രാജ്യങ്ങൾക്കും വിരോധമായി യുദ്ധവും അനൎത്ഥവും മഹാമാരിയും പ്രവചിച്ചു.
9 സമാധാനം പ്രവചിക്കുന്ന പ്രവാചകനോ അവന്റെ വചനം നിവൃത്തിയാകുമ്പോൾ, അവൻ സത്യമായിട്ടു യഹോവ അയച്ച പ്രവാചകൻ എന്നു തെളിയും എന്നു യിരെമ്യാപ്രവാചകൻ പറഞ്ഞു;
10 അപ്പോൾ ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്നു ആ നുകം എടുത്തു ഒടിച്ചുകളഞ്ഞിട്ടു,
11 സകലജനവും കേൾക്കെ; ഇങ്ങനെ ഞാൻ രണ്ടു സംവത്സരത്തിന്നകം ബാബേൽരാജാവായ നെബൂഖദ്നേസരിന്റെ നുകം സകലജാതികളുടെയും കഴുത്തിൽനിന്നു എടുത്തു ഒടിച്ചുകളയും എന്നു യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു. യിരെമ്യാപ്രവാചകനോ തന്റെ വഴിക്കു പോയി.
12 ഹനന്യാപ്രവാചകൻ യിരെമ്യാപ്രവാചകന്റെ കഴുത്തിൽനിന്നു നുകം എടുത്തു ഒടിച്ചുകളഞ്ഞശേഷം യിരെമ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാൽ:
13 നീ ചെന്നു ഹനന്യാവോടു പറയേണ്ടതു: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു നീ മരം കൊണ്ടുള്ള നുകം ഒടിച്ചുകളഞ്ഞു; അതിന്നു പകരം നീ ഇരിമ്പുകൊണ്ടുള്ളൊരു നുകം ഉണ്ടാക്കിയിരിക്കുന്നു.
14 എങ്ങനെയെന്നാൽ യിസ്രായേലിന്റെ ദൈവമായ സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; ബാബേൽരാജാവായ നെബൂഖദ്നേസരിനെ സേവിക്കേണ്ടതിന്നു ഇരിമ്പുകൊണ്ടുള്ളോരു നുകം ഞാൻ ഈ സകലജാതികളുടെയും കഴുത്തിൽ വെച്ചിരിക്കുന്നു; അവർ അവനെ സേവിക്കേണ്ടിവരും; വയലിലെ മൃഗങ്ങളെയും ഞാൻ അവന്നു കൊടുത്തിരിക്കുന്നു.
15 പിന്നെ യിരെമ്യാപ്രവാചകൻ ഹനന്യാപ്രവാചകനോടു: ഹനന്യാവേ, കേൾക്ക! യഹോവ നിന്നെ അയച്ചിട്ടില്ല; നീ ഈ ജനത്തെ ഭോഷ്കിൽ ആശ്രയിക്കുമാറാക്കുന്നു.
16 അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ നിന്നെ ഭൂതലത്തിൽനിന്നു നീക്കിക്കളയും; ഈ ആണ്ടിൽ നീ മരിക്കും; നീ യഹോവെക്കു വിരോധമായി മത്സരം സംസാരിച്ചിരിക്കുന്നു എന്നു പറഞ്ഞു.
17 അങ്ങനെ ഹനന്യാപ്രവാചകൻ ആയാണ്ടിൽ തന്നേ ഏഴാം മാസത്തിൽ മരിച്ചു.