< എബ്രായർ 8 >

1 നാം ഈ പറയുന്നതിന്റെ സാരം എന്തെന്നാൽ: സ്വൎഗ്ഗത്തിൽ മഹിമാസനത്തിന്റെ വലത്തുഭാഗത്തു ഇരുന്നവനായി,
നമ്മുടെ ചർച്ചയുടെ സാരം ഇതാണ്: പരമോന്നതങ്ങളിൽ മഹത്ത്വമേറിയ സിംഹാസനത്തിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായ ഒരു മഹാപുരോഹിതൻ നമുക്കുണ്ട്.
2 വിശുദ്ധസ്ഥലത്തിന്റെയും മനുഷ്യനല്ല കൎത്താവു സ്ഥാപിച്ച സത്യകൂടാരത്തിന്റെയും ശുശ്രൂഷകനായ മഹാപുരോഹിതൻ നമുക്കുണ്ടു.
ആ മഹാപുരോഹിതൻ വിശുദ്ധസ്ഥലത്ത്—മനുഷ്യനല്ല, കർത്താവുതന്നെ സ്ഥാപിച്ച യഥാർഥമായ കൂടാരത്തിൽ—ശുശ്രൂഷചെയ്യുന്ന ആളാണ്.
3 ഏതു മഹാപുരോഹിതനും വഴിപാടും യാഗവും അൎപ്പിപ്പാൻ നിയമിക്കപ്പെടുന്നു; ആകയാൽ അൎപ്പിപ്പാൻ ഇവന്നും വല്ലതും വേണം.
വഴിപാടുകളും യാഗങ്ങളും അർപ്പിക്കാനാണ് ഓരോ മഹാപുരോഹിതനും നിയമിക്കപ്പെടുന്നത്, ഈ മഹാപുരോഹിതനും യാഗാർപ്പണം നടത്തേണ്ട ആളാണ്.
4 അവൻ ഭൂമിയിൽ ആയിരുന്നെങ്കിൽ പുരോഹിതൻ ആകയില്ലായിരുന്നു; ന്യായപ്രമാണപ്രകാരം വഴിപാടു അൎപ്പിക്കുന്നവർ ഉണ്ടല്ലോ.
ഭൂമിയിലായിരുന്നെങ്കിൽ അദ്ദേഹം പുരോഹിതനാകുമായിരുന്നില്ല, കാരണം, ന്യായപ്രമാണപ്രകാരമുള്ള വഴിപാടുകൾ അർപ്പിക്കുന്ന പുരോഹിതന്മാർ അവിടെ ഉണ്ടല്ലോ.
5 കൂടാരം തീൎപ്പാൻ മോശെ ആരംഭിച്ചപ്പോൾ “പൎവ്വതത്തിൽ നിനക്കു കാണിച്ച മാതൃക പ്രകാരം നീ സകലവും ചെയ്‌വാൻ നോക്കുക” എന്നു അവനോടു അരുളിച്ചെയ്തതുപോലെ അവർ സ്വൎഗ്ഗീയത്തിന്റെ ദൃഷ്ടാന്തവും നിഴലുമായതിൽ ശുശ്രൂഷ ചെയ്യുന്നു.
അവർ സ്വർഗത്തിലുള്ളതിന്റെ നിഴലും സാദൃശ്യവുമായതിൽ ശുശ്രൂഷ ചെയ്യുന്നു. മോശ സമാഗമകൂടാരം പണിയാനാരംഭിച്ചപ്പോൾ (ദൈവത്തിൽനിന്ന്) തനിക്കു ലഭിച്ച നിർദേശം, “പർവതത്തിൽവെച്ച് ഞാൻ നിനക്കു കാണിച്ചുതന്ന അതേ മാതൃകപ്രകാരം സകലതും കൃത്യമായി നിർമിക്കുക” എന്നാണ്.
6 അവനോ വിശേഷതയേറിയ വാഗ്ദത്തങ്ങളിന്മേൽ സ്ഥാപിക്കപ്പെട്ട നിയമത്തിന്റെ മദ്ധ്യസ്ഥനാകയാൽ അതിന്റെ വിശേഷതെക്കു ഒത്തവണ്ണം വിശേഷതയേറിയ ശുശ്രൂഷയും പ്രാപിച്ചിരിക്കുന്നു.
പഴയതിലും മാഹാത്മ്യമേറിയതാണ് യേശുവിന് ഇപ്പോൾ ലഭിച്ച ശുശ്രൂഷ. പുതിയ ഉടമ്പടി അധിഷ്ഠിതമായിരിക്കുന്നത് ശ്രേഷ്ഠതരങ്ങളായ വാഗ്ദാനങ്ങളിന്മേൽ ആകയാൽ പഴയതിലും മാഹാത്മ്യമേറിയ ഒരു ഉടമ്പടിയുടെ മധ്യസ്ഥനാണ് അദ്ദേഹം.
7 ഒന്നാമത്തെ നിയമം കുറവില്ലാത്തതായിരുന്നു എങ്കിൽ രണ്ടാമത്തേതിന്നു ഇടം അന്വേഷിക്കയില്ലായിരുന്നു.
എന്നാൽ, ഒന്നാംഉടമ്പടി കുറ്റമറ്റതായിരുന്നെങ്കിൽ രണ്ടാമത്തെ ഉടമ്പടിക്ക് സാംഗത്യം ഉണ്ടാകുമായിരുന്നില്ലല്ലോ?
8 എന്നാൽ അവൻ അവരെ ആക്ഷേപിച്ചുകൊണ്ടു അരുളിച്ചെയ്യുന്നതു: “ഞാൻ യിസ്രായേൽഗൃഹത്തോടും യഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു കൎത്താവിന്റെ അരുളപ്പാടു.
അവരിൽ കുറ്റം ആരോപിച്ചുകൊണ്ടു കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ ഇസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയൊരു ഉടമ്പടി ചെയ്യുന്ന കാലം വരുന്നു, എന്ന്, കർത്താവിന്റെ അരുളപ്പാട്.
9 ഞാൻ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെ അല്ല; അവർ എന്റെ നിയമത്തിൽ നിലനിന്നില്ല; ഞാൻ അവരെ ആദരിച്ചതുമില്ല എന്നു കൎത്താവിന്റെ അരുളപ്പാടു.
ഞാൻ അവരുടെ പൂർവികരെ ഈജിപ്റ്റിൽനിന്ന് സ്വതന്ത്രരാക്കാനായി കൈക്കുപിടിച്ചു പുറത്തേക്കു കൊണ്ടുവന്നപ്പോൾ ചെയ്ത ഉടമ്പടിപോലെയുള്ളത് അല്ലായിരിക്കും ഇത്. അവർ എന്റെ ഉടമ്പടിയോടു വിശ്വസ്തതപുലർത്താതിരുന്നതിനാൽ ഞാൻ അവരെ തിരസ്കരിച്ചുകളഞ്ഞു. എന്നു കർത്താവ് അരുളിച്ചെയ്യുന്നു.
10 ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‌വാനിരിക്കുന്ന നിയമം ഇങ്ങനെ ആകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവൎക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും.
ഇതാകുന്നു ആ കാലത്തിനുശേഷം ഞാൻ ഇസ്രായേൽഗൃഹത്തോടു ചെയ്യാനിരിക്കുന്ന ഉടമ്പടി ഇപ്രകാരമായിരിക്കും: ഞാൻ എന്റെ നിയമങ്ങൾ അവരുടെ മനസ്സിന്റെയുള്ളിൽ സ്ഥാപിക്കും അവരുടെ ഹൃദയങ്ങളിൽത്തന്നെ അവ ആലേഖനംചെയ്യും. ഞാൻ അവർക്കു ദൈവവും അവർ എനിക്കു ജനവും ആയിരിക്കും.
11 ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും കൎത്താവിനെ അറിക എന്നു ഉപദേശിക്കയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും.
ഇനിയൊരിക്കലും അവർ അവരവരുടെ അയൽക്കാരോടോ പരസ്പരമോ ‘കർത്താവിനെ അറിയുക’ എന്ന് ഉപദേശിക്കുകയില്ല. കാരണം അവർ എല്ലാവരും എന്നെ അറിയും; ഏറ്റവും താഴേക്കിടയിലുള്ള ആൾമുതൽ ഏറ്റവും ഉന്നതർവരെ എല്ലാവരും എന്നെ അറിയും.
12 ഞാൻ അവരുടെ അകൃത്യങ്ങളെക്കുറിച്ചു കരുണയുള്ളവൻ ആകും; അവരുടെ പാപങ്ങളെ ഇനി ഓൎക്കയുമില്ല എന്നു കൎത്താവിന്റെ അരുളപ്പാടു.”
ഞാൻ അവരുടെ ദുഷ്ടത ക്ഷമിക്കും; അവരുടെ പാപങ്ങൾ ഇനിമേൽ ഞാൻ ഓർക്കുകയുമില്ല.” എന്ന് കർത്താവ് അരുളിച്ചെയ്യുന്നു.
13 പുതിയതു എന്നു പറയുന്നതിനാൽ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു; എന്നാൽ പഴയതാകുന്നതും ജീൎണ്ണിക്കുന്നതും എല്ലാം നീങ്ങിപ്പോകുവാൻ അടുത്തിരിക്കുന്നു.
അവിടന്ന് ഈ ഉടമ്പടിയെ “പുതിയത്” എന്നു വിളിക്കുന്നതിലൂടെ ആദ്യത്തേതിനു സാംഗത്യമില്ലാത്തതായിത്തീർന്നു എന്നു പ്രഖ്യാപിക്കുകയാണ്. കാലഹരണപ്പെട്ടതും പഴഞ്ചനും ആയതൊക്കെ അതിവേഗം അപ്രത്യക്ഷമാകും.

< എബ്രായർ 8 >