< അപ്പൊ. പ്രവൃത്തികൾ 21 >
1 അവരെ വിട്ടുപിരിഞ്ഞു നീക്കിയശേഷം ഞങ്ങൾ നേരെ ഓടി കോസിലും പിറ്റെന്നാൾ രൊദൊസിലും അവിടം വിട്ടു പത്തരയിലും എത്തി.
2 ഫൊയ്നീക്ക്യയിലേക്കു പോകുന്ന ഒരു കപ്പൽ കണ്ടിട്ടു ഞങ്ങൾ അതിൽ കയറി ഓടി.
3 കുപ്രോസ് ദ്വീപു കണ്ടു അതിനെ ഇടത്തുപുറം വിട്ടു സുറിയയിലേക്കു ഓടി സോരിൽ വന്നിറങ്ങി; കപ്പൽ അവിടെ ചരക്കു ഇറക്കുവാനുള്ളതായിരുന്നു;
4 ഞങ്ങൾ ശിഷ്യന്മാരെ കണ്ടെത്തി ഏഴുനാൾ അവിടെ പാൎത്തു; അവർ പൌലൊസിനോടു യെരൂശലേമിൽ പോകരുതു എന്നു ആത്മാവിനാൽ പറഞ്ഞു.
5 അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങൾ വിട്ടുപോകുമ്പോൾ അവർ എല്ലാവരും സ്ത്രീകളും കുട്ടികളുമായി പട്ടണത്തിന്നു പുറത്തോളം ഞങ്ങളോടുകൂടെ വന്നു
6 കടൽക്കരയിൽ മുട്ടുകുത്തി പ്രാൎത്ഥിച്ചു തമ്മിൽ യാത്ര പറഞ്ഞിട്ടു ഞങ്ങൾ കപ്പൽ കയറി; അവർ വീട്ടിലേക്കു മടങ്ങിപ്പോയി.
7 ഞങ്ങൾ സോർ വിട്ടു കപ്പലോട്ടം തികെച്ചു പ്തൊലെമായിസിൽ എത്തി സഹോദരന്മാരെ വന്ദനം ചെയ്തു ഒരു ദിവസം അവരോടുകൂടെ പാൎത്തു.
8 പിറ്റെന്നാൾ ഞങ്ങൾ പുറപ്പെട്ടു കൈസൎയ്യയിൽ എത്തി, ഏഴുവരിൽ ഒരുവനായ ഫിലിപ്പൊസ് എന്ന സുവിശേഷകന്റെ വീട്ടിൽ ചെന്നു അവനോടുകൂടെ പാൎത്തു.
9 അവന്നു കന്യകമാരും പ്രവചിക്കുന്നവരുമായ നാലു പുത്രിമാർ ഉണ്ടായിരുന്നു.
10 ഞങ്ങൾ അവിടെ വളരെ ദിവസം പാൎത്തിരിക്കുമ്പോൾ അഗബൊസ് എന്ന ഒരു പ്രവാചകൻ യെഹൂദ്യയിൽ നിന്നു വന്നു.
11 അവൻ ഞങ്ങളുടെ അടുക്കൽ വന്നു പൌലൊസിന്റെ അരക്കച്ച എടുത്തു തന്റെ കൈകാലുകളെ കെട്ടി: ഈ അരക്കച്ചയുടെ ഉടമസ്ഥനെ യെഹൂദന്മാർ യെരൂശലേമിൽ ഇങ്ങനെ കെട്ടി ജാതികളുടെ കയ്യിൽ ഏല്പിക്കും എന്നു പരിശുദ്ധാത്മാവു പറയുന്നു എന്നു പറഞ്ഞു.
12 ഇതു കേട്ടാറെ യെരൂശലേമിൽ പോകരുതു എന്നു ഞങ്ങളും അവിടത്തുകാരും അവനോടു അപേക്ഷിച്ചു.
13 അതിന്നു പൌലൊസ്: നിങ്ങൾ കരഞ്ഞു എന്റെ ഹൃദയം ഇങ്ങനെ തകൎക്കുന്നതു എന്തു? കൎത്താവായ യേശുവിന്റെ നാമത്തിന്നു വേണ്ടി ബന്ധിക്കപ്പെടുവാൻ മാത്രമല്ല യെരൂശലേമിൽ മരിപ്പാനും ഞാൻ ഒരുങ്ങിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
14 അവനെ സമ്മതിപ്പിച്ചുകൂടായ്കയാൽ: കൎത്താവിന്റെ ഇഷ്ടം നടക്കട്ടെ എന്നു പറഞ്ഞു ഞങ്ങൾ മിണ്ടാതിരുന്നു.
15 അവിടത്തെ താമസം കഴിഞ്ഞിട്ടു ഞങ്ങൾ യാത്രെക്കു കോപ്പുകൂട്ടി യെരൂശലേമിലേക്കു പോയി.
16 കൈസൎയ്യയിലെ ശിഷ്യന്മാരിൽ ചിലരും ഞങ്ങളോടുകൂടെ പോന്നു, കുപ്രൊസ്കാരനായ മ്നാസോൻ എന്ന ഒരു പഴയശിഷ്യനോടുകൂടെ അതിഥികളായ്പാൎക്കേണ്ടതിന്നു ഞങ്ങളെ അവന്റെ അടുക്കൽ കൂട്ടിക്കൊണ്ടുപോയി.
17 യെരൂശലേമിൽ എത്തിപ്പോൾ സഹോദരന്മാർ ഞങ്ങളെ സന്തോഷത്തോട കൈക്കൊണ്ടു.
18 പിറ്റെന്നു പൌലൊസും ഞങ്ങളും യാക്കോബിന്റെ അടുക്കൽ പോയി; മൂപ്പന്മാരും എല്ലാം അവിടെ വന്നു കൂടി.
19 അവൻ അവരെ വന്ദനം ചെയ്തു തന്റെ ശുശ്രൂഷയാൽ ദൈവം ജാതികളുടെ ഇടയിൽ ചെയ്യിച്ചതു ഓരോന്നായി വിവരിച്ചു പറഞ്ഞു.
20 അവർ കേട്ടു ദൈവത്തെ മഹത്വപ്പെടുത്തി. പിന്നെ അവനോടു പറഞ്ഞതു: സഹോദരാ, യെഹൂദന്മാരുടെ ഇടയിൽ വിശ്വസിച്ചിരിക്കുന്നവർ എത്ര ആയിരം ഉണ്ടു എന്നു നീ കാണുന്നുവല്ലോ; അവർ എല്ലാവരും ന്യായപ്രമാണതല്പരന്മാർ ആകുന്നു.
21 മക്കളെ പരിച്ഛേദന ചെയ്യരുതു എന്നും നമ്മുടെ മൎയ്യാദ അനുസരിച്ചു നടക്കരുതു എന്നും നീ ജാതികളുടെ ഇടയിലുള്ള സകല യെഹൂദന്മാരോടും പറഞ്ഞു മോശെയെ ഉപേക്ഷിച്ചുകളവാൻ ഉപദേശിക്കുന്നു എന്നു അവർ നിന്നെക്കുറിച്ചു ധരിച്ചിരിക്കുന്നു.
22 ആകയാൽ എന്താകുന്നു വേണ്ടതു? നീ വന്നിട്ടുണ്ടു എന്നു അവർ കേൾക്കും നിശ്ചയം.
23 ഞങ്ങൾ നിന്നോടു ഈ പറയുന്നതു ചെയ്ക; നേൎച്ചയുള്ള നാലു പുരുഷന്മാർ ഞങ്ങളുടെ ഇടയിൽ ഉണ്ടു.
24 അവരെ കൂട്ടിക്കൊണ്ടു അവരോടുകൂടെ നിന്നെ ശുദ്ധിവരുത്തി അവരുടെ തല ക്ഷൌരം ചെയ്യേണ്ടതിന്നു അവൎക്കു വേണ്ടി ചെലവു ചെയ്ക; എന്നാൽ നിന്നെക്കൊണ്ടു കേട്ടതു ഉള്ളതല്ല എന്നും നീയും ന്യായപ്രമാണത്തെ ആചരിച്ചു ക്രമമായി നടക്കുന്നവൻ എന്നും എല്ലാവരും അറിയും.
25 വിശ്വസിച്ചിരിക്കുന്ന ജാതികളെ സംബന്ധിച്ചോ അവർ വിഗ്രഹാൎപ്പിതവും രക്തവും ശ്വാസംമുട്ടിച്ചത്തതും പരസംഗവും മാത്രം ഒഴിഞ്ഞിരിക്കേണം എന്നു വിധിച്ചു എഴുതി അയച്ചിട്ടുണ്ടല്ലോ.
26 അങ്ങനെ പൌലൊസ് ആ പുരുഷന്മാരെ കൂട്ടിക്കൊണ്ടു പിറ്റെന്നാൾ അവരോടുകൂടെ തന്നെ ശുദ്ധിവരുത്തി ദൈവാലയത്തിൽ ചെന്നു; അവരിൽ ഓരോരുത്തന്നുവേണ്ടി വഴിപാടു കഴിപ്പാനുള്ള ശുദ്ധീകരണകാലം തികഞ്ഞു എന്നു ബോധിപ്പിച്ചു.
27 ആ ഏഴു ദിവസം തീരാറായപ്പോൾ ആസ്യയിൽ നിന്നു വന്ന യെഹൂദന്മാർ അവനെ ദൈവാലയത്തിൽ കണ്ടിട്ടു പുരുഷാരത്തെ ഒക്കെയും ഇളക്കി അവനെ പിടിച്ചു:
28 യിസ്രായേൽപുരുഷന്മാരേ, സഹായിപ്പിൻ; ഇവൻ ആകുന്നു ജനത്തിന്നും ന്യായപ്രമാണത്തിന്നും ഈ സ്ഥലത്തിന്നും വിരോധമായി എല്ലായിടത്തും എല്ലാവരെയും ഉപദേശിക്കുന്നവൻ; അവൻ യവനന്മാരെയും ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്നു ഈ വിശുദ്ധ സ്ഥലം തീണ്ടിച്ചുകളഞ്ഞു എന്നു വിളിച്ചുകൂകി.
29 അവർ മുമ്പെ എഫെസ്യനായ ത്രോഫിമോസിനെ അവനോടുകൂടെ നഗരത്തിൽ കണ്ടതിനാൽ പൌലൊസ് അവനെ ദൈവാലയത്തിൽ കൂട്ടിക്കൊണ്ടുവന്നു എന്നു നിരൂപിച്ചു.
30 നഗരം എല്ലാം ഇളകി ജനം ഓടിക്കൂടി പൌലൊസിനെ പിടിച്ചു ദൈവാലയത്തിന്നു പുറത്തേക്കു ഇഴെച്ചു കൊണ്ടുപോയി; ഉടനെ വാതിലുകൾ അടെച്ചുകളഞ്ഞു.
31 അവർ അവനെ കൊല്ലുവാൻ ശ്രമിക്കുമ്പോൾ യെരൂശലേം ഒക്കെയും കലക്കത്തിൽ ആയി എന്നു പട്ടാളത്തിന്റെ സഹസ്രാധിപന്നു വൎത്തമാനം എത്തി.
32 അവൻ ക്ഷണത്തിൽ പടയാളികളെയും ശതാധിപന്മാരെയും കൂട്ടിക്കൊണ്ടു അവരുടെ നേരെ പാഞ്ഞുവന്നു; അവർ സഹസ്രാധിപനെയും പടയാളികളെയും കണ്ടപ്പോൾ പൌലൊസിനെ അടിക്കുന്നതു നിറുത്തി.
33 സഹസ്രാധിപൻ അടുത്തുവന്നു അവനെ പിടിച്ചു രണ്ടു ചങ്ങലവെപ്പാൻ കല്പിച്ചു; ആർ എന്നും എന്തു ചെയ്തു എന്നും ചോദിച്ചു.
34 പുരുഷാരത്തിൽ ചിലർ ഇങ്ങനെയും ചിലർ അങ്ങനെയും നിലവിളിച്ചുകൊണ്ടിരുന്നു; ആരവാരം ഹേതുവായി നിശ്ചയം ഒന്നും അറിഞ്ഞുകൂടായ്കയാൽ അവനെ കോട്ടയിലേക്കു കൊണ്ടുപോകുവാൻ കല്പിച്ചു.
35 പടിക്കെട്ടിന്മേൽആയപ്പോൾ: അവനെ കൊന്നുകളക എന്നു ആൎത്തുകൊണ്ടു ജനസമൂഹം പിൻചെല്ലുകയാൽ
36 പുരുഷാരത്തിന്റെ ബലാൽക്കാരം പേടിച്ചിട്ടു പടയാളികൾ അവനെ എടുക്കേണ്ടിവന്നു.
37 കോട്ടയിൽ കടക്കുമാറായപ്പോൾ പൌലൊസ് സഹസ്രാധിപനോടു: എനിക്കു നിന്നോടു ഒരു വാക്കു പറയാമോ എന്നു ചോദിച്ചു. അതിന്നു അവൻ: നിനക്കു യവനഭാഷ അറിയാമോ?
38 കുറെ നാൾ മുമ്പെ കലഹം ഉണ്ടാക്കി നാലായിരം കട്ടാരക്കാരെ മരുഭൂമിയിലേക്കു കൂട്ടിക്കൊണ്ടുപോയ മിസ്രയീമ്യൻ നീ അല്ലയോ എന്നു ചോദിച്ചു.
39 അതിന്നു പൌലൊസ്: ഞാൻ കിലിക്യയിൽ തൎസൊസ് എന്ന പ്രസിദ്ധനഗരത്തിലെ പൌരനായോരു യെഹൂദൻ ആകുന്നു. ജനത്തോടു സംസാരിപ്പാൻ അനുവദിക്കേണം എന്നു അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
40 അവൻ അനുവദിച്ചപ്പോൾ പൌലൊസ് പടിക്കെട്ടിന്മേൽ നിന്നുകൊണ്ടു ജനത്തോടു ആംഗ്യം കാട്ടി, വളരെ മൌനമായ ശേഷം എബ്രായഭാഷയിൽ വിളിച്ചുപറഞ്ഞതാവിതു: