< നെഹെമ്യാവു 3 >
1 മഹാപുരോഹിതനായ എല്യാശീബ്, അദ്ദേഹത്തിന്റെ കൂട്ടാളികളായ പുരോഹിതരോടൊപ്പം വേല ആരംഭിച്ച് ആട്ടിൻകവാടം പണിതു. അവർ അതു പ്രതിഷ്ഠിച്ച് വാതിലുകൾ പുനഃസ്ഥാപിച്ചു. ശതഗോപുരം വരെയും ഹനനയേൽ ഗോപുരംവരെയും അവർ അതു പ്രതിഷ്ഠിച്ചു.
൧അങ്ങനെ മഹാപുരോഹിതനായ എല്യാശീബും അവന്റെ സഹോദരന്മാരായ പുരോഹിതന്മാരും എഴുന്നേറ്റ് ആട്ടിൻ വാതിൽ പണിതു: അവർ അത് പ്രതിഷ്ഠിച്ച് അതിന്റെ കതകുകളും വച്ചു; ഹമ്മേയാഗോപുരംവരെയും ഹനനയേൽഗോപുരംവരെയും അവർ അത് പ്രതിഷ്ഠിച്ചു.
2 അതിനോടു ചേർന്നത് യെരീഹോ പുരുഷന്മാർ പണിതു, അതിനപ്പുറം ഇമ്രിയുടെ മകനായ സക്കൂർ പണിതു.
൨അവർ പണിതതിനപ്പുറം യെരിഹോക്കാർ പണിതു; അതിനപ്പുറം ഇമ്രിയുടെ മകൻ സക്കൂർ പണിതു.
3 ഹസ്സെനായയുടെ പുത്രന്മാർ മീൻകവാടം പുതുക്കിപ്പണിതു. അവർ അതിന്റെ ഉത്തരം വെച്ച്, വാതിലുകളും കൊളുത്തുകളും ഓടാമ്പലുകളും ഉറപ്പിച്ചു.
൩മീൻവാതിൽ ഹസ്സെനായക്കാർ പണിതു; അവർ അതിന്റെ പടികൾ വച്ച് കതകും ഓടാമ്പലും സാക്ഷയും ഉറപ്പിച്ചു.
4 ഹക്കോസിന്റെ മകനായ ഊരിയാവിന്റെ മകൻ മെരേമോത്ത് അതിനടുത്ത ഭാഗത്തിന്റെ അറ്റകുറ്റം തീർത്തു. തുടർന്നുള്ളഭാഗം മെശേസബെയേലിന്റെ മകനായ ബേരെഖ്യാവിന്റെ മകൻ മെശുല്ലാം നന്നാക്കി, ബാനയുടെ മകൻ സാദോക്ക് അതിനടുത്തഭാഗം നന്നാക്കി.
൪അതിനപ്പുറം ഹക്കോസിന്റെ മകനായ ഊരീയാവിന്റെ മകൻ മെരേമോത്ത് അറ്റകുറ്റം തീർത്തു. അതിനപ്പുറം മെശേസ്സബെയേലിന്റെ മകനായ ബേരെഖ്യാവിന്റെ മകൻ മെശുല്ലാം അറ്റകുറ്റം തീർത്തു. അതിനപ്പുറം ബാനയുടെ മകൻ സാദോക്ക് അറ്റകുറ്റം തീർത്തു.
5 അടുത്തഭാഗം നന്നാക്കിയത് തെക്കോവ്യക്കാരാണ്; എന്നാൽ മേലധികാരികളുടെ കീഴിൽ ഈ വേലയ്ക്കു ചുമൽകൊടുക്കാൻ അവരിലെ പ്രമുഖർ വിസമ്മതിച്ചു.
൫അതിനപ്പുറം തെക്കോവ്യർ അറ്റകുറ്റം തീർത്തു; എന്നാൽ അവരുടെ ശ്രേഷ്ഠന്മാർ കർത്താവിന്റെ വേലയ്ക്ക് ചുമൽ കൊടുത്തില്ല.
6 പാസേഹയുടെ മകൻ യോയാദയും ബെസോദ്യാവിന്റെ മകൻ മെശുല്ലാമും പഴയ പട്ടണകവാടത്തിന്റെ അറ്റകുറ്റം തീർത്തു. അവർ അതിന്റെ ഉത്തരം വെക്കുകയും വാതിലുകളും കൊളുത്തുകളും ഓടാമ്പലുകളും ഉറപ്പിക്കുകയും ചെയ്തു.
൬പഴയവാതിൽ പാസേഹയുടെ മകൻ യോയാദയും ബെസോദ്യാവിന്റെ മകൻ മെശുല്ലാമും അറ്റകുറ്റം തീർത്തു; അവർ അതിന്റെ പടികൾ വെച്ച് കതകും ഓടാമ്പലും സാക്ഷയും ഉറപ്പിച്ചു.
7 ഗിബെയോനിലെയും മിസ്പായിലെയും ആൾക്കാരായ ഗിബെയോന്യനായ മെലത്യാവും മെരോനോത്യനായ യൊദോനും, യൂഫ്രട്ടീസ് നദിക്കക്കരെയുള്ള സംസ്ഥാനത്തിന്റെ ദേശാധിപതിയുടെ അധികാരപരിധിയിലുള്ള ഭാഗംവരെ അറ്റകുറ്റം തീർത്തു.
൭അതിനപ്പുറം ഗിബെയോന്യനായ മെലത്യാവും മെരോനോഥ്യനായ യാദോനും ഗിബെയോന്യരും മിസ്പായരും നദിക്ക് ഇക്കരെയുള്ള ദേശാധിപതിയുടെ ആസ്ഥാനംവരെ അറ്റകുറ്റം തീർത്തു.
8 സ്വർണപ്പണിക്കാരിൽ ഒരാളായ ഹർഹര്യാവിന്റെ മകൻ ഉസ്സീയേൽ അതിന്റെ അടുത്തഭാഗം നന്നാക്കി. അതിന്റെ അപ്പുറം സുഗന്ധദ്രവ്യനിർമാതാക്കളിൽ ഒരാളായ ഹനന്യാവ് അറ്റകുറ്റം തീർത്തു. വീതിയുള്ള മതിൽവരെ അവർ ജെറുശലേം പുനർനിർമാണം ചെയ്തു.
൮അതിനപ്പുറം തട്ടാന്മാരിൽ ഹർഹയ്യാവിന്റെ മകൻ ഉസ്സീയേൽ അറ്റംകുറ്റം തീർത്തു. അതിനപ്പുറം തൈലക്കാരിൽ ഒരുവനായ ഹനന്യാവ് അറ്റകുറ്റം തീർത്ത് വീതിയുള്ള മതിൽവരെ യെരൂശലേമിനെ ഉറപ്പിച്ചു.
9 അവർക്കപ്പുറം ജെറുശലേം പ്രവിശ്യയുടെ ഒരു പകുതിയുടെ അധികാരിയായ ഹൂരിന്റെ മകൻ രെഫായാവ് അറ്റകുറ്റം തീർത്തു.
൯അതിനപ്പുറം യെരൂശലേം ദേശത്തിന്റെ പകുതിയുടെ പ്രഭുവായ ഹൂരിന്റെ മകൻ രെഫായാവ് അറ്റകുറ്റം തീർത്തു.
10 അതിനുമപ്പുറം ഹരൂമഫിന്റെ മകൻ യെദായാവ് തന്റെ വീടിനുനേരേയുള്ള ഭാഗം നന്നാക്കി; അതിനടുത്ത് ഹശ്ബെനെയാവിന്റെ മകൻ ഹത്തൂശ് അറ്റകുറ്റം തീർത്തു.
൧൦അതിനപ്പുറം ഹരൂമഫിന്റെ മകൻ യെദായാവ് തന്റെ വീടിന് നേരെയുള്ള ഭാഗം അറ്റകുറ്റം തീർത്തു; അതിനപ്പുറം ഹശബ്നെയാവിന്റെ മകൻ ഹത്തൂശ് അറ്റകുറ്റം തീർത്തു.
11 മറ്റൊരു ഭാഗവും ചൂളകളുടെ ഗോപുരവും ഹാരീമിന്റെ മകൻ മൽക്കീയാവും പഹത്ത്-മോവാബിന്റെ മകൻ ഹശ്ശൂബും നന്നാക്കി.
൧൧മറ്റൊരു ഭാഗവും ചൂളകളുടെ ഗോപുരവും ഹാരീമിന്റെ മകൻ മല്ക്കീയാവും പഹത്ത്-മോവാബിന്റെ മകൻ ഹശ്ശൂബും അറ്റകുറ്റം തീർത്തു.
12 അതിന്റെ അപ്പുറം ജെറുശലേം പ്രവിശ്യയുടെ മറ്റേ പകുതിയുടെ അധികാരിയായ ഹല്ലോഹേശിന്റെ മകൻ ശല്ലൂമും അദ്ദേഹത്തിന്റെ പുത്രിമാരും നന്നാക്കി.
൧൨അതിനപ്പുറം യെരൂശലേം ദേശത്തിന്റെ മറ്റെ പകുതിയുടെ പ്രഭുവായ ഹല്ലോഹേശിന്റെ മകൻ ശല്ലൂമും അവന്റെ പുത്രിമാരും അറ്റകുറ്റം തീർത്തു.
13 ഹാനൂനും സനോഹ് നിവാസികളുംകൂടി താഴ്വാരംകവാടം നന്നാക്കി; അവർ അതു പണിത് കതകുകളും കൊളുത്തുകളും ഓടാമ്പലുകളും വെച്ചു. കുപ്പക്കവാടംവരെയുള്ള മതിൽ ആയിരംമുഴം അവർ നന്നാക്കി.
൧൩താഴ്വരവാതിൽ ഹനൂനും സാനോഹ് നിവാസികളും അറ്റകുറ്റം തീർത്തു; അവർ അത് പണിത് അതിന്റെ കതകും ഓടാമ്പലും സാക്ഷയും ഉറപ്പിച്ച് കുപ്പവാതിൽവരെ മതിൽ ആയിരം മുഴം അറ്റകുറ്റം തീർത്തു.
14 ബേത്-ഹഖേരെം പ്രവിശ്യയുടെ അധികാരിയായ രേഖാബിന്റെ മകൻ മൽക്കീയാവ് കുപ്പക്കവാടം നന്നാക്കി. അദ്ദേഹം അതു പണിത് കതകുകളും കൊളുത്തുകളും ഓടാമ്പലുകളും പിടിപ്പിച്ചു.
൧൪കുപ്പവാതിൽ ബേത്ത്-ഹഖേരെംദേശത്തിന്റെ പ്രഭുവായ രേഖാബിന്റെ മകൻ മല്ക്കീയാവ് അറ്റകുറ്റം തീർത്തു; അവൻ അത് പണിത് അതിന്റെ കതകും ഓടാമ്പലും അന്താഴവും ഉറപ്പിച്ചു.
15 മിസ്പാ പ്രവിശ്യയുടെ അധികാരിയായ കൊൽ-ഹോസെയുടെ മകൻ ശല്ലൂൻ ഉറവുകവാടം നന്നാക്കുകയും, അതു പണിത് അതിനു മേൽക്കൂര തീർത്ത് കതകുകളും കൊളുത്തുകളും ഓടാമ്പലുകളും പിടിപ്പിക്കുകയും ചെയ്തു. അദ്ദേഹം രാജോദ്യാനത്തിലെ ശേലാക്കുളത്തിന്റെ മതിൽ, ദാവീദിന്റെ നഗരത്തിൽനിന്നും താഴേക്കുള്ള പടിക്കെട്ടുവരെയുള്ള ഭാഗം പണിതു.
൧൫ഉറവുവാതിൽ മിസ്പാദേശത്തിന്റെ പ്രഭുവായ കൊൽ-ഹോസെയുടെ മകനായ ശല്ലൂൻ അറ്റകുറ്റം തീർത്തു; അവൻ അത് പണിത് മേൽക്കൂര മേഞ്ഞ് കതകും ഓടാമ്പലും അന്താഴവും ഉറപ്പിച്ച് രാജോദ്യാനത്തിന്റെ നീർപ്പാത്തിക്കരികെയുള്ള കുളത്തിന്റെ മതിലും ദാവീദിന്റെ നഗരത്തിൽ നിന്ന് ഇറങ്ങുന്ന കല്പടിവരെ തീർത്തു.
16 അദ്ദേഹത്തിനുമപ്പുറം ബേത്ത്-സൂർ പ്രവിശ്യയുടെ പകുതിയുടെ അധികാരിയായ അസ്ബൂക്കിന്റെ മകൻ നെഹെമ്യാവ്, ദാവീദിന്റെ കല്ലറകൾക്ക് എതിർവശംവരെയും കൃത്രിമക്കുളംവരെയും വീരന്മാരുടെ വാസസ്ഥലംവരെയും അറ്റകുറ്റം തീർത്തു.
൧൬അതിനപ്പുറം ബേത്ത്-സൂർദേശത്തിന്റെ പകുതിയുടെ പ്രഭുവായ അസ്ബൂക്കിന്റെ മകൻ നെഹെമ്യാവ് ദാവീദിന്റെ കല്ലറകളുടെ നേരെയുള്ള സ്ഥലംവരെയും വെട്ടിക്കുഴിച്ച കുളംവരെയും വീരന്മാരുടെ വാസസ്ഥലംവരെയും അറ്റകുറ്റം തീർത്തു.
17 അതിനുമപ്പുറം ബാനിയുടെ മകൻ രെഹൂമിന്റെ നേതൃത്വത്തിൽ ലേവ്യർ അറ്റകുറ്റം തീർത്തു. അവർക്കപ്പുറം, കെയീലാ പ്രവിശ്യയുടെ പകുതിയുടെ അധികാരിയായ ഹശബ്യാവ്, തന്റെ പ്രവിശ്യക്കുവേണ്ടിയുള്ള അറ്റകുറ്റം തീർത്തു.
൧൭അതിനപ്പുറം ലേവ്യരിൽ ബാനിയുടെ മകൻ രെഹൂം അറ്റകുറ്റം തീർത്തു. അതിനപ്പുറം കെയീലാദേശത്തിന്റെ പകുതിയുടെ പ്രഭുവായ ഹശബ്യാവ് തന്റെ ദേശത്തിന് വേണ്ടിയുള്ള അറ്റകുറ്റം തീർത്തു.
18 അടുത്തഭാഗം അവരുടെ സഹോദരർ കെയീലാ പ്രവിശ്യയുടെ മറ്റേ പകുതിയുടെ അധികാരിയായ ഹെനാദാദിന്റെ മകൻ ബവ്വായിയുടെ ചുമതലയിൽ അറ്റകുറ്റം തീർത്തു.
൧൮അതിന്റെശേഷം അവന്റെ സഹോദരന്മാരിൽ കെയീലാദേശത്തിന്റെ മറ്റെ പകുതിയുടെ പ്രഭുവായ ഹേനാദാദിന്റെ മകൻ ബവ്വായി അറ്റകുറ്റം തീർത്തു.
19 അതിനുമപ്പുറം മിസ്പായുടെ അധികാരിയായ യേശുവയുടെ മകൻ ഏസെർ കോണിങ്കലെ ആയുധശാലയിലേക്കുള്ള കയറ്റത്തിന്റെ മുമ്പിലുള്ളതായ മറ്റൊരുഭാഗം നന്നാക്കി.
൧൯അതിനപ്പുറം മിസ്പാപ്രഭുവായ യേശുവയുടെ മകൻ ഏസെർ കോണിങ്കലെ ആയുധശാലയ്ക്കുള്ള കയറ്റത്തിന് നേരെ മറ്റൊരുഭാഗം അറ്റകുറ്റം തീർത്തു.
20 അദ്ദേഹത്തിനുമപ്പുറം സബ്ബായിയുടെ മകൻ ബാരൂക്ക്, ആ കോണുമുതൽ മഹാപുരോഹിതനായ എല്യാശീബിന്റെ വീടിന്റെ പ്രവേശനകവാടംവരെ മറ്റൊരുഭാഗം ജാഗ്രതയോടെ നന്നാക്കി.
൨൦അതിന്റെശേഷം സബ്ബായിയുടെ മകൻ ബാരൂക്ക് ആ കോണുതുടങ്ങി മഹാപുരോഹിതനായ എല്യാശീബിന്റെ വീട്ടുവാതിൽവരെ മറ്റൊരുഭാഗം ജാഗ്രതയോടെ അറ്റകുറ്റം തീർത്തു.
21 അതിനുമപ്പുറം, ഹക്കോസിന്റെ മകനായ ഊരിയാവിന്റെ മകൻ മെരേമോത്ത് എല്യാശീബിന്റെ വീടിന്റെ പ്രവേശനകവാടംമുതൽ അതിന്റെ അവസാനംവരെ നന്നാക്കി.
൨൧അതിന്റെശേഷം ഹക്കോസിന്റെ മകനായ ഊരീയാവിന്റെ മകൻ മെരേമോത്ത് എല്യാശീബിന്റെ വീട്ടുവാതിൽ തുടങ്ങി എല്യാശീബിന്റെ വീടിന്റെ അറ്റംവരെ മറ്റൊരുഭാഗം അറ്റകുറ്റം തീർത്തു.
22 അതിനടുത്തഭാഗം സമീപപ്രദേശങ്ങളിലുള്ള പുരോഹിതർ അറ്റകുറ്റം തീർത്തു.
൨൨അതിനടുത്ത ഭാഗം സമീപപ്രദേശത്തെ പുരോഹിതന്മാർ അറ്റകുറ്റം തീർത്തു.
23 അതിനുമപ്പുറം, ബെന്യാമീനും ഹശ്ശൂബും തങ്ങളുടെ വീടിന് നേരേയുള്ളഭാഗം നന്നാക്കി. അതിനുമപ്പുറം, അനന്യാവിന്റെ മകനായ മയസേയാവിന്റെ മകൻ അസര്യാവ് തന്റെ വീടിനരികെയുള്ള ഭാഗത്തിന്റെ അറ്റകുറ്റം തീർത്തു.
൨൩അതിന്റെശേഷം ബെന്യാമീനും ഹശ്ശൂബും തങ്ങളുടെ വീടിന് നേരെ അറ്റകുറ്റം തീർത്തു. അതിന്റെശേഷം അനന്യാവിന്റെ മകനായ മയസേയാവിന്റെ മകൻ അസര്യാവ് തന്റെ വീടിനരികെ അറ്റകുറ്റം തീർത്തു.
24 അതിനുമപ്പുറം, അസര്യാവിന്റെ വീടുമുതൽ കോട്ടയുടെ വളവും മൂലവരെയുമുള്ള മറ്റൊരുഭാഗം ഹെനാദാദിന്റെ മകൻ ബിന്നൂവി നന്നാക്കി.
൨൪അതിന്റെശേഷം ഹേനാദാദിന്റെ മകൻ ബിന്നൂവി അസര്യാവിന്റെ വീടുമുതൽ കോണിന്റെ തിരിവുവരെ മറ്റൊരുഭാഗം അറ്റകുറ്റം തീർത്തു.
25 കോണിനും കാവൽക്കാരുടെ മുറ്റത്ത് രാജാവിന്റെ മാളികയിൽനിന്നും ഉയർന്നുനിൽക്കുന്ന ഗോപുരത്തിനും നേരേയുള്ളഭാഗം ഊസായിയുടെ മകൻ പാലാൽ നന്നാക്കി. അതിനുമപ്പുറം, പരോശിന്റെ മകൻ പെദായാവ് നന്നാക്കി;
൨൫ഊസായിയുടെ മകൻ പാലാൽ കോണിനും കാരാഗൃഹത്തിന്റെ മുറ്റത്തോട് ചേർന്നതായി രാജധാനി കവിഞ്ഞ് മുമ്പോട്ട് നില്ക്കുന്ന ഉന്നതഗോപുരത്തിനും നേരെ അറ്റകുറ്റം തീർത്തു; അതിന്റെശേഷം പരോശിന്റെ മകൻ പെദായാവ് അറ്റകുറ്റം തീർത്തു.
26 ഓഫേലിൽ താമസിച്ചിരുന്ന ദൈവാലയശുശ്രൂഷകർ കിഴക്കുവശത്തെ ജലകവാടത്തിനും ഉയർന്നുനിൽക്കുന്ന ഗോപുരത്തിനും എതിർവശംവരെ അറ്റകുറ്റം തീർത്തു.
൨൬ദൈവാലയദാസന്മാർ ഓഫേലിൽ കിഴക്ക് നീർവ്വാതിലിനെതിരെയുള്ള സ്ഥലംമുതൽ കവിഞ്ഞുനില്ക്കുന്ന ഗോപുരംവരെ പാർത്തുവന്നു.
27 അതിനുശേഷം, ഉയർന്നുനിൽക്കുന്ന വലിയ ഗോപുരത്തിന് എതിർവശത്ത്, ഓഫേൽ മതിൽവരെയുള്ള മറ്റൊരുഭാഗം തെക്കോവ്യർ നന്നാക്കി.
൨൭അതിന്റെശേഷം തെക്കോവ്യർ കവിഞ്ഞുനില്ക്കുന്ന വലിയ ഗോപുരത്തിനു നേരെ ഓഫേലിന്റെ മതിൽവരെ മറ്റൊരുഭാഗം അറ്റകുറ്റം തീർത്തു.
28 കുതിരക്കവാടത്തിന്റെ മേൽഭാഗംമുതൽ പുരോഹിതന്മാർ തങ്ങളുടെ വീടിനുനേരേയുള്ള ഭാഗങ്ങളുടെ അറ്റകുറ്റം തീർത്തു.
൨൮കുതിരവാതിൽമുതൽ പുരോഹിതന്മാർ ഓരോരുത്തൻ താന്താന്റെ വീടിന് നേരെ അറ്റകുറ്റം തീർത്തു.
29 അതിനുമപ്പുറം ഇമ്മേരിന്റെ മകൻ സാദോക്ക് തന്റെ വീടിന് നേരേയുള്ളഭാഗം നന്നാക്കി. കിഴക്കേ കവാടത്തിന്റെ കാവൽക്കാരനായ ശെഖന്യാവിന്റെ മകൻ ശെമയ്യാവ് അതിനപ്പുറം നന്നാക്കി.
൨൯അതിന്റെശേഷം ഇമ്മേരിന്റെ മകൻ സാദോക്ക് തന്റെ വീടിന് നേരെ അറ്റകുറ്റം തീർത്തു. അതിന്റെശേഷം കിഴക്കെ വാതിൽകാവല്ക്കാരനായ ശെഖന്യാവിന്റെ മകൻ ശെമയ്യാവ് അറ്റകുറ്റം തീർത്തു.
30 അതിനുമപ്പുറം ശെലെമ്യാവിന്റെ മകൻ ഹനന്യാവും സാലാഫിന്റെ ആറാമത്തെ മകൻ ഹാനൂനും മറ്റൊരു ഭാഗത്തിന്റെ അറ്റകുറ്റം തീർത്തു. അതിനുമപ്പുറം, ബേരെഖ്യാവിന്റെ മകൻ മെശുല്ലാം താൻ താമസിക്കുന്ന വീടിനുനേരേയുള്ള ഭാഗം നന്നാക്കി.
൩൦അതിന്റെശേഷം ശേലെമ്യാവിന്റെ മകൻ ഹനന്യാവും സാലാഫിന്റെ ആറാമത്തെ മകൻ ഹാനൂനും മറ്റൊരുഭാഗം അറ്റകുറ്റം തീർത്തു. അതിന്റെശേഷം ബേരെഖ്യാവിന്റെ മകൻ മെശുല്ലാം തന്റെ അറയുടെ നേരെ അറ്റകുറ്റം തീർത്തു.
31 അതിനുമപ്പുറം പരിശോധനാകവാടത്തിന് എതിർവശം, ദൈവാലയശുശ്രൂഷകരുടെയും കച്ചവടക്കാരുടെയും വീടുവരെയും മൂലയിലുള്ള മാളികമുറിവരെയും സ്വർണപ്പണിക്കാരിൽ ഒരുവനായ മൽക്കീയാവ് നന്നാക്കി.
൩൧അതിന്റെശേഷം തട്ടാന്മാരിൽ ഒരുവനായ മല്ക്കീയാവ് ഹമ്മീഫ്ഖാദ് വാതിലിന് നേരെ ദൈവാലയദാസന്മാരുടെയും കച്ചവടക്കാരുടെയും സ്ഥലംവരെയും കോണിങ്കലെ മാളികമുറിവരെയും അറ്റകുറ്റം തീർത്തു.
32 മൂലയിലുള്ള മാളികമുറിക്കും ആട്ടിൻകവാടത്തിനും ഇടയിലുള്ള ഭാഗം സ്വർണപ്പണിക്കാരും കച്ചവടക്കാരും ചേർന്നു നന്നാക്കി.
൩൨കോണിങ്കലെ മാളികമുറിക്കും ആട്ടുവാതിലിനും മദ്ധ്യേ തട്ടാന്മാരും കച്ചവടക്കാരും അറ്റകുറ്റം തീർത്തു.