< യെശയ്യാവ് 58 >

1 “ഉച്ചത്തിൽ വിളിക്കുക, അടങ്ങിയിരിക്കരുത്. കാഹളംപോലെ നിന്റെ ശബ്ദം ഉയർത്തുക. എന്റെ ജനത്തോട് അവരുടെ അതിക്രമങ്ങളും യാക്കോബുഗൃഹത്തിന് അവരുടെ പാപങ്ങളും വിളിച്ചുപറയുക.
ഉറക്കെ വിളിക്കുക; അടങ്ങിയിരിക്കരുത്; കാഹളംപോലെ നിന്റെ ശബ്ദം ഉയർത്തി, എന്റെ ജനത്തിന് അവരുടെ ലംഘനത്തെയും യാക്കോബ് ഗൃഹത്തിന് അവരുടെ പാപങ്ങളെയും അറിയിക്കുക.
2 അവർ ദിനംപ്രതി എന്നെ അന്വേഷിക്കുകയും; എന്റെ വഴികൾ അറിയുന്നതിന് ആകാംക്ഷയുള്ളവരായിരിക്കുകയും നീതിമാത്രം പ്രവർത്തിക്കുകയും തങ്ങളുടെ ദൈവത്തിന്റെ കൽപ്പനകൾ ഒരിക്കലും ഉപേക്ഷിക്കാതിരിക്കുകയും ചെയ്ത ഒരു രാഷ്ട്രത്തെപ്പോലെ പ്രവർത്തിക്കുകയും ചെയ്യും. അവർ ന്യായപൂർവമായ തീരുമാനങ്ങൾ എന്നോടു ചോദിക്കുകയും ദൈവത്തോട് അടുത്തുവരുന്നതിൽ ഉത്സുകരാകുകയും ചെയ്യുന്നു.
എങ്കിലും അവർ എന്നെ ദിനംപ്രതി അന്വേഷിച്ച് എന്റെ വഴികളെ അറിയുവാൻ ഇച്ഛിക്കുന്നു; നീതി പ്രവർത്തിക്കുകയും അവരുടെ ദൈവത്തിന്റെ ന്യായം ഉപേക്ഷിക്കാതെയിരിക്കുകയും ചെയ്ത ഒരു ജനതയെപ്പോലെ അവർ നീതിയുള്ള വിധികളെ എന്നോട് ചോദിച്ചു ദൈവത്തോടു അടുക്കുവാൻ വാഞ്ഛിക്കുന്നു.
3 ‘ഞങ്ങൾ ഉപവസിച്ചിട്ട്, അങ്ങു കാണാതിരിക്കുന്നതെന്ത്?’ അവർ ചോദിക്കുന്നു, ‘ഞങ്ങൾ ആത്മതപനം ചെയ്തിട്ട് അങ്ങ് അറിയാത്തതെന്ത്?’ “ഇതാ, നിങ്ങളുടെ ഉപവാസദിവസത്തിൽ നിങ്ങളുടെ താത്പര്യങ്ങൾ തൃപ്തിപ്പെടുത്താൻ ശ്രമിക്കുകയും നിങ്ങളുടെ എല്ലാ ജോലിക്കാരെയും ചൂഷണംചെയ്യുകയും ചെയ്യുന്നു.
“ഞങ്ങൾ നോമ്പു നോല്ക്കുന്നതു നീ നോക്കാതെയിരിക്കുന്നതെന്ത്? ഞങ്ങൾ ആത്മതപനം ചെയ്യുന്നതു നീ അറിയാതിരിക്കുന്നതെന്ത്?” “ഇതാ, നിങ്ങൾ നോമ്പു നോക്കുന്ന ദിവസത്തിൽ തന്നെ നിങ്ങളുടെ കാര്യാദികളെ നോക്കുകയും നിങ്ങളുടെ എല്ലാ വേലക്കാരെയുംകൊണ്ട് അദ്ധ്വാനിപ്പിക്കുകയും ചെയ്യുന്നു.
4 നിങ്ങളുടെ ഉപവാസം അവസാനിക്കുന്നത്, കലഹവും വാഗ്വാദവും ക്രൂരമുഷ്ടികൊണ്ടുള്ള ഇടിയുംകൊണ്ടാണ്. ഇങ്ങനെയുള്ളതാണ് നിങ്ങളുടെ ഉപവാസമെങ്കിൽ നിങ്ങളുടെ പ്രാർഥന സ്വർഗത്തിൽ എത്തുമെന്നു പ്രതീക്ഷിക്കുകയേ വേണ്ട.
നിങ്ങൾ വിവാദത്തിനും കലഹത്തിനും ക്രൂരമുഷ്ടികൊണ്ട് അടിക്കേണ്ടതിനും നോമ്പു നോല്ക്കുന്നു; നിങ്ങളുടെ പ്രാർത്ഥന ഉയരത്തിൽ കേൾക്കുവാൻ തക്കവിധമല്ല നിങ്ങൾ ഇന്ന് നോമ്പു നോല്ക്കുന്നത്.
5 ഇത്തരമൊരു ഉപവാസമാണോ ഞാൻ തെരഞ്ഞെടുത്തത്? ജനം അനുതാപത്തിന്റെ ചടങ്ങുകൾമാത്രം നടത്തുന്ന ദിവസമോ ഉപവാസം? ഒരു ഞാങ്ങണച്ചെടിപോലെ തല കുനിച്ച് ചാക്കുശീലയും ചാരവും വിതറി കിടക്കുകമാത്രമോ? ഇതിനെയോ നിങ്ങൾ ഉപവാസമെന്നും യഹോവയ്ക്കു സ്വീകാര്യമായ ദിവസമെന്നും പറയുന്നത്?
എനിക്ക് ഇഷ്ടമുള്ള നോമ്പും മനുഷ്യൻ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിയിക്കുക, ചാക്കുതുണിയും ചാരവും വിരിച്ചു കിടക്കുക, ഇതാകുന്നുവോ ഉപവാസം? ഇതിനോ നീ നോമ്പെന്നും യഹോവയ്ക്കു പ്രസാദമുള്ള ദിവസമെന്നും പേര് പറയുന്നത്?
6 “അല്ല, ഇത്തരമൊരു ഉപവാസമാണ് ഞാൻ ആഗ്രഹിക്കുന്നത്— അനീതിയുടെ ചങ്ങലകൾ അഴിച്ചുകളയുക, നുകത്തിന്റെ ബന്ധനപാശങ്ങൾ അഴിക്കുക, പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക, എല്ലാ നുകവും തകർത്തുകളയുക,
അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയയ്ക്കുക; എല്ലാ നുകത്തെയും തകർക്കുക; ഇതല്ലയോ എനിക്ക് ഇഷ്ടമുള്ള ഉപവാസം?
7 വിശക്കുന്നവനു നിന്റെ അപ്പം ഭാഗിച്ചുകൊടുക്കുക, അലഞ്ഞുതിരിയുന്ന ദരിദ്രരെ നിന്റെ വീട്ടിൽ കൈക്കൊള്ളുക— നഗ്നരെ കണ്ടാൽ അവരെ വസ്ത്രം ധരിപ്പിക്കുക, നിന്റെ മാംസരക്തങ്ങളായവരിൽനിന്ന് ഒഴിഞ്ഞുമാറാതിരിക്കുക, ഇതല്ലേ ഞാൻ പ്രിയപ്പെടുന്ന ഉപവാസം?
വിശപ്പുള്ളവനു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞു നടക്കുന്ന സാധുക്കളെ നിന്റെ വീട്ടിൽ ചേർത്തുകൊള്ളുന്നതും നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവർക്കു നിന്നെത്തന്നെ മറയ്ക്കാതെയിരിക്കുന്നതും അല്ലയോ?
8 അപ്പോൾ നിന്റെ പ്രകാശം പ്രഭാതംപോലെ പൊട്ടിവിരിയും, നിന്റെ പുനഃസ്ഥാപനം വളരെവേഗം വന്നുചേരും; അങ്ങനെ നിന്റെ നീതി നിനക്കു മുമ്പിൽ നടക്കുകയും യഹോവയുടെ മഹത്ത്വം നിനക്കു പിന്നിൽ കാവലായിരിക്കുകയും ചെയ്യും.
അപ്പോൾ നിന്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; നിന്റെ മുറിവുകൾക്കു വേഗത്തിൽ പൊറുതിവരും; നിന്റെ നീതി നിനക്ക് മുമ്പായി നടക്കും; യഹോവയുടെ മഹത്ത്വം നിന്റെ പിൻപട ആയിരിക്കും.
9 അപ്പോൾ നീ വിളിക്കും, യഹോവ ഉത്തരമരുളും; നീ സഹായത്തിനായി നിലവിളിക്കും; ഇതാ ഞാൻ, എന്ന് അവിടന്നു മറുപടി പറയും. “മർദനത്തിന്റെ നുകവും ആരോപണത്തിന്റെ വിരലും ഏഷണിപറയുന്നതും നിങ്ങൾ ഉപേക്ഷിച്ചാൽ,
അപ്പോൾ നീ വിളിക്കും; യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ‘ഞാൻ വരുന്നു’ എന്ന് അവിടുന്ന് അരുളിച്ചെയ്യും; നുകവും വിരൽ ചൂണ്ടുന്നതും വഷളത്തം സംസാരിക്കുന്നതും നീ നിന്റെ നടുവിൽനിന്നു നീക്കിക്കളയുകയും
10 വിശക്കുന്നവർക്കായി നിന്നെത്തന്നെ വ്യയംചെയ്യുകയും മർദിതരുടെ ആവശ്യങ്ങൾ തൃപ്തിപ്പെടുത്തുകയും ചെയ്യുമെങ്കിൽ, നിങ്ങളുടെ വെളിച്ചം ഇരുട്ടിൽ ഉദിക്കുകയും നിങ്ങളുടെ രാത്രി മധ്യാഹ്നംപോലെ ആകുകയും ചെയ്യും.
൧൦വിശപ്പുള്ളവനോടു നീ താത്പര്യം കാണിക്കുകയും കഷ്ടത്തിൽ ഇരിക്കുന്നവന് തൃപ്തി വരുത്തുകയും ചെയ്യുമെങ്കിൽ നിന്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിന്റെ അന്ധകാരം നട്ടുച്ചപോലെയാകും.
11 യഹോവ നിന്നെ നിരന്തരം വഴിനടത്തും; വരൾച്ചയുള്ള ദേശത്ത് അവിടന്നു നിന്റെ പ്രാണനു തൃപ്തിവരുത്തുകയും നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും. നീ മതിയായി വെള്ളംകിട്ടിയ തോട്ടംപോലെയും വെള്ളം നിന്നുപോകാത്ത നീരുറവുപോലെയും ആകും.
൧൧യഹോവ നിന്നെ എല്ലായ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിന്റെ വിശപ്പ് അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും.
12 നിന്റെ വംശജർ ശൂന്യമാക്കപ്പെട്ട പുരാതനനഗരങ്ങൾ പുനർനിർമിക്കും, ചിരപുരാതനമായ അടിസ്ഥാനങ്ങൾ നീ പണിതുയർത്തും; നിനക്ക്, തകർന്ന മതിലുകൾ നന്നാക്കുന്നവനെന്നും പാർക്കാനുള്ള തെരുവുകൾ പുനരുദ്ധരിക്കുന്നവനെന്നും പേരുണ്ടാകും.
൧൨നിന്റെ സന്തതി പുരാതനശൂന്യങ്ങളെ പണിയും; തലമുറതലമുറയായി കിടക്കുന്ന അടിസ്ഥാനങ്ങളെ നീ കെട്ടിപ്പൊക്കും; കേടുതീർക്കുന്നവനെന്നും പാർക്കുവാൻ തക്കവിധം പാതകളെ യഥാസ്ഥാനത്താക്കുന്നവനെന്നും നിനക്ക് പേര് പറയും.
13 “നീ എന്റെ വിശുദ്ധദിവസത്തിൽ സ്വന്തം അഭീഷ്ടം പ്രവർത്തിക്കാതെയും ശബ്ബത്തു ലംഘിക്കാതെ നിന്റെ കാലുകൾ അടക്കിവെക്കുകയും ശബ്ബത്തിനെ ഒരു പ്രമോദമെന്നും യഹോവയുടെ വിശുദ്ധദിവസം ആദരണീയമെന്നും കരുതുകയും നിന്റെ സ്വന്തം വഴിക്കു തിരിയാതെയും സ്വന്തം ഇഷ്ടം ചെയ്യാതെയും വ്യർഥസംസാരത്തിലേർപ്പെടാതെയും ആ ദിവസത്തെ ആദരിക്കുകയും ചെയ്യുമെങ്കിൽ,
൧൩നീ എന്റെ വിശുദ്ധദിവസത്തിൽ നിന്റെ കാര്യാദികൾ നോക്കാതെ ശബ്ബത്തിൽ നിന്റെ കാൽ അടക്കിവച്ചു, ശബ്ബത്തിനെ ഒരു സന്തോഷം എന്നും യഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറയുകയും നിന്റെ വേലയ്ക്കു പോവുകയോ നിന്റെ കാര്യാദികളെ നോക്കുകയോ വ്യർത്ഥസംസാരത്തിൽ നേരം പോക്കുകയോ ചെയ്യാതെ അതിനെ ബഹുമാനിക്കുകയും ചെയ്യുമെങ്കിൽ, നീ യഹോവയിൽ പ്രമോദിക്കും;
14 നീ യഹോവയിൽ ആനന്ദം കണ്ടെത്തും; ദേശത്തെ ഉന്നതസ്ഥാനങ്ങളിൽ ജയഘോഷത്തോടെ സവാരിചെയ്യുന്നതിനും നിന്റെ പിതാവായ യാക്കോബിന്റെ അവകാശം ആസ്വദിക്കുന്നതിനും ഞാൻ ഇടയാക്കും.” യഹോവയുടെ വായ് ഇത് അരുളിച്ചെയ്തിരിക്കുന്നു.
൧൪ഞാൻ നിന്നെ ദേശത്തിലെ ഉന്നതങ്ങളിൽ വാഹനമേറി ഓടുമാറാക്കുകയും നിന്റെ പിതാവായ യാക്കോബിന്റെ അവകാശംകൊണ്ടു നിന്നെ പോഷിപ്പിക്കുകയും ചെയ്യും;” യഹോവയുടെ വായല്ലയോ അരുളിച്ചെയ്തിരിക്കുന്നത്.

< യെശയ്യാവ് 58 >