< യെഹെസ്കേൽ 21 >
1 അതിനുശേഷം യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി:
൧യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
2 “മനുഷ്യപുത്രാ; നിന്റെ മുഖം ജെറുശലേമിനെതിരേ തിരിച്ച് വിശുദ്ധമന്ദിരത്തിനെതിരേ പ്രസംഗിക്കുക. ഇസ്രായേൽദേശത്തിനു വിരോധമായി പ്രവചിക്കുക.
൨മനുഷ്യപുത്രാ, നിന്റെ മുഖം യെരൂശലേമിനു നേരെ തിരിച്ച് വിശുദ്ധമന്ദിരത്തിനു വിരോധമായി പ്രസംഗിച്ച് യിസ്രായേൽദേശത്തിനു വിരോധമായി പ്രവചിച്ച് യിസ്രായേൽദേശത്തോടു പറയേണ്ടത്:
3 അവളോട് ഇപ്രകാരം പറയുക: ‘യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു, ഞാൻ നിങ്ങൾക്ക് എതിരായിരിക്കുന്നു. ഞാൻ എന്റെ വാൾ ഉറയിൽനിന്നൂരി നീതിനിഷ്ഠരെയും ദുഷ്ടരെയും നിങ്ങളുടെ ഇടയിൽനിന്ന് ഛേദിച്ചുകളയും.
൩യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ നിന്റെനേരെ പുറപ്പെട്ട് എന്റെ വാൾ ഉറയിൽനിന്ന് ഊരി നീതിമാനെയും ദുഷ്ടനെയും നിന്നിൽനിന്ന് ഛേദിച്ചുകളയും.
4 ഞാൻ നീതിനിഷ്ഠരെയും ദുഷ്ടരെയും ഛേദിച്ചുകളയാൻ പോകുന്നതുകൊണ്ട് എന്റെ വാൾ തെക്കുമുതൽ വടക്കുവരെ എല്ലാവർക്കുമെതിരേ ഉറയിൽനിന്നു പുറപ്പെടും.
൪ഞാൻ നീതിമാനെയും ദുഷ്ടനെയും നിന്നിൽനിന്നു ഛേദിച്ചുകളയുവാൻ പോകുന്നതുകൊണ്ട്, തെക്കുമുതൽ വടക്കുവരെ സകലജഡത്തിനും വിരോധമായി എന്റെ വാൾ ഉറയിൽനിന്ന് പുറപ്പെടും.
5 യഹോവയായ ഞാൻ എന്റെ വാൾ ഉറയിൽനിന്നു ഊരിയിരിക്കുന്നു എന്ന് അപ്പോൾ എല്ലാവരും അറിയും. അതു ഇനി മടങ്ങിപ്പോകുകയില്ല.’
൫യഹോവയായ ഞാൻ എന്റെ വാൾ ഉറയിൽനിന്ന് ഊരിയെന്ന് സകലജഡവും അറിയും.
6 “നീയോ മനുഷ്യപുത്രാ, തകർന്ന ഹൃദയത്തോടും കഠിനവ്യസനത്തോടും കൂടെ അവർ കാൺകെ നെടുവീർപ്പിടുക!
൬അത് ഇനി മടങ്ങിപ്പോരുകയില്ല. നീയോ, മനുഷ്യപുത്രാ, തകർന്ന ഹൃദയത്തോടെ നെടുവീർപ്പിടുക; അവർ കാൺകെ കഠിനമായി നെടുവീർപ്പിടുക.
7 ‘നീ എന്തിനു നെടുവീർപ്പിടുന്നു?’ എന്ന് അവർ ചോദിക്കുമ്പോൾ, ‘ഒരു വാർത്ത നിമിത്തംതന്നെ; അതു സംഭവിക്കുമ്പോൾ എല്ലാ ഹൃദയങ്ങളും ഉരുകിപ്പോകും, എല്ലാ കൈകളും തളരും, എല്ലാ മനസ്സുകളും കലങ്ങിപ്പോകും, എല്ലാ കാലുകളും മൂത്രത്താൽ നനയും.’ ഇതാ, അതു വരുന്നു! അതു സംഭവിക്കും, നിശ്ചയം എന്നു കർത്താവായ യഹോവ അരുളിച്ചെയ്യുന്നു.”
൭‘എന്തിന് നെടുവീർപ്പിടുന്നു’ എന്ന് അവർ നിന്നോട് ചോദിച്ചാൽ നീ ഉത്തരം പറയേണ്ടത്: ‘ഒരു വർത്തമാനംനിമിത്തം തന്നെ; അത് സംഭവിക്കുമ്പോൾ സകലഹൃദയവും ഉരുകിപ്പോകും, എല്ലാകൈകളും കുഴഞ്ഞുപോകും, ഏതു മനസ്സും കലങ്ങിപ്പോകും; എല്ലാമുഴങ്കാലും വെള്ളംപോലെ ഒഴുകിപ്പോകും; അത് വന്നുകഴിഞ്ഞു’ എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്”.
8 പിന്നെയും യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി:
൮യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
9 “മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടത്, ‘കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “‘ഒരു വാൾ, ഒരു വാൾ അതിനു മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു.
൯“മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടത്: യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഒരു വാൾ, ഒരു വാൾ; അത് മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു എന്ന് പറയുക.
10 കൊലനടത്താൻ മൂർച്ചകൂട്ടിയും മിന്നൽപോലെ തിളങ്ങേണ്ടതിനു മിനുക്കിയുമിരിക്കുന്നു! “‘എന്റെ രാജകീയ പുത്രന്റെ ചെങ്കോലിൽ നമുക്കു ആനന്ദിക്കാമോ? ആ വാൾ ഇപ്രകാരമുള്ള എല്ലാ കോലിനെയും നിന്ദിക്കുന്നു.
൧൦കൊല നടത്തുവാൻ അതിന് മൂർച്ചകൂട്ടിയിരിക്കുന്നു; മിന്നുവാൻ തക്കവണ്ണം അതിനെ മിനുക്കിയിരിക്കുന്നു; അല്ലെങ്കിൽ നമുക്കു സന്തോഷിക്കാമോ? അത് എന്റെ മകന്റെ ചെങ്കോലിനെയും സകലവൃക്ഷത്തെയും നിന്ദിക്കുന്നു.
11 “‘കൈയിൽ വഹിക്കാൻ കഴിയുംവിധം അതിനെ മിനുക്കാൻ കൊടുത്തിരിക്കുന്നു; കൊലയാളിയുടെ കൈയിൽ കൊടുക്കാൻവേണ്ടി അതിനെ മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു.
൧൧ഉപയോഗിക്കുവാൻ തക്കവണ്ണം അവൻ അത് മിനുക്കുവാൻ കൊടുത്തിരിക്കുന്നു; കൊല്ലുന്നവന്റെ കയ്യിൽ കൊടുക്കുവാൻ ഈ വാൾ മൂർച്ചകൂട്ടി മിനുക്കിയിരിക്കുന്നു.
12 മനുഷ്യപുത്രാ, നിലവിളിക്കുക, വിലപിക്കുക, അത് എന്റെ ജനത്തിന്മേൽ, ഇസ്രായേലിലെ എല്ലാ പ്രഭുക്കന്മാരുടെമേലും വരും. അവർ എന്റെ ജനത്തോടുകൂടെ വാളിന് ഏൽപ്പിക്കപ്പെട്ടിരിക്കുന്നു. അതിനാൽ നീ മാറത്തടിച്ചു വിലപിക്കുക.
൧൨മനുഷ്യപുത്രാ, നിലവിളിച്ചു മുറയിടുക! വാള് എന്റെ ജനത്തിന്മേലും യിസ്രായേലിന്റെ സകലപ്രഭുക്കന്മാരുടെ മേലും വരും; അവർ എന്റെ ജനത്തോടുകൂടി വാളിന് ഏല്പിക്കപ്പെട്ടവരാകുന്നു; ആകയാൽ നീ തുടയിൽ അടിക്കുക.
13 “‘പരീക്ഷ അതു നിശ്ചയമായും വരും. എങ്കിലും വാളിനാൽ നിന്ദിക്കപ്പെടുന്ന ചെങ്കോൽതന്നെ തുടരാതെപോയാൽ എന്താകും? എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.’
൧൩അതൊരു പരീക്ഷയല്ലയോ; എന്നാൽ നിന്ദിക്കുന്ന ചെങ്കോൽ തന്നെ ഇല്ലാതെ പോയാൽ എന്ത്” എന്ന് യഹോവയായ കർത്താവിന്റെ അരുളപ്പാട്.
14 “നീയോ മനുഷ്യപുത്രാ, പ്രവചിക്കുക, നിന്റെ കൈകൾ കൂട്ടിയടിക്കുക. വാൾ, നിഹതന്മാരുടെ വാൾതന്നെ, രണ്ടുപ്രാവശ്യം വെട്ടട്ടെ, അല്ലാ മൂന്നുപ്രാവശ്യംതന്നെ. അതു സംഹാരത്തിന്റെ വാൾ— മഹാസംഹാരത്തിനുള്ള വാൾതന്നെ നാലുവശത്തുനിന്നും അവരെ വളഞ്ഞിരിക്കുന്നു.
൧൪“നീയോ മനുഷ്യപുത്രാ, പ്രവചിച്ച് കൈകൊട്ടുക; വാൾ, നിഹതന്മാരുടെ വാൾ തന്നെ, മൂന്നിരട്ടിയായി ഭവിക്കട്ടെ; നിഹതന്റെ വലിയ വാൾ അവരെ ചുറ്റുന്നു.
15 അവരുടെ ഹൃദയം ഭയത്താൽ ഉരുകിപ്പോകേണ്ടതിനും അവരുടെ വാതിൽക്കൽ ധാരാളംപേർ വീഴേണ്ടതിനും ഞാൻ തിളങ്ങുന്ന വാൾ നൽകിയിരിക്കുന്നു, അവരുടെ എല്ലാ കവാടങ്ങളിലും. നോക്കൂ! മിന്നൽപോലെ പതിക്കാൻ അതു നിർമിച്ചിരിക്കുന്നു; അതു കൊലയ്ക്കായി കൂർപ്പിച്ചിരിക്കുന്നു.
൧൫അവരുടെ ഹൃദയം ഉരുകിപ്പോകേണ്ടതിനും അവരിൽ പട്ടുപോയവർ പെരുകേണ്ടതിനും ഞാൻ വാളിന്റെ മുനയെ അവരുടെ എല്ലാ വാതിലുകൾക്കും നേരെ വച്ചിരിക്കുന്നു; അയ്യോ, അത് മിന്നൽപോലെയിരിക്കുന്നു; അത് കൊലയ്ക്കായി കൂർപ്പിച്ചിരിക്കുന്നു.
16 വലത്തോട്ടോ ഇടത്തോട്ടോ എവിടേക്കു നിന്റെ വായ്ത്തല തിരിച്ചിരിക്കുന്നോ അവിടേക്കുതന്നെ പുറപ്പെടുക.
൧൬പുറകോട്ടോ ഇടത്തോട്ടോ വലത്തോട്ടോ നിന്റെ വായ്ത്തല തിരിയുന്നിടത്തേക്കു തന്നെ പുറപ്പെടുക.
17 ഞാനും കൈകൊട്ടി എന്റെ ക്രോധം ശമിപ്പിക്കും; യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു.”
൧൭ഞാനും കൈകൊട്ടി, എന്റെ ക്രോധം ശമിപ്പിക്കും; യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു”.
18 യഹോവയുടെ അരുളപ്പാട് എനിക്ക് ഇപ്രകാരം ഉണ്ടായി:
൧൮യഹോവയുടെ അരുളപ്പാട് എനിക്കുണ്ടായതെന്തെന്നാൽ:
19 “മനുഷ്യപുത്രാ ബാബേൽരാജാവിന്റെ വാൾ വരേണ്ടതിന് രണ്ടുവഴികൾ അടയാളപ്പെടുത്തുക; അവ രണ്ടും ഒരു രാജ്യത്തുനിന്നുതന്നെ പുറപ്പെടും. ഒരു ചൂണ്ടുപലക ഉണ്ടാക്കി നഗരത്തിലേക്കുള്ള വഴിയുടെ തലയ്ക്കൽ നാട്ടുക.
൧൯മനുഷ്യപുത്രാ, ബാബേൽരാജാവിന്റെ വാൾ വരേണ്ടതിന് നീ രണ്ടു വഴി നിയമിക്കുക; രണ്ടും ഒരു ദേശത്തുനിന്ന് തന്നെ പുറപ്പെടണം; ഒരു ചൂണ്ടുപലക ഉണ്ടാക്കി നഗരത്തിലേക്കുള്ള വഴിയുടെ തലയ്ക്കൽ നാട്ടുക.
20 അമ്മോന്യരുടെ രബ്ബയിലേക്ക് ആ വാൾ വരേണ്ടതിന് ഒരു വഴിയും യെഹൂദ്യയിൽ കോട്ടകെട്ടി ഉറപ്പിച്ചിട്ടുള്ള ജെറുശലേമിലേക്ക് വരേണ്ടതിന് മറ്റൊരു വഴിയും അടയാളപ്പെടുത്തുക.
൨൦അങ്ങനെ വാൾ അമ്മോന്യരുടെ രബ്ബയിലും യെഹൂദയിൽ ഉറപ്പുള്ള യെരൂശലേമിലും വരേണ്ടതിന് നീ വഴി നിയമിക്കുക.
21 കാരണം, ബാബേൽരാജാവ് വഴിത്തിരിവിങ്കൽ രണ്ടുവഴികൾ പിരിയുന്നിടത്ത് പ്രശ്നംനോക്കാൻ നിൽക്കുന്നു. അയാൾ അമ്പുകൾ കുലുക്കി തന്റെ കുലദേവന്മാരോടു ചോദിക്കുകയും ലക്ഷണമറിയാൻ യാഗമർപ്പിച്ച മൃഗത്തിന്റെ കരൾ നോക്കുകയും ചെയ്യുന്നു.
൨൧ബാബേൽരാജാവ് ഇരുവഴിത്തലയ്ക്കൽ, വഴിത്തിരിവിങ്കൽ തന്നെ, പ്രശ്നം നോക്കുവാൻ നില്ക്കുന്നു; അവൻ തന്റെ അമ്പുകളെ കുലുക്കി കുലദേവന്മാരോടു ചോദിക്കുകയും കരൾ നോക്കുകയും ചെയ്യുന്നു.
22 യന്ത്രമുട്ടികൾ സ്ഥാപിക്കാനും സംഹരിക്കുന്നതിനു കൽപ്പന പുറപ്പെടുവിക്കുന്നതിനും യുദ്ധാരവം മുഴക്കുന്നതിനും കവാടങ്ങൾക്കുനേരേ യന്ത്രമുട്ടികൾ വെക്കാനും ഉപരോധക്കോട്ട പണിത് ചുറ്റും ചരിഞ്ഞ പാത പണിതുയർത്തുന്നതിനും ജെറുശലേമിലുള്ള നറുക്ക് അയാളുടെ വലങ്കൈയിൽ എത്തിയിരിക്കുന്നു.
൨൨യന്ത്രമുട്ടികളെ വയ്ക്കേണ്ടതിനും വൻകൊലയ്ക്കായി വായ് തുറന്ന് ആർപ്പുവിളിക്കേണ്ടതിനും വാതിലുകളുടെ നേരെ യന്ത്രമുട്ടികൾ വയ്ക്കേണ്ടതിനും ഉപരോധം ഏർപ്പെടുത്തി കോട്ട പണിയേണ്ടതിനും യെരൂശലേമിനെക്കുറിച്ചുള്ള പ്രശ്നം അവന്റെ വലംകൈയിൽ വന്നിരിക്കുന്നു.
23 അത് അവനോടുള്ള വിധേയത്വം ശപഥംചെയ്തവർക്ക് അത് ഒരു വ്യാജലക്ഷണമായിത്തോന്നുന്നു. എന്നാൽ അയാൾ അവരുടെ അകൃത്യം അനുസ്മരിപ്പിക്കുകയും അടിമകളായി അവരെ പിടിച്ചുകൊണ്ടുപോകുകയും ചെയ്യും.
൨൩എന്നാൽ അത് അവർക്ക് വ്യാജലക്ഷണമായി തോന്നുന്നു; അവർ ആണ ഇടുവിച്ചിരിക്കുന്നുവല്ലോ; എന്നാൽ അവർ പിടിക്കപ്പെടേണ്ടതിന് അവൻ അകൃത്യം ഓർമ്മിപ്പിക്കുന്നു”.
24 “അതിനാൽ യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ ജനങ്ങൾ തങ്ങളുടെ തുറന്ന മത്സരംമൂലം നിങ്ങളുടെ എല്ലാ അകൃത്യങ്ങളും എന്നെ ഓർമപ്പെടുത്തുന്നു. അവരുടെ എല്ലാ പ്രവൃത്തികളിലും പാപം പ്രത്യക്ഷപ്പെടുന്നു. നിങ്ങൾ ഇതു ചെയ്തിരിക്കുകയാൽ നിങ്ങൾ അടിമകളായി പിടിച്ചു കൊണ്ടുപോകപ്പെടും.
൨൪അതുകൊണ്ട് യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “നിങ്ങളുടെ സകലപ്രവൃത്തികളിലും നിങ്ങളുടെ പാപങ്ങൾ ഓർക്കത്തക്കവണ്ണം നിങ്ങളുടെ അതിക്രമങ്ങൾ വെളിപ്പെട്ടുവരുന്നതിനാൽ നിങ്ങൾ നിങ്ങളുടെ അകൃത്യം ഓർമ്മിപ്പിച്ചിരിക്കുന്നതുകൊണ്ടും നിങ്ങളെയും ഓർത്തിരിക്കുന്നതുകൊണ്ടും നിങ്ങൾ പിടിക്കപ്പെടും.
25 “‘വഷളനും ദുഷ്ടനുമായ ഇസ്രായേൽ പ്രഭുവേ, നിന്റെ നാൾ ഇതാ വന്നിരിക്കുന്നു; ശിക്ഷാവിധിയുടെ നാൾ അതിന്റെ പരമകാഷ്ഠയിൽ എത്തിയിരിക്കുന്നു.
൨൫നിഹതനും ദുഷ്ടനുമായി യിസ്രായേലിന്റെ പ്രഭുവായുള്ളോവേ, നിന്റെ അകൃത്യത്തിന്റെ അന്ത്യനാൾ വന്നിരിക്കുന്നു”.
26 യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ തലപ്പാവും കിരീടവും എടുത്തുമാറ്റുക; കാര്യങ്ങൾക്കു മാറ്റം സംഭവിക്കണം. താണത് ഉയർത്തപ്പെടുകയും ഉയർന്നത് താഴ്ത്തപ്പെടുകയും ചെയ്യും.
൨൬യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഞാൻ തലപ്പാവ് നീക്കി കിരീടം എടുത്തുകളയും; അത് അങ്ങനെ ഇരിക്കുകയില്ല; ഞാൻ താണതിനെ ഉയർത്തുകയും ഉയർന്നതിനെ താഴ്ത്തുകയും ചെയ്യും.
27 ഉന്മൂലനാശം! ഉന്മൂലനാശം! ഞാൻ അതിന് ഉന്മൂലനാശമാക്കും! അവകാശമുള്ളവൻ വരുവോളം കിരീടം പുനഃസ്ഥാപിക്കപ്പെടാതിരിക്കും; അവനു ഞാൻ അതു നൽകുകയും ചെയ്യും.’
൨൭ഞാൻ അതിന് ഉന്മൂലനാശം, ഉന്മൂലനാശം, ഉന്മൂലനാശം വരുത്തും; അതിന് അവകാശമുള്ളവൻ വരുവോളം അത് ഇല്ലാതെയിരിക്കും; അവന് ഞാൻ അത് കൊടുക്കും”.
28 “മനുഷ്യപുത്രാ, നീ ഇപ്രകാരം പ്രവചിച്ചു പറയുക: അമ്മോന്യരെപ്പറ്റിയും അവരുടെ പരിഹാസത്തെപ്പറ്റിയും യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു: “‘സംഹാരത്തിനായി ഒരു വാൾ, ഒരു വാൾ ഊരിയിരിക്കുന്നു, മിന്നൽപോലെ വിളങ്ങേണ്ടതിന് അതു തേച്ചു മിനുക്കിയിരിക്കുന്നു!
൨൮മനുഷ്യപുത്രാ, നീ പ്രവചിച്ചു പറയേണ്ടത്: അമ്മോന്യരെക്കുറിച്ചും അവരുടെ നിന്ദയെക്കുറിച്ചും യഹോവയായ കർത്താവ് ഇപ്രകാരം അരുളിച്ചെയ്യുന്നു:
29 നിങ്ങളെക്കുറിച്ച് വ്യാജദർശനങ്ങൾ ദർശിക്കുകയും വ്യാജദേവപ്രശ്നങ്ങൾ പ്രസ്താവിക്കുകയും ചെയ്യുന്ന ദുഷ്ടരായ വധിക്കപ്പെടാനുള്ളവരുടെ കഴുത്തിൽ അതു പ്രയോഗിക്കും. അവരുടെ ദിവസം വന്നിരിക്കുന്നു, ശിക്ഷാവിധിയുടെ നാൾ അതിന്റെ പരമകാഷ്ഠയിൽ എത്തിയിരിക്കുന്നു.
൨൯“അകൃത്യത്തിന്റെ അവസാനനാൾ വരുമ്പോൾ, ദുഷ്ടന്മാരായ നിഹതന്മാരുടെ കഴുത്തിൽ വെക്കേണ്ടതിന് അവർ നിനക്ക് വ്യാജം ദർശിക്കുന്ന നേരത്തും, നിനക്ക് കപടലക്ഷണം പറയുന്ന നേരത്തും ഒരു വാൾ, ഒരു വാൾ ഊരിയിരിക്കുന്നു; അത് മിന്നൽപോലെ മിന്നേണ്ടതിനും തിന്നുകളയേണ്ടതിനും കൊലയ്ക്കായി മിനുക്കിയിരിക്കുന്നു എന്ന് പറയുക.
30 “‘ആ വാൾ ഉറയിൽ ഇടുക; നീ സൃഷ്ടിക്കപ്പെട്ട സ്ഥലത്തുതന്നെ, നിന്റെ ജന്മദേശത്തുതന്നെ ഞാൻ നിന്നെ ന്യായംവിധിക്കും.
൩൦അത് ഉറയിൽ ഇടുക; നീ സൃഷ്ടിക്കപ്പെട്ട സ്ഥലത്ത്, നിന്റെ ജന്മദേശത്തു തന്നെ ഞാൻ നിന്നെ ന്യായംവിധിക്കും,
31 ഞാൻ എന്റെ ക്രോധം നിന്റെമേൽ ചൊരിയും; എന്റെ ക്രോധാഗ്നിയെ നിന്റെമേൽ ഊതും; സംഹരിക്കുന്നതിൽ വൈദഗ്ദ്ധ്യമുള്ള ക്രൂരന്മാരുടെ കൈയിൽ ഞാൻ നിന്നെ ഏൽപ്പിക്കും.
൩൧ഞാൻ എന്റെ ക്രോധം നിന്റെമേൽ പകർന്ന് എന്റെ കോപാഗ്നി നിന്റെമേൽ ഊതി, മൃഗപ്രായരും നശിപ്പിക്കുവാൻ സമർത്ഥന്മാരുമായ മനുഷ്യരുടെ കയ്യിൽ നിന്നെ ഏല്പിക്കും.
32 നീ അഗ്നിക്ക് ഇന്ധനമായിത്തീരും; നിന്റെ രക്തം നിന്റെ ദേശത്തുതന്നെ ചൊരിയപ്പെടും. ആരും ഇനി നിന്നെ ഓർക്കുകയില്ല; യഹോവയായ ഞാൻ അതു പ്രസ്താവിച്ചിരിക്കുന്നു.’”
൩൨നീ തീയ്ക്കിരയായ്തീരും; നിന്റെ രക്തം നിന്റെ ദേശത്തിന്റെ നടുവിൽ ഇരിക്കും; നിന്നെ ഇനി ആരും ഓർക്കുകയില്ല; യഹോവയായ ഞാൻ അത് അരുളിച്ചെയ്തിരിക്കുന്നു”.