< ആവർത്തനപുസ്തകം 4 >
1 ഇസ്രായേലേ, നിങ്ങൾ ജീവനോടെ ഇരിക്കേണ്ടതിനും നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായിത്തരുന്ന ദേശം കൈവശമാക്കേണ്ടതിനും ഇപ്പോൾ ഞാൻ നിങ്ങളോട് ഉപദേശിക്കുന്ന ഉത്തരവുകളും പ്രമാണങ്ങളും ശ്രദ്ധിക്കുക.
2 ഞാൻ നിങ്ങളോടു കൽപ്പിക്കുന്ന വചനത്തോട് ഒന്നും കൂട്ടുകയോ അതിൽനിന്ന് ഒന്നും കുറയ്ക്കുകയോ ചെയ്യരുത്, പ്രത്യുത, ഞാൻ നിങ്ങൾക്കു നൽകുന്ന ദൈവമായ യഹോവയുടെ കൽപ്പനകൾ പാലിക്കുക.
3 യഹോവ ബാൽ-പെയോരിൽ ചെയ്തത് എന്തെന്നു നിങ്ങൾ സ്വന്തം കണ്ണുകൊണ്ടുതന്നെ കണ്ടിരിക്കുന്നു. പെയോരിലെ ബാൽദേവന്റെ പിന്നാലെ ചെന്നവരെയെല്ലാം നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ ഇടയിൽനിന്നു സംഹരിച്ചുകളഞ്ഞു.
4 എന്നാൽ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയോടു വിശ്വസ്തരായി നിന്നതുകൊണ്ട് നിങ്ങൾ എല്ലാവരും ഇന്നു ജീവിച്ചിരിക്കുന്നു.
5 നോക്കുക, എന്റെ ദൈവമായ യഹോവ എന്നോടു കൽപ്പിച്ചതുപോലെ, നിങ്ങൾ അവകാശമാക്കാൻപോകുന്ന ദേശത്തു ചെല്ലുമ്പോൾ അനുസരിച്ചു ജീവിക്കുന്നതിനുള്ള ഉത്തരവുകളും പ്രമാണങ്ങളും ഞാൻ നിങ്ങളോട് ഉപദേശിച്ചിരിക്കുന്നു.
6 നിങ്ങൾ അവ സസൂക്ഷ്മം പാലിക്കണം. നിങ്ങൾക്കു ചുറ്റുമുള്ള ജനതകളുടെ ദൃഷ്ടിയിൽ നിങ്ങൾക്കുള്ള ജ്ഞാനവും വിവേകവും അതാണ്. അവർ ഈ ഉത്തരവുകളെല്ലാം കേട്ടിട്ട്, “ഉറപ്പായും ഈ ശ്രേഷ്ഠജനത ജ്ഞാനവും വിവേകവും ഉള്ളവർതന്നെ” എന്നു പറയും.
7 നമ്മുടെ ദൈവമായ യഹോവയോട് നാം വിളിച്ചപേക്ഷിക്കുമ്പോഴൊക്കെയും അവിടന്ന് നമുക്ക് സമീപസ്ഥനായിരിക്കുന്നതുപോലെ ഇത്രവേഗം സഹായത്തിനായെത്തുന്ന ഒരു ദൈവമുള്ള ശ്രേഷ്ഠജനത വേറെ ഏതാണുള്ളത്?
8 ഞാൻ ഇന്നു നിങ്ങൾക്ക് നൽകിയ ഒരുകൂട്ടം നിയമങ്ങൾപോലെ നീതിയുള്ള ഉത്തരവുകളും നിയമങ്ങളുമുള്ള ശ്രേഷ്ഠജനത വേറെ ഏതാണുള്ളത്?
9 നിങ്ങൾ കണ്ടിട്ടുള്ള കാര്യങ്ങൾ മറക്കാതിരിക്കാനും അവ ജീവിതകാലത്ത് ഒരിക്കൽപോലും നിങ്ങളുടെ ഹൃദയത്തിൽനിന്നു മാഞ്ഞുപോകാതിരിക്കാനും നിങ്ങളെത്തന്നെ സൂക്ഷ്മതയോടെ കാത്തുകൊള്ളണം. നിങ്ങളുടെ മക്കളോടും അവരുടെ മക്കളോടും അവ ഉപദേശിക്കണം.
10 ഹോരേബിൽ നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നിന്ന ദിവസം ഓർത്തുകൊള്ളണം. അന്ന് യഹോവ എന്നോട്, “ജനത്തെ എന്റെ സന്നിധിയിൽ വിളിച്ചുകൂട്ടുക, ഞാൻ എന്റെ വചനങ്ങൾ അവരെ കേൾപ്പിക്കും. അവർ ഭൂമിയിൽ ജീവിക്കുന്ന നാളുകളെല്ലാം എന്നെ ഭയപ്പെടാൻ പഠിക്കുകയും അവരുടെ മക്കളെ പഠിപ്പിക്കുകയും വേണം” എന്നു കൽപ്പിച്ചു.
11 അന്ധതമസ്സും കൂരിരുട്ടും പർവതത്തെ മൂടുകയും പർവതത്തിൽ ആകാശമധ്യത്തോളം തീ കത്തിജ്വലിച്ചുകൊണ്ടിരിക്കുകയും ചെയ്യുമ്പോൾത്തന്നെ നിങ്ങൾ പർവതത്തിന്റെ താഴ്വരയിൽ ഒരുമിച്ചുകൂടിവന്നു.
12 അപ്പോൾ യഹോവ തീയുടെ നടുവിൽനിന്ന് നിങ്ങളോടു സംസാരിച്ചു. നിങ്ങൾ വാക്കുകളുടെ ശബ്ദം കേട്ടു, എന്നാൽ രൂപം ഒന്നും കണ്ടില്ല; അവിടെ ശബ്ദംമാത്രമേ ഉണ്ടായിരുന്നുള്ളൂ.
13 നിങ്ങൾ അനുസരിച്ചു നടക്കേണ്ടതിന് നിങ്ങളോടു കൽപ്പിച്ച പത്ത് കൽപ്പന എന്ന അവിടത്തെ ഉടമ്പടി അവിടന്ന് നിങ്ങളെ അറിയിച്ചു; രണ്ടു ശിലാഫലകങ്ങളിൽ അവ എഴുതുകയും ചെയ്തു.
14 കൂടാതെ നിങ്ങൾ യോർദാൻനദിക്കക്കരെ അവകാശമാക്കാൻ ചെല്ലുന്ന ദേശത്ത് ജീവിക്കുമ്പോൾ അനുസരിക്കുന്നതിനുള്ള ഉത്തരവുകളും നിയമങ്ങളും നിങ്ങളോട് ഉപദേശിക്കണമെന്ന് യഹോവ അക്കാലത്ത് എന്നോടു കൽപ്പിച്ചിരുന്നു.
15 യഹോവ ഹോരേബിൽ അഗ്നിയുടെ നടുവിൽനിന്ന് നിങ്ങളോടു സംസാരിച്ച ദിവസം യാതൊരു വിധത്തിലുമുള്ള രൂപവും നിങ്ങൾ കണ്ടില്ലല്ലോ. അതുകൊണ്ട് നിങ്ങൾ വളരെയധികം ജാഗ്രതയുള്ളവരായിരിക്കുക.
16 നിങ്ങൾ പുരുഷൻ, സ്ത്രീ, ഭൂമിയിലുള്ള മൃഗം,
17 ആകാശത്തു പറക്കുന്ന പക്ഷി, ഭൂമിയിലെ ഒരു ഇഴജന്തു,
18 ഭൂമിക്കുകീഴേ വെള്ളത്തിലുള്ള മത്സ്യം, ഇങ്ങനെയുള്ള യാതൊന്നിന്റെയും പ്രതിരൂപമായ വിഗ്രഹം ഉണ്ടാക്കി നിങ്ങളെത്തന്നെ മലിനമാക്കരുത്.
19 ആകാശത്തിലേക്കു നോക്കി സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നീ ആകാശസൈന്യനിരയെ നിങ്ങൾ കുമ്പിട്ടു നമസ്കരിക്കാൻ വശീകരിക്കപ്പെടരുത്. നിങ്ങളുടെ ദൈവമായ യഹോവ അവ ആകാശത്തിനുകീഴേയുള്ള സകലജനതകൾക്കും പകുത്തു നൽകിയിരിക്കുന്നു.
20 നിങ്ങളോ, ഇന്ന് ആയിരിക്കുന്നതുപോലെ, അവിടത്തെ അവകാശജനമായിരിക്കേണ്ടതിന് യഹോവ തെരഞ്ഞെടുത്ത്, ഈജിപ്റ്റ് എന്ന ഇരുമ്പുലയിൽനിന്ന് വിടുവിച്ച്, കൊണ്ടുവന്നിരിക്കുന്നു.
21 എന്നാൽ നിങ്ങൾനിമിത്തം യഹോവ എന്നോടു കോപിച്ചു. ഞാൻ യോർദാന് അക്കരെ കടക്കുകയില്ലെന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്ക് അവകാശമായി നൽകുന്ന ആ നല്ലദേശത്ത് പ്രവേശിക്കുകയില്ലെന്നും ശപഥംചെയ്തു.
22 അതുകൊണ്ട് ഞാൻ യോർദാൻ കടക്കാതെ ഈ ദേശത്തുവെച്ചു മരിക്കും. എന്നാൽ നിങ്ങൾചെന്ന് ആ നല്ലദേശം കൈവശമാക്കും.
23 ദൈവമായ യഹോവ നിങ്ങളോടു ചെയ്തിട്ടുള്ള അവിടത്തെ ഉടമ്പടി നിങ്ങൾ മറക്കാതിരിക്കാൻ സൂക്ഷിക്കുക. യഹോവ നിങ്ങൾക്കു വിലക്കേർപ്പെടുത്തിയതുപോലെ യാതൊരു വസ്തുവിന്റെയും രൂപത്തിലുള്ള ഒരു വിഗ്രഹവും നിങ്ങൾക്കുവേണ്ടി ഉണ്ടാക്കരുത്.
24 കാരണം നിങ്ങളുടെ ദൈവമായ യഹോവ ഭസ്മീകരിക്കുന്ന അഗ്നിയല്ലോ, അവിടന്ന് തീക്ഷ്ണതയുള്ള ദൈവവുമാണ്.
25 നിങ്ങൾ മക്കളും കൊച്ചുമക്കളുമൊക്കെയായി ദേശത്തു ദീർഘകാലം വസിച്ചശേഷം, ഏതെങ്കിലും തരത്തിലുള്ള ഒരു വിഗ്രഹമുണ്ടാക്കി നിങ്ങളെത്തന്നെ മലിനമാക്കി, നിങ്ങളുടെ ദൈവമായ യഹോവയുടെ കൺമുമ്പിൽ ദുഷ്ടത പ്രവർത്തിച്ച് അവിടത്തെ കോപിപ്പിച്ചാൽ,
26 നിങ്ങൾ യോർദാന് അക്കരെ അവകാശമാക്കാൻ ചെല്ലുന്ന ദേശത്തുനിന്ന് വളരെവേഗം നശിച്ചുപോകുമെന്ന് ഇന്നു ഞാൻ ആകാശത്തെയും ഭൂമിയെയും നിങ്ങൾക്കു വിരോധമായി സാക്ഷിനിർത്തി പറയുന്നു. നിങ്ങൾ അവിടെ ദീർഘായുസ്സോടെ ജീവിക്കുകയില്ല; ഉറപ്പായും നിങ്ങൾ നശിച്ചുപോകും.
27 യഹോവ നിങ്ങളെ ഇതര ജനതകൾക്കിടയിൽ ചിതറിക്കും. യഹോവ നിങ്ങളെ ചിതറിക്കുന്ന ജനതകളുടെ ഇടയിൽ നിങ്ങൾ ചുരുക്കംപേർമാത്രമായി ശേഷിക്കും.
28 അവിടെ നിങ്ങൾ കാണാനും കേൾക്കാനും ഭക്ഷിക്കാനും മണക്കാനും കഴിവില്ലാത്തതും കല്ലും മരവുംകൊണ്ടുള്ളതും മനുഷ്യനിർമിതവുമായ ദേവന്മാരെ ആരാധിക്കും.
29 എന്നാൽ അവിടെവെച്ചു നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയെ അന്വേഷിക്കും. പൂർണഹൃദയത്തോടും പൂർണാത്മാവോടും നിങ്ങൾ അന്വേഷിക്കുന്നെങ്കിൽ അവിടത്തെ കണ്ടെത്തും.
30 നിങ്ങൾക്ക് കഷ്ടതനേരിടുകയും ഇവ എല്ലാം ജീവിതത്തിൽ സംഭവിക്കുകയുംചെയ്യുമ്പോൾ, ഒടുവിൽ നിങ്ങൾ നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയിലേക്ക് മടങ്ങിവന്ന് അവിടത്തെ വചനം അനുസരിക്കും.
31 കാരണം നിങ്ങളുടെ ദൈവമായ യഹോവ കരുണയുള്ള ദൈവമാണ്; അവിടന്ന് നിങ്ങളെ തള്ളിക്കളയുകയോ നശിപ്പിക്കുകയോ നിങ്ങളുടെ പിതാക്കന്മാരോടു ശപഥംചെയ്ത് ഉറപ്പിച്ച അവിടത്തെ ഉടമ്പടി മറക്കുകയോ ചെയ്യുകയില്ല.
32 ദൈവം മനുഷ്യനെ ഭൂമിയിൽ സൃഷ്ടിച്ച ദിവസംമുതൽ നിങ്ങളുടെ പൂർവകാലത്തും ആകാശത്തിന്റെ ഒരു അറ്റംമുതൽ മറ്റേ അറ്റംവരെ എവിടെയെങ്കിലും ഇപ്രകാരം ഒരു വലിയ കാര്യം സംഭവിച്ചിട്ടുണ്ടോ? ഇപ്രകാരം എന്തെങ്കിലും എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? എന്നു നിങ്ങൾ അന്വേഷിക്കുക.
33 അഗ്നിയുടെ നടുവിൽനിന്ന് സംസാരിക്കുന്ന ദൈവത്തിന്റെ വചനം, നിങ്ങൾ കേട്ടതുപോലെ കേട്ടശേഷം, ജീവനോടിരിക്കുന്ന ഏതെങ്കിലും ഒരു ജനതയുണ്ടോ?
34 അല്ലെങ്കിൽ, നിങ്ങളുടെ ദൈവമായ യഹോവ ഈജിപ്റ്റിൽവെച്ചു നിങ്ങളുടെ കണ്ണുകൾക്ക് മുമ്പാകെ നിങ്ങൾക്കുവേണ്ടി ചെയ്തതുപോലെ പരീക്ഷകൾ, ചിഹ്നങ്ങൾ, അത്ഭുതങ്ങൾ, യുദ്ധം, ബലമുള്ള കൈ, നീട്ടിയ ഭുജം, മഹാപ്രവൃത്തികൾ എന്നിവകൊണ്ട് ദൈവം ഏതെങ്കിലും ജനതയെ മറ്റൊരു ജനതയുടെ മധ്യത്തിൽനിന്ന് തനിക്കായി വേർതിരിച്ചെടുക്കാൻ ശ്രമിച്ചിട്ടുണ്ടോ?
35 എന്നാൽ നിങ്ങൾക്കോ, ഇതെല്ലാം കാണാൻ കഴിഞ്ഞു. യഹോവ ആകുന്നു ദൈവം എന്നും അവിടന്നല്ലാതെ മറ്റൊരു ദൈവവുമില്ല എന്നും നിങ്ങൾ അറിയേണ്ടതിനായിരുന്നു അതെല്ലാം.
36 നിങ്ങളെ ശിക്ഷണത്തിൽ നടത്തേണ്ടതിനു സ്വർഗത്തിൽനിന്ന് അവിടന്ന് തന്റെ വചനം നിങ്ങളെ കേൾപ്പിച്ചു. ഭൂമിയിൽ അവിടന്ന് തന്റെ മഹാഗ്നി കാണിച്ചു. നിങ്ങൾ അവിടത്തെ വചനം തീയുടെ നടുവിൽനിന്ന് ശ്രവിച്ചു.
37 നിങ്ങളുടെ പിതാക്കന്മാരെ അവിടന്ന് സ്നേഹിച്ചതുകൊണ്ട് അവിടന്ന് അവരുടെ പിൻഗാമികളെ തെരഞ്ഞെടുത്തു. നിങ്ങളെക്കാൾ വലുപ്പവും ശക്തിയുമുള്ള ജനതകളെ നിങ്ങളുടെമുമ്പിൽനിന്ന് നീക്കിക്കളയുകയും ഇന്നുള്ളതുപോലെ അവരുടെ ദേശം നിങ്ങൾക്ക് അവകാശമായി നൽകി അവിടെ പാർപ്പിക്കേണ്ടതിനു തന്റെ സാന്നിധ്യവും മഹാശക്തിയുംമൂലം ഈജിപ്റ്റിൽനിന്ന് നിങ്ങളെ വിടുവിക്കുകയും ചെയ്തു.
38
39 അതുകൊണ്ട് മീതേ സ്വർഗത്തിലും താഴേ ഭൂമിയിലും യഹോവ ആകുന്നു ദൈവം എന്നും അവിടന്നല്ലാതെ മറ്റൊരു ദൈവം ഇല്ലെന്നും ഇന്ന് നിങ്ങൾ അറിഞ്ഞ് അംഗീകരിക്കുക.
40 നിങ്ങൾക്കും നിങ്ങളുടെ മക്കൾക്കും അഭിവൃദ്ധിയുണ്ടാകേണ്ടതിനും നിങ്ങളുടെ ദൈവമായ യഹോവ എന്നേക്കുമായി നൽകുന്ന ദേശത്ത് നിങ്ങൾക്ക് ദീർഘായുസ്സ് ഉണ്ടാകേണ്ടതിനും ഞാൻ ഇന്നു നിങ്ങൾക്കു നൽകുന്ന ദൈവത്തിന്റെ ഉത്തരവുകളും കൽപ്പനകളും പാലിക്കണം.
41 ആ കാലത്ത് മോശ യോർദാനു കിഴക്കു മൂന്നു പട്ടണം വേർതിരിച്ചു.
42 മുൻവൈരംകൂടാതെ അബദ്ധത്തിൽ ആരെയെങ്കിലും കൊലപ്പെടുത്തിയവർക്ക് ആ പട്ടണങ്ങളിലൊന്നിലേക്ക് ഓടിച്ചെല്ലാം, അങ്ങനെയുള്ളവരുടെ ജീവൻ രക്ഷിക്കാൻവേണ്ടിയുള്ള ഒരു ക്രമീകരണമായിരുന്നു അത്.
43 മരുഭൂമിയിൽ സമഭൂമിയിലുള്ള ബേസെർ രൂബേന്യർക്കും ഗിലെയാദിലെ രാമോത്ത് ഗാദ്യർക്കും ബാശാനിലെ ഗോലാൻ മനശ്ശെയ്ക്കും ആയി നിശ്ചയിച്ചു.
44 മോശ ഇസ്രായേൽമക്കളുടെമുമ്പിൽ വെച്ച ന്യായപ്രമാണസംഹിത ഇതാകുന്നു.
45 ഇസ്രായേൽമക്കൾ ഈജിപ്റ്റിൽനിന്ന് യാത്രപുറപ്പെട്ട്, ഹെശ്ബോനിൽ വാണിരുന്ന അമോര്യരാജാവായ സീഹോന്റെ രാജ്യത്ത് യോർദാൻനദിക്ക് കിഴക്കുവശത്ത് ബേത്-പെയോരിന്റെ സമീപത്തുള്ള താഴ്വരയിൽവെച്ചു മോശ അവരോടു പറഞ്ഞ സാക്ഷ്യങ്ങളും ഉത്തരവുകളും നിയമങ്ങളും ഇവയാകുന്നു. മോശയും ഇസ്രായേൽമക്കളും ഈജിപ്റ്റിൽനിന്ന് യാത്രപുറപ്പെട്ടശേഷം ആ രാജാവിനെ പരാജയപ്പെടുത്തിയിരുന്നു.
46
47 സീഹോന്റെ രാജ്യവും ബാശാൻരാജാവായ ഓഗിന്റെ രാജ്യമായ
48 അർന്നോൻ താഴ്വരയുടെ അറ്റത്തുള്ള അരോയേർമുതൽ ഹെർമോൻ എന്നു പേർ പറയുന്ന സിർയ്യോൻ പർവതംവരെയും
49 പിസ്ഗായുടെ ചെരിവിൽ ഉപ്പുകടൽ വരെയുള്ള സമതലമെല്ലാം ഉൾപ്പെടെ യോർദാനക്കരെ കിഴക്കുള്ള രണ്ട് അമോര്യരാജാക്കന്മാരുടെ രാജ്യവും അവർ അവകാശമാക്കി.