< 2 ശമൂവേൽ 4 >
1 അബ്നേർ ഹെബ്രോനിൽവെച്ചു മരിച്ചെന്നു കേട്ടപ്പോൾ ശൗലിന്റെ മകനായ ഈശ്-ബോശെത്തിനു ധൈര്യം നഷ്ടപ്പെട്ടു; ഇസ്രായേല്യരെല്ലാം സ്തബ്ധരായിപ്പോയി.
൧അബ്നേർ ഹെബ്രോനിൽവച്ച് മരിച്ചു പോയത് ശൌലിന്റെ മകൻ കേട്ടപ്പോൾ അവന്റെ ധൈര്യം ക്ഷയിച്ചു സകലയിസ്രായേല്യരും ഭ്രമിച്ചുപോയി.
2 ശൗലിന്റെ മകന് കവർച്ചപ്പടയുടെ നായകന്മാരായ രണ്ടു പുരുഷന്മാരുണ്ടായിരുന്നു. ഒരുവന് ബാന എന്നും മറ്റവന് രേഖാബ് എന്നും പേരായിരുന്നു; അവർ ബെന്യാമീൻഗോത്രത്തിൽനിന്നുള്ള ബെരോത്യനായ രിമ്മോന്റെ പുത്രന്മാരായിരുന്നു. ബെരോത്തും ബെന്യാമീന്റെ ഭാഗമായി കണക്കാക്കപ്പെടുന്നു.
൨എന്നാൽ ശൌലിന്റെ മകന് പടനായകന്മാരായ രണ്ട് പുരുഷന്മാരുണ്ടായിരുന്നു; ഒരുവന് ബാനാ എന്നും മറ്റവന് രേഖാബ് എന്നും പേരായിരുന്നു. അവർ ബെന്യാമീന്യരിൽ ബെരോയോത്യനായ രിമ്മോന്റെ പുത്രന്മാർ ആയിരുന്നു.
3 ബെരോത്തിലെ ജനം ഗിത്ഥായീമിലേക്കു പലായനംചെയ്തു. അവർ ഇന്നുവരെയും അവിടെ പ്രവാസികളായി താമസിക്കുന്നു.
൩(ബെരോയോത്യർ ഗിത്ഥയീമിലേക്ക് ഓടിപ്പോയി, ഇന്നുവരെയും അവിടെ പരദേശികളായിരിക്കുന്നതുകൊണ്ട് ബെരോയോത്തും ബെന്യാമീനിന്റെ ഭാഗമായിരുന്നു.)
4 (ശൗലിന്റെ മകനായ യോനാഥാന് രണ്ടു കാലും മുടന്തായ ഒരു മകനുണ്ടായിരുന്നു. യെസ്രീലിൽനിന്നും ശൗലിനെയും യോനാഥാനെയുംപറ്റിയുള്ള വാർത്തയെത്തുമ്പോൾ അവന് അഞ്ചുവയസ്സായിരുന്നു. അവന്റെ പോറ്റമ്മ അവനെയും എടുത്തുകൊണ്ടു പലായനംചെയ്തു. രക്ഷപ്പെടുന്നതിനുവേണ്ടി തിടുക്കത്തിൽ ഓടവേ ബാലൻ നിലത്തുവീണു മുടന്തനായിത്തീർന്നു. അവന്റെ പേര് മെഫീബോശെത്ത് എന്നായിരുന്നു.)
൪ശൌലിന്റെ മകനായ യോനാഥാന് രണ്ട് കാലും മുടന്തായിട്ട് ഒരു മകൻ ഉണ്ടായിരുന്നു; യിസ്രായേലിൽനിന്ന് ശൌലിനെയും യോനാഥാനെയും കുറിച്ചുള്ള വാർത്ത എത്തിയപ്പോൾ അവന് അഞ്ച് വയസ്സായിരുന്നു. അപ്പോൾ അവന്റെ ആയ അവനെ എടുത്തുകൊണ്ട് ഓടി; അവൾ ബദ്ധപ്പെട്ട് ഓടുമ്പോൾ അവൻ വീണ് മുടന്തനായിപ്പോയി. അവന് മെഫീബോശെത്ത് എന്നു പേര്.
5 ബെരോത്യനായ രിമ്മോന്റെ മക്കൾ രേഖാബും ബാനയും ഈശ്-ബോശെത്തിന്റെ വീട്ടിലേക്കു പുറപ്പെട്ടു. വെയിലിന് ചൂടുകൂടിയിരുന്ന സമയത്ത് അവർ അവിടെയെത്തി. അപ്പോൾ ഈശ്-ബോശെത്ത് മധ്യാഹ്ന വിശ്രമത്തിലായിരുന്നു.
൫ബെരോയോത്യനായ രിമ്മോന്റെ പുത്രന്മാരായ രേഖാബും ബാനയും പുറപ്പെട്ടു, വെയിലിന് ചൂട് ഏറിയപ്പോൾ ഈശ്-ബോശെത്തിന്റെ വീട്ടിൽ ചെന്നെത്തി; അവൻ ഉച്ചസമയത്ത് വിശ്രമത്തിനായി കിടക്കയിൽ കിടക്കുകയായിരുന്നു.
6 അൽപ്പം ഗോതമ്പ് എടുക്കാനെന്നുള്ള ഭാവേന അവർ വീടിനകത്തുകടന്നു, അവർ അദ്ദേഹത്തെ വയറ്റത്തു കുത്തി കൊലപ്പെടുത്തി. അതിനുശേഷം രേഖാബും അയാളുടെ സഹോദരൻ ബാനയും ഓടിയൊളിക്കുകയും ചെയ്തു.
൬അവർ ഗോതമ്പ് എടുക്കുവാൻ വരുന്ന ഭാവത്തിൽ വീടിന്റെ അകത്ത് കടന്നു രേഖാബും അവന്റെ സഹോദരനായ ബാനയും അവനെ വയറ്റത്ത് കുത്തി; അതിനുശേഷം രേഖാബും അവന്റെ സഹോദരനായ ബാനയും ഓടിപ്പോയി.
7 ശയനഗൃഹത്തിൽ, ഈശ്-ബോശെത്ത് തന്റെ കിടക്കയിൽ കിടക്കുമ്പോഴായിരുന്നു അവർ അകത്തുകടന്നത്. അവർ അദ്ദേഹത്തെ കുത്തിക്കൊലപ്പെടുത്തിയതിനുശേഷം അദ്ദേഹത്തിന്റെ തല വെട്ടിയെടുത്തു. അതുംകൊണ്ടായിരുന്നു അവർ രാത്രിമുഴുവൻ അരാബാ വഴിയായി യാത്രചെയ്തത്.
൭അവർ വീടിന് അകത്ത് കടന്നപ്പോൾ അവൻ ശയനഗൃഹത്തിൽ അവന്റെ കട്ടിലിന്മേൽ കിടക്കുകയായിരുന്നു; അപ്പോൾ അവർ അവനെ കുത്തിക്കൊന്നു തലവെട്ടിക്കളഞ്ഞു. അവന്റെ തലയും എടുത്ത് രാത്രിമുഴുവനും അരാബയിൽകൂടി നടന്നു;
8 അവർ ഈശ്-ബോശെത്തിന്റെ തല ഹെബ്രോനിൽ ദാവീദിന്റെ മുമ്പാകെ കൊണ്ടുവന്നിട്ടു പറഞ്ഞു: “ശൗലിന്റെ പുത്രൻ ഈശ്-ബോശെത്തിന്റെ—അങ്ങയുടെ ശത്രുവിന്റെ—തല ഇതാ, അദ്ദേഹം അങ്ങയുടെ ജീവൻ അപഹരിക്കാൻ ശ്രമിച്ചു. ഇന്നു യഹോവ എന്റെ യജമാനനായ രാജാവിനുവേണ്ടി ശൗലിനോടും അദ്ദേഹത്തിന്റെ സന്തതിയോടും പ്രതികാരം ചെയ്തിരിക്കുന്നു.”
൮ഹെബ്രോനിൽ ദാവീദിന്റെ അടുക്കൽ ഈശ്-ബോശെത്തിന്റെ തല കൊണ്ടുവന്ന് രാജാവിനോടു: “നിനക്ക് ജീവഹാനി വരുത്തുവാൻ നോക്കിയ നിന്റെ ശത്രുവായ ശൌലിന്റെ മകൻ ഈശ്-ബോശെത്തിന്റെ തല ഇതാ; ഇന്ന് യജമാനനായ രാജാവിന് വേണ്ടി ശൌലിനോടും അവന്റെ സന്തതിയോടും യഹോവ പ്രതികാരം ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു.
9 ബെരോത്യനായ രിമ്മോന്റെ മകൻ രേഖാബിനോടും അയാളുടെ സഹോദരൻ ബാനയോടും ദാവീദ് മറുപടി പറഞ്ഞു: “എന്നെ സകലകഷ്ടങ്ങളിൽനിന്നും വിടുവിച്ച യഹോവയാണെ,
൯എന്നാൽ ദാവീദ് ബെരോയോത്യനായ രിമ്മോന്റെ പുത്രന്മാരായ രേഖാബിനോടും അവന്റെ സഹോദരൻ ബാനയോടും ഉത്തരം പറഞ്ഞത്: “എന്റെ ജീവനെ സകലആപത്തിൽനിന്നും വീണ്ടെടുത്ത യഹോവയാണ,
10 താൻ ശുഭവർത്തമാനം കൊണ്ടുവരുന്നു എന്നു ധരിച്ച് ഒരുവൻ എന്റെ അടുക്കലെത്തി ‘ശൗൽ മരിച്ചു,’ എന്ന് അറിയിച്ചപ്പോൾ, സിക്ലാഗിൽവെച്ച്, ഞാൻ അയാളെ പിടിച്ച് മരണത്തിനേൽപ്പിച്ചു. അയാൾ കൊണ്ടുവന്ന വാർത്തയ്ക്കു ഞാൻ നൽകിയ പ്രതിഫലം അതായിരുന്നു!
൧൦ഇതാ, ശൌല്‍ മരിച്ചുപോയി എന്ന് ഒരുവൻ എന്നെ അറിയിച്ചു താൻ നല്ലവാർത്ത കൊണ്ടുവന്നു എന്ന് വിചാരിച്ചിരിക്കുമ്പോൾ ഞാൻ അവനെ പിടിച്ച് സിക്ലാഗിൽവച്ച് കൊന്നു. ഇതായിരുന്നു ഞാൻ അവന്റെ വാർത്തക്കുവേണ്ടി അവന് കൊടുത്ത പ്രതിഫലം.
11 അങ്ങനെയിരിക്കെ ദുഷ്ടന്മാർ ഒരു നിരപരാധിയായ മനുഷ്യനെ അവന്റെ സ്വന്തം വീട്ടിൽവെച്ച്, അവന്റെ സ്വന്തം കിടക്കയിൽ കൊലചെയ്താൽ ഞാനതിനുകൊടുക്കുന്ന പ്രതിഫലം എത്രയോ അധികമായിരിക്കും! അയാളുടെ രക്തം ഞാൻ നിങ്ങളുടെ കൈയിൽനിന്ന് ചോദിക്കുകയില്ലേ? നിങ്ങളെ ഞാൻ ഭൂമിയിൽനിന്ന് നീക്കിക്കളയാതിരിക്കുമോ?”
൧൧എന്നാൽ ദുഷ്ടന്മാർ ഒരു നീതിമാനെ അവന്റെ വീട്ടിൽ കിടക്കയിൽവച്ച് കൊല ചെയ്താൽ എത്ര അധികം? ആകയാൽ ഞാൻ അവന്റെ രക്തം നിങ്ങളോട് ചോദിച്ച് നിങ്ങളെ ഭൂമിയിൽനിന്ന് നീക്കിക്കളയാതിരിക്കുമോ?”
12 അങ്ങനെ ദാവീദ് തന്റെ പടയാളികൾക്കു കൽപ്പനകൊടുത്തു; അവർ അവരെ വധിച്ചു. അതിനുശേഷം പടയാളികൾ അവരുടെ കൈകാലുകൾ വെട്ടി ഉടലുകൾ ഹെബ്രോനിലെ കുളത്തിന്നരികെ തൂക്കിയിട്ടു. പിന്നീട് അവർ ഈശ്-ബോശെത്തിന്റെ ശിരസ്സെടുത്ത് ഹെബ്രോനിൽ അബ്നേരിന്റെ ശവകുടീരത്തിൽ സംസ്കരിച്ചു.
൧൨പിന്നെ ദാവീദ് തന്റെ ഭടന്മാർക്ക് കല്പന കൊടുത്തു; അവർ അവരെ കൊന്നു അവരുടെ കൈകാലുകൾ വെട്ടി അവരെ ഹെബ്രോനിലെ കുളത്തിന്നരികെ തൂക്കിക്കളഞ്ഞു. ഈശ്-ബോശെത്തിന്റെ തല അവർ എടുത്തു ഹെബ്രോനിൽ അബ്നേരിന്റെ കല്ലറയിൽ അടക്കം ചെയ്തു.