< 1 കൊരിന്ത്യർ 8 >
1 ഇനി വിഗ്രഹങ്ങൾക്ക് അർപ്പിച്ച ഭക്ഷണത്തെക്കുറിച്ച്: “നാം എല്ലാവരും ജ്ഞാനമുള്ളവരാണെന്നാണ്” നമ്മുടെ അറിവ്. ഈ ജ്ഞാനം ഒരാളെ നിഗളിയാക്കിത്തീർക്കുന്നു; സ്നേഹമോ ആത്മികാഭിവൃദ്ധി വരുത്തുന്നു.
2 എനിക്കു ജ്ഞാനമുണ്ട് എന്നു വിചാരിക്കുന്നവർ വേണ്ടവണ്ണമുള്ള ജ്ഞാനം ഇനിയും നേടിയിട്ടില്ല.
3 എന്നാൽ ദൈവത്തെ സ്നേഹിക്കുന്നവരെ ദൈവം അറിഞ്ഞിരിക്കുന്നു.
4 വിഗ്രഹങ്ങൾക്കർപ്പിക്കപ്പെട്ട ഭക്ഷണത്തെപ്പറ്റി പറഞ്ഞാൽ, “ലോകത്തിലുള്ള ഒരു വിഗ്രഹവും ദൈവമല്ല” എന്നും “ഏകദൈവമല്ലാതെ മറ്റു ദൈവങ്ങളില്ല” എന്നും നാം അറിയുന്നു.
5 ആകാശത്തിലും ഭൂമിയിലും “ദേവന്മാർ” എന്നു പറയപ്പെടുന്ന പലരുണ്ട്; “ദൈവങ്ങളും കർത്താക്കളും” ധാരാളമുണ്ടല്ലോ.
6 എന്നാൽ എല്ലാറ്റിന്റെയും പ്രഭവസ്ഥാനമായ പിതാവായ ഏകദൈവംമാത്രമേ നമുക്കുള്ളൂ. അവിടത്തേക്കുവേണ്ടിയാണ് നാം ജീവിക്കുന്നത്; യേശുക്രിസ്തു എന്ന ഏകകർത്താവും നമുക്കുണ്ട്. ആ കർത്താവിലൂടെയാണ് സകലതും ഉണ്ടായത്; ആ കർത്താവിലൂടെയാണ് നാം ജീവിക്കുന്നതും.
7 എന്നാൽ ഈ ജ്ഞാനം എല്ലാവർക്കും ഇല്ല. ചിലർക്കു വിഗ്രഹങ്ങളോടുള്ള പരിചയംനിമിത്തം അവയ്ക്കു നേദിച്ച ഭക്ഷണം കഴിക്കുമ്പോൾ, “ഇത് വിഗ്രഹാർപ്പിതം ആണല്ലോ” എന്ന ചിന്ത ഇപ്പോഴും ഉണ്ടാകുന്നു. അവരുടെ മനസ്സാക്ഷി ദുർബലമായതുകൊണ്ട് മലിനപ്പെടുകയുംചെയ്യുന്നു.
8 ഭക്ഷണം നമ്മെ ദൈവത്തോട് അടുപ്പിക്കുന്നില്ല; തിന്നാതിരുന്നാൽ ദോഷമോ തിന്നാൽ കൂടുതൽ പ്രയോജനമോ ഉണ്ടാകുന്നുമില്ല.
9 എന്നാൽ, നിങ്ങൾക്കുള്ള ഈ സ്വാതന്ത്ര്യം ഒരുവിധത്തിലും ബലഹീനർക്കു വിലങ്ങുതടിയാകാതെ സൂക്ഷിക്കുക.
10 ജ്ഞാനമുള്ള നീ ക്ഷേത്രത്തിൽ ഇരുന്നു ഭക്ഷിക്കുന്നതു കാണുമ്പോൾ, ബലഹീനമനസ്സാക്ഷിയുള്ളവരും വിഗ്രഹാർപ്പിതം ഭക്ഷിക്കാൻ ധൈര്യപ്പെടുകയില്ലേ?
11 ക്രിസ്തു ഏത് ബലഹീന സഹോദരനോ സഹോദരിക്കോ വേണ്ടി മരിച്ചുവോ അയാൾ ഇങ്ങനെ നിന്റെ ജ്ഞാനത്താൽ, നശിച്ചുപോകാനിടയാകുന്നു.
12 ഈ വിധത്തിൽ, സഹോദരങ്ങൾക്കെതിരായി പാപംചെയ്ത് അവരുടെ ബലഹീനമനസ്സാക്ഷിയെ മുറിപ്പെടുത്തുമ്പോൾ, നിങ്ങൾ ക്രിസ്തുവിനു വിരോധമായി പാപംചെയ്യുന്നു.
13 അതുകൊണ്ട് എന്റെ ഭക്ഷണംനിമിത്തം സഹോദരൻ പാപത്തിൽ വീഴുന്നെങ്കിൽ ഞാൻ ഒരിക്കലും മാംസം ഭക്ഷിക്കുകയില്ല; അവന്റെ വീഴ്ചയ്ക്കു ഞാൻ കാരണക്കാരനാകരുതല്ലോ. (aiōn )